ന്യൂഡൽഹി:ഡൽഹി ഗാസിപൂരിൽ ഭീമൻ മാലിന്യക്കൂമ്പാരം ഒലിച്ചിറങ്ങി രണ്ടുപേർ മരിച്ചു. അഭിഷേക്(20),രാജകുമാരി(30) എന്നിവരാണ് മരിച്ചത്.നാലുപേർ കൂടി മാലിന്യങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ദുരന്തനിവാരണ സേന പ്രദേശത്ത് പരിശോധന തുടരുകയാണ്.രണ്ടുദിവസമായി പെയ്യുന്ന മഴയിൽ മാലിന്യങ്ങൾ റോഡിലേക്ക് ഒലിച്ചിറങ്ങിയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.മുപ്പതു വർഷത്തിലേറെയായി ഡൽഹി നഗരത്തിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമാണിതെന്നും നിക്ഷേപിച്ച മാലിന്യങ്ങൾക്ക് മേലെ പിന്നെയും മാലിന്യങ്ങൾ നിക്ഷേപിച്ച് ഇത് ഒരു മലയായി മാറുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
പാചകവാതകത്തിന്റെ വില വർധിപ്പിച്ചു
ന്യൂഡൽഹി:രാജ്യത്ത് പാചകവാതകത്തിന്റെ വില വർധിപ്പിച്ചു.സബ്‌സിഡിയുള്ളതിനും ഇല്ലാത്തതിനുമായി 73.50 രൂപയാണ് വർധിപ്പിച്ചത്.പുതുക്കിയ നിരക്ക് അർധരാത്രിമുതൽ നിലവിൽ വന്നു.586 രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിന്റെ പുതിയ നിരക്ക്.വർധിപ്പിച്ച തുക സബ്സിഡി ഇനത്തിൽ ഉപഭോക്താവിന് തിരികെ ലഭിക്കും.ഇതോടെ സബ്‌സിഡി ഇനത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തുന്ന തുക സിലിണ്ടറൊന്നിന് 96 രൂപയായി ഉയരും.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനും 74 രൂപ വർധിപ്പിച്ചിട്ടുണ്ട്.586 രൂപ തന്നെയാണ് സബ്‌സിഡിയില്ലാത്ത 14 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില. അതേസമയം വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 117 രൂപ വർധിപ്പിച്ചു.
കീഴടങ്ങുന്നതിനു മുൻപ് പൾസർ സുനി ലക്ഷ്യയിലെത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിന് നിർണായക തെളിവ് ലഭിച്ചു.കേസിലെ മുഖ്യപ്രതി പൾസർ സുനി കാവ്യാമാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതിന്റെ തെളിവാണ് പൊലീസിന് ലഭിച്ചത്.കേസിൽ കോടതിയിൽ കീഴടങ്ങുന്നതിനു മുൻപാണ് സുനി ഇവിടെയെത്തിയത്.എന്നാൽ ഈ സമയം കാവ്യ ഇവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് സ്ഥാപനത്തിന്റെ മാനേജർ ലക്ഷ്യയുടെ വിസിറ്റിംഗ്‌കാർഡ് സുനിക്ക് കൈമാറി.ഈ വിസിറ്റിംഗ് കാർഡ് പോലീസ് സുനിയുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.ഈ സാഹചര്യത്തിൽ പോലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.ഇതിനു മുൻപ് രണ്ടു തവണ പോലീസ് കാവ്യയെ ചോദ്യം ചെയ്തിരുന്നു.എന്നാൽ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ മൊഴി നൽകിയത്.മാഡം കാവ്യയാണെന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലോടെ കേസിൽ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.സുനി കാവ്യയുടെ സ്ഥാപനത്തിലെത്തിയത് സമീപത്തെ സ്ഥാപനത്തിലെ സിസിടിവി യിൽ പതിഞ്ഞിരുന്നു. ഇതെല്ലം ചോദ്യം ചെയ്യലിൽ ആവർത്തിക്കാനാണ് സാധ്യത.ചോദ്യം ചെയ്യലിന് വിധേയയാകേണ്ടി വരുമെന്ന ആശങ്കയിൽ ചോദ്യങ്ങളോട് പ്രതികരിക്കേണ്ടതിനെപ്പറ്റി അഭിഭാഷകരിൽ നിന്നും കാവ്യ നിയമോപദേശം തേടിയതായും റിപ്പോർട്ടുകളുണ്ട്.
കമൽഹാസൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിക്കൊപ്പം ഓണം ആഘോഷിക്കുന്നതിനാണ് തലസ്ഥാനത്ത് എത്തിയതെന്ന് കമൽഹാസൻ പറഞ്ഞു. ഇക്കാര്യം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇരുവരും തമ്മിലുള്ള ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് കമൽഹാസൻ എന്നു നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു.
ദിലീപിന്റെ ജാമ്യം; പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സന്ദേശം
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ പതിനൊന്നാം പ്രതിയായ നടന്‍ ദിലീപിന് ഹൈക്കോടതി രണ്ടാമതും ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഫെഫ്ക അംഗവും ചലച്ചിത്ര പ്രവര്‍ത്തകനുമായ സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചു.ദിലീപിന്റെ എല്ലാം മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ടെന്നും സലിം പത്രക്കുറിപ്പില്‍ പറഞ്ഞു.ഇതേ ആവശ്യം ഉന്നയിച്ച് സലീം ഇന്ത്യ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ ഹജര്‍ജിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ആലുവ റൂറല്‍ എസ്.പിയോടും ഹര്‍ജിക്കാരനായ സലീം ഇന്ത്യയോടും വിശദീകരണം തേടിയിട്ടുണ്ട്.നേരത്തെ ദിലീപിന്റെ ഡി-സിനിമാസ് തീയേറ്റര്‍ അടച്ചുപൂട്ടിയതില്‍ പ്രതിഷേധിച്ച് ചാലക്കുടി നഗരസഭയ്‌ക്കെതിരെ സലിം ഇന്ത്യ നിരാഹാര സത്യാഗ്രഹ സമരം നടത്തിയിരുന്നു.
മെഡിക്കൽ പ്രവേശനം കിട്ടിയില്ല: വിദ്യാർഥിനി ജീവനൊടുക്കി
ചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിന്‍റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയല്ലൂർ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്.നേരത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടുവിന് 1200 ൽ 1176 മാർക്ക് നേടിയാണ് അനിത വിജയിച്ചത്. കേരളത്തിൽ നിന്നും വ്യത്യസ്തമായി തമിഴ്‌നാട്ടിലെ ഭൂരിഭാഗം വിദ്യാർത്ഥികളും അവരുടെ പ്രാദേശിക ഭാഷയായ തമിഴിലാണ് പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്നത്.എന്നാൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ എഴുതാൻ അനുവാദമുണ്ടായിരുന്നുള്ളൂ.ഇതിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും കേന്ദ്ര സർക്കാർ പിന്തുണച്ചില്ല.തുടർന്നാണ് അനിത ഇത്തവണത്തെ നെറ്റ് പരീക്ഷയിൽ പ്രാദേശിക ഭാഷയിൽ എഴുതാൻ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
ബ്ലൂവെയിലിന്റെ അഡ്മിനെന്ന് കരുതുന്ന പതിനേഴുകാരിയെ റഷ്യയില്‍ അറസ്റ്റ് ചെയ്തു
റഷ്യ:ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനെന്ന് കരുതുന്ന പതിനേഴുകാരിയെ റഷ്യയില്‍ അറസ്റ്റ് ചെയ്തു. കിഴക്കന്‍ റഷ്യയില്‍ നിന്നാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലൂ വെയില്‍ ഗെയിം നിര്‍മ്മാതാവിന്റെ ചിത്രങ്ങളും പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്തു.അറസ്റ്റിലായ പെണ്‍കുട്ടി നേരത്തെ ബ്ലൂവെയില്‍ ഗെയിം കളിക്കുകയും ഇടക്കാലത്ത് ഗെയിം അവസാനിപ്പിച്ച് ഇതിന്റെ അഡ്മിന്‍ ആവുകയും ചെയ്യുകയായിരുന്നുവെന്നാണ് റഷ്യന്‍ പൊലീസ് പറയുന്നത്.വിഷാദം ബാധിച്ച നിരവധി പേരെ ഗെയിം കളിക്കാന്‍ പെണ്‍കുട്ടി പ്രേരിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഗെയിമിന്റെ നിര്‍മ്മാതാവും മനശാസ്ത്ര വിദ്യാര്‍ഥിയുമായ ഫിലിപ്പ് ബുഡ്ക്കിന്റെ ചിത്രങ്ങളും കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടതായാണ് സൂചന. നിരവധി പേരാണ് ലോകത്താകമാനം ഇതുവരെ ബ്ലൂ വെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തിട്ടുള്ളത്. 50ടാസ്കുകളായാണ് ഗെയിം. അഡ്മിന്‍റെ നിര്‍ദേശപ്രകാരം ശരീരത്തില്‍ മുറിവേല്‍പ്പിച്ചും മറ്റുമാണ് ഓരോഘട്ടവും മുന്നേറുക അവസാനത്തിൽ കളിക്കുന്നയാള്‍ ആത്മഹത്യയും ചെയ്യും. ഗെയിമിന്റെ നിർമാതാവായ ഫിലിപ്പ് ബുഡിക്കിന്‍ മൂന്ന് വര്‍ഷമായി റഷ്യയിലെ ജയിലിലാണ്.
ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ ഏഴു മുതല്‍ പണിമുടക്കിന്

തിരുവനന്തപുരത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം
തിരുവനന്തപുരം:ഓണത്തിരക്കിനിടെ തിരുവനന്തപുരത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം.കിഴക്കേകോട്ടയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്.അപകട കാരണം വ്യക്തമല്ല.കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും ഒഴിപ്പിച്ചു.അഗ്നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ആറളം ഫാമിൽ സമരം തുടരുന്നു; എംഡിയുടെ വാഹനം തടഞ്ഞു
