കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് നാളെ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കും.രണ്ടു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.കേസിലെ പ്രധാന തെളിവെടുപ്പുകൾ പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നല്കണമെന്നാകും ദിലീപ് ആവശ്യപ്പെടുക.മൂന്നാമത്തെ ജാമ്യാപേക്ഷ ദിലീപിനെ സംബന്ധിച്ച് നിർണായകമാണ്.കുറ്റപത്രം സമർപ്പിക്കപ്പെട്ടു കഴിഞ്ഞാൽ താരത്തിന് പിന്നെ വിചാരണ തടവുകാരനായി കഴിയേണ്ടി വരും.അറസ്റ്റിലായി 60 ദിവസം പൂർത്തിയായിരിക്കെ 90 ദിവസം പൂർത്തിയാകും മുൻപ് കുറ്റപത്രം നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സ്വാഭാവിക ജാമ്യത്തിനുള്ള സാധ്യത തള്ളുകയാണ് പോലീസിന്റെ ലക്‌ഷ്യം.ജാമ്യം തേടി ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമ്പോൾ നാദിർഷ ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യം ഉൾപ്പെടെയുള്ളവ പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടാനാകും.ഗണേഷ് കുമാർ ജയിലിലെത്തി ദിലീപിനെ കണ്ടതും താരത്തെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്തതുമെല്ലാം ദിലീപിനെതിരെ പ്രോസിക്യൂഷന് ഉപയോഗിക്കാനാകും എന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ട്രെയിനിൽ കടത്തുകയായിരുന്ന 13 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി
മഞ്ചേശ്വരം:ട്രെയിനിൽ കടത്തുകയായിരുന്ന 13 ലക്ഷത്തിന്റെ കഞ്ചാവ് റെയിൽവേ സംരക്ഷണ സേന പിടികൂടി.തിങ്കളാഴ്ച രാത്രി ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന എഗ്മോർ എക്സ്പ്രസിലെ ജനറൽ കമ്പാർട്മെന്റിൽ വലിയ ബാഗുകളിൽ ആറു ബോക്സുകളിലായി സൂക്ഷിച്ച നിലയിലാണ് 13.7 കിലോ തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തിയത്.റെയിൽവേ സംരക്ഷണ സേനയിലെ എസ്.ഐ വി.കെ ബിനോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പിടിച്ചെടുത്ത കഞ്ചാവ് പിന്നീട് കാസർകോഡ് എക്‌സൈസിന് കൈമാറി. തമിഴ്‌നാട്ടിൽ നിന്നും മംഗളൂരുവിലേക്കാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്ന് സംശയിക്കുന്നതായി റെയിൽവേ സംരക്ഷണ സേന വ്യക്തമാക്കി.രാത്രികാലങ്ങളിൽ വരുന്ന ട്രെയിനുകളിൽ കാസർകോഡ് ജില്ലയിലേക്ക് കർണാടകയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രെയിനിൽ പരിശോധന നടത്തിയത്.
തമിഴ്‌നാട് പോലീസുകാരന്‍ തളിപ്പറമ്പ് സ്‌റ്റേഷനില്‍ മര്‍ദനം
തളിപ്പറമ്പ്: കേസിന്‍റെ ആവശ്യത്തിനായി തമിഴ്‌നാട് മധുര സിറ്റി പോലീസ് സ്‌റ്റേഷനിൽ നിന്നെത്തിയ പോലീസുകാരനു തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ മര്‍ദനമേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. മധുര സിറ്റി പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം.സദാശിവത്തിനാണു മര്‍ദനമേറ്റത്. മധുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന തളിപ്പറമ്പ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് കോടതിയില്‍ നിന്നു നല്‍കിയ വാറണ്ട് സംബന്ധിച്ചു നേരിട്ടു കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണു സദാശിവം തളിപ്പറമ്പിലെത്തിയത്.തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്ത ഇദ്ദേഹം റിസര്‍വേഷനില്ലാതെ ട്രെയിനിലെത്തിയതിനാല്‍ അല്‍പനേരം ഉറങ്ങാന്‍ സൗകര്യം തരുമോയെന്നു അന്വേഷിച്ചു. ഇതുപ്രകാരം ജിഡി ചാര്‍ജിലുള്ള പോലീസുകാരന്‍ സ്‌റ്റേഷന്‍റെ മുകള്‍നിലയില്‍ പോലീസുകാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് ഉറങ്ങാന്‍ അനുമതി നല്‍കി. രാവിലെതന്നെ മുകള്‍നിലയില്‍ നിന്നും തമിഴ്‌നാട് പോലീസുകാരന്‍റെ നിലവിളികേട്ടു ഞെട്ടിയ മറ്റു പോലീസുകാര്‍ എത്തിയപ്പോഴാണ് എഎസ്‌ഐ ഇദ്ദേഹത്തെ മര്‍ദിക്കുന്നതു കണ്ടത്. തന്‍റെ ടര്‍ക്കി ടവ്വല്‍ വിരിച്ച് ഉറങ്ങിയെന്ന് ആരോപിച്ചാണ് എഎസ്‌ഐ സദാശിവത്തെ മര്‍ദിച്ചതെന്നാണ് ആക്ഷേപം. സ്റ്റേഷനിലെ മറ്റു പോലീസുകാര്‍ ഇടപെട്ടാണ് എഎസ്‌ഐയുടെ മര്‍ദനത്തില്‍ നിന്ന് ഇദ്ദേഹത്തെ രക്ഷിച്ചത്. ജില്ലാ പോലീസ് മേധാവി ഇതുസംബന്ധിച്ചു വിശദീകരണം തേടിയതായി അറിയുന്നു.
കാവ്യാമാധവന്റെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു
കൊച്ചി:നടി കാവ്യാമാധവന്റെ കൊച്ചിയിലുള്ള വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു.വില്ലയിലെ സുരക്ഷാ ജീവനക്കാരനാണ് രജിസ്റ്റർ നശിച്ചുവെന്നു വ്യക്തമാക്കിയത്.വെള്ളം വീണു രജിസ്റ്റർ നശിച്ചുവെന്നാണ് ജീവനക്കാരൻ പറഞ്ഞത്.കാവ്യയുടെ വില്ലയിൽ താൻ പോയിട്ടുണ്ടെന്ന് പൾസർ സുനി നേരത്തെ വ്യക്തമാക്കിയിരുന്നു.അവിടുത്തെ സന്ദർശക രെജിസ്റ്ററിൽ താൻ പേരും ഫോൺ നമ്പരും രേഖപ്പെടുത്തിയെന്നും സുനി പോലീസിനെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് രെജിസ്റ്റർ നശിച്ചുവെന്നു ജീവനക്കാരൻ വ്യക്തമാക്കിയത്.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.രജിസ്റ്റർ മനപ്പൂർവ്വം നശിപ്പിച്ചതാണോ എന്നും പരിശോധിക്കുമെന്നു പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
റോഡ് ശരിയല്ലെങ്കിൽ മന്ത്രിയെ നേരിട്ട് വിളിക്കാം
തിരുവനന്തപുരം:റോഡുകളെ പറ്റിയുള്ള പരാതി ഇനി മുതൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ നേരിട്ട് വിളിച്ചു പറയാം.18004257771 എന്ന ടോൾ ഫ്രീ നമ്പറിൽ മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലരവരെ മന്ത്രിയെ നേരിട്ട് വിളിക്കാം.അവധി ദിനങ്ങളിലൊഴികെ രാവിലെ ഒൻപതര മുതൽ രാത്രി ഏഴര വരെ ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാം.പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്‌ക്കരിച്ച പരാതി പരിഹാര സെൽ വ്യാഴാഴ്ച മന്ത്രി ഉൽഘാടനം ചെയ്യും.പരാതി സ്വീകരിച്ചാൽ വിളിച്ചയാളിന്റെ ഫോൺ നമ്പർ ഉൾപ്പെടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ എഴുതിവെയ്ക്കും.പരാതിയിലെ റോഡ് ഏത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കീഴിലാണോ അദ്ദേഹത്തിന് പരാതിക്കാരന്റെ ഫോൺ നമ്പർ നൽകും.ഈ ഉദ്യോഗസ്ഥൻ പരാതി പരിഹരിച്ച ശേഷം പരാതിക്കാരനെ വിളിച്ചറിയിക്കും. പരിഹാരം കാണാനായില്ലെങ്കിൽ കാരണവും അറിയിക്കും.കേരളത്തിലെ പതിനാറ് റോഡുകൾ നന്നാക്കാനായി കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 215 കോടി രൂപ അനുവദിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു.
നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
കൊല്ലം:നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.നീണ്ടകര ചെറുപുഷ്പ്പം യാഡിന് സമീപം പടന്നയിൽ വീട്ടിൽ ജെയിംസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.നീണ്ടകര തീരത്തു നിന്ന് അരനോട്ടിക്കൽ മൈൽ അകലെ കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടയിലാണ് വള്ളം മറിഞ്ഞത്.മൂന്നു തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.മൂന്നുപേരെയും മറ്റു വള്ളക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജെയിംസിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോസ്റ്റൽപോലീസ് കേസെടുത്തു.
മലപ്പുറത്ത് മൂന്ന് കോടിയുടെ നിരോധിച്ച നോട്ട് പിടികൂടി
മലപ്പുറം: പെരിന്തൽമണ്ണയിൽ മൂന്ന് കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പിടികൂടി. സംഭവവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഹന പരിശോധനയ്ക്കിടയിലാണ് നിരോധിച്ച നോട്ടുകൾ കണ്ടെതിയത്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.
ചെറിയ കുറ്റങ്ങളില്‍ കുട്ടികള്‍ക്കെതിരെ ഇനി മുതല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യില്ല
തിരുവനന്തപുരം:കുട്ടികള്‍ പ്രതികളാകുന്ന കേസുകളില്‍ ഇനി മുതല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍.പകരം സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം.എസ്ബിആര്‍ രജിസ്ട്രര്‍ ചെയ്യുന്ന കേസില്‍ പ്രതിയാകുന്ന കുട്ടിക്ക് പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്നെ ജാമ്യം നല്‍കണമെന്നും ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.കേന്ദ്ര കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ നിയമത്തിലെ സെക്ഷന്‍ 110 (1) അനുസരിച്ചാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ സുപ്രധാന സര്‍ക്കുലര്‍. ബലാത്സംഗത്തിലും, കൊലപാതക കേസിലും ഉള്‍പ്പെടുന്ന കുട്ടികള്‍ക്കെതിരെ മാത്രമേ ഇനി മുതല്‍ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാവൂവെന്നാണ് നിര്‍ദ്ദേശം.മറ്റ് ഒരു കേസിലും ഉള്‍പ്പെടുന്ന കുട്ടികള്‍ക്കെതിരെ ഇനി മുതല്‍ എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്യരുത്.2016ലെ ബാലനീതി ചട്ടം 1 പ്രകാരമാണ് എസ്ബിആര്‍ തയ്യാറാക്കേണ്ടത്. ഇത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു നല്‍കുകയും വേണം. എഎസ്‌ഐ റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥനായിരിക്കണം എസ്ബിആര്‍ തയ്യാറാക്കേണ്ടതെന്ന കര്‍ശന നിര്‍ദ്ദേശവുമുണ്ട്. മുതിര്‍ന്ന ആളുകളുമായി ചേര്‍ന്ന് കുറ്റക്യത്യത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കെതിരെ നിലവിലുള്ള രീതിയില്‍ എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് തടസമില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ചെറുകുറ്റക്യത്യത്തില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ ഭാവിക്ക് എഫ്‌ഐആര്‍ തടസമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍.
കെ.പി ശശികലയ്‌ക്കെതിരെ പോലീസ് കേസെടുത്തു
കൊച്ചി:മതസ്പർദ്ധ ഉളവാക്കുന്ന വിവാദ പ്രസംഗം നടത്തിയതിന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലയ്‌ക്കെതിരെ പോലീസ് കേസെടുത്തു.വി.ഡി സതീശൻ എംഎൽഎയും ഡി.വൈ.എഫ്.ഐ യും നൽകിയ പരാതിയിലാണ് മതസ്പർധ ഉളവാക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന വകുപ്പ് പ്രകാരം പറവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഗൗരി ലങ്കേഷിന്റെ അനുഭവം ഉണ്ടാകാതിരിക്കാൻ അടുത്തുള്ള ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് മതേതര എഴുത്തുകാർക്ക് ശശികല മുന്നറിയിപ്പ് നൽകിയെന്നാണ് പരാതി.ഡിജിപിയുടെ നിർദേശപ്രകാരം ആലുവ റൂറൽ പോലീസ് പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചു.പിന്നീടാണ് കേസെടുക്കാൻ തീരുമാനിച്ചത്.മതസ്പർധ ഉളവാക്കുന്ന പരാമർശങ്ങളാണ് ശശികല എഴുത്തുകാർക്കെതിരെ നടത്തിയതെന്ന് പരാതിയിൽ പറയുന്നു.വി.ഡി സതീശന്റെ പതിനാറടിയന്തിരം നടത്തുമെന്നും പറഞ്ഞു.യോഗത്തിൽ പങ്കെടുത്തവർ സഭ്യേതരവും ഹീനവുമായ ഭാഷയിലാണ് സംസാരിച്ചതെന്നും പരാതിയിൽ പറയുന്നു.
ചോദ്യം ചെയ്യാൻ ഹാജരാകണമെങ്കിൽ രേഖാമൂലം നോട്ടീസ് നൽകണമെന്ന് നാദിർഷ
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നാദിർഷ പൊലീസിന് മുൻപിൽ ഹാജരാകുന്ന കാര്യത്തിൽ ആശയക്കുഴപ്പം.ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സന്നദ്ധത നാദിർഷ നേരത്തെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിനായി രേഖാമൂലം നോട്ടീസ് നൽകണമെന്നാണ് നടന്റെ ആവശ്യം.അതേസമയം സെപ്റ്റംബർ ആറിന് ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നല്കിയിട്ടുള്ളതിനാൽ വീണ്ടും നോട്ടീസ് നൽകാനാവില്ല എന്ന നിലപാടിലാണ് അന്വേഷണ സംഘം.മാത്രമല്ല കോടതിയിൽ നിന്നുള്ള തീരുമാനം അനുസരിച്ചു പ്രവർത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ഈ സാഹചര്യത്തിൽ വീണ്ടും നിയമോപദേശം തേടിയ ശേഷം മാത്രമേ ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് നാദിർഷ പോലീസിനെ അറിയിച്ചു.തിങ്കളാഴ്ച 11.30 ന് ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനായി നാദിർഷ എത്തുമെന്ന പ്രതീക്ഷയിൽ കേസന്വേഷണത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന പെരുമ്പാവൂർ സി.ഐ ബിജു പൗലോസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ എത്തിയിരുന്നു.എന്നാൽ നാദിർഷ വരില്ലെന്ന് ഉറപ്പായതോടെ അന്വേഷണ സംഘം മടങ്ങി.