തിരുവനന്തപുരം:ആർ സി സിയിൽ നിന്നും രക്തം സ്വീകരിച്ച ഒൻപതുകാരിക്ക് എച് ഐ വി ബാധിച്ചതായി പരാതി.രക്ഷിതാക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.രക്താർബുദത്തെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ കുട്ടി ആർ സി സിയിൽ ചികിത്സ തേടിയിരുന്നു.കുട്ടിക്ക് ചികിത്സയുടെ ഭാഗമായി ഇവിടെനിന്നും റേഡിയേഷൻ തെറാപ്പി നടത്തി.തെറാപ്പിക്ക് ശേഷം രക്തത്തിൽ കൌണ്ട് കുറഞ്ഞു.ഇത് പരിഹരിക്കുന്നതിനായി ആർ സി സിയിൽ നിന്നും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തിയിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് എച്.ഐ.വി ബാധിച്ചതായി സ്ഥിതീകരിച്ചത്. മാർച്ചിന് മുൻപുള്ള പരിശോധനയിലെല്ലാം എച്.ഐ.വി നെഗറ്റീവ് ആയിരുന്നു.തുടർന്നാണ് ആർ.സി.സിക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. കുട്ടിയുടെ ചികിത്സയുടെ തുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളും രക്തപരിശോധനകളും ബ്ലഡ് ബാങ്കിലെ രേഖകളും പരിശോധിച്ച ശേഷം മെഡിക്കൽ ബോർഡ്,ഫോറൻസിക്,പാത്തോളജി വിഭാഗങ്ങൾ എന്നിവരുടെ സഹായത്തോടെ പിഴവുകണ്ടെത്തിയ ശേഷം ബന്ധപ്പെട്ടവർക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.
കാക്കയങ്ങാട് ബസ്സ് മരത്തിലിടിച്ച് 28 പേർക്ക് പരിക്ക്
ഇരിട്ടി:ഇരിട്ടി-പേരാവൂർ റൂട്ടിൽ കല്ലേരിമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 28 പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം 5.30 മണിയോടെയാണ് അപകടം.പേരാവൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഷൈൻ സ്റ്റാർ ബസാണ് അപകടത്തിൽപെട്ടത്. കല്ലെരിമലയിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ട്ടപെട്ട ബസ് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടം നടന്ന് ഇരുപതു മിനിട്ടു കഴിഞ്ഞാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.അപകടം കണ്ടിട്ടും അതുവഴി വന്ന പല വണ്ടികളും നിർത്താതെ പോയി.അതുവഴി വരികയായിരുന്ന ജില്ലാപഞ്ചായത്തംഗം തോമസ് വർഗീസിന്റെ വാഹനത്തിലാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്.പരിക്കേറ്റവരെ ഇരിട്ടി,കണ്ണൂർ,തലശ്ശേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കണ്ണൂരും കാസർകോട്ടും നാളെ വൈദ്യുതി മുടങ്ങും
കണ്ണൂർ:കണ്ണൂർ,കാസർകോഡ് ജില്ലകളിൽ വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ പന്ത്രണ്ടു മണി വരെ ഭാഗീകമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എൻജിനീയർ അറിയിച്ചു.കാഞ്ഞിരോട് സബ്‌സ്റ്റേഷനിലേക്കുള്ള 220 കെവി അരീക്കോട്-കാഞ്ഞിരോട് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്.
കണ്ണൂർ സ്വദേശിയായ ഹോട്ടൽ ഉടമ പൂനെയിൽ മർദനമേറ്റു മരിച്ചു
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ മലയാളി ഹോട്ടൽ ഉടമ മർദനമേറ്റു മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശി അബ്ദുൽ അസീസ് (56) ആണ് മരിച്ചത്. അസീസ് പൂനയിലെ ശിവാപുരിൽ കഴിഞ്ഞ 46 വർഷമായി പാട്ടത്തിനു സ്ഥലമെടുത്തു ഹോട്ടൽ നടത്തിവരുകയായിരുന്നു. ബുധനാഴ്ച ഹോട്ടൽ നിൽക്കുന്ന സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സ്ഥലമുടമയും അസീസും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതേതുടർന്നുണ്ടായ സംഘർഷമാണ് അസീസിന്‍റെ മരണത്തിന് കാരണമായതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു.സംഘർഷത്തെ തുടർന്ന് അബോധാവസ്ഥയിലായ അസീസിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. അസീസിന്‍റെ മൃതദേഹം പൂന സസൂണ്‍ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം പെരളശേരിയിലേക്ക് കൊണ്ടു പോയി. നജ്മയാണ് ഭാര്യ. മക്കൾ: റയിസ്, റമീസ്, നജീറ, സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
ക്വലാലംപുരിൽ മതപാഠശാലയിൽ തീപിടിത്തം; 26 പേർ മരിച്ചു
ക്വലാലംപുർ: മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിൽ മതപാഠശാലയിലുണ്ടായ തീപിടിത്തത്തിൽ അധ്യാപകനും 25 വിദ്യാർഥികളുൾപ്പെടെ 26 പേർ മരിച്ചു. ജലാൻ ദതുക് കെരാമാതിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. പതിമൂന്ന് വയസിനും 17 വയസിനും ഇടയിലുള്ള വിദ്യാർഥികളാണ് മരിച്ചത്.അപകടത്തിൽ അഞ്ചു പേരെ രക്ഷപെടുത്തി. ഇവരിൽ മൂന്നു പേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ക്വലാലംപുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു നില കെട്ടിടത്തിന്‍റെ മുകൾ നിലയിലെ കിടപ്പുമുറിയിൽനിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. മുകൾ നിലയിൽനിന്ന് അഗ്നിശമന സേന 15 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
യമുന നദിയിൽ ബോട്ട് മറിഞ്ഞ് 15 മരണം
ലക്‌നൗ:ഉത്തർപ്രദേശിൽ യമുന നദിയിൽ ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചു.ഉത്തർപ്രദേശിലെ ബാഗ്പതിയിലാണ് അപകടമുണ്ടായത്.60 പേർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപെട്ടത്.12 പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്.കാണാതായ ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
പ്രവാസി വിവാഹത്തിന് ആധാർ നിർബന്ധമാക്കുന്നു
ന്യൂഡൽഹി:പ്രവാസികളെ ഇന്ത്യയിൽനടത്തുന്ന വിവാഹങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നു. സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാർഗമായിക്കൂടിയാണ് ആധാർ നിർബന്ധമാക്കുന്ന ശുപാർശയെന്നാണ് റിപ്പോർട്ട്. വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം തുടങ്ങിയവ തടയുകയാണ് ലക്‌ഷ്യം.ഓഗസ്റ്റ് 30 ന് ഇത് സംബന്ധിച്ചുള്ള റിപ്പോർട് വിദേശകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.ഇതോടൊപ്പം വിവിധ രാജ്യങ്ങളുമായി ഏർപ്പെട്ടിട്ടുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകളിൽ മാറ്റം വരുത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.യു ഐ ഡി എ ഐ പ്രവാസികളുടെ ആധാർ എൻറോൾമെൻറ് നടപടികളുമായി മുന്നോട്ട് പോവുകയാണ്.ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ, എൻആർഐ, പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്നിവർക്കെല്ലാം ഇന്ത്യയിൽ വെച്ച് നടത്തുന്ന വിവാഹങ്ങൾക്ക് ആധാർ നിർബന്ധമാക്കും. വിവാഹശേഷം വിദേശത്തേക്ക് പോകുന്ന പലരെയും ഏതെങ്കിലും കുറ്റത്തിന് പിന്നീട് കണ്ടെത്തുന്നതിന് നിലവിൽ ബുദ്ധിമുട്ടാണ്.പലപ്പോഴും നോട്ടീസ് നല്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.ഇത് അവസാനിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ
കൊച്ചി:എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിനെ വധിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന കാരായി രാജൻ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും അതിനാൽ ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു.തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലാണ് കാരായി രാജൻ പങ്കെടുത്തത്.കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്.എന്നാൽ ജില്ലാപഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേകാനുമതി വാങ്ങിയിരുന്നെന്നാണ് കാരായിയുടെ നിലപാട്.
പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം;മരുമകളുടെ സുഹൃത്ത് പിടിയിൽ
പാലക്കാട്:വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.ഇവരുടെ മരുമകളായ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂർ സ്വദേശി സുദർശനെയാണ് പോലീസ് പിടികൂടിയത്.പാലക്കാട് കെഎസ്ആർറ്റിസി ബസ്സ് സ്റ്റാൻഡിനു സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.കോട്ടായിൽ പുളയ്‌ക്കൽ പറമ്പിൽ സ്വാമിനാഥൻ,ഭാര്യ പ്രേമകുമാരി എന്നിവരെ ഇന്ന് രാവിലെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കൊലപാതകം നടന്ന വീട്ടിൽ ഇവരെ കൂടാതെ ഇവരുടെ മകന്റെ ഭാര്യ ഷീജയുമുണ്ടായിരുന്നു.രാവിലെ പാലുമായി എത്തിയ അടുത്ത വീട്ടിലെ സ്ത്രീയാണ് കൈയും കാലും കെട്ടി വായിൽ തുണി തിരുകിയ നിലയിൽ ഷീജയെ ആദ്യം കണ്ടത്.അവശനിലയിലായ ഷീജയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇവരുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തത്.
നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ച കോടതി സുനിലിനെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിക്കാനാണോ എന്ന് സംശയം പ്രകടിപ്പിച്ചു.വാർത്തകൾ പരിധിവിട്ടാൽ ഇടപെടേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും അറിയിച്ചു. കേസിന്‍റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനു ശേഷം ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കുമെന്നും ബെഹ്റ കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി പോലീസിനെ വിമർശിച്ചത്. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 18 ലേക്ക് മാറ്റുകയും ചെയ്തു. ഇതിനു പുറമേ വെള്ളിയാഴ്ച പത്തുമണിക്കു മുൻപ് നാദിർഷ പോലീസിനു മുൻപാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.