സൗദിയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്കുളള നിരോധനം പിന്‍വലിച്ചു

keralanews the ban on internet calls in saudi has been withdrawn

റിയാദ്: സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യുന്നതിനുള്ള നിരോധനം പിന്‍വലിച്ചു. നിരവധി സൗജന്യ ആപ്ലിക്കേഷനുകള്‍ നിലവിലുണ്ടെങ്കിലും നിയമപരമായി ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു.ബുധനാഴ്ച മുതല്‍ ഇത് ബാധകമല്ലെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല ബിന്‍ ആമിര്‍ അല്‍സവാഹ അറിയിച്ചു.മൊബൈല്‍ ആപ്പുകള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്‍ പരിശോധിച്ച് ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിൽ പതിനാലുകാരനും പന്ത്രണ്ടുകാരിയും വിവാഹിതരായി

keralanews 14year old boy and 12year old girl got married in wayanad
സുൽത്താൻ ബത്തേരി: വയനാട്ടിൽ ആദിവാസികളായ പന്ത്രണ്ടുകാരിയും പതിന്നാലുകാരനും വിവാഹിതരായി. നെന്മേനി പഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള ഒരു ആദിവാസി കോളനിയിലാണ് ശൈശവ വിവാഹം നടന്നത്. പണിയ സമുദായത്തിൽപ്പെട്ട ഇരുവരും ഒരേ കോളനിവാസികളാണ്.പരസ്പരം ഇഷ്ടത്തിലായ ഇരുവർക്കും ബന്ധുക്കൾ ഒരുമിച്ച് ജീവിക്കാൻ അനുമതി നൽകുകയായിരുന്നുവെന്നാണ് വിവരം. ചടങ്ങുകളൊന്നുമില്ലാതെയാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. ഇതേ കോളനിയിൽ ഏതാനുംമാസം മുമ്പ് 16 വയസ്സുകാരി വിവാഹിതയായിരുന്നു.പണിയവിഭാഗത്തിൽ, പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ ഇഷ്ട്ടപ്പെട്ടാൽ പിന്നീട് കല്യാണം ചടങ്ങായി നടക്കുന്നത് വിരളമാണ്. പെൺകുട്ടി ഋതുമതിയായിക്കഴിഞ്ഞാൽ ഇഷ്ടപ്പെട്ടയാളോടൊപ്പം ജീവിക്കാമെന്നാണ് സമുദായത്തിലെ കീഴ്വഴക്കം. കോളനിയിൽ ആശാവർക്കർ എത്തിയപ്പോഴാണ് ശൈശവ വിവാഹവിവരം പുറത്തറിയുന്നത്.തുടർന്ന് ഈ വിവരം വാർഡംഗത്തെ അറിയിച്ചു. ബുധനാഴ്ച വാർഡ് ജാഗ്രതാ സമിതിക്കും ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്.വാർഡ് ജാഗ്രതാ സമിതിക്ക് ലഭിച്ച പരാതിയിൽ, ബന്ധപ്പെട്ട അധികാരികളെ ഉടൻ വിവരമറിയിക്കും. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് ടി.ഡി.ഒ. പറഞ്ഞു.

രാമലീലയുടെ റിലീസിന് പോലീസ് സംരക്ഷണം നൽകില്ലെന്ന് ഹൈക്കോടതി

keralanews can not give police protection for the release of ramaleela

കൊച്ചി: വിവാദങ്ങളെ തുടർന്ന് റിലീസ് നീട്ടിവച്ച ദിലീപ് ചിത്രം രാമലീലയ്ക്ക് പോലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിനിമാ റിലീസിന് പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്.ദിലീപിന്‍റെ അറസ്റ്റോടെ റിലീസ് നീട്ടിവച്ച ചിത്രം ഈ മാസം 28ന് പുറത്തിറക്കാൻ അണിയറക്കാർ തീരുമാനിച്ചിരുന്നു. ദിലീപിന്‍റെ ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയതോടെയാണ് നായകന്‍റെ ജയിൽ റിലീസിന് കാത്തുനിൽക്കാതെ ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ മുളകുപാടം ഫിലിംസ് തീരുമാനിച്ചത്. പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന്‍റെ സംവിധായകൻ നവാഗതനായ അരുണ്‍ ഗോപിയാണ്. 14 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റുകളുടെ തിരക്കഥാകൃത്ത് സച്ചിയാണ്. പ്രയാഗ മാർട്ടിനാണ് നായിക. സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, രാധിക ശരത്കുമാർ, വിജയരാഘവൻ, മുകേഷ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.

കാരായി രാജന് സിബിഐ കോടതിയുടെ ശാസന

keralanews cbi court criticized karayi rajan

കൊച്ചി: ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ഫസൽ വധക്കേസ് പ്രതി കാരായി രാജനെ സിബിഐ കോടതി ശാസിച്ചു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു തലശേരിയിൽ പൊതുചടങ്ങിൽ പങ്കെടുത്തതിനാണ് കോടതിയുടെ ശാസന.രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കണ്ണൂരിൽ പ്രവേശിക്കരുതെന്ന് ഉപാധിയോടെയായിരുന്നു കോടതി നേരത്തെ രാജന് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് സിബിഐ കോടതിയെ സമീപിച്ചത്.അതേസമയം രാജന്‍റെ ജാമ്യം റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വ്യവസ്ഥ ലംഘിച്ചതു വഴി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചത്.അതേസമയം രാജന് തിരുവനന്തപുരത്ത് താമസിക്കുവാൻ നൽകിയ അനുവാദം കോടതി റദ്ദാക്കി. തിരുവനന്തപുരത്ത് പാർട്ടി നേതൃത്വത്തിലുള്ള പ്രസിൽ ജോലി ചെയ്യുന്നതിനുവേണ്ടി കോടതി നേരത്തെ ജാമ്യത്തിൽ ഇളവ് അനുവദിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസ്;ലിബര്‍ട്ടി ബഷീറിന്റെ മൊഴി രേഖപ്പെടുത്തി

keralanews actress attack case liberty basheers statement recorded

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ മുന്‍ നേതാവ് ലിബര്‍ട്ടി ബഷീറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.  ആലുവ പൊലീസ് ക്ലബിലെത്തിയാണ് മൊഴിയെടുത്തത്.ദിലീപിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ലിബർട്ടി ബഷീർ.തനിക്കെതിരെ ലിബർട്ടി ബഷീറും മഞ്ജു വാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് തന്നെ കേസിൽ കുടുക്കിയതെന്നു ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് ബഷീറിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താൻ മാധ്യമങ്ങളിലൂടെ നടത്തിയ വിശദീകരണങ്ങളുടെ വിവരങ്ങളും പോലീസ് തന്നോട് അന്വേഷിച്ചു എന്ന് ലിബർട്ടി ബഷീർ വ്യക്തമാക്കി.

ബുള്ളറ്റ് ട്രെയിൽ പദ്ധതിക്കു തുടക്കം കുറിച്ചു

keralanews the bullet train project started

അഹമ്മദാബാദ്: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് തുടക്കം കുറിച്ചു. മുംബൈയേയും അഹമ്മദാബാദിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി 2023ൽ പൂർത്തികരിക്കാനാണ് ഉദേശിക്കുന്നത്.508 കിലോമീറ്റർ പദ്ധതിക്ക് 1.10 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 81 ശതമാനം ചെലവ് ജപ്പാൻ വഹിക്കും. ഇത് 50 വർഷം കൊണ്ട് തിരിച്ചടയ്ക്കാൻ സാധിക്കുന്ന തരത്തിലാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള കരാർ. ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഏഴ് മണിക്കൂർ യാത്രയ്ക്ക് രണ്ട് മണിക്കൂർ മതിയാകും. മണിക്കൂറിൽ 320-350 കിലോമീറ്ററാണ് ട്രെയിന്‍റെ വേഗം.

ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കി

keralanews dileep again filed bail application

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.റിമാൻഡിലായി 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെണ് ചൂണ്ടി കാട്ടിയാണ് ജാമ്യപേക്ഷ.ഹരജിയില്‍ ഈ മാസം 16 ന് വാദം കേള്‍ക്കും.ദിലീപ് ഹൈക്കോടതിയിൽ തന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് താരം ഇത്തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.അറുപതു ദിവസത്തോളമായി താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.നടിയുടെ നഗ്ന ചിത്രം  പകർത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റം.ആദ്യഘട്ടത്തിൽ പറഞ്ഞ ആരോപണങ്ങൾക്ക് അപ്പുറം ഒന്നും പോലീസ് കണ്ടെത്തിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി സഹകരിക്കാൻ താൻ തയ്യാറാണെന്നും ദിലീപ് ജാമ്യ ഹർജിയിൽ അങ്കമാലി കോടതിയെ അറിയിച്ചു.

പുല്ലൂർ-പെരിയ പഞ്ചായത്തിൽ വ്യാപക ആക്രമണം

keralanews wide attack in periya panchayath

പെരിയ:പുല്ലൂർ-പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫീസിനും പാർട്ടി നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങൾക്കുമെതിരെ വ്യാപക ആക്രമണം.കോൺഗ്രസിന്റെ പുല്ലൂർ-പെരിയ മണ്ഡലം കമ്മിറ്റി ഓഫീസിനു തീയിട്ടു.കോൺഗ്രസ് ഓഫീസിന്റെ ജനലുകൾ അടിച്ചു തകർത്തു.ഓഫീസിനകത്തെ ഫർണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്.പെരിയ നെടുവോട്ടുപാറയിൽ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനു നേരെയും ആക്രമണം നടന്നു.ക്ലബ്ബിന്റെ ജനൽ ചില്ലുകൾ തകർത്തു.ക്ലബ്ബിനു സമീപത്തെ കൊടിമരവും പതാകയും തോരണങ്ങളും നശിപ്പിച്ച നിലയിലാണ്.പെരിയ കല്ല്യോട്ടെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള യുവജന വാദ്യകലാ സംഘത്തിന്റെ ഓഫീസിനു നേരെയും അക്രമമുണ്ടായി.ബുധനാഴ്ച അർധരാത്രിയോടെയാണ്‌ അക്രമണമുണ്ടായതെന്നു കരുതുന്നു.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.ആക്രമണങ്ങൾക്കു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.പെരിയയിലെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമണങ്ങളുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.അക്രമം നടന്ന സ്ഥലങ്ങളിൽ പോലീസ് അതീവ ജാഗ്രത പാലിച്ചുവരികയാണ്.

ശോഭായാത്രയ്ക്കിടെ വനിതാ പോലീസിനെ കയറിപ്പിടിച്ച ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ

keralanews rss worker who attacked woman police officer arrested

കണ്ണൂർ:ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്രയ്ക്കിടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന വനിതാ പോലീസിനെ കയറിപിടിക്കാൻ ശ്രമിച്ച ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ.തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി പ്രശാന്തിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.പടപ്പേങ്ങാട്ടെ സജീവ ആർ എസ് എസ് പ്രവർത്തകനാണ് അറസ്റ്റിലായ പ്രശാന്ത്.ഇയാൾ പന്നിയൂർ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരാണ്. കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വധഭീഷണി

keralanews state womens commission chairperson gets death threat

തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന് വധഭീഷണി. കത്തിലൂടെയാണ് ഭീഷണി ലഭിച്ചത്. മനുഷ്യവിസർജ്ജവും തപാലിൽ ലഭിച്ചെന്നും കത്തുകളിൽ അസഭ്യവർഷമാണെന്നും ജോസഫൈൻ പറഞ്ഞു.സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങൾക്കും ഭീഷണിയുണ്ട്.നടി ആക്രമിക്കപ്പെട്ട കേസിൽ പി.സി ജോർജ് എംഎൽഎക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തപാലിലൂടെ തനിക്ക് നിരവധി ഭീഷണി കത്തുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ജോസഫൈൻ പറഞ്ഞു.കേസിൽ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനാലാണ് ഇത്തരത്തിൽ വധഭീഷണി ഉയർന്നിരിക്കുന്നതെന്നാണ് കരുതുന്നത്.മനുഷ്യ വിസർജം ഉൾപ്പെടെ തപാലിൽ ലഭിച്ചു.ഭീഷണി ഉയർന്നത് ഉണ്ട് തളരില്ല.ശക്തമായി മുന്നോട്ട് പോകും.തനിക്ക് മാത്രമല്ല നടിക്ക് വേണ്ടി നിലകൊണ്ട നിരവധിപേർക്കും ഭീഷണിയുണ്ടെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.