കൊച്ചി:മദ്യലഹരിയിൽ ടാക്സി ഡ്രൈവറെ മർദിച്ച സീരിയൽ നടിമാർ അറസ്റ്റിൽ.ഇന്ന് വൈകുന്നേരം മൂന്നു മണിയോടെ എറണാകുളം വൈറ്റിലയിലാണ് സംഭവം.ടാക്സി ഡ്രൈവർ ഷെഫീക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഓൺലൈൻ സർവീസ് വഴിയാണ് ഇവർ ടാക്സി ബുക്ക് ചെയ്തത്.വൈറ്റിലയിൽ നിന്നും ടാക്സിയിൽ കയറിയ ഇവർ മദ്യലഹരിയിലായിരുന്നു.കാറിൽ കയറിയപ്പോൾ തന്നെ ഇവർ ബഹളം വെയ്ക്കാൻ തുടങ്ങി.പോകേണ്ട സ്ഥലത്തെ ചൊല്ലി ഡ്രൈവറും സ്ത്രീകളും തമ്മിൽ വാക്ക് തർക്കവുമുണ്ടായി. ഇതിനിടയിൽ അക്രമാസക്തരായ സ്ത്രീകൾ ഡ്രൈവറെ മർദിക്കുകയും ഡ്രൈവറുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു.തുടർന്ന് ഡ്രൈവർ സമീപത്തെ പോലീസ് എയ്‌ഡ് പോസ്റ്റിലെത്തി പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നു അറിയിച്ചു.സ്ത്രീകൾ മൂന്നുപേരും ചില സീരിയലുകളിൽ അഭിനയിച്ചിരുന്നു.
റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നൽകും
ന്യൂഡൽഹി:റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നൽകാനുള്ള ശുപാർശയ്ക്ക് ക്യാബിനെറ്റ് അംഗീകാരം.നോൺ ഗസറ്റഡ് റെയിൽവേ ജീവനക്കാർക്കാണ് ബോണസ് ലഭിക്കുകയെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റിലി പറഞ്ഞു.12.3 ലക്ഷം ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.റെയിൽവേ ജീവനക്കാർക്ക് ഉത്സവബത്തയായി അനുവദിച്ചിട്ടുള്ള തുക ദസറ,ദുർഗ പൂജ തുടങ്ങിയ ആഘോഷങ്ങൾക്ക് മുൻപായി നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
കോട്ടയത്ത് ഹോസ്റ്റലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
കോട്ടയം:കോട്ടയത്ത് ഹോസ്റ്റലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.മെഡിക്കൽ കോളേജ്,ബേക്കർ ജംഗ്ഷൻ എന്നിവിടങ്ങളിലെ ആറ് ഹോസ്റ്റലുകളിൽ നഗരസഭ നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്.എന്നാൽ ഹോസ്റ്റലുകൾ ആയതിനാൽ പൂട്ടാനുള്ള ഉത്തരവുകൾ നല്കാൻ പരിമിതി ഉണ്ടെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ സ്ഥിരമായി പഴകിയ ഭക്ഷണം നൽകുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് നഗരസഭാ അറിയിച്ചു.എസ്.എൻ സദനം,ശാന്തി നികേതൻ,വൈ.ഡബ്ലിയൂ.സി.എ തുടങ്ങിയ ഹോസ്റ്റലുകളിൽ നിന്നാണ് പഴകിയ ബീഫ് കറി,തൈര്,ചപ്പാത്തി,മീൻകറി തുടങ്ങിയ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.
ദിലീപിനെതിരെ അഞ്ചിലേറെ സാക്ഷിമൊഴികളുണ്ടെന്ന് സൂചന
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിനെതിരെ അഞ്ചിലേറെ സാക്ഷിമൊഴികൾ ഉള്ളതായി സൂചന.ഇവരിൽ ചിലർ സിനിമ മേഖലയിൽ നിന്നുള്ളവരാണ്.ഗൂഢാലോചനയിൽ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴികളാണിതെന്നാണ് സൂചന.ഇത് കൂടാതെ വേറെയും ശക്തമായ തെളിവുകൾ ദിലീപിനെതിരെ ഉണ്ടെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്.എന്നാൽ കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പൊലീസിന് ഇത് വരെ സാധിച്ചിട്ടില്ല.എന്നിരുന്നാലും ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്.
ഇ.പി ജയരാജനെതിരായ കേസ് വിജിലൻസ് അവസാനിപ്പിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം:മുൻമന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലൻസ്.അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് കേസ് അവസാനിപ്പിക്കുന്നത്.ഇ.പി ജയരാജൻ വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെ തന്റെ ബന്ധുവായ പി.കെ സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ എം.ഡിയായി നിയമിച്ചെന്നായിരുന്നു കേസ്. എന്നാൽ നിയമനം ലഭിച്ചിട്ടും പി.കെ സുധീർ സ്ഥാനമേറ്റെടുത്തില്ല.ഉത്തരവിറങ്ങി മൂന്നാം ദിവസം തന്നെ മന്ത്രി അത് പിൻവലിച്ചതായും വിജിലൻസ് പറഞ്ഞു.വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇ.പി ജയരാജന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.വിജിലൻസ് നടപടിയിൽ സന്തോഷമുണ്ടെന്ന് ഇ.പി ജയരാജൻ പറഞ്ഞു.
കോൾ ടെർമിനേഷൻ ചാർജുകൾ ട്രായ് വെട്ടിക്കുറച്ചു
ന്യൂഡൽഹി:കോൾ ടെർമിനേഷൻ ചാർജുകൾ ട്രായ് വെട്ടിക്കുറച്ചു.മിനിട്ടിനു പതിനാലു പൈസയായിരുന്നത് ആറ് പൈസയായാണ് കുറച്ചത്.ഒരു നെറ്റ്‌വർക്കിൽ നിന്നും മറ്റൊരു നെറ്റ് വർക്കിലേക്ക് കോൾ കണക്റ്റ് ആകുമ്പോൾ ആദ്യ നെറ്റ്‌വർക്ക് കമ്പനി രണ്ടാം നെറ്റ്‌വർക്ക് കമ്പനിക്ക് നൽകേണ്ട ചാർജാണ് ടെർമിനേഷൻ ചാർജ്.ചില കമ്പനികളുടെ കടുത്ത എതിർപ്പുണ്ടായിട്ടും തീരുമാനം നടപ്പിലാക്കാൻ ട്രായിക്കായി.
ടാങ്കർ ലോറിയിൽ നിന്നും ആസിഡ് ചോർന്നു
മഞ്ചേശ്വരം:കർണാടകയിലെ കാർവാറിൽനിന്നും കൊച്ചിയിലേക്ക് ഹൈഡ്രോളിക് ആസിഡുമായി പോകുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നും ആസിഡ് ചോർന്നു.ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.ലോറിയുടെ ടാങ്ക് മറ്റൊരു വാഹനവുമായി ഉരസിയതിനെത്തുടർന്നാണ് ആസിഡ് ചോർന്നത്.ലോറിക്കു പിന്നിൽ യാത്രചെയ്തിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് ലോറി ഡ്രൈവർ തലപ്പാടി ചെക്ക്പോസ്റ്റിൽ ലോറി ഒതുക്കിനിർത്തി ഉപ്പളയിലെ ഫയർഫോഴ്സ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.ഉപ്പള ഫയർഫോഴ്സ് സംഘം ചോർച്ചയടയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കാസർഗോട്ടുനിന്നും ഫയർഫോഴ്‌സെത്തി റോഡിലൂടെ ഒഴുകിയ ആസിഡ് റോഡിന് സമീപം വലിയ കുഴിയെടുത്ത് വെള്ളം ചീറ്റി നിർവീര്യമാക്കി. ഇതിനിടയിൽ ഏറെ പരിശ്രമിച്ചശേഷം ചോർച്ചയടച്ചു.മറ്റൊരു ടാങ്കർ എത്തിച്ച് ആസിഡ് അതിലേക്കു മാറ്റിയതോടെയാണ് ആശങ്ക ഒഴിവായത്.
അഞ്ചുപേർക്ക് കൂടി ഡിജിപി റാങ്ക് നല്കാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം:മുപ്പതു വർഷത്തെ സേവനം പൂർത്തിയാക്കിയ ഐ പി എസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക് നല്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇതോടെ ഡിജിപി റാങ്കിലുള്ള ടോമിൻ തച്ചങ്കരി,ആർ.ശ്രീലേഖ,അരുൺകുമാർ സിൻഹ,സുദേഷ് കുമാർ എന്നീ ഉദ്യോഗസ്ഥർ ഡിജിപി റാങ്കിലേക്ക് ഉയർത്തപ്പെടും.നിലവിൽ ഡിജിപി റാങ്കിൽ ഒഴിവു വരുന്നതുവരെ ഇവർ എ ഡി ജി പി റാങ്കിൽ തന്നെ തുടരും.പുഴകളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് രണ്ട് വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും ഈടാക്കുന്ന രീതിയിൽ പുഴ സംരക്ഷണ നിയമം പരിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.കൂടാതെ അംഗപരിമിതർക്ക് എയ്ഡഡ് സ്കൂളിൽ മൂന്നു ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ശുപാർശയും യോഗം അംഗീകരിച്ചു.
ഒക്ടോബർ മൂന്നുമുതൽ മീസിൽസ്-റൂബെല്ല വാക്‌സിനുകൾ നൽകി തുടങ്ങും
കണ്ണൂർ:രാജ്യത്തെ ഒൻപതു മാസം മുതൽ പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ഒക്ടോബർ മൂന്നുമുതൽ മീസിൽസ്-റൂബെല്ല വാക്‌സിനുകൾ നൽകി തുടങ്ങും.ഇതിനായി ജില്ലയിലെ സ്കൂളുകളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും.സ്കൂളുകളിൽ നിന്നും കുത്തിവെയ്‌പ്പെടുക്കാൻ സാധിക്കാത്ത കുട്ടികൾക്കായി പിന്നീടുള്ള ആഴ്ചകളിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ വെച്ച് വാക്‌സിനേഷൻ നൽകും.ജില്ലയിൽ 5,93,129 കുട്ടികൾക്കാണ് വാക്‌സിനേഷൻ നൽകുന്നത്. ഡോക്റ്റർമാരുടെ നേതൃത്വത്തിൽ അധ്യാപകരുടെ സഹകരണത്തോടെ സ്കൂളുകളിൽ വെച്ചാണ് കുത്തിവെയ്‌പ്പ്നൽകുക.ഇതിനായി ഡോക്റ്റർമാർക്കുള്ള ട്രെയിനിങ് പൂർത്തിയായി. അധ്യാപകർക്കുള്ള പരിശീലനം ഈ മാസം അവസാനം പൂർത്തിയാകും.
തലശ്ശേരിയിൽ 120 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടികൂടി
തലശ്ശേരി:തലശ്ശേരിയിൽ 120 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ പിടികൂടി.ചൊവ്വാഴ്ച പുലർച്ചെ തലശ്ശേരി കടൽപ്പാലത്തിനു സമീപത്തെ ഗോഡൗണിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.സംഭവത്തിൽ മുഴപ്പിലങ്ങാട് ഗവ.ഹൈസ്കൂളിന് സമീപം റാബി ഹൗസിൽ കെ.കെ നൗഫലിനെ അറസ്റ്റ് ചെയ്തു.8276 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.പ്ലാസ്റ്റിക് സഞ്ചിയിലും ചാക്കുകളിലും സൂക്ഷിച്ച നിലയിലായിരുന്നു ഇവ.കണ്ണൂർ,തലശ്ശേരി എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാർക്കാണ് ഇവ എത്തിച്ചു കൊടുക്കുന്നത്.ഹാൻസ്,കൂൾ ലിപ്,ചൈനി ഖൈനി,ജ്യൂസി മിനി സ്റ്റഫ്,മധു,പാൻ പരാഗ് എന്നിവയാണ് പിടികൂടിയത്.കൂൾ ലിപ്പാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്.മംഗളൂരുവിൽ പായ്‌ക്കറ്റിന് ആറു രൂപയ്ക്ക് ലഭിക്കുന്ന പുകയില ഉത്പന്നങ്ങൾ ഇവിടെയെത്തിച്ച് 50 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.പുകയില വിൽപ്പന കൂട്ടാനായി ഇവയോടൊപ്പം സമ്മാനക്കൂപ്പണും വിതരണം ചെയ്യുന്നു.സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണാണ് ഇവയോടൊപ്പമുള്ളത്.ഒരു പൗച്ച് വാങ്ങുന്നവർക്കാണ് കൂപ്പൺ നൽകുക.വാങ്ങിയവയിൽ കൂപ്പണിലുള്ള നമ്പറുണ്ടെങ്കിൽ പുകയില ഉത്പന്നങ്ങൾ സമ്മാനമായി ലഭിക്കും.