തിരുവനന്തപുരം:നന്ദൻകോഡ് കൂട്ടക്കൊലയിൽ പ്രതി കേഡലിന് എതിരായി പോലീസ് കുറ്റപത്രം സമർപ്പിച്ചു.92 സാക്ഷികളും 159 സാക്ഷിമൊഴികളുമാണ് കുറ്റപത്രത്തിലുള്ളത്.എന്നാൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം വിചാരണ നേരിടാനുള്ള മാനസികാരോഗ്യം കേഡലിന് ഇല്ലെന്നു വ്യക്തമായാൽ തുടർനടപടികൾ എങ്ങനെയായിരിക്കുമെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒൻപതിനാണ് കേഡൽ തന്റെ പിതാവ് രാജാതങ്കം,അമ്മ ജീൻപദ്മ,സഹോദരി കരോളിൻ,ബന്ധുവായ ലളിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ചത്.ആസ്ട്രൽ പ്രോജെക്ഷൻ എന്ന സാത്താൻ സേവയുടെ ഭാഗമായി സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയതെന്നാണ് കേസ്.കൊലപാതകത്തിന് ശേഷം നാടുവിട്ട കേഡൽ കീഴടങ്ങാൻ എത്തിയപ്പോൾ പോലീസ് പിടികൂടുകയായിരുന്നു.
വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത യുവതി മരിച്ചു
ചെന്നൈ:വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത യുവതി മരിച്ചു.ചെന്നൈ തിരുവണ്ണാമലൈ സ്വദേശിനി വളർമതിയാണ്(45) ശസ്ത്രക്രിയയെ തുടർന്ന് മരിച്ചത്.150 കിലോ ആയിരുന്നു ഇവരുടെ ശരീരഭാരം.ഇത് കുറയ്ക്കാനായാണ് ഇവർ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇവർ മരണപ്പെടുകയായിരുന്നു.ചികിത്സ പിഴവാണ് മരണത്തിനു കാരണമായത് എന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിക്കെതിരെ പോലീസിൽ പരാതി നൽകി.ഇതിനു മുൻപ് വളർമതിയുടെ സഹോദരിമാരും ഈ ശസ്ത്രക്രിയയ്ക്ക് വിധേയരായിരുന്നു.
കെ.എസ് ആർ ടി സി വിദ്യാർത്ഥികൾക്ക് നൽകി വരുന്ന കൺസെഷൻ തുടരും
തിരുവനന്തപുരം:കെ.എസ് ആർ ടി സി വിദ്യാർത്ഥികൾക്ക് നൽകി വരുന്ന കൺസെഷൻ തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.വിദ്യാർത്ഥികളുടെ കൺസെഷന് കെ.എസ്.ആർ.ടി.സി നഷ്ട്ടപരിഹാരം നൽകുമെന്നും വർഷം തോറും നഷ്ട്ടപരിഹാരം വർധിപ്പിക്കുമെന്നും അദ്ദഹം വ്യക്തമാക്കി.കെ.എസ്.ആർ.ടി.സിക്ക് 1900 കോടി രൂപയുടെ ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
മുതിർന്ന മാധ്യമപ്രവർത്തകനും അമ്മയും കൊല്ലപ്പെട്ട നിലയിൽ
മൊഹാലി:മുതിർന്ന മാധ്യമപ്രവർത്തകനെയും അമ്മയെയും കൊല്ലപ്പെട്ടനിലയിൽ കണ്ടത്തി.കെ.ജെ സിങ്ങിനെയും അമ്മ ഗുരുചരൺ കൗറിനെയുമാണ്(92) മൊഹാലിയിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കഴുത്ത് മുറിച്ച നിലയിലായിരുന്നു കെ.ജെ സിംഗിന്റെ മൃതദേഹം.ഗുരുചരൻ കൗറിനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു.ഇന്ത്യൻ എക്സ്പ്രസ്,ദി ട്രിബ്യുൻ,ടൈംസ് ഓഫ് ഇന്ത്യ എന്നിവയുടെ ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട് കെ.ജെ സിങ്.ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ ഒരാൾ ഇവരെ വിളിച്ചു നോക്കിയപ്പോൾ കാണാത്തതിനെ തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.വീടിനുള്ളിൽ മോഷണം നടന്നതിന്റെ ലക്ഷണങ്ങൾ ഉള്ളതായും സൂചനയുണ്ട്.സിംഗിന്റെ കാർ കാണാതായതായും പോലീസ് പറഞ്ഞു.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ വിധി പറയുന്നത് ഒക്ടോബർ 7 ലേക്ക് മാറ്റി
ബെംഗളൂരു:സോളാർ കേസുമായി ബന്ധപ്പെട്ട് തന്നെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.ബെംഗളൂരു അഡിഷണൽ സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് വിധി പറയുന്നത് ഒക്ടോബർ ഏഴിലേക്ക് മാറ്റിയത്.ബെംഗളൂരുവിലെ പ്രമുഖ വ്യവസായി എം.കെ കുരുവിളയാണ് കേസ് നൽകിയത്.കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി.എം.കെ കുരുവിള സമർപ്പിച്ചിട്ടുള്ള പരാതിയിൽ നേരിട്ട് കൈക്കൂലി വാങ്ങിയതായുള്ള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അതിനാൽ തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നുമാണ് ഉമ്മൻ ചാണ്ടി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
കോഴിക്കോട് എൻഐടി ഹോസ്റ്റലിൽ മലയാളി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്:കോഴിക്കോട് എൻഐടി ഹോസ്റ്റലിൽ മലയാളി വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശി അരുൺ കൃഷ്ണയെയാണ്(24) ഹോസ്റ്റൽ മുറിയിൽ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് സംശയം.എം ടെക് നാനോ ടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥിയാണ്.സഹപാഠി ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് വാർഡനും സെക്യൂരിറ്റിയും എത്തി വാതിൽ തള്ളി തുറക്കുകയായിരുന്നു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാഗ്യവാനെ കണ്ടെത്തി;ഓണം ബമ്പർ അടിച്ചത് പരപ്പനങ്ങാടി സ്വദേശി മുസ്തഫയ്ക്ക്
മലപ്പുറം:ഈ വർഷത്തെ ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി.മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി മുസ്തഫയാണ് ആ ഭാഗ്യവാൻ.പരപ്പനങ്ങാടിൽ പിക്ക് അപ്പ് വാൻ ഡ്രൈവറാണ് മുസ്തഫ.ഇന്നലെ ഉച്ചയ്‌ക്കായിരുന്നു ലോട്ടറി നറുക്കെടുത്തത്.പരപ്പനങ്ങാടിയിൽ വിറ്റ AJ 442876 എന്ന നമ്പറിനായിരുന്നു ഒന്നാംസ്ഥാനം.പരപ്പനങ്ങാടിയിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിലെ ഖാലിദാണ് ടിക്കറ്റ് വിറ്റത്.കേരള സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയാണിത്.
മലപ്പുറം പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാൻ നീക്കം
കോഴിക്കോട്:മലപ്പുറം റീജിയണൽ പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാൻ നീക്കം.നിലവിൽ ഒരു റീജിയണൽ പാസ്പോർട്ട് ഓഫീസും ഒരു പാസ്പോര്ട്ട് സേവാകേന്ദ്രവുമാണ് മലപ്പുറത്ത് പ്രവർത്തിക്കുന്നത്.ഇവിടെ നിന്നും പാസ്പോർട്ട് ഓഫീസ് മാറ്റി പാസ്പോര്ട്ട് സേവാകേന്ദ്രം മാത്രം നിലനിർത്തുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ മുസ്ലിം ലീഗും പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മലപ്പുറം,പാലക്കാട് ജില്ലകളിൽ നിന്നുള്ള വിദേശത്തു ജോലി ചെയ്യുന്നവരും തീർത്ഥാടകരും ആശ്രയിക്കുന്നത് മലപ്പുറം പാസ്പോര്ട്ട് ഓഫീസിനെയാണ്.ദിനം പ്രതി എഴുനൂറോളം അപേക്ഷകളാണ് ഇവിടെ സ്വീകരിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ജില്ലയാണ് മലപ്പുറം.പാസ്പോർട്ട് പുതുക്കുന്നവർക്കും തീർത്ഥാടനത്തിന് പോകുന്നവർക്കും ഏറെ പ്രയാസമുണ്ടാക്കുന്നതാണ് പുതിയ നീക്കം.അതേസമയം ഓഫീസിന്റെ തുടർ പ്രവർത്തനത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ഓഫീസ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മലപ്പുറം ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.കോഴിക്കോടുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയാൽ വാടകയിനത്തിലുള്ള ബാധ്യത ഒഴിവായി കിട്ടുമെന്നും പാസ്പോര്ട്ട് ഓഫീസർ ജി.ശിവകുമാർ പറഞ്ഞു.എന്നാൽ ഭൂമി കണ്ടെത്താനും സ്വന്തം കെട്ടിടം നിർമിക്കാനുമുള്ള എല്ലാ സഹായങ്ങളും മുസ്ലിം ലീഗിന്റെ ഭാഗത്ത്നിന്നും ഉണ്ടാകുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രെട്ടറി കെ.ടി അഷ്‌റഫ് പറഞ്ഞു.ഒന്നേകാൽ ലക്ഷം രൂപയാണ് മലപ്പുറം പാസ്പോർട്ട് ഓഫീസിന്റെ വാടക.ഓഫീസ് പൂട്ടുന്ന മുറയ്ക്ക് ഇവിടെയുള്ള 38 ജീവനക്കാരെയും കോഴിക്കോടേക്ക് മാറ്റുമെന്നാണ് സൂചന.
ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് സ്വന്തം സുഹൃത്ത്
ബെംഗളൂരു:ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയായ ശരത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് സ്വന്തം സുഹൃത്ത് തന്നെ.ശരത്തിനെ കാണാതായത് മുതൽ നടന്ന അന്വേഷണത്തിൽ മുന്പന്തിയിലുണ്ടായിരുന്ന വിശാലാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയത്.ശരത്തിന്റെ സുഹൃത്തും സഹോദരിയുടെ സഹപാഠിയുമായിരുന്ന ഇയാൾ ശരത്തിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു.പെട്ടെന്ന് പണം സമ്പാദിക്കാനുള്ള ആഗ്രഹമാണ് ഇയാളെ സ്വന്തം സുഹൃത്തിനെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനും പ്രേരിപ്പിച്ചത്.
രാമലീലയെ പിന്തുണച്ച് മഞ്ജു വാര്യർ
കൊച്ചി:ദിലീപ് നായകനായ രാമലീല സിനിമയെ പിന്തുണച്ച് മഞ്ജു വാര്യർ രംഗത്ത്. വ്യക്തിപരമായ വിരോധങ്ങളും എതിർപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നും മഞ്ജു ചൂണ്ടിക്കാട്ടി.രാമലീല ബഹിഷ്ക്കരിക്കണമെന്നും തീയേറ്റർ കത്തിക്കണമെന്നുമുള്ള നിലപാട് ദൗർഭാഗ്യകരമാണ്.സിനിമ ഒരാളുടേതു മാത്രമല്ല.ഒരുപാടു പേരുടേതാണ്.അവർ അതിൽ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സർഗ്ഗ വൈഭവമോ മാത്രമല്ല.സിനിമ വിജയിക്കുമ്പോഴും അത് പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ യഥാർത്ഥത്തിൽ ആനന്ദിക്കുന്നത്.അത് പണത്തേക്കാൾ വലുതാണ് താനും.രാമലീല പ്രേക്ഷകർ കാണട്ടെ എന്നും കാഴ്ചയുടെ നീതി പുലരട്ടെ എന്നും മഞ്ജു വാര്യർ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.