കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ആവിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 71 പവൻ മോഷ്ടിച്ചു.ശനിയാഴ്ച സന്ധ്യയോടെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.ഗൃഹനാഥൻ അബ്ദുൽ ഗഫൂറും കുടുംബവും നീലേശ്വരം മന്ദംപുറത്തെ ഭാര്യവീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഗഫൂറിന്റെ ഭാര്യ റയിഹാനത്ത് ശനിയാഴ്ച രാവിലെയാണ് വീടുപൂട്ടി നീലേശ്വരത്തേക്ക് പോയത്.സന്ധ്യയ്ക്ക് ഒരുമണിക്കൂറോളം പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.ആ സമയത്ത് അവിടെ വൈദ്യുതിയും ഉണ്ടായിരുന്നില്ല. അടുക്കള ഭാഗത്തെ ആസ്ബറ്റോസ് പതിച്ച ഷെഡ്‌ഡിലൂടെ പിറകുഭാഗത്തെ വരാന്തയിലെത്തി ഗ്രിൽസിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്തു കടന്നത്.കിടപ്പുമുറിയിൽ കയറി സ്റ്റീൽ അലമാരയും കുത്തിത്തുറന്നാണ് സ്വർണം മോഷ്ടിച്ചത്.രാത്രി പത്തുമണിയോടെ വീട്ടിൽ തിരിച്ചെത്തിയ കുടുംബാംഗങ്ങൾ മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അത് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.ഇതേതുടർന്ന് പുറകുവശത്തു ചെന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.
മികച്ച ഉച്ചഭക്ഷണം നൽകുന്ന സ്കൂളുകൾക്ക് അവാർഡ് നല്കാൻ തീരുമാനം
കല്യാശ്ശേരി:മികച്ച ഉച്ചഭക്ഷണം നൽകുന്ന സ്കൂളുകൾക്ക് അവാർഡ് നല്കാൻ തീരുമാനം.സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.ഇത് സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായി നടപ്പിലാക്കും. സ്കൂളുകളിൽ ഗുണനിലവാരമുള്ള പച്ചക്കറികൾ വിതരണം ചെയ്യുന്നതിനായി കുടുംബശ്രീകളെ ചുമതലപ്പെടുത്തണമെന്നാണ് മറ്റൊരു ശുപാർശ.ഇതിനായി ഒരുകുട്ടിക്ക് രണ്ടുരൂപ നിരക്കിൽ നൽകും.പാചകക്കാരുടെ പ്രായപരിധി 60 വയസാക്കും,ഇരുനൂറ്റി അൻപതിൽ കൂടുതൽ വിദ്യാർഥികളുള്ള സ്കൂളുകളിൽ രണ്ടു പാചകക്കാരെ നിയമിക്കുക,കണ്ടിജൻസി ചാർജുകൾ 100 കുട്ടികൾക്ക് വരെ ഒൻപതു രൂപയായി വർധിപ്പിക്കുക,അരി സിവിൽ സപ്ലൈസിൽ നിന്നും നേരിട്ട് സ്കൂളുകളിൽ എത്തിക്കുക,നവംബർ മുതൽ സ്കൂളുകളിൽ പാചകത്തിനായി പാചകവാതകം ഉപയോഗിക്കുക,പാചകത്തിനായി സ്കൂളുകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കാൻ സാങ്കേതിക ഏജൻസികളെ ഏർപ്പെടുത്തുക തുടങ്ങിയവയും കമ്മിറ്റിയെടുത്ത പ്രധാന തീരുമാനങ്ങളാണ്.മികച്ച ഉച്ചഭക്ഷണം നൽകുന്ന മൂന്നു സ്കൂളുകൾക്ക് സംസ്ഥാനതലത്തിൽ 3 ലക്ഷം,2 ലക്ഷം,1 ലക്ഷം എന്നിങ്ങനെയും ജില്ലാ തലത്തിൽ 30,000,20,000,10,000 എന്നിങ്ങനെയും സമ്മാനം നൽകും.
ആറളം ഫാം നഴ്സറിയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
ആറളം:ആറളം ഫാം നഴ്സറിയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.ഇന്നലെ പുലർച്ചെ നഴ്സറിയുടെ കമ്പിവേലി തകർത്ത് അകത്തുകടന്ന കാട്ടാനക്കൂട്ടം വിൽപ്പനയ്ക്ക് തയ്യാറാക്കിയ അഞ്ഞൂറോളം തെങ്ങിൻ തൈകൾ നശിപ്പിച്ചു.നഴ്സറിക്കുള്ളിലെ നിരവധി വലിയ തെങ്ങുകളും നശിപ്പിച്ചിട്ടുണ്ട്. ഫാമിൽ തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാനായി തയ്യാറാക്കിയ താൽക്കാലിക ഷെഡ്ഡും കാട്ടാനക്കൂട്ടം നശിപ്പിച്ചു.വർഷങ്ങൾക്ക് മുൻപ് ഫാമിനകത്തു സ്ഥാപിച്ച ശിലാഫലകവും ആനക്കൂട്ടം നശിപ്പിച്ചു.നാല് ആനകൾ അടങ്ങുന്ന കൂട്ടമാണ് ഫാമിലെത്തിയത്.ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ആറളം ഫാം പുനരധിവാസ മേഖലയും കടന്നാണ് ആനക്കൂട്ടം ഫാമിന്റെ അധീനതയിലെത്തിയിരിക്കുന്നത്.3500 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഫാമിന്റെ മധ്യഭാഗത്തായാണ് നഴ്സറി സ്ഥിതി ചെയ്യുന്നത്.ഫാമിനകത്തു നേരത്തെ കാട്ടാനക്കൂട്ടം നേരത്തെ നാശനഷ്ടങ്ങൾ വരുത്തിയിരുന്നെങ്കിലും നഴ്സറിയിലേക്ക് ഇതുവരെ പ്രവേശിച്ചിരുന്നില്ല.എന്നാൽ ഫാമിന്റെ പ്രധാന വരുമാന മാർഗമായ നഴ്സറിയിലേക്ക് കൂടി കാട്ടാന ശല്യം വ്യാപിച്ചതോടുകൂടി ഫാമിന്റെ നിലനിൽപ്പുതന്നെ അപകടത്തിലായിരിക്കുകയാണ്.വന്യജീവി സങ്കേതത്തിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുക എന്നത് സാഹസികമാണ്.വനം വകുപ്പിന്റെ ഇടപെടലിലൂടെ മാത്രമേ ഇതിനു ഇതിനു പരിഹാരമുണ്ടാക്കാനാകൂ എന്നാണ് ഫാം അധികൃതർ പറയുന്നത്.
ഇരിട്ടിയിൽ ഷവർമ കഴിച്ച മൂന്നു സ്ത്രീകളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇരിട്ടി:ഇരിട്ടിയിൽ ഷവർമ കഴിച്ച മൂന്നു സ്ത്രീകൾക്ക് ഭക്ഷ്യവിഷബാധയേറ്റു.വ്യാഴാഴ്ച ഇരിട്ടി ടൗണിലുള്ള സി.എം ഷവർമ്മ ഷോപ്പിൽ നിന്നും ഷവർമ്മ കഴിച്ച കെ എസ് ഇ ബി യിലെ മൂന്നു സ്ത്രീകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇരിട്ടിയിൽ യോഗത്തിനെത്തിയ മുഴക്കുന്ന്, മാവിലായി,കീഴ്പ്പള്ളി സ്വദേശിനികളാണ് ഇവർ.ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇവർ ഇരിട്ടി താലൂക്ക് ആശുപത്രി,പേരാവൂർ താലൂക്ക് ആശുപത്രി,കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചികിത്സ തേടി.എന്നിട്ടും പനിയും വയറ്റിൽ ഉണ്ടായ അസ്വസ്ഥതകളും ഭേതമാകാത്തതിനെ തുടർന്ന് മൂന്നുപേരെയും കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭക്ഷ്യ വിഷബാധ ഏറ്റതാണെന്ന് സ്ഥിതീകരിച്ചതിനെ തുടർന്ന് ഇവർ പരാതി നൽകി. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം കടയിലെത്തി പരിശോധന നടത്തിയതിനു ശേഷം കടപൂട്ടി സീൽ ചെയ്തു.തെളിവ് ശേഖരിക്കേണ്ടതിനാൽ കട തുറക്കരുതെന്നു പോലീസ് കടയുടമകൾക്ക് നിർദേശം നൽകി.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തലശ്ശേരി:മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു.തലശ്ശേരി പെട്ടിപ്പാലം കോളനിയിലെ നാസർ-മുർഷീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.വ്യാഴാഴ്ചയാണ് കുഞ്ഞ് ജനിച്ചത്.ശനിയാഴ്ച ഉച്ചയോടെയാണ് അമ്മയും കുഞ്ഞും വീട്ടിലെത്തിയത്.ഞായറാഴ്ച രാവിലെയാണ് കുഞ്ഞിന് ചലനമില്ലാത്തതു രക്ഷിതാക്കൾ കണ്ടത്.ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ തന്നെ മരണം സംഭവിച്ചതിനാൽ മൃതദേഹ പരിശോധന നടത്തിയതിനു ശേഷമേ മൃതദേഹം വിട്ടുതരാൻ കഴിയുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.എന്നാൽ പരാതിയില്ലെന്നും മൃതദേഹ പരിശോധന നടത്തേണ്ടെന്നും രക്ഷിതാക്കൾ എഴുതി നൽകിയിട്ടും ആശുപത്രി അധികൃതർ സമ്മതിച്ചില്ല.മൃതദേഹ പരിശോധന നടത്തുകയാണെങ്കിൽ മൃതദേഹം സ്വീകരിക്കില്ല എന്ന് കുട്ടിയുടെ ബന്ധുക്കൾ പോലീസിനെ അറിയിച്ചു.തുടർന്ന് പോലീസ് ആശുപത്രി അധികൃതരുമായി സംസാരിക്കുകയും മൃതദേഹം വിട്ടുനൽകുകയും ചെയ്തു.
ഇന്ന് യുഡിഎഫ് ഹർത്താൽ;തിരുവനന്തപുരത്ത് കെഎസ്ആർറ്റിസി ബസിനു നേരെ കല്ലേറ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയാണ് ഹർത്താൽ.രാവിലെ ആറുമണിമുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.കോടതി നിർദേശമനുസരിച്ച് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ തികച്ചും സമാധാനപരമായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.അതേസമയം തിരുവനന്തപുരത്ത് കെഎസ്ആർറ്റിസി ബസ്സിന് നേരെ കല്ലേറുണ്ടായി.ആര്യനാട് ഡിപ്പോയിൽ നിന്നും ബസ് പുറത്തിറക്കുമ്പോഴാണ് കല്ലേറുണ്ടായത്.കൊച്ചി പാലാരിവട്ടത്ത് ആലപ്പുഴ-ഗുരുവായൂർ ബസ്സിന് നേരെയും കല്ലേറുണ്ടായി.പോലീസ് സംരക്ഷണം നൽകിയാൽ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു.
തേജസ്സ് എക്സ്പ്രസ്സിൽ ഭക്ഷ്യ വിഷബാധ;24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പോയ തേജസ്സ് എക്സ്പ്രസിലെ യാത്രക്കാർക്ക് ഭക്ഷ്യ വിഷബാധയേറ്റു.ഇതിനെ തുടർന്ന് 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ നൽകിയ പ്രാതൽ കഴിച്ച യാത്രക്കാർക്കാണ് വിഷബാധയേറ്റത്.ഭക്ഷണം കഴിച്ച യാത്രക്കാർക്ക് ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടതോടെയാണ് സംഭവം ഭക്ഷ്യവിഷബാധയാണെന്നു മനസ്സിലായത്.ഇതേ തുടർന്ന് ട്രെയിൻ ചിപ്ലൂൻ സ്റ്റേഷനിൽ നിർത്തിയിട്ടു.തുടർന്ന് യാത്രക്കാരെ രത്നഗിരി ജില്ലയിലെ ലൈഫ് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.ഇതിനായി ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ചു.
കണ്ണൂരിൽ ആർഎസ്എസ് നേതാവിന് വെട്ടേറ്റു
കണ്ണൂർ:കണ്ണൂർ മുഴപ്പിലങ്ങാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു.ആർഎസ്എസ് മുഴപ്പിലങ്ങാട് മണ്ഡലം കാര്യവാഹക് പി.നിധീഷിനാണ് വെട്ടേറ്റത്.കാലിനും കൈക്കും നെറ്റിക്കുമാണ് വെട്ടേറ്റത്.പരിക്കേറ്റ നിധീഷിനെ ആദ്യം തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് ആരോപിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
രണ്ട് മലയാളി യുവാക്കൾ തമിഴ്‌നാട്ടിൽ വെട്ടേറ്റു മരിച്ചു
ഇടുക്കി: തമിഴ്നാട്ടിലെ മുന്തലിൽ രണ്ടു മലയാളി യുവാക്കൾ വെട്ടേറ്റ് മരിച്ചു.മൂന്നാർ എല്ലപ്പെട്ടി സ്വദേശികളായ ജോൺപീറ്റർ (19), ശരവണൻ (18) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിൽ നിരവധി കൊലക്കേസിൽ പ്രതിയായ മണി എന്നയാളാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ഓട്ടോ ഡ്രൈവർമാരാണ് മരിച്ച ജോൺ പീറ്ററും ശരവണനും. തമിഴ്നാട്ടിലേക്ക് ഓട്ടം പോകുന്നു എന്ന് പറഞ്ഞാണ് ജോൺ പീറ്റർ ശനിയാഴ്ച രാത്രി 8.30 ഓടെ വീട്ടിൽ നിന്നും പോയത്. ദൂരത്തേയ്ക്കുള്ള ഓട്ടമായതിനാൽ സുഹൃത്തായ ശ്രാവണിനെ ഒപ്പം കൂട്ടുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.പ്രതിയെന്ന് സംശയിക്കുന്ന മണി മറ്റൊരു കേസിൽ ജയിലിലായിരുന്നു. ഇയാൾ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നുവെന്നും സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.പോലീസ് അന്വേഷണം തുടരുകയാണ്.
സൗദിയിൽ വൻ തീപിടുത്തം;10 പേർ മരിച്ചു,3 പേർക്ക് പരിക്കേറ്റു
റിയാദ്:സൗദിയിൽ കാർപെന്ററി വർക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ പത്തുപേർ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റതായും സൗദി സിവിൽ ഡിഫെൻസ് വിഭാഗം അറിയിച്ചു. മരിച്ചവരിൽ എട്ടുപേർ ഇന്ത്യക്കാരാണെന്നു സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്.സൗദി തലസ്ഥാനമായ റിയാദിലെ ബദർ ജില്ലയിലാണ് അപകടം നടന്നത്.അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.റിയാദ് സിവിൽ ഡിഫെൻസ് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.