കോഴിക്കോട്: കോഴിക്കോട്ട് സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായെത്തിച്ച കോഴിമുട്ടകളില്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം കണ്ടെത്തി. പന്തീരാങ്കാവിനടുത്തു പ്രവര്‍ത്തിക്കുന്ന ജി എല്‍ പി എസ് പയ്യടിമീത്തല്‍ സ്കൂളിലാണ് സംഭവം. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ കൃത്യമായ ഇടപെടല്‍ മൂലം വലിയ ഭഷ്യവിഷബാധയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടു.വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാനായി പുഴുങ്ങി വെച്ച കോഴിമുട്ടയ്ക്ക് നിറവ്യത്യാസം ശ്രദ്ധയില്‍ പെട്ടതോടെ സ്കൂളിലെ ടീച്ചര്‍ നൂണ്മീല് ഓഫീസറെയും, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു.പിങ്ക് നിറത്തിലുള്ള മുട്ടകള്‍ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകള്‍ വിദ്യാര്‍ഥികള്‍ക്കായി നല്കുവാനാണ് പ്രാഥമികമായി ടീച്ചര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.എന്നാല്‍ കൃത്യസമയത്ത് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു.ഇത്തരത്തില്‍ സുഡോമോണാസ് ബാധിച്ച കോഴിമുട്ടകള്‍ ഒരുമിച്ച് വേവിക്കുമ്പോൾ പോറസ് ആയ മുട്ടയുടെ തോട് വഴി മറ്റു മുട്ടകളിലേക്കും ഈ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പകരാമെന്ന് അറിയിക്കുകയായിരുന്നു.ഈ മുട്ടകളുടെ സാമ്പിൾ ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും, മറ്റു മുട്ടകൾ നശിപ്പിച്ചുകളയുകയും ചെയ്തു.
മലപ്പുറത്ത് ബ്രേക്ക് നഷ്ടപ്പെട്ട സ്കൂള്‍ ബസ് മരത്തിലിടിച്ചു;ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്ക്
മലപ്പുറം: തിരുനാവയയില്‍ ബ്രേക്ക് നഷ്ടപ്പെട്ട സ്കൂള്‍ ബസ് മരത്തിലിടിച്ച് ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. തിരുന്നാവായ നാവാമുകന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബസ് ആണ് അപകടത്തില്‍ പെട്ടത്. ബസില്‍ ഉണ്ടായുരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അപക്ടത്തില്‍ പരിക്ക് സംഭവിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെയും ബസ് ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണ്.ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം;സൈക്കിള്‍ ചവിട്ടി പ്രതിപക്ഷം നിയമസഭയിലേക്ക്
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ഇന്ന് നിയമസഭയിലെത്തിയത് സൈക്കിള്‍ ഓടിച്ച്.എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് സൈക്കിള്‍ ചവിട്ടിയാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയ്ക്കെതിരെയാണെന്ന് ഈ പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ നികുതി കുറച്ചപ്പോള്‍ കേരളം കൂടി നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചത്. പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറയണമെങ്കില്‍ നികുതി കുറയ്ക്കുക തന്നെ വേണം.നികുതി കുറക്കില്ലെന്ന വാശിയാണ് സർക്കാരിന്.കേരളവും കേന്ദ്രവും ഇനിയും നികുതി കുറയ്ക്കണം. കേന്ദ്രം കുറച്ചത് നാമമാത്രമായ നികുതി മാത്രമാണ്. ന്യായമായ വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണം. സംസ്ഥാനം കുറച്ചതല്ല, ആനുപാതികമായ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് സതീശന് പറഞ്ഞു.ഇന്ധനവിലയില്‍ വരുന്ന മാറ്റത്തിനെതിരെ സമരം വ്യാപകമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സംഭവത്തില്‍ ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കെ ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക.
ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രതിശ്രുത വരനുമായി പിണങ്ങി; കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ അയച്ചുകൊടുത്ത് പതിനെട്ടുകാരി ജീവനൊടുക്കി
കൊല്ലം: ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രതിശ്രുത വരനുമായി പിണങ്ങിയതിനെ തുടർന്ന് കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ അയച്ചുകൊടുത്ത ശേഷം പതിനെട്ടുകാരി ജീവനൊടുക്കി.കൊല്ലം പായിക്കുഴി സ്വദേശിനി സുമയ്യ ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന് മൂന്നു ദിവസം മുന്‍പാണു മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോൾ വിദേശത്തു നിന്നു യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചു കൊണ്ടു സമീപത്തെ സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയുമായിരുന്നു. ഫോണില്‍ സംസാരിക്കുന്നതിനിടെ ഇരുവരും എന്തോ പറഞ്ഞു പിണങ്ങി. ഉടനെ തന്നെ ഫോണ്‍ കട്ടാക്കി യുവതി കുരുക്കിടുന്ന ചിത്രങ്ങള്‍ യുവാവിന് വാട്സ്ആപ്പില്‍ അയക്കുകയായിരുന്നു. ഭയന്ന് പോയ യുവാവ് ഉടന്‍ തന്നെ ബന്ധുക്കളെയും പൊലീസിനെയും വിളിച്ച് വിവരമറിയിച്ചു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴേക്കും ജനല്‍ കമ്പിയിൽ തൂങ്ങിയ നിലയില്‍ കണ്ട സുമയ്യ മരിച്ചിരുന്നു.മേമന സ്വദേശിയായ യുവാവുമായി പഠനകാലത്ത് ആരംഭിച്ച പ്രണയമാണ്. വീട്ടുകാരുടെ സമ്മതത്തോടെ മൂന്ന് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്.
സംസ്ഥാനത്ത് നാശംവിതച്ച് വീണ്ടും കനത്ത മഴ;കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി;കുളത്തൂപ്പുഴയിൽ മലവെള്ളപ്പാച്ചിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിലുണ്ടായ കനത്ത മഴയിൽ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം. കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ മലവെള്ളപ്പാച്ചിലുമുണ്ടായി. സംഭവങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.കോട്ടയം എരുമേലി കണ്ണമലയിലാണ് ഉരുൾപൊട്ടിയത്.കീരിത്തോട് പാറക്കടവ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.അപകടത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. വലിയ ശബ്ദം കേട്ട് ആളുകള്‍ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.കണമല ബൈപ്പാസ് റോഡ് മണ്ണിടിഞ്ഞ് വീണ് പൂർണ്ണമായും തകർന്നു. മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ഒരു സ്ത്രീ അപകടത്തിൽപ്പെടുകയും അവരെ രക്ഷപെടുത്തുകയും ചെയ്തിരുന്നു. കോട്ടയത്തെ മലയോര മേഖലകളിൽ ഇപ്പോഴും മഴ തുടരുകയാണ്.പത്തനംതിട്ടയില്‍ കോന്നി കൊക്കാത്തോട് മേഖലയിലും ഉരുള്‍പൊട്ടി. കൊക്കാത്തോട് വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്നാണ് കരുതുന്നത്. അഞ്ചോളം വീടുകളില്‍ വെള്ളം കയറി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. പ്രദേശത്ത് വലിയ കൃഷി നാശമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ മഴ അതിശക്തമാകുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഇന്ന് 7540 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;48 മരണം;7841 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7540 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂർ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട 348, കണ്ണൂർ 335, ആലപ്പുഴ 326, പാലക്കാട് 287, മലപ്പുറം 173, കാസർഗോഡ് 164 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 76,380 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 211 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 34,621 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7077 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 47 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7841 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 951, കൊല്ലം 661, പത്തനംതിട്ട 410, ആലപ്പുഴ 254, കോട്ടയം 212, ഇടുക്കി 341, എറണാകുളം 964, തൃശൂർ 1879, പാലക്കാട് 332, മലപ്പുറം 392, കോഴിക്കോട് 606, വയനാട് 291, കണ്ണൂർ 417, കാസർഗോഡ് 131 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരികെ എത്താനൊരുങ്ങി കോടിയേരി ബാലകൃഷ്ണൻ;നാളെ ചുമതല ഏറ്റെടുത്തേക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരികെ എത്താനൊരുങ്ങി കോടിയേരി ബാലകൃഷ്ണൻ.നാളെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.2020 നവംബർ 13 നാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് അവധിയെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ കോടിയേരിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാർട്ടി ചുമതലയിൽ നിന്നും തത്കാലത്തേക്ക് മാറി നിൽക്കാൻ തീരുമാനിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടിയേരി അവധിയിൽ പ്രവേശിച്ചത്. അർബുദത്തിന് തുടർചികിത്സ ആവശ്യമായതിനാൽ അവധി അനുവദിച്ചു എന്നാണ് സിപിഎം നൽകിയ വിശദീകരണം.തുടർന്ന് ഇടതുമുന്നണി കൺവീനർ വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല നൽകുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം ബിനീഷ് കോടിയേരി ജയിൽ മോചിതനായതോടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്.
ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നൽകി എല്‍ഡിഎഫ് നേതൃയോഗം
തിരുവനന്തപുരം: ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നൽകി എല്‍ഡിഎഫ് നേതൃയോഗം.വര്‍ധനയുടെ വിശദാംശങ്ങള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും ചുമതലപ്പെടുത്തി.സ്വകാര്യ ബസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസിയിലും നിരക്ക് ഉയരും.ജനങ്ങളെ വല്ലാതെ ബാധിക്കാത്ത തീരുമാനം കൈക്കൊള്ളാനാണു നിര്‍ദേശം. മിനിമം നിരക്ക് 10 രൂപയായി വര്‍ധിപ്പിക്കാനാണു ഗതാഗത വകുപ്പ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ നിരക്കു കൂട്ടുന്നതിനെ എല്‍ഡിഎഫ് അനുകൂലിച്ചില്ലെങ്കിലും നേരിയ വര്‍ധനയുണ്ടാകും.അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത് 2020 ജൂലൈ 3നാണ്. അന്ന് മിനിമം നിരക്ക് 8 രൂപയായി നിലനിര്‍ത്തിയെങ്കിലും സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍ നിന്നു രണ്ടര കിലോമീറ്ററായി കുറച്ചു. അതു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 70 പൈസ എന്ന നിരക്ക് 90 പൈസയാക്കി. കോവിഡ് കണക്കിലെടുത്തുള്ള ഈ താല്‍ക്കാലിക വര്‍ധന അതേപടി നിലനിര്‍ത്തിയാകും വീണ്ടും നിരക്ക് വര്‍ധിപ്പിക്കുക. 2020 ജൂണില്‍ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് മിനിമം നിരക്ക് 8 രൂപയില്‍ നിന്ന് 10 ആക്കുന്നത്. മിനിമം നിരക്കില്‍ 5 രൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്റെ 50 ശതമാനമോ കൂട്ടാം എന്നും ശുപാര്‍ശയുണ്ടെങ്കിലും വന്‍ പ്രതിഷേധത്തിനു സാധ്യതയുള്ളതിനാല്‍ ഇത് സ്വീകരിക്കില്ല.
299 രൂപയുടെ ചുരിദാർ ഓൺലൈനിൽ ഓർഡർ ചെയ്തു;കണ്ണൂരിൽ യുവതിക്ക് നഷ്ടമായത് 1,00,299 രൂപ
ശ്രീകണ്ഠാപുരം:ഓൺലൈനിലൂടെ ചുരിദാർ ബുക്ക് ചെയ്ത യുവതിക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂൽ പ്രിയേഷിന്റെ ഭാര്യ ചെല്ലേട്ടൻ വീട്ടിൽ രജനയാണ് തട്ടിപ്പിനിരയായത്. 100,299 രൂപയാണ് യുവതിക്ക് നഷ്ടമായത്.സിലൂറി ഫാഷൻ എന്ന സ്ഥാപനത്തിന്റെ ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് രജന 299 രൂപ വിലയുള്ള ചുരിദാർ ഓൺലൈൻ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗിൾ പേ വഴി മുൻകൂറായി അടയ്ക്കുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാർ ലഭിക്കാത്തതിനെ തുടർന്ന് സ്ഥാപനത്തിന്റെ ഫോണിലേക്ക് വിളിച്ചു.തുടർന്ന് വിലാസം പരിശോധിക്കുന്നതിനായി രജിസ്ട്രേഡ് മൊബൈൽ നമ്പറിൽ നിന്ന കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കണമെന്ന് ആവശ്യപ്പെട്ടു. സന്ദേശം അയച്ചതിന് പിന്നാലെ രജനയുടെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. ആറുതവണയായാണ് പണം നഷ്ടപ്പെട്ടത്. ആദ്യം ചുരിദാർ ബുക്ക് ചെയ്ത 299 രൂപയടക്കം 1,00,299 രൂപ രജനയ്ക്ക് നഷ്ടമായി. യുവതിയുടെ പരാതിയിൽ ശ്രീകണഠാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കൊച്ചി:കൊച്ചിയിൽ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജ്ജിന്റെ കാർ തല്ലിത്തകർത്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുൻ മേയർ ടോണി ചമ്മിണിയുൾപ്പെടെ ആറ് കോൺഗ്രസ് നേതാക്കൾ സമർപ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. നിലവിൽ കാക്കനാട് സബ്ജയിലിലാണ് പ്രതികൾ. കാറിന്റെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി ചൊവ്വാഴ്ച മരട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒന്ന് നടന്റെ കാർ തകർത്തതും മറ്റൊന്ന് ഗതാഗത തടസം സൃഷ്ടിച്ചതുമാണ്. സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. നവംബർ ഒന്നിന് വൈറ്റിലയിലായിരുന്നു കേസിനാസ്പദമായ സംഭവം.ഇന്ധന വിലവർധനക്കെതിരെ കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടന്റെ കാർ തകർക്കപ്പെട്ടത്. കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.