ശ്രീകണ്ഠപുരം:ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെമ്പേരിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അക്രമം നടന്നിരുന്നു.വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അക്രമങ്ങൾക്ക് ശേഷം ചെമ്പേരിയിലേക്കുള്ള പ്രധാന റോഡുകളെല്ലാം സിപിഎം പ്രവത്തകരുടെ നിയന്ത്രണത്തിലായിരുന്നു.നിലവിൽ ബാങ്ക് ഭരിച്ചിരുന്ന യുഡിഎഫ് അംഗങ്ങൾക്കും വോട്ടർമാർക്കും വോട്ടെടുപ്പ് കേന്ദ്രമായ ചെമ്പേരി സ്കൂളിന് സമീപത്തുപോലും എത്താൻ സാധിച്ചില്ല.
സിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു
തൃശൂർ:തൃശൂരിൽ സിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു.കഴിഞ്ഞ ദിവസം കൈപ്പമംഗലത്ത് ബിജെപി-സിപിഎം സംഘർഷത്തിൽ പരിക്കേറ്റ സതീശനാണ് മരിച്ചത്.അക്രമത്തിൽ പരിക്കേറ്റ സതീശനെ ഒളരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഞായറാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു.
ബസ് ചാർജ് വർധിപ്പിക്കാൻ നീക്കം
തിരുവനന്തപുരം:ബസ് ചാർജ് വർധിപ്പിക്കാൻ നീക്കം.പത്തു ശതമാനം വർധനയ്ക്കാണ് ശുപാർശ.മിനിമം ചാർജിൽ ഒരു രൂപവരെ വർധനയുണ്ടായേക്കുമെന്നാണ് സൂചന.മിനിമം ചാർജ് 10 രൂപയാക്കണമെന്നാണ് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്റെ ആവശ്യം.ഇന്ധന വിലവർദ്ധനവ് കണക്കിലെടുത്തു ബസ് ചാർജ് വർധിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഇത് സംബന്ധിച്ച് കേരളാ സ്റ്റേറ്റ് ഫെയർ റിവിഷൻ കമ്മിറ്റിയുടെ വാദം കേൾക്കൽ ഈ മാസം മുപ്പതിന് നടക്കും.അന്ന് തന്നെ ചാർജ് വർധനയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
അടൂരിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി കെഎസ്ആർടിസി ബസുകളിലിടിച്ച് 28 പേർക്ക് പരിക്ക്
അടൂർ: എംസി റോഡിൽ അടൂരിന് സമീപം അരമനപ്പടിയിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി രണ്ടു കെഎസ്ആർടിസി ബസുകളിൽ ഇടിച്ച് 28 പേർക്ക് പരിക്കേറ്റു.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.രാവിലെ 11.15 ഓടെയാണ് അപകടം നടന്നത്.ഡീസൽ കയറ്റി വന്ന ടാങ്കർ ലോറിയാണ് നിയന്ത്രണം വിട്ട് ബസുകളിൽ ഇടിച്ചുകയറിയത്.ടാങ്കർ ലോറിയിൽ നിറയെ ഇന്ധനമുണ്ടായിരുന്നെങ്കിലും മറിയാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ അടൂരിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ കാലാവധി ഡിസംബർ ഒന്ന് വരെ നീട്ടി
തിരുവനന്തപുരം:മീസിൽസ്-റൂബെല്ല വാക്‌സിനേഷൻ കാലാവധി ഡിസംബർ ഒന്ന് വരെ നീട്ടി.നേരത്തെ നവംബർ 25 വരെയായിരുന്നു കാലാവധി.സർക്കാർ ലക്ഷ്യമിട്ടതിന്റെ 83 ശതമാനം മാത്രമാണ് കുത്തിവെയ്പ്പ് നടന്നത്.തിരുവനന്തപുരം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം, കോഴിക്കോട്,ഇടുക്കി എന്നീ ജില്ലകളിൽ മാത്രമാണ് 90 ശതമാനത്തിനു മുകളിൽ കുത്തിവെയ്പ്പ് നടന്നത്.സർക്കാർ മുൻകൈയെടുത്തു പ്രചാരണം നടത്തിയ മലപ്പുറം ജില്ലയിൽ 62 ശതമാനം മാത്രമാണ് കുത്തിവെയ്‌പ്പെടുത്തത്.ഈ സാഹചര്യത്തിലാണ് കുത്തിവെയ്പ്പ് കാലാവധി നീട്ടാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്.
താൻ മുസ്ലീമാണ്;തനിക്ക് ഭർത്താവിന്റെ ഒപ്പം പോകണം:ഹാദിയ
നെടുമ്പാശ്ശേരി:താൻ മുസ്ലീമാണെന്നും തനിക്ക് ഭർത്താവിന്റെ ഒപ്പം പോകണമെന്നും ഹാദിയ.സുപ്രീം കോടതിയിൽ ഹാജരാക്കാൻ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഹാദിയ തന്റെ നിലപാട് മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയത്.താൻ ഇസ്‌ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ട്ടപ്രകാരമാണെന്നും തനിക്ക് നീട്ടി കിട്ടണമെന്നും ഹാദിയ വിളിച്ചു പറയുന്നുണ്ടായിരുന്നു.കനത്ത സുരക്ഷയിലാണ് ഹാദിയയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്.എന്നാൽ മാധ്യമങ്ങളോട് സംസാരിക്കുവാൻ ഹാദിയയെ അനുവദിച്ചിരുന്നില്ല.വിമാനത്താവളത്തിൽ എത്തിയപ്പോൾ പോലീസ് വിലക്ക് മറികടന്നാണ് ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചത്.ഇന്ന് രാത്രി പത്തരയോടെ ഡല്ഹിയിലെത്തുന്ന ഹാദിയയും കുടുംബവും ഡൽഹി കേരളാ ഹൗസിലാണ് തങ്ങുക.കേരളഹൗസിൽ നാലുമുറികളാണ് ഹാദിയയ്ക്കും ഒപ്പമുള്ള പോലീസുകാർക്കുമായി അനുവദിച്ചിട്ടുള്ളത്. Read more
നടിയെ ആക്രമിച്ച കേസ് മാധ്യമങ്ങൾ ചർച്ചചെയ്യുന്നതിനെതിരെ പോലീസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു
കൊച്ചി:നടിയെ ആക്രമിച്ച കേസ് മാധ്യമങ്ങൾ ചർച്ചചെയ്യുന്നതിനെതിരെ പോലീസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു.കുറ്റപത്രം ചർച്ച ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നു ആവശ്യപ്പെട്ട് സി ആർ പി സി 327(3) പ്രകാരമാകും പോലീസ് കോടതിയിൽ അപേക്ഷ നൽകുക. ചാനൽ ചർച്ചകളിൽ സാക്ഷികളുടെ പേര് ചർച്ചയാകുന്നതോടെ അവർ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണു പോലീസ് നിലപാട്.സിനിമ രംഗത്തുനിന്നുള്ള പ്രധാന സാക്ഷികൾ വിവരങ്ങൾ പുറത്തുപോകരുതെന്ന കാര്യം ആവശ്യപ്പെട്ടുവെന്നും അതിനാൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.ചൊവ്വാഴ്ചയാണ് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.കുറ്റപത്രം കോടതി സ്വീകരിക്കുന്നതിന് മുന്പാണ് ഇതിലെ വിവരങ്ങൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
മോഹനൻ വധം;രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കി
കൂത്തുപറമ്പ്:സിപിഎം വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രെട്ടറി കുഴിച്ചാൽ മോഹനനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ ജാമ്യം കോടതി റദ്ദാക്കി.ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് സി.സായൂജ്,എം.രാഹുൽ എന്നിവരുടെ ജാമ്യം റദ്ദാക്കിയത്.മറ്റൊരു ക്രിമിനൽ കേസുകളിലും പെടാൻപാടില്ല എന്ന വ്യവസ്ഥയോടെയാണ് ഇവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇവർ പടുവിലാക്കാവ് ക്ഷേത്ര പരിസരത്തു വെച്ച് സിപിഎം പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ പ്രതിചേർക്കപ്പെട്ടു.ഇതിനെ തുടർന്നാണ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി പോലീസ് ഇവർക്കെതിരെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.ഇതുപ്രകാരം വിശദീകരണം നൽകാനായി കോടതി ഇവർക്ക് നോട്ടീസ് അയച്ചു.എന്നാൽ വക്കീൽ മുഖേന ഇവർ നൽകിയ വിശദീകരണം ത്യപ്തികരമല്ലാത്തതിനെ തുടർന്ന് കോടതി രണ്ടുപേർക്കും അറസ്റ്റ് വാറന്റ് ഉത്തരവിട്ടു.
കണ്ണൂർ നഗരത്തിലെ ആറ് പോലീസ് ക്വാർട്ടേർഴ്‌സുകളിൽ കള്ളൻ കയറി
കണ്ണൂർ:കണ്ണൂർ നഗരത്തിലെ സായുധ പോലീസ് ബറ്റാലിയൻ ക്വാർട്ടേഴ്‌സിൽ അസി.കമന്റിന്റേതടക്കമുള്ള ആറ് ക്വാർട്ടേഴ്‌സുകളിൽ കള്ളൻ കയറി.താഴ് മുറിച്ചാണ് എല്ലാ ക്വാർട്ടേർഴ്‌കളിലും കള്ളൻ കയറിയത്.സ്വർണ്ണവും പണവും മാത്രമാണ് കള്ളൻ അന്വേഷിച്ചത്.ഇത് എവിടെനിന്നും കിട്ടിയിട്ടില്ല.മറ്റ് ഉപകരണങ്ങളൊന്നും കളവുപോയിട്ടില്ല. ആളില്ലാത്ത ക്വാർട്ടേഴ്‌സുകളിൽ മാത്രമാണ് കള്ളൻ കയറിയത്.ഇത് കൊണ്ട് തന്നെ ക്വാർട്ടേഴ്‌സിനെ കുറിച്ചും ഇവിടെ താമസമുള്ളവരെ കുറിച്ചും വ്യക്തമായി അറിയുന്നയാളാണ് മോഷണം നടത്തിയതെന്ന് വ്യക്തമാക്കുന്നു.ഇന്നലെ പുലർച്ചെയാണ് കള്ളൻ കയറിയ വിവരം പുറത്തറിഞ്ഞത്.അസി.കമാൻഡ് വിശ്വനാഥൻ, എസ്‌ഐ മാരായ കനകരാജ്,ഖാലിദ് എന്നിവരുടെയും മൂന്നു പോലീസുകാരുടെയും ക്വാർട്ടേഴ്‌സുകളിലാണ് കള്ളൻ കയറിയത്.എസ്‌ഐ ഖാലിദിന്റെ വീട്ടിലെ അലമാര മുഴുവൻ വലിച്ചുവാരി ഇട്ടിരിക്കുന്ന നിലയിലാണ്.ഇവിടെ നിന്നും സ്വർണ്ണമെന്നു തോന്നിക്കുന്ന പലതും പൊട്ടിച്ച ശേഷം സ്വർണ്ണമല്ലെന്നു ഉറപ്പാക്കിയ ശേഷം വലിച്ചെറിഞ്ഞ അവസ്ഥയിലായിരുന്നു.ഒരു ക്വാർട്ടേഴ്‌സിൽ നിന്നും കള്ളൻ ഉപയോഗിച്ചതെന്ന് കരുതുന്ന തോർത്ത് കണ്ടെത്തിയിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
ഓട്ടോഡ്രൈവർ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഓട്ടോയിൽ നിന്നും ചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു
ചെറുവത്തൂർ:ഓട്ടോഡ്രൈവർ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഓട്ടോയിൽ നിന്നും ചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.പീലിക്കോട് ഏക്കച്ചിയിലെ സന്തോഷ് കുമാറിന്റെ ഭാര്യ സവിതയ്ക്കാണ്(28) ഗുരുതരമായി പരിക്കേറ്റത്.തലയ്ക്ക് സാരമായി പരിക്കേറ്റ സവിതയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദേശീയപാതയിൽ സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി ഓഫീസിനു സമീപത്താണ് സംഭവം നടന്നത്. ചെറുവത്തൂർ ഭാഗത്തു നിന്നും കാലിക്കടവിലേക്ക് പോകുന്ന ഓട്ടോയിൽ തോട്ടം ഗേറ്റിനു സമീപത്തു നിന്നുമാണ് സവിത കയറിയത്.ഓട്ടോയിൽ കയറിയത് മുതൽ ഡ്രൈവർ യുവതിയോട് അപമര്യാദയായി പെരുമാറാൻ തുടങ്ങി.ഇതിനെ തുടർന്ന് ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ ഓട്ടോയുടെ വേഗം കൂട്ടുകയായിരുന്നു.ഇതോടെ ഭയന്ന സവിത റോഡിലേക്ക് ചാടുകയായിരുന്നു.അവശനിലയിൽ റോഡിൽക്കിടന്ന ഇവരെ അതുവഴി വന്ന കാർ യാത്രക്കാർ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.മകൾ പഠിക്കുന്ന സ്കൂളിൽ പി ടി എ യോഗത്തിൽ പങ്കെടുക്കുന്നതിനായി പോയതായിരുന്നു സവിത.