തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും.അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ വൈദ്യുതി നിരക്ക് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരും. വൈദ്യുതി ബോർഡ് കുറഞ്ഞത് 10 ശതമാനം നിരക്ക് വർദ്ധന ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. നിരക്കുവർദ്ധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31നു മുൻപ് നൽകാൻ വൈദ്യുതി ബോർഡിനോടു നിർദേശിച്ചിട്ടുണ്ട്.ഇതിന് ശേഷം ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷൻ അന്തിമ തീരുമാനമെടുക്കും. 2019 ജൂലൈ എട്ടിനാണ് ഇതിനുമുൻപു നിരക്ക് കൂട്ടിയത്.അതേസമയം, നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരടു മാർഗരേഖയിലെ വിവാദ വ്യവസ്ഥകൾ റഗുലേറ്ററി കമ്മിഷൻ പിൻവലിച്ചു.
മുൻ മിസ് കേരള ഉൾപ്പെടെ കാർ അപകടത്തിൽ മരിച്ച കേസ്;ഹോട്ടലുടമ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ
കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ മൂന്നുപേർ കാർ അപകടത്തിൽ മരിച്ച കേസിൽ ഹോട്ടലുടമ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിലാണ് അറസ്റ്റിലായത്. മനപൂർവ്വമല്ലാത്ത നരഹത്യ, ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഉൾപ്പെട്ട ഡിവിആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിരുന്നു. ഡിവിആർ കണ്ടെത്താനായി റോയിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ദൃശ്യങ്ങൾ ഒളിപ്പിക്കാൻ കൂട്ടുനിന്ന ജീവനക്കാരുമായാണ് പോലീസ് സംഘം പരിശോധന നടത്തിയത്.സംഭവത്തിൽ റോയ് വയലാട്ടിനെ പോലീസ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു.മോഡലുകൾ പങ്കെടുത്ത ഹോട്ടലിലെ ഡിജെ പാർട്ടി ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടൽ ഉടമ പോലീസിന് കൈമാറിയിരുന്നു. റോയ് നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ രണ്ട് ഡിവിആറുകൾ ഒരെണ്ണമാണ് റോയ് പോലീസിന് കൈമാറിയത്. എന്നാൽ യഥാർത്ഥ സംഭവം അടങ്ങുന്ന ഹാർഡ് ഡിസ്ക് റോയ് നശിപ്പിച്ചതായി പോലീസ് സംശയിക്കുന്നു. ഇവ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം നടത്തി വരികയാണ്.അതേസമയം സംഭവത്തിൽ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം;അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലെത്തിക്കും;ഡിഎൻഎ പരിശോധന നടത്തും
തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലെത്തിക്കും.സിഡബ്ല്യൂസി ശിശുക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി.കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിയ്ക്കുമെന്നാണ് വിവരം. കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തും. നിലവിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് കുഞ്ഞ് കഴിയുന്നത്. പോലീസ് സംരക്ഷണത്തിലാവും കുഞ്ഞിനെ ആന്ധ്രയിൽ നിന്നും കേരളത്തിലെത്തിയ്ക്കുക.ഇന്നലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സിഡബ്ല്യൂസി ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയത്. അതേസമയം തന്റെ കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അനുപമയുടെ സമരം ഏഴ് ദിവസം പിന്നിടുകയാണ്. നിർത്തിയിട്ട വാനിനുള്ളിലാണ് രാത്രികൾ കഴിച്ചുകൂട്ടുന്നത്.കുഞ്ഞിനെ തിരികെ കിട്ടുന്നതുവരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 141 അടിയായി; രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിർദേശം
ഇടുക്കി:കനത്ത മഴയെ തുടർന്ന് വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി ഉയർന്നു.രാവിലെ 5.30ഓടെയാണ് ജല നിരപ്പ് 141 അടിയിലേക്ക് എത്തിയത്. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്നാട് തുറന്നു. രാവിലെ എട്ട് മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്.772 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.രാവിലെ ആറ് മണിയോടെ രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശവും നല്കി കഴിഞ്ഞാണ് ഷട്ടര്‍ തുറന്നത്. നിലവില്‍ മഴ മാറിനില്ക്കുകയാണെങ്കിലും ഹൈറേഞ്ച് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബുധനാഴ്ച രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. രാത്രി 12 മണിവരെയും തുടര്‍ച്ചയായി മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ജലനിരപ്പ് വര്‍ധിച്ചത്.ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി ഡാമും തുറക്കാന്‍ തീരുമാനമായി. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ്, അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായി ആണ് തുറക്കുന്നത്. പത്ത് മണിയോടെ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും.ചെറുതോണി, പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 6849 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;61 മരണം;6046 പേർക്ക് രോഗമുക്തി
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 6849 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂർ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂർ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസർഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 61 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 327 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,475 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6473 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 34 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6046 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 694, കൊല്ലം 1039, പത്തനംതിട്ട 257, ആലപ്പുഴ 201, കോട്ടയം 438, ഇടുക്കി 233, എറണാകുളം 634, തൃശൂർ 1014, പാലക്കാട് 228, മലപ്പുറം 223, കോഴിക്കോട് 372, വയനാട് 183, കണ്ണൂർ 387, കാസർഗോഡ് 143 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
പാലക്കാട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ അറസ്റ്റിൽ
പാലക്കാട്:മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ അറസ്റ്റിലായി. ഷൊർണൂർ സ്വദേശിയായ ദിവ്യ(28) ആണ് അറസ്റ്റിലായത്. കൊലപാതക കുറ്റം ചുമത്തിയാണ് ദിവ്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.രണ്ട് ആൺ മക്കളേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അഭിനവ് (ഒന്ന്), അനിരുദ്ധ് (നാല്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ആണ് കേസിനാസ്പദമായ സംഭവം.ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അമ്മിക്കല്ലിന് മുകളിൽ കൈവച്ച് മടവാൾ കൊണ്ടു സ്വയം വെട്ടിയതിനെത്തുടർന്ന് എല്ലു പൊട്ടി ദിവ്യയ്ക്ക് പരുക്കേറ്റിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതോടെയാണ് ദിവ്യയെ പോലീസെത്തി അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ മുത്തശ്ശിയുടെ മാനസിക പീഡനത്തെ തുടർന്നാണ് മക്കളെ കൊലപ്പെടുത്തി താനും മരിക്കാൻ തീരുമാനിച്ചതെന്നാണ് ദിവ്യയുടെ മൊഴി.ആദ്യം ഒരു വയസ്സുകാരൻ അഭിനവിനെയും പിന്നീട് നാലു വയസ്സുകാരൻ അനിരുദ്ധിനെയും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് ദിവ്യ പോലീസിനോട് പറഞ്ഞു. പിന്നീട് ഷാൾ ജനൽകമ്പിയിൽ കെട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതു പരാജയപ്പെട്ടതോടെ കുട്ടികളെ കിടത്തുന്ന തൊട്ടിലിന്റെ കയർ കഴുത്തിൽ കെട്ടി മരിക്കാനും ശ്രമം നടത്തി.പിന്നീട് അമ്മിക്കല്ലിൽ കൈത്തണ്ട വച്ചു മടവാൾ കൊണ്ട് വെട്ടിയെങ്കിലും കൈ ഞരമ്പ് മുറിഞ്ഞില്ലെന്നു ബോധ്യപ്പെട്ടതോടെ ബ്ലേഡ് ഉപയോഗിച്ചു മുറിക്കുകയായിരുന്നു. കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയിൽ ദിവ്യയെ ഭർത്താവ് വിനോദാണ് ആശുപത്രിയിലെത്തിയ്ക്കുന്നത്. പിന്നീടാണ് കുട്ടികൾ കൊല്ലപ്പെട്ട വിവരം വിനോദ് അറിയുന്നത്. സംഭവത്തിൽ വിനോദിന്റെ അമ്മയുടെ മാതാവ് അമ്മിണിയമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
മുതിർന്ന നടിയും സംഗീത നാടക അക്കാദമി ചെയർ പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തു
തിരുവന്തപുരം: മുതിർന്ന നടിയും സംഗീത നാടക അക്കാദമി ചെയർ പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തു.മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടി. തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടിയെ വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.നടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.കുറച്ചു കാലമായി രോഗാവസ്ഥയിലായിരുന്നെങ്കിലും ടെലിവിഷൻ പരമ്പരകളിലടക്കം നടി സജീവമാണ്.അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. അവിടെ നിന്ന് തിരിച്ചു വന്നതിനു ശേഷമാണ് രോഗം മൂർച്ഛിക്കുന്നതും ആശുപത്രിയിൽ ചികിത്സ തേടുന്നതും.
വിദ്യാർത്ഥിയെക്കൊണ്ട് നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചു; കാസര്‍കോട് ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പാളിനെതിരെ പരാതി
കാഞ്ഞങ്ങാട്:പുറത്താക്കാതിരിക്കാൻ വിദ്യാർത്ഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് കാല് പിടിപ്പിച്ചതായി പരാതി.കാസർകോട് ഗവ.കോളേജിലെ പ്രിൻസിപ്പൽ ഡോ എം രമയ്ക്കെതിരെയാണ് പരാതി.രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം 18 നാണ് സംഭവം.സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിദ്യാര്‍ത്ഥി പരാതി നല്കി.കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാനാണ് കാലു പിടിപ്പിച്ചതെന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു. വിദ്യാർഥിക്കെതിരെ നിരവധി പരാതികൾ ഉണ്ടെന്നും വിദ്യാർത്ഥിയെ വഴക്കു പറയുകയും അപമാനിക്കുകയും ചെയ്തതിന് ശേഷം കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാൽ പിടിക്കെണമെന്ന ഉപാധി വെച്ചെന്നാണ് പരാതി. എന്നാല്‍ ആരോപണം തെറ്റാണെന്ന് രമ വ്യക്തമാക്കി. മാസ്ക്ക് ഇടാതെ വന്നത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥി തന്നെ അടിക്കാന്‍ ശ്രമിച്ചെന്നും ഇത് സംബന്ധിച്ച് കേസ് നല്‍കരുതെന്ന് പറഞ്ഞ് സ്വമേധയാ കാലില്‍ വീഴുകയായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.
കാസര്‍കോട് ജില്ലയില്‍ എയിംസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; മാനുഷിക പരിഗണന വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താന്
കാസർകോഡ്: കാസര്‍കോട് ജില്ലയില്‍ എയിംസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി.പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.എയിംസ് അനുവദിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോട് ജില്ലയുടെ പേര് ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാറിന് കൈമാറണമെന്ന് യോഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരുകാരണവശാലും കാസര്‍കോട്ട് എയിംസ് അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.ഇതിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ എം.പി, കാസര്‍കോട്ടുകാരോട് മാനുഷിക പരിഗണന കാണിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെങ്കിലും മുഖ്യമന്ത്രി നിലപാട് മാറ്റിയില്ല. കിനാലൂരില്‍ നിര്‍ദ്ദിഷ്ട എയിംസ് സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണെന്നറിയിച്ച അദ്ദേഹം, അവിടെ എയിംസിന് അനുമതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് എം.പിമാരോട് ആവശ്യപ്പെടുകയും ചെയ്തു.നിയമസഭയില്‍ എന്‍.എ. നെല്ലിക്കുന്നിന് രേഖാമൂലം നല്കിയ മറുപടിയിലും കാസര്‍കോട്ട് എയിംസ് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് ബുധനാഴ്ച ബഹുജന റാലി പ്രഖ്യാപിച്ചിരിെക്കയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടു; മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു
തൃശൂർ: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു.കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ മകന് ആകാശ് (14) ആണ് മരിച്ചത്.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടമായതോടെ മനോവിഷമത്തില്‍ കുട്ടി കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഇറങ്ങി പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. തുടർന്ന് ആകാശിനായി ബന്ധുക്കൾ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരുന്നു.ഇന്ന് രാവിലെ കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തി. തുടർന്ന് ഇരിങ്ങാലക്കുട ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. അമ്മ സുൽഫത്ത്. സഹോദരൻ അമൽ.