സുരേഷ് ഗോപി ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

keralanews suresh gopi filed anticipatory bail application in the high court

കൊച്ചി:വാഹന നികുതി വെട്ടിപ്പ് കേസിൽ  നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.വ്യാജ മേൽവിലാസം ഉപയോഗിച്ച് ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതിയിനത്തിൽ വൻതുക വെട്ടിച്ചെന്നാണ് കേസ്.കേസിൽ സുരേഷ് ഗോപിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ട് ക്രൈം ബ്രാഞ്ചാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

ജിഷ വധക്കേസ്;അമീറുൽ കുറ്റക്കാരൻ;ശിക്ഷ നാളെ പ്രഖ്യാപിക്കും

keralanews jisha murder case ameerul found guilty and the verdict will pronounce tomorrow

കൊച്ചി:ജിഷ വധക്കേസിൽ ഏകപ്രതി അമീറുൽ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു.പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. കൊലപാതകം,ബലാൽസംഗം,തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അമീറുലിനെതിരെ ചുമത്തിയിരിക്കുന്നത്.പ്രതിക്ക് പറയാനുള്ളത് കൂടി കേട്ട ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക.കഴിഞ്ഞ ഏപ്രിൽ 28നു വൈകിട്ട് 5.30നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണു കേസ്. ഇതു തെളിയിക്കാൻ പോലീസ് ഡിഎൻഎ പരിശോധനാ റിപ്പോർട്ടുകൾ, കൊലയ്ക്കുപയോഗിച്ച ആയുധം, പ്രതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴി, ജിഷയുടെ അയൽവാസിയായ ശ്രീലേഖയുടെ മൊഴി എന്നിവയാണു ഹാജരാക്കിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് വിധി പറഞ്ഞത്. സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ  തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ കേസിലെ ഏകപ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ആരോപിച്ചിരിക്കുന്നത്.

കണ്ണൂരിൽ സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നും കഞ്ചാവും പണവും പിടികൂടി

keralanews ganja and black money seized from a tourist bus

ഇരിട്ടി:കണ്ണൂരിൽ സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നും കഞ്ചാവും പണവും പിടികൂടി. ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സിൽ നിന്നാണ് ഒൻപതര ലക്ഷം രൂപയുടെ കുഴൽപ്പണവും ഒന്നര കിലോഗ്രാം കഞ്ചാവും പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്ന് ഇരിട്ടി പോലീസ് നടത്തിയ വാഹന പരിശോധനയിൽ ബസ്സിൽ ബാഗിലൊളിപ്പിച്ച നിലയിൽ കഞ്ചാവും പണവും പിടികൂടുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബസും പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടു കാഷ്വൽ ജീവനക്കാരെ പുറത്താക്കി; കെൽട്രോണിലെ ഇരുനൂറോളം കാഷ്വൽ ജീവനക്കാർ പണിമുടക്കി

keralanews two casual employees dismissed and two hundred employees of keltron stop working

തളിപ്പറമ്പ്:രണ്ട് കാഷ്വൽ ജീവനക്കാരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് കെൽട്രോണിലെ ഇരുനൂറോളം കാഷ്വൽ ജീവനക്കാർ പണിമുടക്കി.ഇന്നലെ രാവിലെയാണ് രണ്ടു കാഷ്വൽ ജീവനക്കാരെ പുറത്താക്കിയെന്നാരോപിച്ച് മുഴുവൻ കാഷ്വൽ ജീവനക്കാരും സമരത്തിലേർപ്പെട്ടത്.കാഷ്വൽ ജീവനക്കാർക്ക് ന്യായമായ വേതനം അനുവദിക്കുക,സ്ഥിരം നിയമനം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒരുവർഷമായി വിവിധ സംഘടനകൾ പ്രതിഷേധ സമരങ്ങൾ നടത്തി വരുന്നുണ്ട്.എന്നാൽ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാത്ത സാഹചര്യത്തിൽ മുഴുവൻ കാഷ്വൽ ജീവനക്കാരും അനിശ്ചിത കാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.അതേസമയം ജീവനക്കാരെ ആരെയും പുറത്താക്കിയിട്ടില്ലെന്ന് കെൽട്രോൺ എം.ഡി കെ.ജി കൃഷ്ണകുമാർ പറഞ്ഞു.ഓരോ കാഷ്വൽ ജീവനക്കാരും ജോലിചെയ്യേണ്ട ഷിഫ്റ്റ് മുൻകൂട്ടി നോട്ടീസ് ബോർഡിൽ ഇട്ടിട്ടുണ്ട്.എന്നാൽ ഇതുപാലിക്കാതെ മൂന്നാമത്തെ ഷിഫ്റ്റിൽ ജോലിചെയ്യേണ്ട ജീവനക്കാർ ഒന്നാമത്തെ ഷിഫ്റ്റിൽ ജോലിക്കെത്തി.അവരവർക്കനുവദിച്ച  സമയത്തുമാത്രമേ ജോലി ചെയ്യാൻ അനുവദിക്കുകയുള്ളൂ എന്ന് മാത്രമാണ് ജോലിക്കാരോട് പറഞ്ഞു.ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഇറങ്ങി പോവുകയാണ് ചെയ്തതെന്നും എം.ഡി പറഞ്ഞു.

പെരുമ്പാവൂർ ജിഷ വധക്കേസിൽ വിധി ഇന്ന്

keralanews verdict on perumbavoor jisha murder case today

കൊച്ചി:പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന് പ്രഖ്യാപിക്കും.അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആസാം സ്വദേശി അമീറുൽ ഇസ്ലാമാണ് കേസിലെ ഏക പ്രതി.കൊലയ്ക്കുപയോഗിച്ച കത്തിയിൽ നിന്നും പ്രതിയുടെ ചെരുപ്പിൽ നിന്നുമടക്കം വേർതിരിച്ചെടുത്ത അഞ്ചു ഡി എൻ എ പരിശോധന റിപ്പോർട്ടുകൾ,പ്രതിയുടെ കയ്യിലുണ്ടായിരുന്ന മുറിവ് ജിഷ കടിച്ചതാണെന്ന ഡോക്റ്ററുടെ മൊഴി,അയൽവാസിയായ ശ്രീലേഖയുടെ മൊഴി തുടങ്ങിയവയാണ് പ്രതിക്കെതിരെ പ്രോസിക്യൂഷൻ കോടതി മുൻപാകെ ഹാജരാക്കിയത്.അതേസമയം കേസിൽ പോലീസ് ഹാജരാക്കിയ തെളിവുകൾ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ ആവില്ലെന്ന് വിശ്വസിക്കുന്നതായി അഡ്വ.ബി.എ ആളൂർ.ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അമീറുൽ ഇസ്ലാമിനെ പ്രതിയാക്കിയത്.യഥാർത്ഥ പ്രതികൾ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടെന്നും ആളൂർ വ്യക്തമാക്കി.ശാസ്ത്രീയമായ തെളിവുകൾ മാത്രം വെച്ച് പ്രതിയെ ശിക്ഷിക്കാൻ സാധിക്കില്ലെന്നും ആളൂർ പറയുന്നു.പ്രതിക്കെതിരായ തെളിവുകൾ പൂർണ്ണമല്ലെന്നും അതിനാൽ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആളൂർ പറഞ്ഞു.

കേരളാ ബാങ്ക് രൂപീകരണത്തിൽനിന്നും സർക്കാർ പിന്മാറുന്നു;പകരം ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളിൽ ലയിപ്പിക്കും

keralanews govt withdraws from the formation of kerala bank and district banks will be merged into state co operative banks

തിരുവനന്തപുരം:സഹകരണമേഖലയിൽ കേരളാ ബാങ്ക് രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നും സർക്കാർ പിന്മാറുന്നു.പകരം ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളിൽ ലയിപ്പിക്കും.ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്റ്റർ നോഡൽ ഓഫീസറായി നിയമിച്ചു. കോഴിക്കോട്, തൃശൂർ,ഇടുക്കി തുടങ്ങിയ മിക്ക ജില്ലാബാങ്കുകളും എല്ലാ ആധുനിക സംവിധാനങ്ങളും ഉള്ളവയാണ്.സംസ്ഥാന ബാങ്കിൽ ലയിക്കുന്നതോടെ ഇവയുടെ ബാങ്കിങ് ലൈസൻസ് ഇല്ലാതാകും.ലയന ശേഷം റിസർവ് ബാങ്ക് സംസ്ഥാന ബാങ്കിന് ആധുനിക ബാങ്കിങ് സംവിധാനമൊരുക്കാൻ അനുമതി നൽകിയില്ലെങ്കിൽ അത് സഹകരണ മേഖലയ്ക്ക് ആകെ തിരിച്ചടിയാകും.നിഷ്ക്രിയ ആസ്തി അഞ്ചുശതമാനത്തിൽ കുറവായിരിക്കണം, മൂന്നുവർഷം തുടർച്ചയായി ലാഭത്തിലായിരിക്കണം,മൂലധന പര്യാപ്തത കുറഞ്ഞത് ഒൻപതുശതമാനമെങ്കിലും ഉണ്ടാകണം,റിസർവ് ബാങ്ക് അംഗീകരിച്ച കോർബാങ്കിങ് സംവിധാനം ഉണ്ടാകണം തുടങ്ങിയവയാണ് അനുമതി നകുന്നതിനായി റിസർവ് ബാങ്ക് മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡങ്ങൾ. ഇവയൊന്നും സംസ്ഥാന സഹകരണ ബാങ്കിനില്ല.ജില്ലാ സഹകരണ ബാങ്കുകളുടെ ആകെ ലാഭത്തേക്കാൾ കൂടുതലാണ് സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ട്ടം.നിഷ്ക്രിയ ആസ്തിയും റിസർവ് ബാങ്ക് നിർദേശിക്കുന്നതിനേക്കാൾ കൂടുതലാണ്.ഈ നിലയ്ക്ക് ഇന്റർനെറ്റ്-മൊബൈൽ ബാങ്കിങ്,എ ടി എം ഇവയൊന്നും സ്വന്തമായി നടത്താൻ സംസ്ഥാന ബാങ്കിന് അനുമതി കിട്ടാൻ ഇടയില്ല.അതേസമയം കേരളാ ബാങ്ക് രൂപീകരിക്കാനുള്ള സാധ്യതകളെ കുറിച്ച് പഠിക്കാൻ സർക്കാർ ബെംഗളൂരു ഐഐഎമ്മിലെ പ്രൊഫ.എം.എസ് ശ്രീറാമിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.ഇന്റർനെറ്റ് ബാങ്കിങ്,മൊബൈൽ ബാങ്കിങ്,വിപുലമായ എ ടി എം ശൃംഖല എന്നിവയൊക്കെ കേരളബാങ്കിന് ഒരുക്കാനാകണമെന്ന് 2017 ഏപ്രിൽ 28 ന് ശ്രീറാം കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ പറയുന്നു.ഇക്കാര്യങ്ങളൊക്കെ പ്രയോഗിക തലത്തിൽ കൊണ്ടുവരാൻ നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ വി.ആർ രവീന്ദ്രനാഥ് ചെയർമാനായ കർമസേനയും രൂപീകരിച്ചു.പ്രാഥമിക അനുമതി തേടി നബാർഡിനും ആർബിഐക്കും അപേക്ഷ നൽകിയിട്ടുണ്ട്.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വൻ അഗ്നിബാധ

keralanews a major fire broke out in thaliparambu co operative hospital

തളിപ്പറമ്പ്:തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വൻ അഗ്നിബാധ.ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ആശുപത്രി കെട്ടിടത്തിന് തീപിടിച്ചത്. ഫാർമസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്.ഉടൻ അഗ്നിശമനസേനകൾ എത്തി തീയണച്ചതിനാൽ വൻ ദുരന്തത്തിൽ നിന്നും രക്ഷ നേടാൻ സാധിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.പുക കാരണം ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ അറുപതോളം രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.തളിപ്പറബ് ലൂർദ് ആശുപത്രി,പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കാണ് ഇവരെ മാറ്റിയത്.സംഭവം നടക്കുമ്പോൾ ഏകദേശം ഇരുനൂറോളം രോഗികൾ  ആശുപത്രിയിലുണ്ടായിരുന്നു.കണ്ണൂർ എസ്. പിയും, ജില്ലാ കളക്ടർ മീർ മുഹമ്മദ് അലിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും മൂന്നു യൂണിറ്റ് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.

കണ്ണൂർ പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് 3 പേർ മരിച്ചു

keralanews bus fell into the river in kannur peringathoor and three died

കണ്ണൂർ:കണ്ണൂർ പെരിങ്ങത്തൂരിൽ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് 3 പേർ മരിച്ചു.രാവിലെ ആറുമണിയോടുകൂടിയാണ് അപകടം നടന്നത്.പെരിങ്ങത്തൂർ പാലത്തിന്റെ കൈവരി തകർത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.ബസ് ജീവനക്കാരൻ കതിരൂർ വെട്ടുമ്മൽ സ്വദേശി ജിത്തു എന്ന ജിതേഷ്(35),ബസ് യാത്രക്കാരായ പ്രജിത്ത്(32),പ്രേമലത (52) എന്നിവരാണ് മരിച്ചത്.ബെംഗളൂരുവിൽ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്ന ലാമ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ മുഴുവൻ ഇറക്കിയ ശേഷം ബസ് തലശ്ശേരി ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.അപകട സമയത്ത് താനടക്കം ആറു യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് ഡ്രൈവർ പറയുന്നത്.ബസിലെ ക്‌ളീനറാണ് മരിച്ച ജിതേഷ്.ബസ് അപകടത്തിൽപ്പെടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.തലശ്ശേരി,പാനൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.

 

രാഹുൽ ഗാന്ധി എഐസിസിയുടെ പതിനാറാമത് അധ്യക്ഷൻ

keralanews rahul gandhi is the 16th president of aicc

ന്യൂഡൽഹി:രാഹുൽ ഗാന്ധിയെ എഐസിസിയുടെ പതിനാറാമത് അധ്യക്ഷനായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്.നെഹ്‌റു കുടുംബത്തിൽ നിന്നുള്ള ആറാമത്തെ അധ്യക്ഷനാണ് രാഹുൽഗാന്ധി.എതിരില്ലാതെയാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തത്.2013 മുതലുള്ള സമ്മർദത്തെ തുടർന്നാണ് രാഹുൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്.ഇക്കഴിഞ്ഞ നവംബറിൽ നടന്ന എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് നിർദേശിക്കുന്ന പ്രമേയം പാസാക്കിയിരുന്നു.16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. 19 വർഷത്തിന് ശേഷമാണ് അധ്യക്ഷസ്ഥാന മാറ്റം കോൺഗ്രസില്‍ നടക്കുന്നത്.

കുഞ്ചാക്കോബോബൻ നായകനാകുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; രണ്ടുപേർ പിടിയിൽ

keralanews anti social attack in the cinema set of kunjakko boban film two arrested

ആലപ്പുഴ: കുഞ്ചാക്കോ ബോബൻ നായകനായ സിനിമയുടെ സെറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ആലപ്പുഴ കൈനകരിയിൽ ചിത്രീകരണം നടത്തുകയായിരുന്ന കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയുടെ സെറ്റിലാണ് ആക്രമണമുണ്ടായത്.അക്രമത്തിൽ രണ്ട് പ്രൊഡക്ഷൻ മാനേജർമാർക്ക് പരിക്കേറ്റു.സെറ്റിൽ മദ്യപിച്ചെത്തിയ നെടുമുടി സ്വദേശി പ്രിൻസ്,പുന്നമട സ്വദേശി അഭിലാഷ് എന്നിവർ താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു. സിനിമയുടെ അണിയറ പ്രവർത്തകർ ഇതുതടഞ്ഞതോടെ ഇവർ ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് സെറ്റിൽ നിന്നും പോയ ഇവർ തിരിച്ചു വീണ്ടും ലൊക്കേഷനിൽ എത്തി അണിയറ പ്രവർത്തകരെ ടോർച്ച് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെയുള്ളവർ സെറ്റിലുണ്ടായിരുന്നു.അണിയറ പ്രവർത്തകരുടെ പരാതിയിൽ കേസെടുത്ത പോലീസ് അഭിലാഷ്,പ്രിൻസ് എന്നിവരെ അറസ്റ്റ് ചെയ്തു.