മാത്തിൽ:മാത്തിലിൽ കോൺഗ്രസ് നേതാവിന് നേരെ ആക്രമണം.ഇന്നലെ വൈകിട്ടാണ് സംഭവം.ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കാങ്കോൽ-ആലപ്പടമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.വി നാരായണന് നേരെയാണ് ആക്രമണം നടന്നത്.ആലപ്പടമ്പിലെ വീട്ടിൽ നിന്നും മാത്തിൽ കുടുംബാരോഗ്യ കേന്ദ്രം ഉൽഘാടന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴി നാലുപേരടങ്ങുന്ന സംഘം ബൈക്ക് തടഞ്ഞു നിർത്തി കമ്പിപ്പാര കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരു കാല്മുട്ടുകൾക്കും ഗുരുതരമായി പരിക്കേറ്റ നാരായണനെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.സംഭവത്തിൽ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓഖി ദുരന്തം;കേരളം കേന്ദ്രത്തോട് 7340 കോടി രൂപ ആവശ്യപ്പെട്ടു
തിരുവനന്തപുരം:ഓഖി ദുരിതാശ്വാസത്തിനായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.കേരളത്തിന്റെ ഈ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.ഗവ.ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി സഹായം ഉറപ്പുനൽകിയത്.ഓഖി ദുരന്തം വിലയിരുത്തുന്നതിനായി തിരുവനന്തപുരത്തെത്തിയതായിരുന്നു പ്രധാനമന്ത്രി.ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ പ്രദേശങ്ങൾ പുനർനിർമ്മിക്കുന്നതിനുമായിട്ടാണ് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരിക്കുന്നത്.ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി കണക്കാക്കി സഹായം അനുവദിക്കണമെന്ന് മുഖ്യമന്തി ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ പ്രധാനമന്ത്രി പ്രത്യേക മറുപടി നൽകിയില്ല.ദുരിത ബാധിതരെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും സാധ്യമായതെല്ലാം സംസ്ഥാന ഗവണ്മെന്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ മാർഗരേഖ പ്രകാരം കണക്കാക്കിയ നഷ്ട്ടം 422 കോടി രൂപയാണ്.എന്നാൽ ഈ തുക തീർത്തും അപര്യാപ്തമായതു കൊണ്ടാണ് പ്രത്യേക പാക്കേജ് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കതിരൂരിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു
കൂത്തുപറമ്പ്:കതിരൂരിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു.പൊന്ന്യം മണ്ഡൽ കാര്യവാഹകനായ കുറുവാങ്കണ്ടി പ്രവീണിനാണ്(33) വെട്ടേറ്റത്.ഇന്നലെ രാത്രി ഏഴുമണിയോട് കൂടി പുല്യോട് സി.എച് നഗറിനടുത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.തലയ്ക്കും ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാം,കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്റ്റർ ജോഷി ജോൺ,കതിരൂർ സബ് ഇൻസ്പെക്റ്റർ സി.ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.വെട്ടേറ്റ പ്രവീൺ നേരത്തെ രാഷ്ട്രീയ ആക്രമണ കേസുകളിൽ പ്രതിയാണെന്ന് കതിരൂർ പോലീസ് പറഞ്ഞു.
ബാൻസുരി ആരംഭിച്ചു
പരിയാരം: കേരളത്തിലെ ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള എഴുപതോളം കോളേജുകൾ പങ്കെടുക്കുന്ന ഈ അദ്ധ്യയന വർഷത്തിലെ സംസ്ഥാന കലോത്സവമായ ബാൻസുരി – 2017 ഡിസംബർ 19 ന് വൈകുന്നേരം പരിയാരം മെഡിക്കൽ കോളേജിൽ സംസ്ഥാന ആരോഗ്യ-സാമൂഹ്യക്ഷേമ മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: എം.കെ.സി നായർ, ടി.വി രാജേഷ് എം എൽ എ ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ,യുവ നടൻ നീരജ് മാധവൻ, സംവിധായകൻ ഡോ.ബിജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ സുധാകരൻ, സംഘാടക സമിതി ചെയർമാൻ മുഹമ്മദ് സിറാജ് എന്നിവർ കലോത്സവത്തെ കുറിച്ച് പത്രസമ്മേളനം നടത്തി.
കേരളത്തിലെ മെഡിക്കൽ, ഡെൻടൽ, ആയുർവേദo, ഹോമിയോ ,നേഴ്‌സിങ്ങ്, സിദ്ധ, ഫാർമസി, പാരാമെഡിക്കൽ, യുനാനി കോളേജുകളിൽ നിന്നായി ആയിരത്തിയിരുനൂറോളം മത്സരാർത്ഥികളാണ് മാറ്റുരക്കുന്നതിനായി കണ്ണൂരിൽ എത്തുന്നത്. മേഘമൽഹാർ, നീലാംബരി, രാഗമാലിക, ഹംസധ്വനി, മോഹനം എന്ന് തുടങ്ങി പത്തോളം വേദികളിലായി അൻപത്തിമൂന്ന് സ്റ്റേജിനങ്ങളിലും ഇരുപത്തിയാറ് ഓഫ് സ്റ്റേജിനങ്ങളിലും തങ്ങളുടെ കഴിവ് തെളിയിക്കാനെത്തുന്ന യുവ കലാകാരന്മാരെ ഇരുകൈയും നീട്ടി സ്വീകരിക്കുവാൻ പരിയാരം ഒരുങ്ങി കഴിഞ്ഞു.
ആരോഗ്യ സർവ്വകലാശാല കലോത്സവം നടത്താൻ ആദ്യമായി ലഭിച്ച അവസരം ഏറ്റവും ഹൃദ്യവും കുറ്റമറ്റതു മാക്കി തീർക്കാൻ ജില്ലയിലെ മുഴുവൻ കലാ ആസ്വാദകരും ഒരുങ്ങി കഴിഞ്ഞു.
ആരോഗ്യ സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എംഡി ശ്രുതി, പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി.പി ബിനീഷ്, മീഡിയ കമ്മറ്റി കൺവീനർ അജിത്ത് പാനൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഡിസംബർ 21 ന് കൊടിയിറങ്ങുന്ന ബാൻസുരി 2017 ന്റെ റെജിസ്ട്രേഷൻ ഓൺലൈനാക്കിയത് വൻ വിജയമായിരുന്നുവെന്ന് റജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ ഷിബി കുമാർ സി.പി. അറിയിച്ചു.
ഓഖി ചുഴലിക്കാറ്റ്;ഒരു മൃതദേഹം കൂടി കണ്ടെത്തി
കോഴിക്കോട്:ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.കൊയിലാണ്ടി തീരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇതോടെ മരണസംഖ്യ 72 ആയി.ലഭിച്ച 72 മൃതദേഹങ്ങളിൽ മുപ്പതോളം പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇനിയും നൂറിലധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണു റവന്യു വകുപ്പിന്‍റെ കണക്ക്.തീരദേശ സേനയും മൽസ്യത്തൊഴിലാളികളുമാണ് തിരച്ചിൽ നടത്തിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യരുടെ മൊഴി പുറത്ത്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിമാരായ മഞ്ജു വാര്യരുടെയും സംയുക്ത വർമ്മയുടെയും മൊഴികൾ പുറത്ത്.കേസിലെ പ്രതിയായ ദിലീപും കാവ്യാമാധവനും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നതായി മഞ്ജു വാര്യരുടെ വെളിപ്പെടുത്തൽ.നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു പറഞ്ഞത് സാധാരണക്കാർ ചിന്തിക്കുന്ന രീതിയിൽ ചിന്തിച്ചതുകൊണ്ടാണ്.ദിലീപേട്ടനുമായുള്ള വിവാഹത്തിന് ശേഷം ഞാൻ പൂർണ്ണമായും സിനിമ ഫീൽഡിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.ഒരു ദിവസം ദിലീപേട്ടനും കാവ്യയുമായുള്ള മെസ്സേജുകൾ ദിലീപേട്ടന്റെ ഫോണിൽ നിന്നും കാണാനിടയായി.ഇതേപ്പറ്റി തന്റെ സുഹൃത്തുക്കളായ സംയുക്ത വർമ്മ,ഗീതു മോഹൻദാസ്,ആക്രമിക്കപ്പെട്ട നടി എന്നിവയുമായി സംസാരിച്ചു.ഇതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.അക്കാര്യങ്ങളെല്ലാം ദിലീപേട്ടനെ കുറിച്ചും കാവ്യയെ കുറിച്ചും താൻ അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്നവയായിരുന്നു. അറിഞ്ഞ കാര്യങ്ങളെ കുറിച്ച് താൻ ദിലീപേട്ടനോട് ചോദിച്ചു.അതേത്തുടർന്ന് വീട്ടിൽ വഴക്കുണ്ടായി.ഇതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി.ഞാനും സംയുക്തയും ഗീതുവും കൂടി നടിയുടെ വീട്ടിൽ പോയി.അവിടെ വെച്ച് അവളുടെ അച്ഛൻ അവളോട് നിനക്ക് ഇതെപ്പറ്റി എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞുകൊടുക്കൂ എന്ന് പറഞ്ഞു.ദിലീപും കാവ്യയുമായുള്ള ബന്ധം റിമി ടോമിക്കും അറിയാമായിരുന്നെന്ന് നടി എന്നോട് പറഞ്ഞു.ഇതിനെ തുടർന്ന് റിമി ടോമിയെയും വിളിച്ചിരുന്നു.റിമിയും അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു.പിന്നീട് 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽ നിന്നും എന്റെ വീട്ടിലേക്ക് വരുന്നത്.
പ്രധാനമന്ത്രി പൂന്തുറ സന്ദർശിച്ചു
തിരുവനന്തപുരം:ഓഖി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി.ലക്ഷദ്വീപിലെ ദുരിതബാധിതരെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.പൂന്തുറയിലെ ദുരിതബാധിതരെ സന്ദർശിച്ച പ്രധാനമന്ത്രി കാണാതായവരെ കണ്ടെത്താൻ എല്ലാ വിധ സഹായവും കേന്ദ്ര സർക്കാർ നൽകുമെന്ന് ഉറപ്പു നൽകി.ക്രിസ്തുമസിന് മുൻപായി ഇവരെ തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടിയും സർക്കാർ ചെയ്യുമെന്നും ഇവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.പത്തു മിനിറ്റ് ഇവിടെ ചിലവഴിച്ച പ്രധാനമന്ത്രി പരമാവധി ആളുകളിൽ നിന്നും നേരിട്ട് പരാതി കേൾക്കാനും തയ്യാറായി.ലത്തീൻ സഭ നേതാക്കൾ പ്രത്യേക ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകി.ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയൻ,ഗവർണ്ണർ പി.സദാശിവം,മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ,മേഴ്സിക്കുട്ടിയമ്മ,കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം,വി.എസ് ശിവകുമാർ,കുമ്മനം രാജശേഖരൻ എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വിദ്യാർത്ഥികൾക്ക് ലഹരി ഗുളിക വിതരണം ചെയ്തതിന് അറസ്റ്റിലായ പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു
മലപ്പുറം:വിദ്യാർത്ഥികൾക്ക് ലഹരി ഗുളിക വിതരണം ചെയ്തതിന് അറസ്റ്റിലായ പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു.കേസിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത അന്യസംസ്ഥാനക്കാരനായ മുഹമ്മദ് റസലാണ് പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്.അറസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇയാളെ കോടതിയിൽ ഹാജരാക്കാനിരിക്കുകയായിരുന്നു.തിങ്കളാഴ്ച പുലർച്ചെ അരീക്കോട് സ്റ്റേഷനിലെ സെല്ലിൽ നിന്നും ഇയാൾ രക്ഷപ്പെട്ടതാകാമെന്നാണ് പോലീസ് പറയുന്നത്.വിദ്യാലയങ്ങളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ലഹരി ഗുളികകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ.തമിഴ്‌നാട്ടിൽ നിന്നാണ് ഇവ കേരളത്തിൽ എത്തിച്ചു വിതരണം ചെയ്യുന്നത്.മലപ്പുറം ജില്ലാ പോലീസ് മേധാവി ദേപേഷ് കുമാർ ബെഹ്‌റയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നിർദേശപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മാനസിക രോഗമുള്ളവർക്കും മറ്റും നൽകുന്ന നൈട്രോസൺ എന്ന് പേരുള്ള നൂറോളം ഗുളികകൾ അറസ്റ്റ് ചെയ്യുമ്പോൾ ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു.ലഹരിക്ക് അടിമപ്പെട്ട യുവാക്കളിൽ ‘സൺ’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
സോളാർ കേസ്;സരിതയുടെ കത്ത് ചർച്ചചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്
കൊച്ചി:സോളാർ കേസുമായി ബന്ധപ്പെട്ട് സരിത നായർ അന്വേഷണ സംഘത്തിന് കൈമാറിയ കത്തിലെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി.ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.രണ്ടുമാസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങൾക്കും വിലക്ക് ബാധകമാണ്.സോളാർ കമ്മീഷൻ റിപ്പോർട്ടിലെ തുടർനടപടികൾ റദ്ധാക്കണമെന്നും സരിതയുടെ കത്തിലെ അപകീർത്തികരമായ പരാമർശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി ഹർജി സമർപ്പിച്ചത്.അതേസമയം സോളാർ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരായ അന്വേഷണമോ മറ്റു നടപടികളോ സ്റ്റേ ചെയ്യാൻ കോടതി തയ്യാറായില്ല.നേരത്തേ, ഹർജി പരിഗണിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി വിമർശിച്ചിരുന്നു. സോളാർ ജൂഡീഷൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമാണെന്നും വിചാരണയ്ക്കുമുന്പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ സമരം തുടങ്ങി
തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ സമരം തുടങ്ങി.ഡോക്റ്റർമാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.മെഡിക്കൽ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം.എന്ന് രാവിലെ എട്ടുമണി മുതൽ നാളെ രാവിലെ എട്ടുമണി വരെയാണ് പണിമുടക്ക്.അത്യാഹിത വിഭാഗം,തീവ്രപരിചരണ വിഭാഗം,പ്രസവ മുറികൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സൂചന സമരമാണ് ഇന്ന് നടക്കുന്നത്.പെൻഷൻ പ്രായം കുറയ്ക്കാൻ തയ്യാറാകാത്ത പക്ഷം സമരം ശക്തമാക്കുമെന്ന് ജൂനിയർ ഡോക്റ്റർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.പെൻഷൻ പ്രായവർധന ഇവരുടെ തൊഴിൽ സാദ്ധ്യതകൾ ഇല്ലാതാക്കുമെന്ന് ജൂനിയർ ഡോക്റ്റർമാർ ചൂണ്ടിക്കാട്ടുന്നു.