ശബരിമല:ശബരിമലയിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി.പാണ്ടിത്താവളത്തിന് സമീപം വെടിപ്പുരയോട് ചേർന്ന് മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് നാനൂറു കിലോയോളം വെടിമരുന്ന് ശേഖരം കണ്ടെടുത്തത്.പതിനൊന്നു കാനുകളിലായാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സതീഷ് ബെനോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പോലീസ് നടത്തിയ പരിശോധനയിലാണ് വെടിമരുന്ന് പിടിച്ചെടുത്തത്.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരത്ത് 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുപ്പത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ പെരുമാൾ എന്ന യുവാവിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തു.തലസ്ഥാനത്തെ ഒരു ഫാർമസി കമ്പനിക്ക് നൽകാൻ ചെന്നൈയിലെ ഒരു ഫാർമസി കമ്പനി എത്തിച്ച പണമാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.കാൻസർ, കിഡ്നി രോഗം ബാധിച്ച് ചികിത്സ തേടുന്ന രോഗികൾക്ക് ഒരു കമ്പനിയുടെ മരുന്ന് കുറിയ്ക്കുന്നതിന് ഡോക്ടർമാർക്ക് കൈക്കൂലിയായി നൽകാൻ എത്തിച്ച പണമാണെന്ന് പെരുമാൾ പോലീസിനോട് പറഞ്ഞു. ഫാർമസി കമ്പനിക്ക് കൈമാറുന്ന പണം മെഡിക്കൽ കോളജിലെ ഉൾപ്പെടെയുള്ള ഡോക്ടർമാർക്ക് ഫാർമസി കമ്പനി കൈമാറുമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.പ്രതിയെ റെയിൽവെ പോലീസ് ഇൻകംടാക്സ് അധികൃതർക്ക് കൈമാറി. ഇയാളിൽ നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇൻകംടാക്സ് അധികൃതർ മരുന്നു കന്പനിയുടെ ഹൈദരാബാദ്, ചെന്നൈ, എറണാകുളം എന്നീ ഓഫീസുകളിൽ റെയ്ഡ് നടത്തി.
റയാൻ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയുടെ കൊലപാതകം;പ്രതിയായ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും
ന്യൂഡൽഹി:ഗുരുഗ്രാമിൽ റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രത്യുമ്നൻ താക്കൂർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും.ഗുരുഗ്രമിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് തീരുമാനം.കേസ് ജുവനൈൽ കോടതിയിൽ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.ന്യൂഡൽഹി:ഗുരുഗ്രമിൽ റയാൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രത്യുമ്നൻ താക്കൂർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും.ഗുരുഗ്രമിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് തീരുമാനം.കേസ് ജുവനൈൽ കോടതിയിൽ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.2017 സെപ്റ്റംബർ എട്ടിനാണ് ഗുരുഗ്രമിലെ റയാൻ ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രത്യുമ്നനെ സ്കൂളിലെ ശുചിമുറിക്കുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഓഖി ദുരന്തം;രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
കാസർഗോഡ്: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി.കാസർഗോട്ടുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നും കാസർകോഡ് തീരത്തു നിന്നുമാണ് ഇവ കണ്ടെത്തിയത്.മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ബേപ്പൂരിൽനിന്നു തെരച്ചിലിനു പോയ മത്സ്യത്തൊഴിലാളികളാണ് കാസർകോഡ് തീരത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 75 ആയി.കഴിഞ്ഞ ദിവസം കണ്ണൂർ തീരത്ത് നിന്നും മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു.കാണാതായവരെ കണ്ടെത്തുന്നതിനായി സർക്കാരിന്റെ നിർദേശപ്രകാരം തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.ക്രിസ്തുമസിന് മുൻപ് കടലിൽ കാണാതായവരെയെല്ലാം കരയ്‌ക്കെത്തിക്കുമെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അറിയിച്ചിരിക്കുന്നത്.
‘നടി ആക്രമിക്കപ്പെട്ട വിവരം കേട്ടിട്ടും കാവ്യയിൽ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയില്ല’:റിമി ടോമിയുടെ നിർണായക മൊഴി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ഗായിക റിമി ടോമിയുടെ മൊഴി പുറത്ത്.കഴിഞ്ഞ 20 വർഷത്തോളമായി ഗായികയായ താൻ ഇതുവരെ ഇരുന്നൂറോളം സിനിമകളിൽ പാടിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടി അഭിനയിച്ച “ഹണിബീ-2′ എന്ന ചിത്രത്തിലാണു അവസാനം പാടിയത്. 2002-ൽ മീശ മാധവൻ എന്ന ചിത്രത്തിന്‍റെ ഭാഗമായപ്പോഴാണു ദിലീപിനെ ഞാൻ പരിചയപ്പെടുന്നത്. മീശമാധവൻ എന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുന്പ് ഞാൻ ദിലീപേട്ടനും കാവ്യാ മാധവനും ഒപ്പം യൂറോപ്യൻ ട്രിപ്പ് നടത്തിയിട്ടുണ്ട്. 2004-ൽ യുഎഇയിൽ ദിലീപ് ഷോയിലും പങ്കെടുത്തു.2010-ൽ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിർഷാ എന്നിവരുമൊത്തു ദിലീപ് ഷോയ്ക്കും ഞാൻ അമേരിക്കയിൽ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ. അന്നു കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്‍റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു.ആ സമയം കാവ്യയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്നു ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്‌ട് ആയതിനാൽ അവർക്കു കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങൾക്കു പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്.അമേരിക്കയിലെ ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യ മാധവൻ അവളുടെ അച്ഛന്‍റെയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്‍റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്നു രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി. കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമിൽനിന്നു തിരികെ പോയി.2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വർമയും ഗീതു മോഹൻ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കൻ ട്രിപ്പിൽ വച്ച് നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്നു പറയണമെന്നും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാൻ ചില കാര്യങ്ങൾ പറഞ്ഞു.ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാൽ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് കൊച്ചുവർത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവർ എന്നോട് പറഞ്ഞിട്ടുണ്ട്. 2013-ലെ അമ്മ ഷോയുടെ റിഹേഴ്സൽ നടക്കുന്നതിനിടയിൽ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരുന്നു സംസാരിക്കുന്നതുമായ ചിത്രങ്ങൾ മഞ്ജു ചേച്ചി അംഗമായ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്നു ഞാൻ കേട്ടിട്ടുണ്ട്.എനിക്ക് ദിലീപുമായി പണമിടപാടുകൾ ഒന്നുംതന്നെയില്ല. ഞങ്ങൾ ഒരുമിച്ച് വീടോ മറ്റ് സ്വത്തുക്കളോ വാങ്ങിക്കുകയോ വിൽക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. നടിയെ ആക്രമിച്ച വിവരം ഞാൻ അറിയുന്നത് ടിവിയിൽ വാർത്ത കണ്ടിട്ടാണ്. 18-2-2017 രാവിലെ ഒന്പത് മണിയോടെ ഞാൻ കാവ്യയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാൽ ഈ വാർത്ത ആദ്യമായി കേട്ടതിന്‍റെ നടുക്കമോ ആകാംഷയോ കാവ്യയുടെ പ്രതികരണത്തിൽ തോന്നിയില്ല. അതെന്താണെന്ന് ഞാൻ ചിന്തിക്കുകയും ചെയ്തിരുന്നു.
‘ആക്രമിക്കപ്പെട്ട നടി പലതും ഇമാജിൻ ചെയ്തു പറയും’:നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യാമാധവന്റെ മൊഴി
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവൻ അന്വേഷണസംഘത്തിന് നൽകിയ മൊഴി പുറത്ത്.ആക്രമിക്കപ്പെട്ട നടി പലകാര്യങ്ങളും ഇമാജിൻ ചെയ്തു പറയുന്ന സ്വഭാവക്കാരിയാണ്.ദിലീപും മുൻഭാര്യ മഞ്ജു വാര്യരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം ആ നടിയാണെന്നും കാവ്യ നൽകിയ മൊഴിയിൽ പറയുന്നു.തന്നെയും ദിലീപേട്ടനെയും ചേർത്ത് ഈ നടി പലതും പറഞ്ഞിട്ടുണ്ടെന്നും മൊഴിയിലുണ്ട്. 2013 ഇൽ അബാദ് പ്ലാസ ഹോട്ടലിൽ വെച്ച് നടന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്സൽ ക്യാമ്പിലും തന്നെയും ദിലീപിനെയും ചേർത്ത് നടി അപവാദ പ്രചാരണം നടത്തി.താൻ ഇക്കാര്യം ബിന്ദു പണിക്കരോട് പറഞ്ഞു.ബിന്ദു പണിക്കർ ഇക്കാര്യം ദിലീപിനോട് സൂചിപ്പിക്കുകയും ദിലീപ് ആവശ്യപ്പെട്ട പ്രകാരം നടൻ സിദ്ദിക്ക് ഈ വിഷയത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയരുതെന്ന് നടിക്ക് മുന്നറിയിപ്പും നൽകി.നടി ആക്രമിക്കപ്പെട്ട വിവരം അറിയുന്നത് ഗായികയായ റിമി ടോമി വിളിച്ചറിയിച്ചപ്പോഴാണ്.പൾസർ സുനിയെ അറിയില്ല. കണ്ടിട്ടുള്ളതായും ഓർക്കുന്നില്ല.പ്രതികളിലൊരാളായ വിഷ്ണു കാക്കനാട്ടെ ‘ലക്ഷ്യ’ ഷോപ്പിൽ വന്ന് ഡ്രൈവറുടെ തന്റെ അച്ഛന്റെയോ അമ്മയുടേയോ നമ്പർ ആവശ്യപ്പെട്ടിരുന്നു.എന്നാൽ നൽകിയില്ലെന്നും മൊഴിയിൽ പറയുന്നു.
വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചു
ന്യൂഡൽഹി:ജെഡിയു സംസ്ഥാന ഘടകം നേതാവ് എം.പി വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചു.ദേശീയ നേതൃത്വം എൻ ഡി യിലേക്ക് ചുവടുമാറ്റിയതോടെയാണ് വീരേന്ദ്ര കുമാർ രാജിവെച്ചത്.രാജിക്കത്ത് രാജ്യസഭാധ്യക്ഷന് കൈമാറി.ബീഹാറിലെ മഹാസഖ്യം ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെഡിയു എൻഡിഎയിൽ എത്തിയത്. ബന്ധത്തെ എതിർത്ത ശരത് യാദവിന്റെ രാജ്യസഭാംഗത്വം പാർട്ടി റദ്ദാക്കുകയും പാർട്ടി ചിഹ്നം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ആ സമയത്ത് വീരേന്ദ്രകുമാറിന്റെ കാര്യത്തിൽ നിലപാട് എടുത്തിരുന്നില്ല.എന്നാൽ നിതീഷ് കുമാറിന്റെ ഔദാര്യത്തിൽ തനിക്ക് എംപി സ്ഥാനം വേണ്ടെന്നു അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
വീടുകളിൽ പ്രത്യേക രീതിയിലുള്ള അടയാളങ്ങൾ; പിന്നിൽ മോഷണസംഘമെന്ന് സംശയം
പഴയങ്ങാടി:കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ടുകാവിനു സമീപത്തുള്ള വീടുകളിൽ പ്രത്യേകതരം അടയാളങ്ങൾ കണ്ടെത്തി. കുടുംബസമേതം പ്രവാസി ജീവിതം നയിക്കുന്ന വെങ്ങരയിലെ മൊത്തങ്ങ ലിനേഷിന്‍റെ കുഞ്ഞിമംഗലത്തെ വീടാണ് മാർക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞദിവസം വിദേശത്തുനിന്നു തിരിച്ചെത്തിയപ്പോഴാണ് വീടിന്‍റെ മതിലിൽ ഒന്ന് എന്ന വൃത്തത്തിലുള്ള മാർക്ക് കാണപ്പെട്ടത്. തുടർന്നു വീട്ടുകാരെ വിവരമറിയിക്കുകയും ലിനേഷും കുടുംബവും തറവാട് വീട്ടിലേക്കു മാറി താമസിക്കുകയായിരുന്നു.നാടോടികളും സൈക്കിൾ റിക്ഷയുമായി വീടുകളിലും മറ്റും പഴയസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരാണ് പൂട്ടിക്കിടക്കുന്ന വീടുകളും മറ്റും നോക്കിവച്ചു കൊള്ളസംഘത്തിനു വിവരങ്ങൾ കൈമാറുന്നതെന്നു പ്രാഥമിക നിഗമനം. മാസങ്ങൾക്കു മുമ്പു പഴയങ്ങാടി, അടുത്തില, മുട്ടം, എരിപുരം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിൽ മാർക്ക് ചെയ്യപ്പെട്ടു മോഷണം നടത്തിയിരുന്നു.
ഡിജിപി തോമസ് ജേക്കബിനെ സസ്‌പെൻഡ് ചെയ്തു
തിരുവനന്തപുരം:ഡിജിപി തോമസ് ജേക്കബിനെ സസ്‌പെൻഡ് ചെയ്തു.സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. നിലവിൽ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്.തലസ്ഥാനത്തെ പ്രസ്ക്ലബിൽ അഴിമതിവിരുദ്ധ ദിനാചരണയോഗത്തിൽ പ്രസംഗത്തിനിടെയായിരുന്നു ജേക്കബ് തോമസ് വിവാദ പ്രസ്താവന നടത്തിയത്.പ്രസ്താവന ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി.സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിനു കാരണം ഇതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.ഭരണം എന്നാൽ ഗുണനിലവാരമില്ലാത്ത സേവനം നൽകുന്ന സംഭവമാണോ എന്നു ചോദിച്ച ജേക്കബ് തോമസ് ഭരണത്തിനു നിലവാരമില്ലാതാകുമ്പോഴാണു വലിയ പ്രചാരണങ്ങൾ വേണ്ടിവരുന്നതെന്നും വലിയ പരസ്യം കാണുമ്പോൾ ഭരണത്തിനു ഗുണനിലവാരമില്ലെന്ന് ഓർക്കണമെന്നും പറഞ്ഞിരുന്നു.സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിനു കാരണം ഇതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചയേയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണമെന്ന് ചോദിച്ച ജേക്കബ് തോമസ് ജനങ്ങളുടെ കാര്യം നോക്കാൻ കഴിയാത്തവർ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവർ ഭരണാധികാരികളോടു ചോദിച്ചതെന്നും പറഞ്ഞിരുന്നു.അഖിലേന്ത്യ സർവീസ് നിയമം 3(1 എ) പ്രകാരമാണ് നടപടി.സംസ്ഥാന താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും നീക്കാമെന്ന് ചട്ടത്തിൽ പറയുന്നു.
ശിവപുരത്ത് അഞ്ച് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഇന്ന് ബിജെപി ഹർത്താൽ
മട്ടന്നൂർ:ശിവപുരം ലക്ഷംവീട് കോളനിക്ക് സമീപം ഇന്നലെ രാത്രി അഞ്ച് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു.ബിജെപി മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് രാജൻ പുതുക്കുടി(49),വൈസ് പ്രസിഡന്റ് സുനിൽ പെരിഞ്ചേരി(44),മാങ്ങാട്ടിടം പഞ്ചായത്ത് ബിജെപി വൈസ് പ്രസിഡന്റ് അനീഷ് മാങ്ങാട്ടിടം(38),ഗംഗാധരൻ മാലൂർ(49),മോഹനൻ മാലൂർ(48), എന്നിവർക്കാണ് വെട്ടേറ്റത്.ഗുരുതരമായി പരിക്കേറ്റ സുനിൽ പെരിഞ്ചേരിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ നടന്ന രാഷ്ട്രീയ പ്രശ്നം ചർച്ച ചെയ്യാൻ രാത്രി പത്തരയോടെ മാലൂർ പോലീസ് സ്റ്റേഷനിലേക്ക് കാറിൽ പോകുമ്പോഴാണ് ഇവർക്ക് നേരെ അക്രമം ഉണ്ടായത്.കാർ തടഞ്ഞു നിർത്തി ഒരുസംഘം ആക്രമിക്കുകയായിരുന്നു.ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റത്തിൽ പ്രതിഷേധിച്ച് മട്ടന്നൂർ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ.