ന്യൂഡൽഹി:ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് മാസംതോറും വില വർധിപ്പിക്കുവാനുള്ള തീരുമാനം കേന്ദ്രം പിൻവലിച്ചു.പ്രതിമാസം നാല് രൂപ വീതം കൂട്ടാനായിരുന്നു തീരുമാനം.എതിർപ്പുകളെ തുടർന്ന് വില വർധിപ്പിക്കുന്നത് ഒക്ടോബർ മുതൽ നിർത്തിവെച്ചിരുന്നു.ഒരുഭാഗത്ത് പാവങ്ങൾക്കുള്ള സൗജന്യ പാചകവാതക വിതരണ പദ്ധതിയും മറുഭാഗത്ത് മാസംതോറുമുള്ള വിലവർധനയും എന്ന വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.2016 ജൂലൈ ഒന്നുമുതൽ മാസംതോറും രണ്ടുരൂപ വീതം കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയിരുന്നു.പത്തു മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ജൂൺ ഒന്ന് മുതൽ പ്രതിമാസം നാലുരൂപ വീതം കൂട്ടാൻ അനുമതി നൽകുകയായിരുന്നു.2018 മാർച്ചോടെ സബ്‌സിഡി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ഉത്തരവാണ് റദ്ദാക്കിയത്.
മുത്തലാഖ് നിരോധന ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും
ന്യൂഡൽഹി: മുത്തലാഖ് നിരോധിക്കാനുള്ള ബിൽ ഇന്നു പാർലമെന്‍റിൽ അവതരിപ്പിക്കും. മൂന്നു തലാഖ് ചൊല്ലുന്നതു നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിക്കുന്നത്.മൂത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വർഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ബില്ലിൽ വേണ്ടത്ര ചർച്ച നടത്താതെയാണു തയാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
പത്തനംതിട്ടയിലും കൊല്ലത്തും നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല
പത്തനംതിട്ട:പത്തനംതിട്ട,കൊല്ലം ജില്ലകളിലെ വിവിധപ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.കുളത്തൂപ്പുഴ,ആര്യങ്കാവ്,കോന്നി,കൊട്ടാരക്കര,തെന്മല,തിരുവല്ല,കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂചലനം മൂന്നു സെക്കൻഡുകൾ മാത്രമേ നീണ്ടു നിന്നുള്ളൂ.നിരവധി വീടുകളുടെ ഓടുകൾ ഇളകി വീണു.ഭൂകമ്പ മാപിനിയിൽ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കൊല്ലത്തിനും പത്തനംതിട്ടയ്ക്കും ഇടയിലാണെന്നാണ് പ്രാഥമിക നിഗമനം.കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു;ഇന്ന് ഹർത്താൽ
തിരുവനന്തപുരം:തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു.സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ് സാജുവിനാണ് വെട്ടേറ്റത്.ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇരുപതോളംപേർ ചേർന്നാണ് സാജുവിനെ അക്രമിച്ചതെന്നാണ് വിവരം.ബുധനാഴ്ച രാത്രി ഒൻപതുമണിയോട് കൂടി ഇടവക്കോട് ജംഗ്ഷനിലായിരുന്നു സംഭവം.സുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്ന സാജുവിനെ ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയവർ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇയാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്.സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ ഇന്ന് സിപിഎം ഹർത്താൽ ആചരിക്കുകയാണ്.
പയ്യന്നൂരിൽ സിപിഎം-ലീഗ് സംഘർഷം;മൂന്നുപേർക്ക് പരിക്ക്
പയ്യന്നൂർ:പയ്യന്നൂർ കവ്വായിയിൽ സിപിഎം-ലീഗ് സംഘർഷം.സംഘർഷത്തെ തുടർന്ന് മൂന്നു ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു.അഞ്ചു വീടുകൾ തകർത്തു.പരക്കെ ബോംബേറുമുണ്ടായി.സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പയ്യന്നൂർ സിഐയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി.
ചങ്ങരംകുളം ദുരന്തം;മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടുനൽകും
ചങ്ങരംകുളം (മലപ്പുറം): നരണിപ്പുഴയിൽ തോണി മറിഞ്ഞു മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാതെ ഇൻക്വസ്റ്റ് നടപടികൾ മാത്രം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.നരണിപ്പുഴയിലെ കോൾപാടത്ത് തോണി മറിഞ്ഞ് ആറു വിദ്യാർഥികളാണ് മുങ്ങി മരിച്ചത്. കോൾപാടത്തെ താത്കാലിക ബണ്ടു പൊട്ടി വെള്ളമൊഴുകുന്നതു കാണാൻ തോണിയിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്.തോണി തുഴഞ്ഞിരുന്ന വേലായുധൻ, നരണിപ്പുഴ വെള്ളക്കടവിൽ സുലൈമാന്റെ മകൾ ഫാത്തിമ,പനമ്പാട് നെല്ലിക്കൽത്തറയിൽ ശ്രീനിവാസന്റെ മകൾ ശിവഗി എന്നിവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.കുട്ടികളെല്ലാം ബന്ധുക്കളും അയൽവാസികളുമാണ്.
മലപ്പുറം ചങ്ങരംകുളത്ത് തോണി മറിഞ്ഞ് 6 വിദ്യാർഥികൾ മരിച്ചു
ചങ്ങരംകുളം:ചങ്ങരംകുളം നന്നംമുക്ക് നരണിപ്പുഴയിൽ തോണി മറിഞ്ഞ് ബന്ധുക്കളായ ആറു വിദ്യാർഥികൾ മരിച്ചു.രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി.പ്രസീന(13), വൈഷ്ണ(20), ജെനീഷ(11), ആദിനാഥ്(14), പൂജ(13), അഭിദേവ് (8) എന്നിവരാണ് മരിച്ചത്.വള്ളം തുഴഞ്ഞ മാപ്പാനിക്കൽ വേലായുധനും 13 വയസുകാരിയായ ഫാത്തിമയും ഉൾപ്പെടെ മൂന്നു പേരെ നാട്ടുകാർ രക്ഷപെടുത്തി. വേലായുധനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് ആയിരുന്നു സംഭവം. പൊന്നാനിയിൽ കായലിനോടു ചേർന്നുള്ള കോൾ പാടത്ത് ബണ്ട് തകർന്നിരുന്നു. ക്രിസ്മസ് അവധി ആഘോഷിക്കാൻ ഒത്തുചേർന്ന കുട്ടികൾ ബന്ധുവായ വേലായുധന്‍റെ സഹായത്തോടെ വള്ളം വാടകയ്ക്കെടുത്ത് ബണ്ട് തകർന്നത് കാണാൻ പോകുകയായിരുന്നു. കുത്തൊഴുക്കിൽപെട്ട വള്ളം ഉലഞ്ഞതിനു ശേഷം മറിയുകയായിരുന്നു. ബണ്ട് പരിസരത്തുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പോലീസും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഗർഭിണിയും കുഞ്ഞും മരിച്ചു;തലശ്ശേരി ഗവ.ആശുപത്രിയിൽ സംഘർഷം
തലശ്ശേരി:പ്രസവത്തിനെത്തിച്ച പൂർണ്ണ ഗർഭിണിയും കുഞ്ഞും മരിച്ചതിനെ തുടർന്ന് തലശ്ശേരി ഗവ.ആശുപത്രിയിൽ സംഘർഷം.ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ അപായപ്പെട്ടതെന്ന് ആരോപിച്ചു ബന്ധുക്കൾ ആശുപത്രി ഉപരോധിച്ചു.തിങ്കളാഴ്ചയാണ് കൂത്തുപറമ്പ് വട്ടിപ്രം സ്വദേശിനിയായ യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാൽ ആശുപത്രിയിലെത്തിച്ച യുവതിയുടെ നില ഗുരുതരമായിട്ടും ജീവനക്കാർ വേണ്ട ചികിത്സ നല്കാൻ തയ്യാറായില്ല എന്നാണ് ബന്ധുക്കളുടെ പരാതി.ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടും അതിന് ആശുപത്രി അധികൃതർ തയ്യാറായില്ല എന്നും പരാതിയിൽ പറയുന്നു.അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും രക്തസമ്മർദം വർധിച്ചതാണ് മരണകാരണമെന്നുമാണ് അധികൃതർ പറയുന്നത്.പിന്നീട് തലശ്ശേരി എംഎൽഎ എ.എൻ ഷംസീറും ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തിയതോടെയാണ് രംഗം ശാന്തമായത്.ഇതിനു ശേഷമാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ബന്ധുക്കൾ തയ്യാറായത്.
ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തി
തിരുവനന്തപുരം:ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തി.കേന്ദ്ര ആഭ്യന്തര അഡീഷണൽ സെക്രെട്ടറി ബിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്.മൂന്നു സംഘങ്ങളായി തിരിഞ്ഞായിരിക്കും ഇവർ സന്ദർശനം നടത്തുക.നാല് ദിവസം സംഘം ദുരിതബാധിത പ്രദേശം സന്ദർശിക്കും.തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,എറണാകുളം,തൃശൂർ,മലപ്പുറം എന്നീ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളാണ് സംഘം സന്ദർശിക്കുക.മുഖ്യമന്ത്രിയുമായും റെവന്യൂ മന്ത്രി അടക്കമുള്ളവരുമായും സംഘം കൂടിക്കാഴ്ച നടത്തും.നാശനഷ്ടം സംഭവിച്ച വീടുകൾ, റോഡുകൾ,ബോട്ടുകൾ എന്നിവയെല്ലാം സംഘം നേരിട്ട് കണ്ട വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും.
മട്ടന്നൂരിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു
മട്ടന്നൂർ:മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.ഇരിട്ടി ഗവ.ഹോമിയോ ആശുപത്രിയിലെ ഡോക്റ്റർ സുധീർ,ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്.അയ്യല്ലൂരിൽ വായനശാലയിൽ ഇരിക്കുകയായിരുന്ന ഇവരെ അക്രമി സംഘം വെട്ടുകയായിരുന്നു. ശ്രീജിത്തിന്റെ ദേഹത്ത് ഇരുപതിലധികം വെട്ടേറ്റിട്ടുണ്ട്. സുധീറിന്റെ കൈകാലുകൾക്കും തലയ്ക്കുമാണ് വെട്ടേറ്റത്.ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ആഴ്ച മാലൂരിൽ ഉണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നാണ് സൂചന.അക്രമത്തിനു പിന്നിൽ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് ഇരിട്ടി,മട്ടന്നൂർ നഗരസഭകളിലും കൂടാളി,കീഴല്ലൂർ,തില്ലങ്കേരി,മാലൂർ എന്നീ പഞ്ചായത്തുകളിലും സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.