കോഴിക്കോട്:സാക്ഷരതാ മിഷൻ സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ട്രാന്സ്ജെന്ഡേഴ്സിനെ മർദിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു.സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.കസബ എസ്‌ഐക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.കോഴിക്കോട് ഡിസിപി മെറിൻ ജോസെഫിനാണ് അന്വേഷണ ചുമതല.ബുധനാഴ്ച രാത്രി കോഴിക്കോട് പിഎം താജ് റോഡിലാണ് സംഭവം.കണ്ടാലറിയാവുന്ന രണ്ടു പോലീസുകാരന് മർദിച്ചതെന്ന് പരാതിയിലുണ്ട്.എന്നാൽ മർദിച്ച കാര്യം കസബ,ടൌൺ പോലീസുകാർ നിഷേധിച്ചു.കലോത്സവത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന മമത ജാസ്മിൻ,സുസ്മി എന്നിവരെയാണ് മർദിച്ചത് .ഇവർ ഇപ്പോൾ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.രാത്രി സമയത്തു റോഡിൽ കാണരുതെന്ന് പറഞ്ഞിട്ടില്ലേ എന്ന് പറഞ്ഞായിരുന്നു മർദനം.ജാസ്മിന്റെ മുതുകിൽ ലാത്തിയടിയേറ്റ് മുറിഞ്ഞ പാടുകളുണ്ട്.സുസ്മിയുടെ കൈക്കാണ് പരിക്ക്.
കണ്ണൂരിൽ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്‌ളൈഓവർ വരുന്നു
കണ്ണൂർ:കണ്ണൂരിൽ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മേൽപ്പാലം വരുന്നു.കൊയിലി ആശുപത്രിമുതൽ കണ്ണോത്തുംചാൽ വരെ മൂന്നരക്കിലോമീറ്റർ നീളത്തിലായിരിക്കും തെക്കി ബസാർ ഫ്ലൈ ഓവർ.പദ്ധതിക്കായി നേരത്തെ അനുവദിച്ച തുക അപര്യാപ്തമായതിനാലാണ് 255.39 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനനുമതി ലഭിച്ചത്.പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭിച്ചെങ്കിലും കിഫ്‌ബി ഇതിനു പണം അനുവദിക്കണം.റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ആണ് പുതുക്കിയ ചിലവ് തയ്യാറാക്കിയത്.30 കോടി ചിലവിൽ മിഷൻ കോമ്പൗണ്ട് മുതൽ ചൊവ്വ ധർമസമാജം വരെ അടിപ്പാത നിർമിക്കാനും പദ്ധതിയുണ്ട്.വിമാനത്താവളവും അഴീക്കൽ തുറമുഖവും വരുന്നതോടെ വികസനക്കുതിപ്പിന് ഒരുങ്ങുന്ന കണ്ണൂരിന്റെ മുഖഛായ തന്നെ മാറ്റുന്നതാവും മേൽപ്പാലമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട:മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും വൈകുന്നേരം അഞ്ചുമണിക്ക് മേൽശാന്തി ഉണികൃഷ്ണൻ നമ്പൂതിരി നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിക്കും.ഇതിനു ശേഷം മാത്രമാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. ഇതിനോടൊപ്പം മാളികപ്പുറത്തും നട തുറക്കും ജനുവരി 14 നാണ് മകരവിളക്ക്.മകരവിളക്കുത്സവത്തിനായി നടതുറക്കുന്ന ആദ്യ ദിവസം തന്നെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹമാണ്.തിരക്ക് കണക്കിലെടുത്തു സന്നിധാനത്തും പമ്പയിലുമടക്കം കൂടുതൽ പോലീസിനെ വിന്യസിക്കും.സന്നിധാനത്തെ പുതിയ പോലീസ് സ്പെഷ്യൽ ഓഫീസറായി ദേബേഷ്‌കുമാർ ബെഹ്‌റ ചുമതലയേറ്റു.
കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്
കൂത്തുപറമ്പ്:കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്.ബൈക്കിലെത്തിയ ഒരുസംഘമാളുകളാണ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞത്.ആർക്കും പരിക്കേറ്റിട്ടില്ല.ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം.ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട ആർഎസ്എസ് പ്രവർത്തകരെ മമ്പറത്ത് നിന്നും പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ബോംബേറുണ്ടായത്.
ജനുവരി മുതൽ ട്രെഷറി നിയന്ത്രണം നീക്കും
തിരുവനന്തപുരം:ട്രെഷറിയിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ജനുവരി രണ്ടാം വാരത്തോടെ നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.25 ലക്ഷത്തിന് മുകളിൽ തുക പിൻവലിക്കാനേ നിയന്ത്രണമുണ്ടാകൂ എന്നറിയിച്ച മന്ത്രി കേരളത്തിന് വായ്‌പ്പാ എടുക്കുന്നതിനുള്ള നിയന്ത്രണം ഒഴിവായ സാഹചര്യത്തിലാണ് നടപടിയെന്നും വ്യക്തമാക്കി.കേന്ദ്രം അനുവാദം നൽകിയതോടെ കേരളത്തിന് 6100 കോടി വായ്പയെടുക്കാനാകുമെന്നും 1353 കോടി രൂപുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കിഫ്ബി അംഗീകാരം നൽകിയെന്നും മന്ത്രി പറഞ്ഞു. ആകെ 18,939 കോടിയുടെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ട്രെഷറിയിൽ നിന്നും ശമ്പളം,ക്ഷേമാനുകൂല്യങ്ങൾ,സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള സ്വന്തം പണം പിൻവലിക്കൽ എന്നിവയൊഴികെയുള്ളതിനു നേരത്തെ മുൻകൂർ അനുവാദം വേണ്ടിയിരുന്നു.വായ്‌പ്പാ എടുക്കാനുള്ള സാഹചര്യം ഉണ്ടായതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾക്ക് മുൻഗണന നൽകി പാസ്സാക്കും.ഇപ്പോഴുണ്ടായ അനുഭവം ധനകാര്യ വകുപ്പിന് വലിയ പാഠമാണ്.ഇനി കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നും മന്ത്രി പറഞ്ഞു.
ചെന്നൈ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ പാസ്സന്ജർ ബസ്സിന് തീപിടിച്ചു
ചെന്നൈ:ചെന്നൈ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്റെ പാസ്സന്ജർ ബസ്സിന് തീപിടിച്ചു.രാവിലെ യാത്രക്കാരെ ഇറക്കിയതിനു ശേഷം പാർക്ക് ചെയ്യുന്നതിനായി പോയപ്പോഴാണ് അപകടം നടന്നത്.ഇൻഡിഗോ എയർലൈൻസ് യാത്രക്കാരെ റൺവേയിൽ എത്തിക്കുന്നതിനും തിരിച്ചു പോകുന്നതിനുമായി ഉപയോഗിക്കുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.ബസ്സ് പൂർണ്ണമായും കത്തിനശിച്ചു.അപകടമുണ്ടായതിന് പിന്നാലെ അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ച് 14 പേർ മരിച്ചു
മുംബൈ:മുംബൈ സേനാപതി മാർഗിലെ കമല മിൽസ് കോമ്പൗണ്ടിലെ റെസ്റ്റോറന്റുകളും ഓഫീസുകളും ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന് തീപിടിച്ച് 14 പേർ മരിച്ചു.മരിച്ചവരിൽ 12 പേർ സ്ത്രീകളാണ്.കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഒരു പബ്ബിലെ ഷോർട് സർക്യൂട്ടാണ് അപകട കാരണം.ഇവിടെ ഇന്നലെ അർധരാത്രി ഒരു ജന്മദിനാഘോഷ പരിപാടികൾ നടന്നിരുന്നു. തീപിടുത്തമുണ്ടായി അരമണിക്കൂറിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. സംഭവത്തിൽ പബ്ബ് ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.നിരവധി ഹോട്ടലുകളും മാധ്യമ സ്ഥാപനങ്ങളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.തീപിടുത്തമുണ്ടായതോടെ ഇവയുടെ പ്രവർത്തനങ്ങളും അവതാളത്തിലായി.
തളിപ്പറമ്പിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടികൂടി
തളിപ്പറമ്പ്:തളിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളില്‍ നഗരസഭാ അധികൃതര്‍ നടത്തിയ റെയ്ഡില്‍ 20 കിലോ പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടികൂടി. നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ആണ് റെയ്ഡ് നടന്നത്. 40 ഓളം സ്ഥാപനങ്ങളിൽ ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് കാരി ബാഗുകൾ പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ജില്ലയെ പ്ലാസ്റ്റിക് രഹിത ജില്ലയായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങൾ പ്ലാസ്റ്റിക് കാരിബാഗുകള്‍ നല്‍കുന്നത് വിലക്കിയിരുന്നതാണ്.
കടലിൽ ഉയർന്ന തിരമാലകൾക്ക് സാദ്ധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് വിഴിഞ്ഞം മുതൽ കാസർകോഡ് വരെയുള്ള തീരപ്രദേശങ്ങളിൽ വ്യാഴം,വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.നിലവിൽ ശാന്തമായി കാണപ്പെടുന്ന കടൽ ഏതു നിമിഷവും പ്രക്ഷുബ്ധമാകാൻ ഇടയുള്ളത് കൊണ്ട് കടലിൽ പോകാതെ മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്തെ പി.ജി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം:ഡോക്റ്റർമാരുടെ പെൻഷൻ പ്രായം കൂട്ടാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പി.ജി ഡോക്റ്റർമാർ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന്റെ ആദ്യഘട്ടത്തിൽ അത്യാഹിതം,ലേബർ റൂം,ഐസിയു,എമർജൻസി ഓപ്പറേഷൻ തീയേറ്റർ എന്നിവിടങ്ങളിൽ സമരമുണ്ടാകില്ല.കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജയും കേരള മെഡിക്കോസ് ജോയിന്റ് ആക്ഷൻ കൗൺസിൽ നേതാക്കളും നടത്തിയ ചർച്ചയിൽ വിഷയം അടുത്ത മന്ത്രിസഭായോഗത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.എന്നാൽ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്‌തില്ലെന്നും അതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ.യു.ആർ രാഹുൽ പറഞ്ഞു.