തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം സിജെഎം കോടതിയിലാണ് നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.അതേ സമയം മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരാവില്ലെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ദിവസം പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയിരുന്നു.വിടുതല്‍ ഹര്‍ജി തള്ളിയ വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയിരിക്കുന്നതിനാലാണ് പ്രതികള്‍ ഹാജരാകാത്തത്. ഇക്കാര്യം പ്രതികളുടെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും. മന്ത്രി വി. ശിവന്‍കുട്ടി, ഇപി ജയരാജന്, കെടി ജലീല്‍ എംഎല്‍എ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന് എന്നിവരാണ് കേസിലെ പ്രതികള്‍.മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണവേളയിലാണ് വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചത്. കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു.ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് ഈ ആറ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ ഈ വിടുതൽ ഹർജികൾ അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി പ്രതികളുടെ വിടുതൽ ഹർജികൾ തള്ളിയത്.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം;അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു.രാത്രി എട്ടരയോടെയാണ് കുഞ്ഞുമായി ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.ആന്ധ്രയിലെ ദമ്പതികളിൽ നിന്നും കുഞ്ഞിനെ ഇന്നലെ വൈകീട്ടോടെയാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയത്. പോലീസ് സംരക്ഷണത്തോടെയാണ് കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്. കുട്ടി അനുപമയുടേതാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയ്ക്കായി അനുപമയുടെയും, ഭർത്താവ് അജിത്തിന്റെയും സാമ്പിളുകൾ അടുത്ത ദിവസം ശേഖരിക്കും. പരിശോധനാ ഫലം രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവരും. ഇതിന് ശേഷമേ കുഞ്ഞിനെ അനുപയ്ക്ക് കൈമാറുകയുള്ളൂ. അതുവരെ ശിശു സംരക്ഷണ ഓഫീസർ നിശ്ചയിക്കുന്ന ആൾ കുട്ടിയെ സംരക്ഷിക്കും.
സംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;32 മരണം;6061 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6075 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂർ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂർ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസർകോട് 100 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 216 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,299 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5686 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 330 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6061 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1002, കൊല്ലം 668, പത്തനംതിട്ട 29, ആലപ്പുഴ 239, കോട്ടയം 473, ഇടുക്കി 288, എറണാകുളം 963, തൃശൂർ 507, പാലക്കാട് 187, മലപ്പുറം 158, കോഴിക്കോട് 775, വയനാട് 118, കണ്ണൂർ 471, കാസർഗോകോട് 183 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
ബസുടമകളുടെ ആവശ്യത്തോട് യോജിച്ച് സര്‍ക്കാര്‍;സംസ്ഥാനത്ത് ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ തീരുമാനം
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.നത്തിന് അമിത ഭാരം ഈടാക്കാതെ എങ്ങനെ നിരക്കു വര്‍ധന നടപ്പിലാക്കാമെന്നാണ് ആലോചിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പുതിയ ബസ് ചാര്‍ജ് എന്നു മുതല്‍ നിലവില്‍ വരണമെന്ന് ഉടന്‍ തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷനുമായി ആശയവിനിമയം നടത്തും. ചാര്‍ജ് വര്‍ധിപ്പിക്കുമ്പോൾ ഓരോ ഫെയര്‍ സ്റ്റേജിലെയും നിരക്കു സംബന്ധിച്ച് കഴിഞ്ഞ ഉത്തരവിലുണ്ടായിരുന്ന അപാകത മാറ്റും. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം വൈകാതെ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ.
പാര്‍ലമെന്റില്‍ കാര്‍ഷിക ബില്ല് പിന്‍വലിക്കുന്നതുവരെ സമരം തുടരും;കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം; കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകണമെന്നും കർഷക സംഘടനകൾ
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍.സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം തുടരാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യം നിയമപരമായി ഉറപ്പാക്കിയ ശേഷം മാത്രമാകും സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അതുവരെ കേന്ദ്രസര്‍ക്കാരിന് എതിരെ ട്രാക്റ്റർ റാലി അടക്കമുള്ള പ്രക്ഷോഭങ്ങൾ തുടരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.താങ്ങുവിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് കോര്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം. സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കര്‍ഷകര്‍ സര്‍ക്കാരിന് മുന്നില്‍വെയ്ക്കും. നിയമങ്ങള്‍ റദ്ദാക്കാനുള്ള സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ ധാരണയായി.
പാപ്പിനിശ്ശേരി ദേശീയപാതയിൽ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: പാപ്പിനിശ്ശേരി ദേശീയപാതയിൽ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാപ്പിനിശ്ശേരി പഴഞ്ചിറ ധര്‍മക്കിണറിന് സമീപത്തെ കെട്ടിട നിര്‍മാണ തൊഴിലാളി മേപ്പയില്‍ സന്ദീപ് കുമാറാണ് (32) മരിച്ചത്.ദേശീയപാതയില്‍ കീച്ചേരി പാമ്പാലയ്ക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് 5.45 ഓടെയാണ് അപകടം നടന്നത്. സ്വകാര്യ ബസും ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ പാമ്പാലയ്ക്ക് സമീപത്തെ സർവീസ് സ്റ്റേഷന് സമീപത്തു വെച്ച് ബസ് ബൈക്കിനെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബൈക്കില്‍ ബസ് തട്ടിയതോടെ ബൈക്ക് യാത്രക്കാനായ യുവാവ് ബസിനടിയില്‍പെടുകയായിരുന്നു. ബസിന്റെ ടയര്‍ ശരീരത്തില്‍ കയറിയിറങ്ങുകയും ഹെല്‍മറ്റടക്കം തകരുകയും ചെയ്തു.പഴഞ്ചിറയിലെ ശ്രീധരന്റെയും മേപ്പയില്‍ ചന്ദ്രമതിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സനല്‍, സജിഷ്, ഷംന. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം;അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കാനായി പൊലീസ് ആന്ധ്രയിലേക്ക്
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ തിരികെയെത്തിക്കാനായി പൊലീസ് സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമ സമിതി അംഗവുമാണ് സംഘത്തിലുള്ളത്. ആന്ധ്രയിലുള്ള ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത്. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാല്‍ ആദ്യം ഡിഎന്‍എ ടെസ്റ്റ് നടത്തും.ഇന്ന് രാവിലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുമാണ് പൊലീസ് സംഘം പുറപ്പെട്ടത്. ഉച്ചയോടെ ആന്ധ്രയിലെത്തുമെങ്കിലും തിരികെ എത്തുക എപ്പോഴാണെന്ന് വ്യക്തമല്ല. ഇവിടെയെത്തിച്ചാല്‍ കുഞ്ഞിന്റെ സംരക്ഷണച്ചുമതല ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്.ദത്തു നടപടികള്‍ നിറുത്തി വയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ശിശുക്ഷേമ സമിതി കൈക്കൊണ്ടത്.
കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്;സ്കൂള്‍ തുറന്ന ശേഷമുള്ള സാഹചര്യവും തിയേറ്റര്‍ കാണികളുടെ എണ്ണവും ചര്‍ച്ചയാവും
തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം.സ്കൂളുകള്‍ തുറന്ന ശേഷമുള്ള കൊവിഡ് വ്യാപന സാഹചര്യം യോഗത്തിൽ ചർച്ചയാകും.അതോടൊപ്പം സംസ്ഥാനത്തെ സിനിമ തിയറ്ററുകളിൽ കാണികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ചര്‍ച്ചയായേക്കും.തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് സൂചനകള്‍. നിലവില്‍ 50 ശതമാനം സീറ്റുകളില്‍ പ്രവേശിപ്പിക്കുന്ന കാണികളുടെ എണ്ണം സീറ്റിംഗ് കപ്പാസിറ്റിയുടെ 75 ശതമാനം ആക്കാനാണ് ആലോചനകള്‍ പുരോഗമിക്കുന്നത്. ഇരുപത്തിയഞ്ചാം തീയതി വെള്ളിയാഴ്ച മുതല്‍ സീറ്റിംഗ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബസ് ചാർജ് വർധന;ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചർച്ച ഇന്ന്
തിരുവനന്തപുരം:സംസ്ഥാനത്തെ ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് ബസ് ഉടമകളുമായി ഗതാഗതമന്ത്രിയുടെ ചർച്ച ഇന്ന്.വൈകുന്നേരം നാലരയ്ക്ക് തിരുവനന്തപുരത്ത് വെച്ചാണ് ചർച്ച നടക്കുക. ബസ് നിരക്ക് വർദ്ധനവ് കഴിഞ്ഞ സർക്കാർ ഉറപ്പ് നൽകിയിരുന്നു.മിനിമം ചാർജ് 12 രൂപയാക്കി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക, കൊറോണ കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ആവശ്യങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. അതേസമയം വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനം ഉണ്ടാകൂ. 2018ലാണ് അവസാനമായി ബസ് ചാർജ് വർധിപ്പിച്ചത്. എട്ട് രൂപയായാണ് ഉയർത്തിയത്. അന്ന് ഡീസലിന് 63 രൂപയായിരുന്നു. ഇപ്പോൾ ഡീസൽ വില 95 ആയി ഉയർന്ന സാഹചര്യത്തിൽ മിനിമം ചാർജും വിദ്യാർത്ഥികളുടെ നിരക്കും ഉയർത്താതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.
പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി; തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതി
പത്തനംതിട്ട: പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി. മഴയില്‍ കുറവ് വന്നതോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്.നിലയ്ക്കല്‍ കഴിയുന്ന തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സാധ്യമാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ദര്‍ശനം അനുവദിക്കാനാണ് തീരുമാനം. കനത്ത മഴയെ തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശബരിമല തീര്‍ഥാടനത്തിന് ശനിയാഴ്ച ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സനും ജില്ല കലക്ടറുമായ ഡോ. ദിവ്യ എസ്. അയ്യരുമായി ശബരിമല എ.ഡി.എം അര്ജുന് പാണ്ഡ്യന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനമായത്.വാരാന്ത്യമായതിനാല്‍ വെര്‍ച്വല്‍ ക്യൂ വഴി ശനിയാഴ്ച 20,000 പേരാണ് ബുക്ക് ചെയ്തിരുന്നത്. ഇതില്‍ 90 ശതമാനം പേരും എത്താനാണ് സാധ്യത.വെള്ളിയാഴ്ച അര്‍ധരാത്രിയാണ് തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതറിയാതെ നിലയ്ക്കലില്‍ ധാരാളം തീര്‍ഥാടകര്‍ എത്തിയിട്ടുണ്ട്. ഇവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതും ആളുകളെ കടത്തിവിടാന്‍ കാരണമായി.ശനിയാഴ്ച രാവിലെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. പമ്പ ത്രിവേണിയിലടക്കം ജലനിരപ്പ് തൃപ്തികരമാണ്.മഴ തുടരുകയാണെങ്കില്‍ പുഴയില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൃത്യമായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുക.