കണ്ണൂർ:കണ്ണൂർ ടൌൺ പോലീസ് സ്റ്റേഷനിൽ നിന്നും വനിതാ പോലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട പ്രതിയെ കോഴിക്കോട് നിന്നും പിടികൂടി.വ്യാപാരികളിൽ നിന്നും പണത്തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ചിറക്കരയിലെ എ.കെ സഹീറാണ് പിടിയിലായത്.മൂന്നു ദിവസം മുൻപാണ് ഇയാൾ ടൌൺ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്.ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി ടൌൺ എസ്‌ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.ഇയാൾ മാഹിയിൽ നിന്നും കാസർകോട്ടേക്കും പിന്നീട് കോഴിക്കോട്ടേക്കും യാത്ര ചെയ്തതായി കണ്ടെത്തിയ പോലീസ് കോഴിക്കോട്ടെത്തി വിവിധ ലോഡ്ജുകളിൽ പരിശോധന നടത്തുകയായിരുന്നു.പിന്നീട് ഒരു അനാഥാലയത്തിൽ ഇയാൾ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു.ഇവിടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.അറസ്റ്റ് ചെയ്ത സഹീറിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എഎസ്ഐ ബാബു ജോൺ,സഞ്ജയ്,രാജേഷ്,സന്തോഷ്,ജിതേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂരിൽ ബിജെപി പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ
കണ്ണൂർ:കണ്ണൂർ മാലൂരിൽ ബിജെപി പ്രവർത്തകരെ കാർ തടഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി.ശിവപുരം ലോക്കൽ സെക്രെട്ടറി കേളോത്ത് ഗോവിന്ദൻ,മനോഹരൻ എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഈ മാസം 19 ന് രാത്രിയാണ് ബിജെപി മട്ടന്നൂർ നിയോജകമണ്ഡലം പ്രെസിഡന്റടക്കം അഞ്ചുപേർക്ക് വെട്ടേറ്റത്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നാളെ മുതൽ നിരാഹാര സമരത്തിലേക്ക്
തിരുവനന്തപുരം:സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്റ്റർമാർ നാളെ മുതൽ നിരാഹാര സമരത്തിലേക്ക്.ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.എന്നാൽ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കാത്ത സാഹചര്യത്തിലാണ് നിരാഹാരം സമരം ആരംഭിക്കാൻ ഡോക്റ്റർമാർ തീരുമാനിച്ചത്.രണ്ട് ദിവസമായിട്ടും സമരം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ നിരാഹാര സമരം തുടങ്ങുന്നതെന്ന് കേരള മെഡിക്കല്‍ ജോയിന്‍റ് ആക്ഷന്‍ കൌണ്‍സില്‍ അറിയിച്ചു.നിലവില്‍ ഒപിയും വാര്‍ഡുകളും ബഹിഷ്കരിച്ചാണ് സമരം നടത്തുന്നത്.സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് നീണ്ടുപോയാല്‍ അത്യാഹിത വിഭാഗവും ബഹിഷ്കരിച്ചുകൊണ്ട് സമരത്തിലേക്കിറങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം രോഗികള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ അവധിയില്‍ പോയ ഡോക്ടര്‍മാരെ തിരിച്ചുവിളിച്ചും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കാതെയുമാണ് നിലവിൽ ഒപികള്‍ പ്രവര്‍ത്തിക്കുന്നത്.
ഉപാധികളോടെ ‘പത്മാവതി’ക്ക് പ്രദർശനാനുമതി; പേരും മാറും
ന്യൂഡൽഹി:സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം ‘പത്മാവതി’ക്ക് ഉപാധികളോടെ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി.സിനിമയുടെ പേര് പത്മാവതി എന്ന് മാറ്റി പത്മാവത് എന്നാക്കണം. യു എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.സതി ആചാരത്തെ മഹത്വവത്കരിക്കുന്നില്ലെന്ന് എഴുതിക്കാണിക്കണം. ഖൂമര്‍ എന്ന ഗാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണം തുടങ്ങിയ നിബന്ധനയും സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന സെന്‍സര്‍ ബോര്‍ഡ് യോഗമാണ് തീരുമാനം എടുത്തത്.സിബിഎഫ്സിയുടെ നിർദേശങ്ങൾ പാലിക്കുമെന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി പറഞ്ഞു.എന്നാല്‍ തീരുമാനം അംഗീകരിക്കാനാകില്ലെന്നും സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്നും രജപുത് കര്‍ണിസേന പ്രസിഡന്റ് പറഞ്ഞു.
ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്
വിശാഖപട്ടണം:ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ് രംഗത്ത്.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത് കുമാർ എന്ന യുവാവാണ് ഐശ്വര്യ റായ് തന്റെ മാതാവാണെന്നും അതിനു തന്റെ കയ്യിൽ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.1988 ഇൽ ലണ്ടനിൽ വെച്ച് ഐവിഎഫ് ചികിത്സയിലൂടെയാണ് താൻ ജനിച്ചതെന്നും രണ്ടു വയസ്സുവരെ താൻ ഐശ്വര്യാറായിയുടെ മാതാപിതാക്കളുടെ കൂടെയാണ് വളർന്നതെന്നും പിന്നീട് 27 വയസ്സുവരെ ആന്ധ്രായിലെ ചോളപുരത്തായിരുന്നു താൻ എന്നും യുവാവ് പറഞ്ഞു.തന്റെ ബന്ധുക്കൾ അമ്മയെക്കുറിച്ചുള്ള തെളിവുകൾ നശിപ്പിച്ചതിനാലാണ് ഇത്രയും വൈകിയത്.ഇപ്പോൾ എനിക്കെല്ലാം അറിയാം. മറ്റൊന്നും വേണ്ട,അമ്മയുടെ കൂടെ താമസിച്ചാൽ മാത്രം മതിയെന്നും യുവാവ് പറയുന്നു.
മുള്ളേരിയയിൽ വീടിന്റെ പൂട്ടുപൊളിച്ചു മോഷണം; ടി.വിയും പണവും കവർന്നു
കാസർകോഡ്:മുള്ളേരിയയിൽ വീടിന്റെ പൂട്ടുപൊളിച്ച് ടി.വിയും ഇൻവെർട്ടർ ബാറ്ററിയും രണ്ടായിരം രൂപയും പാദസരവും മോഷ്ടിച്ചു.മുള്ളേരിയ മൈത്രി നഗറിലെ രാജഗോപാലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.കർണാടക ഈശ്വരമംഗലയിൽ കുഴൽക്കിണർ ജോലിക്ക് പോയ രാജഗോപാൽ രാത്രി പത്തരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഇയാളുടെ ഭാര്യ രാത്രി ഏഴുമണിയോട് കൂടി ബന്ധുവീട്ടിൽ പോയിരുന്നു.വീടിന്റെ പുറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്.അകത്തെ അലമാരയിൽ സൂക്ഷിച്ച 2000 രൂപ,പാദസരം, വീട്ടിലെ ടി.വി ഇൻവെർട്ടർ ബാറ്ററി എന്നിവ മോഷണം പോയതായി രാജഗോപാൽ ആദൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം;കലക്റ്റർ മിർ മുഹമ്മദലി നേരിട്ടെത്തി കടകളിൽ പരിശോധന നടത്തി
കണ്ണൂർ:പ്ലാസ്റ്റിക്ക് ക്യാരി ബാഗ് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ മിർ മുഹമ്മദലി നേരിട്ട് കടകളിലെത്തി പരിശോധന നടത്തി. കണ്ണൂർ നഗരത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരം, ഹാജി റോഡ്, മുനീശ്വരൻ കോവിൽ റോഡ് എന്നിവിടങ്ങളിലെ ഏതാനും കടകളിലാണ് ജില്ലാ കളക്ടർ പരിശോധന നടത്തിയത്.പരിശോധനയിൽ വൻതോതിൽ പ്ലാസ്റ്റിക് സഞ്ചികൾ ഗോഡൗണിൽ സൂക്ഷിച്ച നമിത പ്ലാസ്റ്റിക്സ് എന്ന കടയും പ്ലാസ്റ്റിക് സഞ്ചികൾ സൂക്ഷിക്കാനുപയോഗിച്ച ഗോഡൗണുമാണ് അടച്ചുപൂട്ടി സീൽവച്ചത്. ഇവയുടെ ലൈസൻസ് റദ്ദ് ചെയ്തിട്ടുണ്ട്.ഇവിടെ നിന്ന് 50 മൈക്രോണിൽ കുറവുള്ള സഞ്ചികളടക്കം 236 കിലോഗ്രാം പ്ലാസ്റ്റിക്ക് കാരിബാഗുകളാണ് പിടിച്ചെടുത്തത്. പുതിയതെരുവിലെ അപ്പൂസ് ബേക്കറിയുടെയും ലൈസൻസ് റദ്ദ് ചെയ്തിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ രണ്ട് കടകൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.
കണ്ണൂർ ചാലാട് ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്കേറ്റു
കണ്ണൂർ:കണ്ണൂർ ചാലാട് ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്കേറ്റു.ആളൊഴിഞ്ഞ സ്ഥലം വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്.തമിഴ്നാട് സ്വദേശിനിയായ റാണി അശോകിനാണ് പരുക്കേറ്റത്. കാലിനും കണ്ണുകള്‍ക്കും പരുക്കേറ്റ റാണിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി;രണ്ടുപേർ പിടിയിൽ
തൃശൂർ:മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന സന്ദേശം തൃശൂർ ഈസ്റ്റ് പൊലീസിന് ലഭിച്ചത്.പാലക്കാട് സ്വദേശികളാണ് പിടിയിലായത്.ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ അയൽവാസിയോടുള്ള വിദ്വേഷം തീർക്കാൻ അയാളുടെ ഫോണെടുത്തു ഭീഷണി സന്ദേശം അയച്ചുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്.എന്നാൽ ഇത് പോലീസ് കാര്യമായി എടുത്തിട്ടില്ല.പിന്നീട് ഇവരെ തൃശൂർ ഈസ്റ്റ് പൊലീസിന് കൈമാറി.ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.വെള്ളിയാഴ്ച കുന്നംകുളം സ്വദേശി സജേഷ് കുമാറിന്റെ ഫോണിലാണ് ‘മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും’ എന്ന സന്ദേശമെത്തിയത്.ഉടൻ തന്നെ സജേഷ് കുമാർ ത്യശ്ശൂർ ഈസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾ സർക്കാർ ഒഴിവാക്കി
തിരുവനന്തപുരം:ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾ ഒഴിവാക്കിയതായി സർക്കാർ അറിയിച്ചു.ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ചും ദുരിതബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിനോദ സഞ്ചാര വകുപ്പ് കോവളത്ത് 1000 മൺചിരാതുകളും 1000 മെഴുകുതിരികളും തെളിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദുരിതബാധിതരെ സ്മരിച്ച് ആദ്യ തിരി തെളിയിക്കുമെന്നും സർക്കാർ അറിയിച്ചു.കോവളത്തും മറ്റു തീരങ്ങളിലും പുതുവത്സരാഘോഷങ്ങൾ ഒഴിവാക്കും. കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പെടെയുള്ള പതിവ് ആഘോഷങ്ങൾ ഉണ്ടാകില്ല.