തിരുവനന്തപുരം:ഓഖി ദുരന്തത്തിൽ മരിച്ച ആറുപേരുടെ മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞു.ഇതിൽ മൂന്നുപേർ മലയാളികളാണ്.വിഴിഞ്ഞം സ്വദേശി ജെറോം,പൂന്തുറ സ്വദേശി ഡെൻസൺ,പുല്ലുവില സ്വദേശി സിറിൽ മിറാൻഡ എന്നിവരെയും മൂന്നു തമിഴ്‌നാട് സ്വദേശികളെയുമാണ് തിരിച്ചറിഞ്ഞത്.ഡി എൻ എ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.
പെരുമ്പാവൂർ ജിഷ കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി ഓട്ടോ ഡ്രൈവർ
പെരുമ്പാവൂർ:പെരുമ്പാവൂർ ജിഷ കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി ഓട്ടോ ഡ്രൈവർ കെ.വി നിഷ.ജിഷ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും നിഷ പറഞ്ഞു.പെരുമ്പാവൂരിലെ ഒരു പാറമടയിൽ നടന്ന ഒരു കൊലപാതകത്തിന് ജിഷ സാക്ഷിയായിരുന്നെന്നും ഇതിൽ കുറ്റവാളിയായവർക്കെതിരെ തെളിവുകൾ ശേഖരിക്കാനാണ് ജിഷ പെൻഡ്രൈവ് അടക്കമുള്ളവ വാങ്ങിയതെന്നും നിഷ വെളിപ്പെടുത്തി.ജിഷയുടെ അമ്മ രാജേശ്വരിക്ക് എല്ലാം അറിയാമെന്നും നിഷ പറയുന്നു.എന്നാൽ പോലീസ് ഇക്കാര്യങ്ങൾ പരിശോധിച്ചിരുന്നില്ല.ഒരു കൊലപാതകം നടന്ന വീട്ടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളൊന്നും പോലീസ് സ്വീകരിച്ചിരുന്നില്ല.സംഭവം വിവാദമാകുന്നതുവരെ ആർക്കും ജിഷയുടെ വീട്ടിൽ കയറിയിറങ്ങാവുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.പോസ്റ്റ്‌മോർട്ടത്തിനു ശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്ക്കരിച്ചതും തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയാണ്.ഇവയെല്ലാം തന്നെ ജിഷയുടെ കൊലപാതകത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്നും നിഷ വ്യക്തമാക്കി.
മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം പെയിന്റ് ലോറിക്ക് തീപിടിച്ചു
മുഴപ്പിലങ്ങാട്:മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപം പെയിന്റ് ലോറിക്ക് തീപിടിച്ചു. തീപിടുത്തതോടൊപ്പം സ്ഫോടന ശബ്ദം കേട്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.ലോറിയുടെ ടയർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ശബ്ദം ഉണ്ടായത്.കണ്ണൂർ നിന്നും തലശേരിയിൽ നിന്നും വന്ന 4 യൂണിറ്റ് ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതസ്തംഭനമുണ്ടായി.ആർക്കും പരിക്കില്ല.
കീഴാറ്റൂർ ബൈപാസിനെതിരെ സമരം നടത്തുന്ന വയൽകിളി കൂട്ടായ്‌മയ്‌ക്കൊപ്പം സമരം ചെയ്ത 11 പ്രവർത്തകരെ സിപിഎം പുറത്താക്കി
കണ്ണൂർ:കീഴാറ്റൂർ ബൈപാസിനെതിരെ സമരം നടത്തുന്ന വയൽകിളി കൂട്ടായ്‌മയ്‌ക്കൊപ്പം സമരം ചെയ്ത 11 പ്രവർത്തകരെ സിപിഎം പുറത്താക്കി.കീഴാറ്റൂർ സെൻട്രൽ ബ്രാഞ്ചിലെ ഒന്പതുപേരെയും കീഴാറ്റൂർ വടക്ക് ബ്രാഞ്ചിലെ രണ്ടുപേരേയുമാണ് പുറത്താക്കിയത്.സമരത്തിൽ പങ്കെടുത്തതിന് പാർട്ടി ഇവരോട് നേരത്തെ വിശദീകരണം തേടിയിരുന്നു.എന്നാൽ രണ്ടുപേർ മാത്രമാണ് വിശദീകരണം നൽകിയത്.എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് പുറത്താക്കൽ.പാർട്ടിയുടെയും സർക്കാരിന്റെയും നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതാണ് പുറത്താക്കാൻ കാരണമെന്നു സിപിഎം നേതൃത്വം വ്യക്തമാക്കി.
കണ്ണൂർ റയിൽവെ സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ സർവീസ് സെന്‍റർ പ്രവർത്തനം തുടങ്ങി
കണ്ണൂർ: ട്രെയിൻ യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നാഷണൽ ഹെൽത്ത് റൂറൽ മിഷൻ, സംസ്ഥാന സർക്കാരിന്‍റെ ആർദ്രം പദ്ധതി എന്നിവയുടെ സഹകരണത്തോടെ കണ്ണൂർ റയിൽവെ സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ സർവീസ് സെന്‍റർ പ്രവർത്തനം തുടങ്ങി.രക്തസമ്മർദം, മുറിവേൽക്കൽ തുടങ്ങിയവയ്ക്ക് പ്രഥമ ശുശ്രൂഷ ഉൾപ്പെടെയുള്ളവ ലഭ്യമാക്കുന്ന സംവിധാനമാണിത്.രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ ഇവിടെനിന്നു യാത്രക്കാർക്ക് ആരോഗ്യസേവനം ലഭിക്കും.
ഡോക്റ്റർമാരുടെ സമരം പിൻവലിച്ചു
ന്യൂഡൽഹി:ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യത്തെ ഡോക്റ്റർമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു.മെഡിക്കൽ കമ്മിഷൻ ബിൽ ലോക്‌സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണയ്ക്ക് വിട്ടതിനു പിന്നാലെയാണ് ഐഎംഎ സമരം പിൻവലിച്ചത്.ബജറ്റ് സമ്മേളനത്തിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.ഇന്ന് രാവിലെ ആറുമണിമുതൽ ആരംഭിച്ച സമരം രോഗികളെ ദുരിതത്തിലാക്കിയിരുന്നു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സർക്കാർ ആശുപത്രിയിലെ ഡോക്റ്റർമാർ രാവിലെ ഒരുമണിക്കൂർ ജോലിയിൽ നിന്നും വിട്ടുനിന്നിരുന്നു.പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടത്.
ബസ് യാത്രാനിരക്ക് പത്തുശതമാനം വർധിപ്പിക്കാൻ ശുപാർശ
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് യാത്ര നിരക്ക് പത്തുശതമാനം വർധിപ്പിക്കാൻ ജസ്റ്റിസ് എം.രാമചന്ദ്രൻ അധ്യക്ഷനായ കമ്മീഷൻ ശുപാർശ ചെയ്തു.മിനിമം ചാർജ് എട്ടു രൂപയാക്കാനും ശുപാർശയുണ്ട്.റിപ്പോർട്ട് ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.മിനിമം ചാർജ് പത്തുരൂപയാക്കാനും വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനമായും ഉയർത്തണമെന്നുമാണ് ബസുടമകളുടെ ആവശ്യം.എന്നാൽ വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന കമ്മീഷൻ ശുപാർശ സർക്കാരിന്റെ പരിഗണനയിലുള്ളതിനാൽ ഇതേകുറിച്ച് വീണ്ടും പറയുന്നില്ലെന്ന പരാമർശമാണ് പുതിയ റിപ്പോർട്ടിലുള്ളത്.നിരക്കുവർധന കെഎസ്ആർടിസിക്കും ബാധകമാണ്.റിപ്പോർട്ടിന്മേൽ സർക്കാർ വൈകാതെ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.ബസ് ചാർജ് വർധനയെ കുറിച്ച് പഠിക്കാൻ ഓഗസ്റ്റിലാണ് കമ്മീഷനെ നിയോഗിച്ചത്.പ്രവർത്തന ചിലവ്,സ്പെയർ പാർട്സ് വില,നികുതി, ഇൻഷുറൻസ്,ശമ്പള വർധന,എന്നിവ പരിഗണിച്ചാണ് നിരക്ക് ഉയർത്താൻ ശുപാർശ നൽകിയതെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. 2014 ലാണ് അവസാനമായി ബസ് ചാർജ് കൂട്ടിയത്.
കണ്ണൂർ കക്കാട് നിന്നും ഹെറോയിൻ പിടികൂടി
കണ്ണൂർ:കണ്ണൂർ കക്കാട് നിന്നും എക്‌സൈസ് ഷാഡോ ടീം 52 പൊതി ഹെറോയിൻ പിടികൂടി.ഇന്നലെ കക്കാട് പുലിമുക്കിലായിരുന്നു സംഭവം.എക്‌സൈസ് സംഘത്തെ കണ്ട പ്രതി ഹെറോയിൻ പൊതികൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഷാഡോ ടീം ജില്ലയിൽ നേരത്തെ മയക്കുമരുന്ന് കേസുകളിൽ പ്രതിയായിരുന്നവരെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതി മുബൈയിലേക്ക് ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടുവരാൻ പോയിട്ടുണ്ടെന്നും ഹെറോയിൻ കൈവശമുണ്ടെന്നും മനസ്സിലാക്കിയാണ് എക്‌സൈസ് സംഘം പ്രതിയെ പിന്തുടർന്നത്.എക്‌സൈസ് സംഘത്തെ കണ്ടതോടെ ഇയാൾ പൊതി ഉപേക്ഷിച്ചു ഓടി രക്ഷപെടുകയായിരുന്നു.ഇയാളിൽ നിന്നും പിടികൂടിയ ഹെറോയിന് ഏകദേശം 52,000 രൂപ വിലവരുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്നുവേട്ട
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്നുവേട്ട.വിമാനയാത്രക്കാരിയിൽ നിന്നും 25 കോടിയോളം രൂപ വിലമതിക്കുന്ന 4.8 കിലോഗ്രാം കൊക്കൈൻ പിടികൂടി. മസ്‌ക്കറ്റിൽ നിന്നും ഒമാൻ എയർവേയ്‌സിൽ എത്തിയ ജോനാ ബിയാഗ് ഡി ടോറസ് എന്ന വിദേശ വനിതയാണ് പിടിയിലായത്.രഹസ്യ വിവരത്തെ തുടർന്ന് നർക്കോട്ടിക്ക് കൺട്രോൾ ബ്യുറോ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയാണ് ഇവരെ പിടികൂടിയത്.ട്രോളിബാഗിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് കൊക്കെയ്‌ൻ ഒളിപ്പിച്ചിരുന്നത്.കൊച്ചിയിലെ ഒരു ഹോട്ടലിലേക്കായിരുന്നു ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്.വിദേശത്തു നിന്നും ഓൺലൈൻ വഴി ഇവർക്കായി മുറി ബുക്ക് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബ്രസീലിലെ സാവോപോളോയിൽ നിന്നും കൊച്ചിയിൽ നിന്നും ചിലർ ബന്ധപ്പെട്ടിരുന്നതിനെ തുടർന്നാണ് ഇവർ കേരളത്തിൽ എത്തിയത്. ഓൺലൈൻ വഴിയാണ് ഇവർ ബന്ധപ്പെട്ടിരുന്നത്. അതിനാൽത്തന്നെ കോളുകളുടെ ഉറവിടം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.കൊച്ചിയിൽ എത്തിയ ഇവർക്ക് ഇവിടെ നിന്നും എവിടേയ്ക്ക് പോകണമെന്ന് അറിയില്ലായിരുന്നു.റാക്കറ്റിന്റെ അടുത്ത കോളിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ഇവർ പിടിയിലായത്.കൊച്ചി വിമാനത്താവളത്തിൽ ഇവരെ സ്വീകരിക്കാൻ ആളെത്തിയിരുന്നുവെന്ന സൂചനയെ തുടർന്ന് നാർക്കോട്ടിക് ബ്യുറോ അവരെ പിടികൂടാൻ ശ്രമം നടത്തുന്നുണ്ട്.
മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും
ന്യൂഡൽഹി:കഴിഞ്ഞ ദിവസം ലോക്സഭാ പാസാക്കിയ മുത്തലാഖ് നിരോധന ബിൽ സർക്കാർ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.രാജ്യസഭയിൽ കൂടി പാസാക്കാനായാലേ ബിൽ നിയമമാകൂ. മൂന്നു തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന പുരുഷന് മൂന്നു വർഷം വരെ തടവ് ശിക്ഷയ്ക്ക് ശുപാർശ ചെയ്യുന്ന ബില്ലാണിത്.എന്നാൽ ലോക്സഭയിൽ നിന്നും വ്യത്യസ്തമായി പ്രതിപക്ഷത്തിന് സ്വാധീനമുള്ള രാജ്യസഭയിൽ ബില്ലിന് കടുത്ത എതിർപ്പുകൾ നേരിടേണ്ടിവരും. ബില്ലിനെ പൂർണ്ണമായും എതിർക്കുന്നില്ലെങ്കിലും ബില്ലിലെ ശിക്ഷ കാലാവധി ഉൾപ്പെടെയുള്ള ചില കാര്യങ്ങളിൽ കോൺഗ്രസ് നേരത്തെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്നതു ക്രിമിനൽ കുറ്റമാക്കിയുള്ള ബില്ലിൽ സൂക്ഷ്മ പരിശോധന ആവശ്യമാണെന്നും ബിൽ പരിശോധിക്കുന്നത് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നുമാണു കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യങ്ങൾ തള്ളിയാണ് ബിൽ പാസാക്കിയത്. ഇതേ ആവശ്യങ്ങൾ കോണ്‍ഗ്രസ് രാജ്യസഭയിലും ഉന്നയിച്ചേക്കും. ഓഗസ്റ്റ് 22 നാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് താൽക്കാലികമായി റദ്ദാക്കിയത്. ആറുമാസത്തിനകം മുത്തലാഖ് നിരോധിക്കുന്നതിന് നിയമനിർമാണം നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്.