ഇരിട്ടി:ഇരിട്ടിയിലും മാക്കൂട്ടത്തും നടന്ന വാഹനാപകടങ്ങളിൽ 18 പേർക്ക് പരിക്ക്.ഇന്നലെ പുലർച്ചെ കണ്ണൂരിൽ നിന്നും പത്രവുമായി ഉളിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ തന്തോട് മുക്കട്ടിയിൽ വാനുമായി കൂട്ടിയിടിച്ചാണ് ഒരപകടമുണ്ടായത്.ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റു.പരിക്കേറ്റ ഓട്ടോ ഡ്രൈവർ പുതിയതെരു സ്വദേശി ഷാജഹാൻ,വാൻ ഡ്രൈവർ വെളിമാനം സ്വദേശി സുഗുണൻ എന്നിവരെ ഓടിക്കൂടിയ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് ഇരിട്ടി അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അയ്യപ്പന്മാർ സഞ്ചരിച്ച ട്രാവലർ മാക്കൂട്ടം ചുരത്തിൽ കുട്ടപ്പലം വളവിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് രണ്ടാമത്തെ അപകടം നടന്നത്.ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും പോലീസും ചേർന്ന് പരിക്കേറ്റ ആറുപേരെ ആദ്യം അമല ആശുപത്രിയിലും പിന്നീട് കണ്ണൂരിലേക്കും മാറ്റി.
ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം;കണ്ണൂരിൽ ഒരാൾ പിടിയിൽ
കണ്ണൂർ:ഒറ്റനമ്പർ ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ഒരാൾ കൂടി പിടിയിലായി. മാങ്ങാട് എടക്കാടൻ ഹൗസിൽ രജീഷാണ് അറസ്റ്റിലായത്.സംസ്ഥാന സർക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ട്ടമുണ്ടാക്കുന്ന ഒറ്റനമ്പർ ലോട്ടറി വില്പനക്കാർക്കെതിരെ പോലീസ് കുറെ ദിവസങ്ങളായി അന്വേഷണത്തിലായിരുന്നു.കഴിഞ്ഞ മാസം തളിപ്പറമ്പിലെ ലോട്ടറി ഏജന്റായ തറമ്മൽ ലക്ഷ്മണനെ അറസ്റ്റ് ചെയ്തതോടെയാണ് ചൂതാട്ട സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.പത്തു രൂപയുടെ ഒരു നറുക്കിനു 5000 രൂപയാണ് സമ്മാനമായി ലഭിക്കുക.ചേർക്കുന്ന ഏജന്റിന് ഒരു രൂപ കമ്മീഷനും ലഭിക്കും.നേരത്തെ അറസ്റ്റിലായ സുനിൽ കുമാർ,രജീഷ് എന്നിവരാണ് ഏജന്റുമാരിൽ നിന്നും പണം ശേഖരിച്ചു കൊണ്ടുപോകുന്നത്.വർഷങ്ങളായി ചൂതാട്ടം നടത്തിവരുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹന ഉടമകളുടെയും ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കും
കണ്ണൂർ:മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും എതിരെ നടപടി.വാഹനം നിർത്താതെ അപകടകരമാം വിധം വേഗത്തിൽ ഓടിച്ച 15 വാഹന ഉടമകളുടെയും ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ കണ്ണൂർ ആർടിഒ ഉമ്മർ നിർദേശിച്ചു.മോട്ടോർ വാഹന വകുപ്പിന്റെ സ്മാർട്ട് ട്രെയ്‌സ് എന്ന ആപ്പിന്റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർ നിർത്താതെ പോയ വാഹനങ്ങളെ കണ്ടെത്തി പിടികൂടിയത്.കൂടാതെ അമിതഭാരം കയറ്റിയ 10 ചരക്ക് വാഹനങ്ങളിൽ നിന്നും 1,50,000 രൂപ പിഴയീടാക്കുകയും ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു.
സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറി
തൃശൂർ:അൻപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശ്ശൂരിൽ കൊടിയേറി. തേക്കിൻകാട് മൈതാനത്തെ പ്രധാന വേദിക്ക് സമീപം വിദ്യാഭ്യാസ ഡയറക്റ്റർ കെ.വി മോഹൻ കുമാറാണ് കൊടിയുയർത്തിയത്.പിന്നാലെ തൊട്ടരികിലുള്ള മോഡൽ ഗേൾസ് ഹൈസ്കൂളിലെ കൗണ്ടറുകളിൽ രജിസ്ട്രേഷൻ ആരംഭിച്ചു.മത്സരങ്ങൾ നാളെ തുടങ്ങും.രാവിലെ പത്തുമണിയോടെ ഓരോ ജില്ലകളിൽ നിന്നുമുള്ള മത്സരാർഥികൾ കലോത്സവ നഗരിയിലെത്തും.കഴിഞ്ഞ തവണത്തെ ജേതാക്കളായ കോഴിക്കോട് ടീമാണ് ആദ്യം എത്തുക.തുടർന്ന് പാചകപ്പുരയിൽ പാലുകാച്ചൽ ചടങ്ങ് നടക്കും.തുടർന്ന് കലവറ നിറയ്ക്കലും നടക്കും.തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ തയ്യാറാക്കിയ പച്ചക്കറികളാണ് പാചകത്തിന് ഉപയോഗിക്കുക.ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുക. 2008 നുശേഷം ആദ്യമായി പരിഷ്കരിച്ച പുതിയ ചട്ടങ്ങളനുസരിച്ച് മത്സര ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമില്ല. 80 ശതമാനം മാർക്കു നേടുന്നവർക്ക് എ ഗ്രേഡ് നൽകും. ഇവർക്കെല്ലാം ട്രോഫികൾ സമ്മാനിക്കും. നേരത്തെ 70 ശതമാനം ലഭിക്കുന്നവർക്കായിരുന്നു എ ഗ്രേഡ്.അഞ്ചു ദിവസങ്ങളിലായി 24 വേദികളിലാണ് കലോത്സവം അരങ്ങേറുക.നാളെ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കും.മന്ത്രി സി.രവീന്ദ്രനാഥ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കോഴിക്കോട് മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.മലപ്പുറം മങ്കട സ്വദേശി മുബഷീർ സഖാഫി(26) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തിൽ ബൈക്ക് കത്തിനശിച്ചു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.ബൈക്കിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന.
ചെമ്പന്തൊട്ടിയിൽ സ്കൂൾ ബസ് മറിഞ്ഞ് പത്തു കുട്ടികൾക്ക് പരിക്ക്
ശ്രീകണ്ഠപുരം:ചെമ്പന്തൊട്ടിയിൽ സ്കൂൾ ബസ് മറിഞ്ഞ് പത്തു കുട്ടികൾക്ക് പരിക്ക്.കോട്ടൂർ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ശ്രീകണ്ഠപുരം,തളിപ്പറമ്പ്,കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന മോട്ടോർ വാഹന പണിമുടക്ക് പിൻവലിച്ചു.നിർദിഷ്ട മോട്ടോർവാഹന നിയമ ഭേദഗതി ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട് വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു.ബിൽ ഈ മാസം അഞ്ചിന് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സമരമെന്നാണ് സംഘാടകർ അറിയിച്ചത്.നിയമ ഭേദഗതി നടപ്പു സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
പി.മോഹനനെ വീണ്ടും സിപിഎം കോഴിക്കോട് ജില്ലാ സെക്രെട്ടറിയായി തിരഞ്ഞെടുത്തു
കോഴിക്കോട്:പി.മോഹനനെ വീണ്ടും സിപിഎം കോഴിക്കോട് ജില്ലാ സെക്രെട്ടറിയായി തിരഞ്ഞെടുത്തു.എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷടക്കം ഏഴ് പേര്‍ പുതുതായി ജില്ലാ കമ്മറ്റിയിലെത്തി.ടി.പി രാമകൃഷ്ണന്റെ പിൻഗാമിയായി കഴിഞ്ഞ സമ്മേളനത്തിലാണ് പി.മോഹനനെ കോഴിക്കോട് ജില്ലാ സെക്രെട്ടറിയായി തിരഞ്ഞെടുത്തത്. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രെട്ടറിയും ഒഞ്ചിയം ഏരിയ സെക്രെട്ടറിയുമായ ടി.പി ബിനീഷ്,മുസഫർ അഹമ്മദ്,കെ.കെ മുഹമ്മദ്,കാനത്തിൽ ജമീല,പി.പി ചത്ത്,കെ.കെ കൃഷ്ണൻ,ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രെട്ടറി പി.നിഖിൽ എന്നിവരാണ് പുതുതായി കമ്മിറ്റിയിൽ ഇടം പിടിച്ചത്.ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തുന്നത് വികസന വിരോധികളാണ് വ്യക്തമാക്കുന്ന പ്രമേയവും സമ്മേളനം പാസാക്കി. ഗെയില്‍ വിരുദ്ധ സമരം നടത്തുന്ന വികസ വിരോധികളെ ഒറ്റപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.
ശബരിമല ദർശനം നടത്തുന്ന സ്ത്രീകൾ ഇനി മുതൽ പ്രായം തെളിയിക്കുന്ന രേഖയും കയ്യിൽ കരുതണം
ശബരിമല:ശബരിമല ദർശനം നടത്തുന്ന സ്ത്രീകൾ ഇനി മുതൽ പ്രായം തെളിയിക്കുന്ന രേഖയും കയ്യിൽ കരുതണം.പത്തുവയസ്സുമുതൽ അമ്പതു വയസ്സുവരെയുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിന് അനുവാദമില്ല.എന്നിട്ടും നിരവധി സ്ത്രീകൾ ഇവിടെ എത്തുകയും ഇവർ പിടിക്കപ്പെടുകയും ചെയ്യാറുണ്ട്.ഈ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്ക് വയസ്സുതെളിയിക്കുന്ന രേഖ നിർബന്ധമാക്കിയിരിക്കുന്നത്.
200 രൂപ നോട്ടുകൾ എ ടി എമ്മുകളിൽ നിറയ്ക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകി
ന്യൂഡൽഹി:200 രൂപ നോട്ടുകൾ രാജ്യത്തെ എല്ലാ എ ടി എമ്മുകളിലും നിറയ്ക്കാൻ ആർബിഐയുടെ നിർദേശം.കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആർബിഐ 200 രൂപാ നോട്ടുകൾ പുറത്തിറക്കിയത്.തുടർന്ന് കഴിഞ്ഞ മാസത്തോടെ നോട്ടുകൾ ബാങ്കുകളിലൂടെ വിതരണത്തിനെത്തിയിരുന്നു.ഇന്ത്യയിൽ മൊത്തം 2,22,000 എടിഎം കൗണ്ടറുകളാണ് ഉള്ളത്.ഇതിൽ എല്ലാം കൂടി നിറയ്ക്കാൻ 110 കോടി രൂപയാണ് വേണ്ടത്.അതുകൊണ്ടുതന്നെ എല്ലാ എടിഎം മെഷീനുകളുടെയും പൂർണ്ണ വിവരങ്ങൾ എത്തിക്കാൻ ബാങ്കുകൾക്ക് ആർബിഐ നോട്ടീസ് നൽകിയിട്ടുണ്ട്.