ഇരിട്ടി:ഇരിട്ടി വിളക്കോട് വളവിൽ ഗുഡ്സ് ജീപ്പും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്.അപകടത്തെത്തുടര്‍ന്ന് ഇരിട്ടി- പേരാവൂര്‍ റൂട്ടില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.അപകടത്തില്‍ മാനന്തവാടി സ്വദേശി മൊയ്തീന്‍(52), പാലപ്പുഴ സ്വദേശി വില്‍സണ്‍(40), പയ്യാവൂര്‍ സ്വദേശിനി ചന്ദ്രിക (47) കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മൊയ്തീന്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാനന്തവാടിയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസും എതിർദിശയിൽ വരികയായിരുന്ന ഗുഡ്‌സ് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു.റോഡരികിലെ കുഴിയും വളവും കാരണം സ്ഥിരമായി ഇവിടെ അപകടം ഉണ്ടാകുന്ന മേഖലയാണ്.
സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാൾ പിടിയിൽ
ശ്രീകണ്ഠപുരം:ചെമ്പേരി,പയ്യാവൂർ,ശ്രീകണ്ഠപുരം ഭാഗങ്ങളിലെ സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് എത്തിച്ചുകൊടുക്കുന്നയാൾ പിടിയിൽ.പയ്യാവൂർ മരുതുംചാലിലെ കൂടക്കാട്ടിൽ സിബി മാത്യുവിനെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇൻസ്പെക്റ്റർ പി.പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും നിരവധി പായ്ക്കറ്റ് കഞ്ചാവും 40,000 രൂപയും പിടിച്ചെടുത്തു.വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വർഷങ്ങളായി ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിവരികയാണ്. വീരാജ്പേട്ടയിൽ നിന്നുമാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നതെന്ന് എക്‌സൈസ് ഓഫീസർ പറഞ്ഞു.പ്രിവന്റീവ് ഓഫീസർ കെ.ജി മുരളീദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.വി അഷ്‌റഫ്,പി.വി പ്രകാശൻ,ടി.വി മധു, പി.സുരേഷ്,ടി.വി ഉജേഷ്,എം.എ ഷഫീക്ക്,കേശവൻ എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വൈക്കത്ത് ഹോട്ടലിൽ വൻ തീപിടിത്തം
വൈക്കം:വൈക്കത്ത് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ വൻ തീപിടുത്തം.രാവിലെ എട്ടുമണിയോടെയാണ് വൈക്കം നഗരത്തിൽ കച്ചവടസ്ഥാപനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ആനന്ദഭവൻ ഹോട്ടലിൽ തീപിടുത്തമുണ്ടായത്.ഹോട്ടൽ പൂർണ്ണമായും കത്തിനശിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഹോട്ടലിന് സമീപത്തായി നിരവധി വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.അടുക്കളയിൽ നിന്നും തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
സംസ്ഥാന സ്കൂൾ കലോത്സവം ഉൽഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തില്ല; പകരം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉൽഘാടനം നിർവഹിക്കും
തൃശൂർ:സംസ്ഥാന സ്കൂൾ കലോത്സവം ഉൽഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല.സിപിഎമ്മിന്റെ കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനാലാണ് ഉൽഘാടനത്തിനു എത്താൻ സാധിക്കാത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.മുഖ്യമന്ത്രിയുടെ അഭാവത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോത്സവം ഉൽഘാടനം ചെയ്യും.അൻപത്തിയെട്ടാമത് സ്കൂൾ കലോത്സവത്തിനാണ് ഇന്ന് തൃശ്ശൂരിൽ തിരി തെളിയുന്നത്.58 കലാധ്യാപകർ ആലപിക്കുന്ന സ്വാഗത ഗാനത്തോടെയാണ് ഉൽഘാടന ചടങ്ങുകൾ ആരംഭിക്കുക.8954 പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കാനെത്തുന്നത്. ആദ്യദിനത്തിൽ 21 വേദികളിലായി നാല്പതോളം ഇനങ്ങളിൽ മത്സരം നടക്കും.കലോത്സവ മാന്വൽ പരിഷ്‌ക്കരിച്ചതിനു ശേഷമുള്ള ആദ്യകലോത്സവമാണ് ഇത്തവണത്തേത്. പങ്കെടുക്കുന്നവർക്ക് ഇൻഷുറൻസ്,എല്ലാ നിലയിലും 80 ശതമാനം മാർക്ക് നേടുന്നവർക്ക് എ ഗ്രെയ്‌ഡ്,എല്ലാവർക്കും ട്രോഫി,എന്നിവ ഇത്തവണത്തെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. ആർഭാടമൊഴിവാക്കി സർഗാത്മകതയ്ക്ക് മുൻതൂക്കം നൽകിയാണ് ഇത്തവണ കലോത്സവം അരങ്ങേറുക.
കുറ്റിപ്പുറം പാലത്തിന് താഴെ നിന്നും ബോംബുകൾ കണ്ടെത്തി
മലപ്പുറം:കുറ്റിപ്പുറം ഭാരതപ്പുഴ പാലത്തിനു താഴെ നിന്നും ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി.സൈന്യം ഉപയോഗിക്കുന്ന മൈന്‍ വിഭാഗത്തില്‍ പെട്ട സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് സ്ഫോടക വസ്തുക്കൾ പ്രദേശവാസിയുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ചിത്രങ്ങള്‍ സഹിതം പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു.ബാഗിലും മണലിലുമായാണ് ഇവ കണ്ടെത്തിയത്. പോലീസെത്തി സ്ഫോടകവസ്തുക്കൾ മലപ്പുറം എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.ഇവ പരിശോധിക്കുന്നതിനും നിർവീര്യമാക്കുന്നതിനുമായി സൈനിക ഉദ്യോഗസ്ഥർ ക്യാമ്പിലെത്തുമെന്നു പോലീസ് അറിയിച്ചു. തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലം ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധിച്ചു. മലപ്പുറം എസ്.പി.ദേബേഷ് കുമാർ ബഹ്റക്കാണ് അന്വേഷണ ചുമതല.
കനകമല കേസിലെ പ്രതികളുമായി ഷെഫിൻ ജഹാന് ബന്ധം;പ്രതികളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി:കനകമല എൻഐഎ കേസിലെ പ്രതികളുമായി ഹാദിയ കേസിലെ ഷെഫിൻ ജഹാന് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കേസിലെ പ്രതികളെ വീണ്ടും ചോദ്യംചെയ്യാനുറച്ച് എൻഐഎ.ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ എൻഐഎ അന്വേഷിക്കും. ടി.മൻസീത്,ഷഫ്‌വാൻ എന്നിവരെയാണ് ചോദ്യം ചെയ്യുക.മൻസീത് തുടങ്ങിയ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഷെഫിൻ ജഹാൻ അംഗമായിരുന്നു.രാജ്യാന്തര ഭീകര സംഘടനയുമായി ബന്ധപ്പെട്ടവർ കണ്ണൂർ കനകമലയിൽ രഹസ്യ യോഗം കൂടിയ കേസിൽ കോഴിക്കോട് സ്വദേശി മൻസീത്,ചേലക്കര സ്വദേശി ടി.സ്വാലിഹ്,കോയമ്പത്തൂർ സ്വദേശി അബ് ബഷീർ,റംഷാദ്,എൻ.കെ ജാസിം,കോഴിക്കോട് സ്വദേശി സജീർ,തിരുനെൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്‌ദീൻ എന്നിവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.കനകമലയിൽ ഒത്തുകൂടിയ സംഘത്തെ രഹസ്യ വിവരത്തെ തുടർന്ന് 2016 ഒക്ടോബറിലാണ് എൻഐഎ പിടികൂടിയത്.
എ.കെ ആന്റണിയുടെ ഡ്രൈവറെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി:കോൺഗ്രസ് ദേശീയ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.ഉത്തർപ്രദേശ് സ്വദേശി സഞ്ജയ് സിങ്(35) മരിച്ചത്.ദില്ലി കൃഷ്ണമേനോൻ മാർഗിലെ ആന്റണിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്സിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് രാവിലെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയതായി ആന്റണിയുടെ വീട്ടിൽ നിന്നും പോലീസിനെ അറിയിച്ചത്.തുടർന്ന് ദില്ലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.കഴിഞ്ഞ രണ്ടു വർഷമായി ആന്റണിയുടെ ദില്ലിയിലെ ഡ്രൈവറാണ് സഞ്ജയ് സിംഗ്.
കണ്ണൂരിൽ നിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കോഴിക്കോട് അപകടത്തിൽപ്പെട്ടു; നിരവധിപേർക്ക് പരിക്ക്
കോഴിക്കോട്:കോഴിക്കോട് പുതിയാപ്പയിൽ സ്കൂൾ കുട്ടികളുമായി പോയ വിനോദയാത്രാസംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് നിരവധിപേർക്ക് പരിക്ക്.ഇന്ന് ഉച്ചയ്ക്ക് മൂന്നരമണിയോടെയായിരുന്നു അപകടം.പുതിയാപ്പക്കടുത്തുവെച്ച് നിയന്ത്രണം വിട്ട ബസ് വഴിയരികിലെ വീട്ടിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കണ്ണൂർ പയ്യന്നൂർ ഷേണായീസ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.രണ്ടു ബസ്സുകളിലായാണ് വിദ്യാർഥികൾ കോഴിക്കോട് ബീച്ച് കാണാനെത്തിയത്.ഇതിൽ അഞ്ചാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാർഥികൾ സഞ്ചരിച്ച ഗ്രീൻബേർഡ് എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.42 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.പരിക്കേറ്റ എട്ടുപേരുടെ നില അല്പം ഗുരുതരമാണ്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മറ്റുള്ളവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ബസ്സ് ഇടിച്ചുകയറിയ വീട്ടിലുണ്ടായിരുന്ന ഗർഭിണിയായ സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചുനീക്കണമെന്ന് സബ് കളക്റ്ററുടെ ഉത്തരവ്
തൃശൂർ:പാമ്പാടി നെഹ്‍റു കോളജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടറുടെ ഉത്തരവ്.സിപിഐയുടെ പരാതിയിലാണ് സബ് കലക്റ്റർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.എഐടിയുസി ഓഫീസിനോട് ചേര്‍ന്ന് നിര്‍മിച്ച സ്മാരകം രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ നല്‍കിയ പരാതിയിലാണ് തൃശൂര്‍ സബ്കലക്ടര്‍ രേണു രാജിന്റെ ഉത്തരവ്.സ്മാരകം പൊളിച്ചു നീക്കാന്‍ സബ് കലക്ടര്‍ പഴയന്നൂര്‍ എസ്ഐയോട് ആവശ്യപ്പെട്ടു. ഉത്തരവ് പ്രകാരം സ്മാരകം പൊളിച്ചു നീക്കാന്‍ എസ്എഫ്ഐ ഭാരവാഹികളോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതിന് കൂട്ടാക്കിയില്ല. പൊളിച്ചു നീക്കിയില്ലെങ്കില്‍ പൊലീസ് പൊളിച്ചു നീക്കുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ നിറം ഏകീകരിക്കാൻ തീരുമാനം
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ നിറം ഏകീകരിക്കാൻ സ്റ്റേറ്റ് ട്രാൻസ്‌പോർട് അതോറിറ്റി തീരുമാനിച്ചു.സിറ്റി ബസ്സുകൾക്ക് പച്ചയും നഗരപ്രാന്തപ്രദേശങ്ങളിലേക്കുള്ള ഓർഡിനറി ബസുകൾക്ക് നീല നിറവും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് മെറൂൺ കളറുമാണ് നിശ്ചയിച്ചിരിക്കുന്നത്.എല്ലാ ബസുകൾക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തിലുള്ള മൂന്നു വരകളുമുണ്ടാകും.ഏകീകൃത നിറം നടപ്പിലാക്കിയാൽ ഈ രംഗത്തെ മത്സരം ഒഴിവാക്കുന്നതിനോടൊപ്പം വിദേശികൾക്കും അന്യസംസ്ഥാനക്കാർക്കും ബസുകൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. ഫെബ്രുവരിയിൽ നിറംമാറ്റം പ്രാബല്യത്തിൽ വരും.പുതുതായി രെജിസ്ട്രേഷൻ നടത്തുന്ന ബസ്സുകളും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന ബസ്സുകളും പുതിയ നിറത്തിലേക്ക് മാറ്റണം.