പയ്യന്നൂർ:സിപിഎം ബ്രാഞ്ച് സെക്രെട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പയ്യന്നൂർ കൊഴുമ്മൽ മരത്തക്കാട് ബ്രാഞ്ച് സെക്രെട്ടറി കെ.വിശ്വനാഥനെയാണ്(45) തായിനേരിയിലുള്ള മൽസ്യവിതരണ ഷോപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ ഷോപ്പിൽ മൽസ്യം വാങ്ങാൻ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഓഖി ദുരന്തം;ഇനിയും തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ ഇനിയും തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സർക്കാർ തീരുമാനം.ജനുവരി 22 വരെ ഈ മൃതദേഹങ്ങള്‍ സൂക്ഷിക്കും. കാണാതായവരുടെ ബന്ധുക്കള്‍ ജനുവരി 15ന് മുമ്പ് ഡി എന്‍ എ പരിശോധനക്ക് തയ്യാറാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.ഓഖി ദുരന്തത്തിനിരയായവരില്‍ 34 പേരുടെ മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയാനാകാതെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിട്ടുള്ളത്.ഇതിനകം തന്നെ ജീര്‍ണിച്ച നിലയിലുള്ള മൃതദേഹങ്ങള്‍ ഇനിയും സൂക്ഷിക്കാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ച സാഹചര്യത്തിലാണ് ഡി എന്‍ എ പരിശോധനക്ക് സര്‍ക്കാര്‍ അവസാന തീയതി പ്രഖ്യാപിച്ചത്. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയിലാണ് ഡി എന്‍ എ ടെസ്റ്റ് നടത്തുക. കാണാതായവരുടെ ബന്ധുക്കള്‍ ജനുവരി 15നകം ഇവിടെയെത്തി പരിശോധനക്ക് തയ്യാറാകണം. ജനുവരി 22നകം ഡി എന്‍ എ ഒത്തുനോക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കും. ഡി എന്‍ എ ചേരുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അല്ലാത്തവ നിയമപ്രകാരം മറവുചെയ്യുമെന്നും സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു.
എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് ചെയ്ത നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കുമ്പളം:എറണാകുളം കുമ്പളത്ത് വീപ്പയ്ക്കുള്ളിലാക്കി കോൺക്രീറ്റ് ചെയ്ത നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.സ്ത്രീയ്ക്ക് ഏകദേശം മുപ്പതു വയസ്സ് പ്രായം വരുമെന്ന് പോലീസ് പറഞ്ഞു.വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത മൃതദേഹത്തിന്‍റെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കായലില്‍ തളളിയ വീപ്പ മത്സ്യത്തൊഴിലാളികളാണ് കണ്ടത്.10 മാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് ഡ്രഡ്ജിങിനിടെയാണ് വീപ്പ കരയിലേക്ക് എത്തിച്ചത്. ഇതിന് ശേഷവും വീപ്പക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരികയും ഉറുമ്പരിക്കുകയും ചെയ്തു. ഇതോടെ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
അടൂരിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നു വിദ്യാർഥികൾ മരിച്ചു
അടൂർ:അടൂരിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നു വിദ്യാർഥികൾ മരിച്ചു.അടൂർ ഏഴംകുളം മാങ്കുളം സ്വദേശി ചാൾസ്,കൈതപ്പറമ്പ് സ്വദേശി വിശാപ്,ഏനാത്ത് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്. ഏഴംകുളം നെടുമൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് ഇവർ.ഞായറാഴ്ച രാത്രി 12.30 ഓടെ അടൂർ വടക്കടത്തു കാവ് എംസി റോഡിലാണ് അപകടം നടന്നത്.തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം മടങ്ങുകയായിരുന്ന ഇവരുടെ ബൈക്കിൽ തമിഴ്‌നാട്ടിൽ നിന്നും വന്ന മിനിലോറി ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
തമിഴ്‌നാട്ടിൽ ബസ് ജീവനക്കാരുടെ പണിമുടക്ക് അഞ്ചാംദിവസത്തിലേക്ക് കടന്നു

ധർമ്മടത്ത് ആർഎസ്എസ് സേവാ കേന്ദ്രത്തിന് നേരെ ബോംബേറ്
ധർമടം:സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന ധർമ്മടത്ത് വീണ്ടും ആക്രമണം. ഇന്നലെ അർധരാത്രിയോടെ ആർഎസ്എസ് സേവാ കേന്ദ്രത്തിനു നേരെ ബോംബേറുണ്ടായി.ധര്‍മടം സത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്‍എസ്‌എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ സ്ഥാപനത്തിന്‍റെ ബോര്‍ഡും കൈവരികളും തകര്‍ന്നിട്ടുണ്ട്.അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ആര്‍എസ്‌എസ് ആരോപിച്ചു.ശനിയാഴ്ച രാത്രി സിപിഎം ഓഫീസിനുനേരേ അക്രമം നടന്നിരുന്നു.ഇതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രി ആര്‍എസ്‌എസ് സേവാകേന്ദ്രത്തിനും നേരേ ബോബാക്രമണം നടന്നത്. ധര്‍മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ബെംഗളൂരുവിൽ മലിനജല ശുദ്ധീകരണ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
ബെംഗളൂരു:ബെംഗളൂരുവിൽ മലിനജല ശുദ്ധീകരണ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.സോമസുന്ദരപാളയത്തിലെ അപ്പാർട്ട്മെന്റിലെ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ബെംഗളൂരു സ്വദേശികളായ മഹാദേവപ്പ,ശ്രീനിവാസ്,രമേശ് എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാവിലെ പത്തരയോടെയാണ് ഇവർ പത്തടി താഴ്ചയുള്ള ടാങ്ക് വൃത്തിയാക്കാനായി ഇറങ്ങിയത്.രണ്ടര മണിക്കൂറിനു ശേഷവും ആളനക്കം കാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിക്കുകയായിരുന്നു.ശ്വാസം കിട്ടാതെ കുഴഞ്ഞു വീണ തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സ്വകാര്യ കരാറുകാരന് കീഴിൽ ജോലി ചെയ്യുന്ന മൂന്നുപേരും എല്ലാ മാസവും അപ്പാർട്മെന്റിലെ ടാങ്ക് വൃത്തിയാക്കാൻ എത്താറുണ്ടായിരുന്നു.മരിച്ചവരുടെ ബന്ധുക്കൾക്ക് ബിബിഎംപി അഞ്ചുലക്ഷം രൂപ വീതം നഷ്ട്ടപരിഹാരം അനുവദിച്ചു.
മാട്ടൂലിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; ഏഴുലക്ഷം രൂപയും സ്വർണവും കവർന്നു
പഴയങ്ങാടി:മാട്ടൂൽ മൂസാക്കാൻ പള്ളിക്ക് സമീപം പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. 6,90,000 രൂപ,30,000 രൂപ വിലമതിക്കുന്ന രണ്ട് സ്വർണനാണയം,20,000 രൂപയുടെ വാച്ച് എന്നിവയാണ് മോഷണം പോയത്.പരേതനായ എം.കെ മൂസാൻ ഹാജിയുടെ മകൾ കെ.ടി ഷെരീഫയുടെ വീട്ടിലാണ് മോഷണം നടന്നത്. പഴയങ്ങാടി സദ്ദാംറോഡിനടുത്ത് നടന്ന ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുന്നതിനായി വീട്ടുകാർ വെള്ളിയാഴ്ച വീട് പൂട്ടി പോയിരുന്നു. ചടങ്ങിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച്ച രാത്രി വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലും വാതിലും പൊളിച്ച് അകത്തു കടന്ന മോഷ്ട്ടാവ് കിടപ്പുമുറിയുടെ അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാൽ,പഴയങ്ങാടി എസ്‌ഐമാരായ കെ.സി പ്രേമരാജൻ,പി.വി ചന്ദ്രൻ എന്നിവരും കണ്ണൂരിൽ നിന്നുള്ള പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പാനൂർ പാലക്കൂൽ രാമൻപീടികയിൽ സിപിഎം സമ്മേളന ഓഫീസ് തീവെച്ചു നശിപ്പിച്ചു
പാനൂർ: പാനൂർ പാലക്കൂൽ രാമൻപീടികയിൽ സിപിഎം സമ്മേളന ഓഫീസ് തീവെച്ചു നശിപ്പിച്ചു.പാനൂർ സിപിഎം ലോക്കൽ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിനായി താൽക്കാലികമായി തയ്യാറാക്കിയ ഷെഡ്ഡ് ആണ് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടുകൂടി തീവെച്ചു നശിപ്പിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂർ പോലീസും അഗ്നിശമന സേനയും ചേർന്നാണ് തീയണച്ചത്.ഇതിനു മുൻപും ഇവിടെ സിപിഎം ഓഫീസിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
സംസ്ഥാനത്തെ റേഷൻ കടകളിൽ 13 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തൽ
കൊച്ചി:സംസ്ഥാനത്തെ റേഷൻ കടകളിൽ 13 കോടി രൂപയുടെ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തൽ.വെള്ള അരി ജയാ അരി എന്ന പേരിൽ പൊതുവിപണിയിൽ എത്തിച്ച് 20 കോടിയുടെ വെട്ടിപ്പാണ് നടക്കുന്നതെന്നും വിജിലൻസ് കണ്ടെത്തി.നഗരങ്ങളിൽ കാർഡ് ഉടമകളിൽ നാലിലൊന്നുപേർ മാത്രമാണ് റേഷൻ വാങ്ങാൻ എത്തുന്നത്.ആരെങ്കിലും ചോദിച്ചാൽ അരി കൊള്ളില്ല എന്ന് പറഞ്ഞ് ഇവരെ പിന്തിരിപ്പിക്കുകയും ചെയ്യും.ഇത്തരത്തിലുള്ള അരി പിന്നീട് കരിഞ്ചന്തയിലേക്ക് മാറ്റും.കരിഞ്ചന്തയിൽ അരി എത്തിക്കുന്നതിന് മൊത്തവിൽപ്പന ശാലകൾ കേന്ദ്രീകരിച്ച് വലിയ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.മിക്ക റേഷൻ കടകളിൽ നിന്നും ആഴ്ചയിൽ രണ്ടു മുതൽ അഞ്ചു ചാക്കുവരെ വരെ അരി ഇങ്ങനെ പുറത്തെത്തിക്കും.ഇങ്ങനെ പുറത്തെത്തിക്കുന്ന റേഷൻ കുത്തരി കിലോയ്ക്ക് 45-48 രൂപയ്ക്കാണ് പുറത്തു വിൽക്കുന്നത്.അഴിമതി നടന്നു ജയ അരിയായി എത്തുന്ന വെള്ള അരിക്കും ഏതാണ്ട് ഇതേ വിലയാണ്.