ദത്തു വിവാദം; കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎന്‍എ പരിശോധനാഫലം പുറത്ത്

keralanews adoption controversy baby belongs to anupama dna test results out

തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഡി എൻ എ പരിശോധനാഫലം പുറത്ത്.ഏറെ നിർണായകമായ ഫലം പോസിറ്റീവായതോടെ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് വ്യക്തമായി.  ഡിഎന്‍എ പരിശോധനാഫലം സി.ഡബ്ല്യു.സിക്ക് കൈമാറി.രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഫലം കൈമാറിയത്.സി.ഡബ്ല്യു.സി ഫലം കോടതിയില്‍ സമര്‍പ്പിക്കും.ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിൾ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. അനുപമയും അജിത്തും, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നേരിട്ടെത്തി രക്തസാമ്പിൾ നല്‍കിയിരുന്നു. 30ന് പരിശോധന ഫലം ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ കുഞ്ഞിനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിയായ സന്തോഷമുണ്ടെന്നും കുഞ്ഞിന്റെ അമ്മ അനുപമ പ്രതികരിച്ചു.

പോഷകാഹാര കുറവ്;സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലും അം​ഗ​ന്‍​വാ​ടി​ക​ളി​ലും ഇ​നി മു​ത​ല്‍ കൂടുതൽ പോ​ഷ​ക ഗുണങ്ങളുള്ള അ​രി

keralanews malnutrition fortified rice will distribute in schools and colleges in the state

തിരുവനന്തപുരം: കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാനായി സംസ്ഥാനത്തെ സ്കൂളുകളിലും അംഗന്‍വാടികളിലും ഇനി മുതല്‍ ഉച്ചഭക്ഷണത്തിനായി പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി (ഫോര്‍ട്ടിഫൈഡ്) വിതരണം ചെയ്യും.കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഫോര്‍ട്ടിഫൈഡ് അരി വിതരണം സംസ്ഥാനത്ത് എഫ്സിഐ ആരംഭിച്ചു.ജനുവരി മുതല്‍ വയനാട് ജില്ലയിലെ കാര്‍ഡ് ഉടമകള്‍ക്കും ഫോര്‍ട്ടിഫൈഡ് അരിയാകും റേഷന്‍ കടകള്‍ വഴി ലഭിക്കുകയെന്നും എഫ്സിഐ അറിയിച്ചു. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും പൊതുവിതരണ സമ്പ്രദായത്തിലൂടെ വിവിധ പദ്ധതികള്‍ വഴി പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി നല്‍കാനാണ് കേന്ദ്ര തീരുമാനം.ദേശീയ ആരോഗ്യ സര്‍വേയില്‍ ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ കുറവ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവ ചേര്‍ത്ത് പോഷകസമൃദ്ധമാക്കിയ അരി വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയത്.

ഒപി ടിക്കറ്റിനായി ഓൺലൈൻ ബുക്കിങ് സംവിധാനം; ടിക്കറ്റ് ഇനി വീട്ടിലിരുന്നും എടുക്കാം

keralanews online booking system for o p ticket now book ticket from home

തിരുവനന്തപുരം: ഒപി ടിക്കറ്റിനായി ഓൺലൈൻ ബുക്കിങ് സംവിധാനം പ്രാബല്യത്തിൽ. ഇ-ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in/)വഴിയാണ് ഇത് സാദ്ധ്യമാകുക. ഇത് പ്രകാരം ഇ-ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിൽ ഓൺലൈൽ ബുക്കിങ് നടപ്പിലാകും.ഇ-ഹെൽത്ത് സൗകര്യമുള്ള 300ൽ പരം ആശുപത്രികളാണ് സംസ്ഥാനത്തുള്ളത്. ഇവിടെ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒപി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവയെല്ലാം ഇതുവഴി എടുക്കാം. കേന്ദ്രസർക്കാർ നടപ്പിലാക്കിയ യുണീക്ക് ഹെൽത്ത് ഐഡിയും ഇതേ വെബ്‌പോർട്ടൽ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായ സേവനങ്ങൾ, ചികിത്സാസമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും പോർട്ടലിൽ പ്രസിദ്ധീകരിക്കും.

കോഴിവളമെന്ന വ്യാജേന കര്‍ണ്ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരം വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഈട്ടിത്തടികള്‍ പിടികൂടി

keralanews lakhs worth logs smuggled from karnataka to kerala through makoottam pass seized

ഇരിട്ടി: കോഴിവളമെന്ന വ്യാജേന കര്‍ണ്ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരം വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഈട്ടിത്തടികള്‍ പിടികൂടി.കര്‍ണാടകത്തിന്റെ മാക്കൂട്ടം വനം വകുപ്പ് ചെക്ക് പോസ്റ്റിൽ റേഞ്ചര്‍ സുഹാനയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനക്കിടെയാണ് മരത്തടികള്‍ പിടികൂടിയത്.മരം കടത്താനുപയോഗിച്ച പിക്കപ്പ് വാന്‍ ഡ്രൈവര്‍ മാനന്തവാടി സ്വദേശി ഷിബിന്‍ ( 21 ) നെ അറസ്റ്റ് ചെയ്തു.ഇയാളെ മടിക്കേരി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മരം കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പിടിച്ചെടുത്ത മരത്തിന് വിപണിയില്‍ രണ്ടു ലക്ഷം രൂപയോളം വിലവരും. കോഴിവളം എന്ന വ്യാജേന കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ എത്തിയ പിക്കപ്പ് വാന്‍ സംശയത്തിന്റെ പേരില്‍ വനം വകുപ്പധികൃതര്‍ പരിശോധിക്കുകയായിരുന്നു. വനപാലകര്‍ കമ്പി കൊണ്ട് കുത്തി നോക്കിയപ്പോള്‍ മരത്തടിയാണെന്നു മനസ്സിലായി.മുന്‍പും മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ കുടകില്‍ നിന്നും കള്ളക്കടത്തായി കൊണ്ടിവരുന്ന മരത്തടികള്‍ പിടികൂടിയിരുന്നു. ഡെപ്യൂട്ടി റേഞ്ചര്‍ മുഹമ്മദ് ഹനീഫ്, ഉദ്യോഗസ്ഥരായ സജി ജേക്കബ്, രമേശന്‍, ഹമീദ് എന്നിവരും മരം കടത്ത് പിടികൂടിയ വനം വകുപ്പ് സംഘത്തിലുണ്ടായിരുന്നു.

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം;ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

keralanews adoption of child with out knowledge of mother d n a test result available today

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിക്കുമെന്നാണ് വിവരം. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തുന്നത്. ഇന്നലെയാണ് കുഞ്ഞിന്റേയും അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിക്കുന്ന പരിശോധനാഫലം അന്വേഷണ റിപ്പോർട്ടിനൊപ്പമായിരിക്കും കോടതിയിൽ സമർപ്പിക്കുന്നത്. ഡിഎൻഎ പരിശോധനയ്‌ക്കുള്ള സാംപിൾ ശേഖരിച്ചാൽ 24 മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കും. സർക്കാർ ഏജൻസികൾക്കോ കോടതികൾക്കോ മാത്രമേ ഡിഎൻഎ പരിശോധനാഫലം കൈമാറാനാകൂ. ഇത് പ്രകാരമാണ് ഡിഎൻഎ റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറുന്നത്. പരിശോധനക്കായി മൂന്ന് പേരുടേയും സാമ്പിൾ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 29 ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. ഈ മാസം 30 നാണ് കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്. ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത് പരിഗണിച്ച്‌ കോടതി സമയം നീട്ടി നല്‍കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് 3698 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 7515 പേർ രോഗമുക്തി നേടി

keralanews 3698 corona cases confirmed in the state today 7515 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3698 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂർ 247, കോട്ടയം 228, കണ്ണൂർ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസർകോട്് 28 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 105 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,675 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3432 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 238 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7515 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1305, കൊല്ലം 469, പത്തനംതിട്ട 401, ആലപ്പുഴ 176, കോട്ടയം 816, ഇടുക്കി 524, എറണാകുളം 963, തൃശൂർ 858, പാലക്കാട് 285, മലപ്പുറം 335, കോഴിക്കോട് 667, വയനാട് 253, കണ്ണൂർ 431, കാസർകോട് 32 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി;കണ്ണൂരിൽ പന്ത്രണ്ടുകാരന് പരിക്കേറ്റു

keralanews twelve year old boy injured in bomb blast in kannur

കണ്ണൂർ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കണ്ണൂരിൽ പന്ത്രണ്ടുകാരന് പരിക്കേറ്റു. നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്.നെഞ്ചിനും കാലിനും പരിക്കേറ്റ കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിക്കുന്നതിനിടെ പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് പോയപ്പോള്‍ കുട്ടികള്‍ അതെടുക്കാന്‍ പോകുകയായിരുന്നു. ഇതോടെ പറമ്പിന്റെ മതിലിന് അരികിലുണ്ടായിരുന്ന ബോള്‍ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകള്‍ കുട്ടികളുടെ ശ്രദ്ധയില്‍പെട്ടു. ശ്രീവര്‍ധന്‍ ഇത് എടുക്കുകയും സംശയം തോന്നിയതോടെ വലിച്ചെറിയുകയും ചെയ്തു. ആ സമയത്താണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം;മൂന്നുപേർ കസ്റ്റഡിയിൽ

keralanews murder of rss worker in palakkad three under custody

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ.പാലക്കാട്‌ സ്വദേശി സുബൈര്‍ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്.മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈര്‍. സുബൈറിന്റെ മുറിയില്‍ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇതു വരെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക.കഴിഞ്ഞയാഴ്ചയാണ് ഭാര്യ അര്‍ഷികയുടെ മുന്നില്‍വച്ച്‌ സഞ്ജിത്തിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ഇരുവരും ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സഞ്ജിത്തിനെ റോഡില്‍വെച്ച്‌ വെട്ടുകയായിരുന്നു.സഞ്ജിത്തിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കൊലപാതകത്തിന് എത്തിയ പ്രതികൾ സഞ്ചരിച്ച മാരുതി 800 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. സഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികഞ്ഞതോടെ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധവും ശക്തമായിരുന്നു.

രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മംഗളൂരുവിൽ പിടിയിൽ

keralanews three including kannur native arrested with banned currency worth two crore in magaluru

ബെംഗളൂരു: രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മംഗളൂരുവിൽ പിടിയിൽ.കണ്ണൂർ സ്വദേശി സുബൈർ, പടീൽ സ്വദേശി ദീപക് കുമാർ, ബജ്പെ സ്വദേശി അബ്ദുൽ നസീർ എന്നിവരാണ് പിടിയിലായത്. അസാധുവാക്കിയ നോട്ടുകൾ ശിവമോഗ, ചിത്രദുർഗ എന്നിവിടങ്ങളിൽ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.കാറിൽ കടത്തുകയായിരുന്ന ഒരു കോടി 92 ലക്ഷത്തി അമ്പതിനായിരം രൂപയുടെ നിരോധിത നോട്ടുകളാണ് ഇവരിൽ നിന്നും പിടികൂടിയത്. അഡയാറിൽ നിന്ന് ലാൽബാഗിലേക്കുള്ള യാത്രാമധ്യേ വാഹന പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം. രണ്ട് ബാഗുകളിലായാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നത്.ഇലക്ട്രിക്കൽ കോൺട്രാക്ടറാണ് അറസ്റ്റിലായ ദീപക്. നസീറും സുബൈറും ഡ്രൈവർമാരാണ്. ആയിരം രൂപയുടെ 10 കെട്ടുകളും 500 രൂപയുടെ 57 കെട്ടുകളുമാണ് ഉണ്ടായിരുന്നത്. 50 ശതമാനം മൂല്യമുള്ള പഴയ നോട്ടുകൾ ബാങ്ക് എടുക്കുമെന്ന് പ്രചരിപ്പിച്ച് ഇവർ ആളുകളെ കബളിപ്പിക്കാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടത്തിക്കൊണ്ട് വന്ന പണം സൂക്ഷിക്കാനാണ് മംഗളൂരുവിൽ എത്തിച്ചത്.

ഗുണനിലവാരം ഇല്ല; പാരസെറ്റമോള്‍ ഉള്‍പ്പെടെ 10 ബാച്ച്‌ മരുന്നുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത്‌ നിരോധിച്ചു

keralanews no quality distribution and sale of 10 batches of drugs including paracetamol banned in the state

തിരുവനന്തപുരം: ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാരസെറ്റമോള്‍ ഉള്‍പ്പെടെ 10 ബാച്ച്‌ മരുന്നുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത്‌ നിരോധിച്ചു.ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ്‌ മരുന്നിന്‌ ഗുണനിലവാരം ഇല്ലെന്ന്‌ കണ്ടെത്തിയത്‌. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരികെ നല്‍കി വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന്‌ സംസ്ഥാന ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ അറിയിച്ചു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ്‌ മരുന്നിന്‌ ഗുണനിലവാരം ഇല്ലെന്ന്‌ കണ്ടെത്തിയത്‌. പാരസെറ്റമോള്‍ (ടി 3810), കാല്‍ഷ്യം വിത്ത്‌ വിറ്റമിന്‍ ഡി 3 (ടിഎച്ച്‌ടി -21831), പാരസെറ്റമോള്‍ ആന്‍ഡ്‌ ഡൈക്ലോഫെനാക്‌ പൊട്ടാസ്യം ഗുളിക (എംഎസി 90820), അമോപിന്‍ 5, അമ്ലോഡിപൈന്‍ ഗുളിക (എഎംപി 1001), ഗ്ലിബന്‍ക്ലമൈഡ്‌ ആന്‍ഡ്‌ മെറ്റ്‌ഫോര്‍മിന്‍ (പിഡബ്ല്യുഒഎകെ 58), ലൊസാര്‍ടന്‍ പൊട്ടാസ്യം ഗുളിക (എല്‍പിടി 20024), എസ്‌വൈഎംബിഇഎന്‍ഡി– അല്‍ബെന്‍ഡസോള്‍ (എസ്‌ടി 20-071), ബൈസോപ്രോലോല്‍ ഫ്യുമേറേറ്റ്‌ ഗുളിക (56000540), സൈറ്റികോളിന്‍ സോഡിയം ഗുളിക (ടി 210516), റോംബസ്‌ ഹാന്‍ഡ്‌ സാനിറ്റൈസര്‍ (292) എന്നിവയാണ് നിരോധിച്ച മരുന്നുകൾ.