ന്യൂഡൽഹി:കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഇന്ന് 22 ട്രെയിനുകൾ റദ്ദാക്കി.കാഴ്ച അവ്യക്തമായതിനാലാണ് സർവീസ് റദ്ദാക്കിയത്.40 ട്രെയിനുകൾ വൈകിയോടുകയും ചെയ്യുന്നുണ്ട്.ഉത്തരേന്ത്യയും കാഷ്മീർ താഴ്‌വരയും അതിശൈത്യത്തിന്‍റെ പിടിയിലാണ്. ഹരിയാന സർക്കാർ കഴിഞ്ഞ ദിവസം മൂടൽ മഞ്ഞിനെ തുടർന്നു ജനുവരി 14 വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മൂടൽമഞ്ഞ് ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വി.ടി ബൽറാമിനെതിരെ തൃത്താലയിൽ കയ്യേറ്റ ശ്രമവും ചീമുട്ടയേറും
പാലക്കാട്:വി.ടി ബൽറാമിനെതിരെ തൃത്താലയിൽ കയ്യേറ്റ ശ്രമവും ചീമുട്ടയേറും.എ കെ ജിക്കെതിരായി വിവാദ പരമാശം നടത്തിയതിനാണ് ബൽറാമിനെതിരെ കയ്യേറ്റശ്രമം നടന്നത്.പാലക്കാട് കൂറ്റനാട് സ്വകാര്യ ലാബിന്റെ ഉൽഘാടനത്തിനായി എത്തിയതായിരുന്നു വി.ടി ബൽറാം.ഇതിനിടെ സ്ഥലത്തേക്ക് പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ എത്തുകയായിരുന്നു.സ്ഥലത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർ ബൽറാമിന് നേരെ ചീമുട്ടയെറിഞ്ഞു.പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി.പോലീസുകാർക്കും പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
ബസ്സിൽ നിന്നും വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ക്‌ളീനർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ-ഇരിട്ടി റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക്
കണ്ണൂർ:ബസ്സിൽ കയറുന്നതിനിടെ വീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.എടയന്നൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇ.എം ആദിത്യൻ,കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി പാർവൺ പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെയായിരുന്നു സംഭവം.ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ആഷിക്ക് ബസ് കൊതേരി സ്റ്റോപ്പിൽ നിർത്തിയപ്പോൾ വിദ്യാർഥികൾ കയറുന്നതിനിടെ ക്‌ളീനർ വാതിലടച്ചെന്നാണ് പരാതി.കൈ വാതിലിനിടിച്ചു വീണതിനെ തുടർന്നാണ് ഇരുവർക്കും പരിക്കേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് ബസിലെ ക്‌ളീനർ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ഇതിൽ പ്രതിഷേധിച്ച് ഇരിട്ടി-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും.
അൻപത്തിയെട്ടാമത് സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം
തൃശൂർ:അൻപത്തിയെട്ടാമത് കേരളാ സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം.49 മത്സര ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 874 പോയിന്റുമായി കോഴിക്കോടാണ് ഒന്നാം സ്ഥാനത്ത്.868 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്.855 പോയിന്റ് നേടിയ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.നാടോടി നൃത്തവും മിമിക്രിയുമാണ് ഇന്ന് നടക്കാനുള്ള മത്സരങ്ങൾ.പ്രധാന വേദിയായ നീർമാതളത്തിൽ വൈകിട്ട് നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും.മന്ത്രിമാരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാന സ്കൂൾ കലോത്സവം;തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
തൃശൂർ:സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസമായ നാളെ തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു. സർക്കാർ,എയ്ഡഡ്,അൺ എയ്ഡഡ് സ്കൂളുകൾക്കാണ് അവധി.സിബിഎസ്ഇ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
വാഹന രെജിസ്ട്രേഷൻ കേസ്;നടി അമല പോൾ ക്രൈം ബ്രാഞ്ചിന് മുൻപാകെ ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി:വ്യാജ രേഖ ചമച്ച് പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത കേസിൽ നടി അമല പോൾ ക്രൈം ബ്രാഞ്ചിന് മുൻപാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം.ഈ മാസം 15ന് അമല ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.അന്ന് രാവിലെ 10 മണി മുതൽ ഒരുമണി വരെ ക്രൈം ബ്രാഞ്ചിന് അമലയെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി ഉത്തരവിട്ടു.മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് അമല പോൾ നൽകിയ ഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.ഒരുകോടി 20 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ പുതുച്ചേരിയിൽ വ്യാജ മേൽവിലാസമുപയോഗിച്ച് രജിസ്റ്റർ ചെയ്തത് വഴി അമല പോൾ 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കേസ്.
പൂട്ടിക്കിടന്ന വീടിന്റെ തട്ടിൻപുറത്തു നിന്നും ബോംബ് ശേഖരം കണ്ടെടുത്തു
കണ്ണൂർ:ഏലാംകോട് പൂട്ടിക്കിടന്ന വീടിന്റെ തട്ടിൻപുറത്തു നിന്നും ബോംബ് ശേഖരം കണ്ടെടുത്തു.വീടിന്‍റെ തട്ടിൻപുറത്ത് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.പോലീസ് പരിശോധന തുടരുകയാണ്.
മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയ സംഭവം;അപകട കാരണം ഡ്രൈവർക്ക് പക്ഷാഘാതമുണ്ടായത്
മലപ്പുറം:നിലമ്പൂർ വഴിക്കടവിനടുത്ത് ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ടു കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ അപകട കാരണം ലോറി ഡ്രൈവർക്ക് പക്ഷാഘാതമുണ്ടായതാണെന്ന് റിപ്പോർട്ട്.ശരീരത്തിന്റെ ഒരുഭാഗം തളർന്ന ഡ്രൈവർ മുസ്തഫയെ(64) നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടക്കുന്നതിനു മുൻപ് ഡ്രൈവർക്ക് പക്ഷാഘാതം സംഭവിച്ചിരുന്നുവെന്നാണ് ഡോക്റ്റർമാർ നൽകുന്ന വിവരം.മണിമൂളിയിൽ ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്.നിയന്ത്രണംവിട്ട ലോറി സ്കൂട്ടർ,ബസ്,ഓട്ടോറിക്ഷ എന്നിവയിൽ ഇടിച്ച ശേഷം ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികൾ അടക്കമുള്ളവരുടെ മേൽ പാഞ്ഞു കയറുകയായിരുന്നു.
ഷെഫിൻ ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി;വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ
കൊച്ചി:ഷെഫിൻ ജഹാനെതിരെ കനകമല ഐഎസ് പ്രതികൾ മൊഴി നൽകി.ഷെഫിനെ അടുത്തറിയാമെന്നാണ് വിയ്യൂർ ജയിലിൽ കഴിയുന്ന ഐഎസ് പ്രതികളായ മൻസീദിന്‍റെയും സഫ്‌വാന്റെയും മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഷെഫിൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നും ഇവർ മൊഴി രേഖപ്പെടുത്തി.കനകമല കേസിലെ പ്രതികളുമായി സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണ് നേരത്തേ ഷെഫിൻ പറഞ്ഞിരുന്നത്.ഹാദിയ കേസിൽ എൻഐഎയുടെ വാദങ്ങൾക്ക് ബലം നൽകുന്നതാണ് ഈ മൊഴികൾ.പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഷെഫിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.ഐഎസ് ഏജന്റുമാരുമായി ഷെഫിൻ ജഹാൻ സംസാരിച്ചതിന് തെളിവുകളുണ്ടെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു. ഷെഫിൻ തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ അത് ഹാദിയ കേസിനെ കാര്യമായി ബാധിച്ചേക്കും.
നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം ചോർത്തി നൽകിയെന്ന ദിലീപിന്റെ ഹർജിയിൽ വിധിപറയുന്നത് ഈ മാസം 17 ലേക്ക് മാറ്റി
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ദിലീപിന്റെ ഹർജിയിൽ വിധിപറയുന്നത് ഈ മാസം 17 ലേക്ക് മാറ്റി.പോലീസാണ് കുറ്റപത്രം ചോർത്തിയതെന്നും ഇത് ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നുമാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നത്.അതേസമയം ദിലീപ് തന്നെയാണ് കുറ്റപത്രം ചോർത്തി നൽകിയതെന്ന വാദമാണ് പോലീസ് കോടതിയിൽ ഉന്നയിച്ചത്.കേസിൽ നിർണായകമായേക്കാവുന്ന മൊഴിപ്പകർപ്പുകളും നേരത്തെ പുറത്തുവന്നിരുന്നു.