തിരുവനന്തപുരം:തന്റെ സഹോദരനെ കൊന്നവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് സൈബർ കൂട്ടായ്മ്മ നടത്തുന്ന പ്രതിഷേധ മാർച്ച് ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ജസ്റ്റിസ് ഫോർ ശ്രീജിത്ത് എന്ന പ്ലക്കാഡുകളുമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത്.പ്രമുഖർക്ക് മാത്രമല്ല ശ്രീജിത്തിനും നീതി ലഭിക്കണമെന്ന ആഹ്വാനവുമായാണ് യുവാക്കൾ പ്രതിഷേധപ്രകടനം നടത്തുന്നത്. അയൽവാസിയായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പോലീസുകാർ തല്ലിക്കൊന്ന തന്റെ സഹോദരന് നീട്ടി കിട്ടണം എന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചിട്ട് 764 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. അയൽവാസിയായ പെൺകുട്ടിയെ പ്രണയിച്ച ശ്രീജിത്തിന്റെ അനുജൻ ശ്രീജീവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ഉന്നത സ്വാധീനമുപയോഗിച്ച് കള്ളക്കേസിൽ കുടുക്കുകയായിരുന്നു.അനുജനെ കൊന്നവർക്കെതിരെ നിയമ നടപടി എടുക്കണം.കൊലപാതകം സിബിഐ അന്വേഷിക്കണം എന്നതാണ് ശ്രീജിത്തിന്റെ ആവശ്യം.ഇത് നേടിയെടുക്കും വരെ സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം കിടക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജൻ ശ്രീജീവ് പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെടുന്നത്.അടിവസ്ത്രത്തിൽ സൂക്ഷിച്ച വിഷം കഴിച്ച് ശ്രീജീവ് ആത്മഹത്യ ചെയ്തു എന്നാണ് മരണത്തെ കുറിച്ച് പോലീസ് പറഞ്ഞത്.എന്നാൽ ശ്രീജിവിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു എന്നും പോലീസ് മർദ്ദനത്തെ തുടർന്നാണ് ശ്രീജിവ് മരിച്ചതെന്നും കുടുംബം ആരോപിച്ചു.തുടർന്ന് അന്നത്തെ സിഐ ആയിരുന്ന ഗോപകുമാറും എസ്‌ഐ ഫിലിപ്പോസും ചേർന്ന് ശ്രീജിവിനെ ക്രൂരമായി മർദിച്ചു എന്നും അതിനു മറ്റു സിവിൽ പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നു എന്നും പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.വ്യാജരേഖ ചമച്ചു പ്രതികളായ പോലിസുകാർ രക്ഷപ്പെടുകയും ചെയ്തു.
അർധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ മിന്നലിനെ പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞു
പയ്യോളി:അർധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ മിന്നലിനെ പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞു.ബസിന് രണ്ടു സ്ഥലത്തുവെച്ച് പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് ചോമ്പാല കുഞ്ഞിപ്പള്ളിക്ക് സമീപം പോലീസ് ജീപ്പ് കുറുകെയിട്ട് തടയുകയായിരുന്നു.ശനിയാഴ്ച പുലർച്ചെ ദേശീയ പാതയിലാണ് സംഭവങ്ങൾ അരങ്ങേറിയത്. കോട്ടയം പാലായിലെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനി രാത്രി എട്ടുമണിക്കാണ് പാലായിൽ നിന്നും കെഎസ്ആർടിസി മിന്നൽ ബസ്സിൽ കയറിയത്. വരെയായിരുന്നു ഓൺലൈൻ വഴി ടിക്കട്റ്റ് ബുക്ക് ചെയ്തിരുന്നത്. കോഴിക്കോട്ട് എത്തിയപ്പോഴാണ് ബസ് കാസർകോട്ടേക്കാണെന്നു മനസിലായത്.തുടർന്ന് പയ്യോളിയിൽ ഇറങ്ങുന്നതിനായി ഈ ബസിൽ തന്നെ യാത്ര ചെയ്യാൻ തീരുമാനിച്ചു.എന്നാൽ കണ്ടക്റ്റർ ടിക്കറ്റ് എടുക്കാൻ വന്നപ്പഴേക്കും ബസ് കോഴിക്കോട് വിട്ടിരുന്നു.ബസ് പയ്യോളിയിൽ നിർത്തില്ലെന്നു പറഞ്ഞ കണ്ടക്റ്റർ വേണമെങ്കിൽ കണ്ണൂർക്ക് ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞു.മിന്നൽ ബസിനു ഒരു ജില്ലാ കേന്ദ്രം കഴിഞ്ഞാൽ അടുത്ത ജില്ലാ കേന്ദ്രത്തിൽ മാത്രമേ സ്റ്റോപ്പുള്ളൂ എന്ന് പറഞ്ഞതിനാൽ വിദ്യാർത്ഥിനി കണ്ണൂർക്ക് ടിക്കറ്റ് എടുത്തു.ശേഷം അബദ്ധം പറ്റിയ വിവരം വിദ്യാർത്ഥിനി പിതാവിനെ വിളിച്ചറിയിച്ചു.പിതാവ് പയ്യോളി പോലീസ് സ്റ്റേഷനിൽ പോയി വിവരം പറഞ്ഞതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസർ പയ്യോളിയിൽ എത്തി ബസിനു കൈകാണിച്ചു.എന്നാൽ ബസ് നിർത്താതെ പോവുകയായിരുന്നു.ഉടനെ മൂരാട് പാലത്തിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വിവരമറിയിച്ചു.ഈ പോലീസുകാരനും ബസിനു കൈനീട്ടിയെങ്കിലും ബസ് അവിടെയും നിർത്തിയില്ല.പിന്നീട് പോലീസ് വയർലെസ്സ് സൈറ്റിലൂടെ വിവരം കൈമാറി.തുടർന്നാണ് ചോമ്പാല പോലീസ് ജീപ്പ് കുറുകെയിട്ട് ബസ് തടഞ്ഞത്.പിതാവ് ബൈക്കിലെത്തി കുട്ടിയെ കൂട്ടികൊണ്ടു വന്നു.പോലീസിൽ പരാതിയും നൽകി.രാത്രി പത്തുമണികഴിഞ്ഞാൽ കെഎസ്ആർടിസി ഉൾപ്പെടെ ഏതു ബസും സ്ത്രീകൾ പറയുന്നിടത്തു നിർത്തി അവരെ ഇറക്കണമെന്ന നിയമം നിലവിലുള്ളപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാരുടെ ഈ ക്രൂരത. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചോമ്പാല പോലീസ് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസെടുത്തു.പോലീസ് കൈകാണിച്ചിട്ടും നിർത്താതിരുന്നതിന് പയ്യോളി പോലീസ് ബസ് ഡ്രൈവർക്കെതിരെ സ്വമേധയാ കേസെടുത്തു.
കൊച്ചിയിലെ മോഷണ പരമ്പര;ഒരാൾ കൂടി പിടിയിൽ
കൊച്ചി:തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി.മോഷണത്തിൽ നേരിട്ട് പങ്കെടുക്കാതെ പ്രതികളെ സഹായിച്ച ഷെമീം ആണ് ബെംഗളൂരുവിൽ പിടിയിലായത്. കേസിലെ മൂന്നു പ്രതികൾ നേരത്തെ ഡൽഹിയിൽ പിടിയിലായിരുന്നു.ഇവരെ മൂന്നുപേരെയും കൊച്ചിയിലെത്തിച്ചു.മോഷണത്തിലെ മുഖ്യ ആസൂത്രകൻ നസീർഖാന്റെ മരുമകനാണ് ഷെമീം.ഇയാളിൽ നിന്നും നസീർഖാന്റെ ഫോണും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.കൊച്ചി എരൂരിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു വീഴ്ത്തി 54 പവനും പുല്ലേപ്പടിയിലെ വീട്ടിൽ വയോധികനെ ബന്ദിയാക്കി 5 പവനുമാണ് മോഷണസംഘം കവർന്നത്.
മുംബൈ വിമാനത്താവളത്തിലെ കോൺഫെറൻസ് ഹാളിൽ തീപിടുത്തം
മുംബൈ:മുംബൈ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ വൺ എയിലുള്ള കോൺഫെറൻസ് ഹാളിൽ തീപിടുത്തം.അഗ്നിശമന സേന തീയണച്ചതായും തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.എട്ട് ഫയർ എൻജിനുകൾ എത്തിയാണ് തീ കെടുത്തിയത്.യാത്രക്കാർ ഉപയോഗിക്കുന്ന മുറികളിൽ നിന്നും വളരെ അകലെയാണ് തീപിടിച്ച കോൺഫെറൻസ് ഹാൾ.അതിനാൽ തീപിടുത്തം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കണ്ണൂർ പിണറായിയിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:പിണറായി ഡോക്റ്റർമുക്കിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.കെഎസ്ആർടിസി ഡ്രൈവർ പറമ്പത്ത് വീട്ടിൽ ബാബുവിന്റെ ഭാര്യ പ്രീത(38),മക്കളായ വൈഷ്‌ണ(8),ലയ(ഒന്നര)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രീതയുടെ ഭർത്താവും അമ്മയും മംഗലാപുരത്ത് ചികിത്സക്കായി പോയിരിക്കുകയായിരുന്നു.ഈ സമയത്താണ് അപകടം നടന്നതെന്നാണ് സംശയിക്കുന്നത്. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
മുംബൈയിൽ കാണാതായ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു;മലയാളിയടക്കം നാലുപേർ മരിച്ചു
മുംബൈ:മുംബൈയിൽ ഒഎൻജിസി പ്രവർത്തകർ സഞ്ചരിച്ച ഹെലികോപ്പ്റ്റർ അപകടത്തിൽപ്പെട്ട് മലയാളിയടക്കം നാലുപേർ മരിച്ചു.ചാലക്കുടി സ്വദേശി വി.കെ. ബാബുവാണ് മരിച്ചത്. രണ്ട് പൈലറ്റുമാരും അഞ്ച് ഒഎൻജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതിൽ മൂന്നു പേർ മലയാളികളായിരുന്നു.ഒഎൻജിസി പ്രൊഡക്‌ഷൻ വിഭാഗത്തിൽ ഡപ്യൂട്ടി ജനറൽ മാനേജർമാരായ ചാലക്കുടി സ്വദേശി വി.കെ. ബാബു, കോതമംഗലം സ്വദേശി ജോസ് ആന്‍റണി, തൃശൂർ സ്വദേശി പി.എൻ. ശ്രീനിവാസൻ എന്നിവരാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മലയാളികൾ.ജുഹുവിൽ നിന്നും രാവിലെ 10.20 ന് പറന്നുയർന്ന ഹെലികോപ്റ്റർ ദഹാനുവിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് തകർന്നു വീണത്. കാണാതായവർക്കുവേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.വിമാനങ്ങളും കപ്പലുകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.10.58ന് ഒ.എന്‍.ജി.സിയുടെ നോര്‍ത്ത്ഫീല്‍ഡില്‍ ഇറങ്ങേണ്ടതായിരുന്നു എഎസ് 365 എന്‍3 ഹെലികോപ്റ്റര്‍.എന്നാല്‍ പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കു ശേഷം മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ അകലെ വെച്ച് ഹെലികോപ്റ്ററില്‍ നിന്നുള്ള സിഗ്‌നൽ നിലയ്ക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
മുംബൈയിൽ ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്റർ കാണാതായി
മുംബൈ:മുംബൈയിൽ ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലിക്കോപ്റ്റർ കാണാതായി.ശനിയാഴ്ച രാവിലെ 10.20ന് ജൂഹുവിലെ ഹെലിപാഡിൽനിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്.രണ്ട് പൈലറ്റുമാരും അഞ്ച് ഒഎൻജിസി ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മുംബൈയിൽനിന്നും 30 നോട്ടിക്കൽ മൈൽ അകലെ കടലിനു മുകളിൽവച്ചാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് എയർ ട്രാഫിക് കൺട്രോൾ വിഭാഗം അറിയിച്ചു. പവൻ ഹാൻസ് വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് കാണാതായത്. കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ ഹെലികോപ്റ്ററിനായി തെരച്ചിൽ തുടരുകയാണ്.
മഹാരാഷ്ട്രയിൽ ബോട്ടപകടത്തിൽ നാല് കുട്ടികൾ മരിച്ചു
മുംബൈ:മഹാരാഷ്ട്രയിൽ ബോട്ടപകടത്തിൽ നാല് കുട്ടികൾ മരിച്ചു.പൽഗാർ ജില്ലയിലെ ദഹാനു കടൽത്തീരത്താണ് അപകടമുണ്ടായത്.40 ഓളം വിദ്യാർഥികളുമായി പോയ ബോട്ടാണ് മുങ്ങിയത്.30 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുകയാണ്.രക്ഷാപ്രവർത്തങ്ങൾക്കായി രണ്ടു കപ്പലുകളും മൂന്നു കോസ്റ്റ് ഗാർഡ് യൂണിറ്റുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.കൂടുതൽ കുട്ടികളെ കയറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തെ തുടർന്ന് മുംബൈ തീരത്തേക്കുള്ള കപ്പലുകൾ വഴിതിരിച്ചു വിട്ടിരിക്കുകയാണ്.
സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരേ നിറത്തിലാക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരേ നിറത്തിലാക്കും.മുൻഗണനക്കാർക്ക് വ്യത്യസ്ത നിറം നൽകി പ്രത്യേകമായി അടയാളപ്പെടുത്തുന്നതിനെതിരെ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് കാർഡുകൾ ഒരേ നിറത്തിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ അന്ത്യോദയ,മുൻഗണന,മുൻഗണനേതര,സബ്‌സിഡി, വിഭാഗങ്ങളാണുള്ളത്.ഓരോ വിഭാഗക്കാർക്കും വ്യത്യസ്ത നിറത്തിലുള്ള കാർഡുകളുമാണ് നിലവിലുള്ളത്.നിലവിലെ വ്യത്യസ്ത നിറങ്ങൾ ഒഴിവാക്കി കാർഡുകൾക്ക് ഒരേ നിറം നൽകി അതിൽ ഏതു വിഭാഗമാണെന്ന് രേഖപ്പെടുത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.മുൻഗണനാ വിഭാഗക്കാർക്ക് മുൻപ് ബിപിഎൽ വിഭാഗത്തിന് ലഭിച്ചിരുന്ന ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കും.മുൻപ് ചികിത്സ ആനുകൂല്യം ലഭിക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്ത 4.3 ലക്ഷം പേരുടെ പട്ടിക പുനഃപരിശോധിക്കുകയും ഇതിൽ 2.6 ലക്ഷം പേർ അർഹരാണെന്നു കണ്ടെത്തിയിട്ടുമുണ്ട്.അതോടൊപ്പം ലൈഫ് മിഷൻ പദ്ധതിയിൽ ചേരുന്ന അർഹരായ റേഷൻ കാർഡില്ലാത്തവർക്ക് താൽക്കാലിക റേഷൻ കാർഡ് നൽകാനും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
കർണാടകയിൽ ബസ് മറിഞ്ഞ് എട്ടുപേർ മരിച്ചു
ഹാസൻ:കർണാടകയിലെ ഹാസനിൽ ബസ് മറിഞ്ഞ് എട്ടുപേർ മരിച്ചു.ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.കർണാടക റോഡ് ട്രാൻസ്‌പോർട് കോർപറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.മൊത്തം 43 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.ബസിന്റെ ഡ്രൈവറും കണ്ടക്റ്ററും ഉൾപ്പെടെ അഞ്ചുപേർ സംഭവസ്ഥലത്തുവെച്ചും രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും ഒരാൾ ആശുപത്രിയിൽവെച്ചുമാണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽ നിന്നും ധർമശാലയിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.