ദേശീയപാതയിൽ ലോറിയിടിച്ച് മൂന്നു വാഹനങ്ങൾ തകർന്നു;മൂന്നുപേർക്ക് പരിക്കേറ്റു

keralanews lorry hits three vehicles in national high way and three injured

കരിവെള്ളൂർ:ദേശീയപാതയിൽ അതിവേഗത്തിൽ വന്ന ലോറിയിടിച്ച് മൂന്നു വാഹനങ്ങൾ തകർന്നു.കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു.ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് മീൻ കൊണ്ടുപോവുകയായിരുന്ന ലോറി ഓണക്കുന്നിൽ വെച്ച് എതിർദിശയിൽ വരികയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും ടയറും പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന മഞ്ചേരി സ്വദേശികളായ അബ്ദുൽ ഷെഫീക്ക്,അമീർ,ബഷീർ എന്നിവർക്ക് പരിക്കേറ്റു.കാറിലിടിച്ച ലോറി നിർത്താതെ അതിവേഗത്തിൽ പയ്യന്നൂർ ഭാഗത്തേക്ക് പോയി. തുടർന്ന് ഓണക്കുന്ന്,ചേടികുന്ന് ഭാഗങ്ങളിലെ നാട്ടുകാരും വ്യാപാരികളും പല വണ്ടികളിലായി ലോറിയെ പിടികൂടാൻ പിന്തുടർന്നു.ഒപ്പം കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് ചാലക്കുടിയിലേക്ക് മടങ്ങുകയായിരുന്ന കാറിലെ ഡ്രൈവർ ജോഷിയോടും സഹായം അഭ്യർത്ഥിച്ചു. ഇയാൾ കണ്ടോത്ത് വെച്ച് കാർ ലോറിക്ക് കുറുകെയിട്ട് തടയാൻ ശ്രമിച്ചുവെങ്കിലും കാറിനെ ഇടിച്ചു തെറിപ്പിച്ച് ലോറി പിന്നെയും മുൻപോട്ടെടുത്തു. ഇതിനിടെ ഒരു ഓട്ടോയിലും ലോറിയിടിച്ചു.അപ്പോഴേക്കും മറ്റു വാഹനങ്ങൾ മുന്നിൽ കയറി തടസം നിന്നതിനാൽ ലോറിക്ക് മുന്നോട്ട് പോകാനായില്ല.പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ലോറി ഡ്രൈവർമാരായ കർണാടക സ്വദേശികളായ സാദിക്ക്,തൗഫീക്ക് എന്നിവരെ കസ്റ്റഡിയിലെടുത്തു.

തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിനുള്ളിൽ തീപിടുത്തം

keralanews fire broke out near new bus stand thalasseri

തലശ്ശേരി:തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിനുള്ളിൽ തീപിടുത്തം.ബസ്സ്റ്റാന്റിനുള്ളിലെ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഫയർഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്

keralanews court will consider the petition of dileep demanding the visuals in actress attack case

കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജിയിൽ വിധി ഇന്ന്.കേസിൽ നേരത്തെ വിചാരണ കോടതിയിൽ സമർപ്പിക്കാനുള്ള രേഖകളുടെയും തെളിവുകളുടെയും പട്ടികയും സത്യവാങ്മൂലവും പോലീസ് പ്രതിഭാഗത്തിനു നൽകിയിരുന്നു.ഏഴാം തീയതി വരെ ഇത് പരിശോധിക്കാൻ പ്രതികൾ സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ എല്ലാ പ്രതികളോടും ഈ മാസം ഏഴിന് കോടതിയിൽ ഹാജരാകാനും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

keralanews actress divya unni got married again

ഹൂസ്റ്റൺ:ചലച്ചിത്ര താരവും നർത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി.ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മേൽശാന്തി ശ്രീ കക്കാട്ടുമന ശശിധരന്റെ കാർമ്മികത്വത്തിലായിരുന്നു വിവാഹം.മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് വരൻ.നാല് വർഷമായി ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനായ അരുൺ അവിടെ എൻജിനീയറാണ്.സിനിമയിൽ സജീവമായിരിക്കുന്ന സമയത്തായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹം. അമേരിക്കൻ മലയാളിയായ സുധീറായിരുന്നു വരൻ.പിന്നീട് ആദ്യ ഭർത്താവുമായുള്ള വിവാഹ മോചനം ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു വിവാഹ മോചനം.ഈ ബന്ധത്തിൽ ദിവ്യയ്ക്ക് രണ്ടുമക്കളുണ്ട്.ഹൂസ്റ്റണിൽ നൃത്ത വിദ്യാലയം നടത്തുകയാണ് ദിവ്യ ഉണ്ണി ഇപ്പോൾ.

ഞായറാഴ്ചയിലെ സൗജന്യ കോൾ ഓഫർ ബിഎസ്എൻഎൽ പുനഃസ്ഥാപിച്ചു

keralanews bsnl reinstaled the free call offer on sundays

കൊച്ചി:ഞായറാഴ്ചകളിലെ സൗജന്യ കോളുകൾ നിർത്തലാക്കാനുള്ള തീരുമാനം ബിഎസ്എൻഎൽ പിൻവലിച്ചു.മൂന്നു മാസത്തേക്ക് കൂടി ഓഫർ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.ഞായറഴ്ചകളിൽ ബിഎസ്എൻഎൽ ലാൻഡ് ലൈനുകളിൽ നിന്നും ഏതു നെറ്റ്‌വർക്കിലേക്കും സൗജന്യമായി വിളിക്കുന്നതിനുള്ള ഓഫർ ഫെബ്രുവരി ഒന്ന് മുതൽ നിർത്തലാക്കാനായിരുന്നു ബിഎസ്എൻഎൽ തീരുമാനം.രാത്രികാല സൗജന്യ കോളുകൾ ബിഎസ്എൻഎൽ നേരത്തെ നിർത്തലാക്കിയിരുന്നു. മൊബൈൽ ഫോണുകളുടെ വരവോടെ ലാൻഡ് ഫോണുകൾക്ക് നഷ്ട്ടപ്പെട്ട ജനപ്രീതി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ 2016 ലെ സ്വതന്ത്ര ദിനത്തിലാണ് ബിഎസ്എൻഎൽ ഞായറാഴ്ചകളിൽ സൗജന്യ കോൾ പദ്ധതി അവതരിപ്പിച്ചത്.

മട്ടന്നൂരിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു

keralanews two youths died in an accident in mattanur

മട്ടന്നൂർ:മട്ടന്നൂർ കോടതിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോട് കൂടിയായിരുന്നു അപകടം. എസ്എഫ്ഐ തലശ്ശേരി ഏരിയ വൈസ് പ്രെസിഡന്റും ഡിവൈഎഫ്ഐ മുഴപ്പിലങ്ങാട് മേഖല കമ്മിറ്റി അംഗവുമായ കൂടക്കടവ് ചേറാലക്കണ്ടി താഹിറ മൻസിലിൽ പി.കെ ഹർഷാദ്(22),സഹയാത്രികൻ തലശ്ശേരി റോയൽ റോബ്‌സിലെ സെയിൽസ്മാൻ എം.എം റോഡിൽ നെങ്ങതാൻ ഹൗസിൽ കെ.എം മുഹമ്മദ് സഫ്‌വാൻ(21) എന്നിവരാണ് മരിച്ചത്.കൂരൻമുക്കിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ പുറപ്പെട്ടതാണ് ഇരുവരും.റോഡിൽ തെറിച്ചു വീണ ഇവരെ നാട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കണ്ണൂർ എ കെ ജി സഹകരണാശുപത്രി മോർച്ചറിയിൽ.

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

keralanews three persons from a family found hanging in thiruvananthapuram

തിരുവനന്തപുരം:ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കിളിമാനൂര്‍ സ്വദേശി സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, ഇവരുടെ ഏകമകന്‍ സനാതനന്‍ എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുൻപായി ഇവർ പോലീസ് സ്റ്റേഷനിലേക്കയച്ച ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് പോലീസ് വിവരമറിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി തന്നെ പോലീസ് സംഘം ശാസ്തമംഗലത്തെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മൂന്നു പേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ മരണാനന്തര ചടങ്ങുകള്‍ക്കായി മാറ്റിവച്ച പണവും കണ്ടെത്തി. ഈ പണത്തെക്കുറിച്ച്‌ ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല.പൊതുമരാമത്ത് വകുപ്പില്‍ നിന്നും വിരമിച്ച കിളിമാനൂര്‍ സ്വദേശി സുകുമാരന്‍ നായരും കുടുംബവും അയല്‍വാസികളുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുക്കളുമായും ഇവര്‍ക്ക് വലിയ അടുപ്പമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ കഴിഞ്ഞദിവസം രാത്രി പോലീസ് എത്തിയപ്പോഴാണ് അയല്‍വാസികള്‍ പോലും സംഭവമറിഞ്ഞത്.

മലയാളികളടക്കം 22 ഇന്ത്യൻ നാവികരുമായി പോയ എണ്ണക്കപ്പൽ കാണാതായി

keralanews oil ship with 22 indian sailors including two malayalees went missing

ആഫ്രിക്ക:മലയാളികളടക്കം 22 ഇന്ത്യൻ നാവികരുമായി പോയ എണ്ണക്കപ്പൽ കാണാതായി. വടക്കൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ നിന്നാണ് എം.ടി മീരാൻ എന്ന കപ്പൽ കാണാതായിരിക്കുന്നത്.ജനുവരി 30 നാണ് ബെനിൻ സമുദ്രാതിർത്തിയിലേക്ക് കപ്പൽ പ്രവേശിച്ചത്.പിറ്റേദിവസം കപ്പൽ കാണാതാവുകയായിരുന്നു. പനാമയിൽ രജിസ്റ്റർ ചെയ്ത 52 കോടിയുടെ ഇന്ധനമാണ് കപ്പലിൽ ഉണ്ടായിരുന്നത്.കാസർകോഡ് ഉദുമ പേരിലവളപ്പിലെ ശ്രീ ഉണ്ണിയും കോഴിക്കോട് സ്വദേശിയുമായ ജീവനക്കാരനുമാണ് കാണാതായ കപ്പലിലുള്ള രണ്ട് മലയാളികൾ.കടൽക്കൊള്ളക്കാർ കപ്പൽ തട്ടിയെടുത്തതാകാമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിട്ടുണ്ട്.രാജ്യത്തുടനീളം നാവിക പരിശീലന കേന്ദ്രങ്ങളുള്ള മുംബൈയിലെ ഈസ്റ്റ് അന്ധേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേൺ ഷിപ് മാനേജ്‌മെന്റ് കമ്പനിയുടെ ജീവനക്കാരാണ് കാണാതായ കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും.ജീവനക്കാരുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ കപ്പലിന് എന്ത് സംഭവിച്ചുവെന്ന് ഉറപ്പിക്കാനാകില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി

keralanews complaint that lakhs of money received by offering job in kannur airport

കണ്ണൂർ:കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന പുതിയ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ മട്ടന്നൂര്‍ സ്വദേശിയും തലശേരി കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനുമായ ബൈജു എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പലരില്‍ നിന്നും പണം വാങ്ങിയതായാണ് ആരോപണം.ഇതിനു പിന്നില്‍ വന്‍ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. വിമാനത്താവളത്തിലെ ജോലിക്കായി തലശേരി സ്വദേശിയില്‍ നിന്നും ഇയാള്‍ മൂന്ന് ലക്ഷം രൂപ കൈപ്പറ്റുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്;ഇന്ത്യ ജേതാക്കൾ

keralanews india became the champions in under19 world cup cricket

ക്രൈസ്റ്റ്ചർച്ച്:അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി. ഇത് നാലാം തവണയാണ് കൗമാര ലോകകപ്പിൽ ഇന്ത്യ വിശ്വകിരീടം ഉയർത്തുന്നത്. ഫൈനലിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ കിരീടനേട്ടം.ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 47.2 ഓവറിൽ 216 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു.തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.ഇടംകൈയൻ ഓപ്പണർ മൻജോത് കൽറയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 101 റണ്‍സുമായി പുറത്താകാതെ നിന്ന മൻജോത് കളിയിലെ താരവുമായി.102 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു മൻജോതിന്‍റെ ഇന്നിംഗ്സ്. 47 റണ്‍സുമായി ഹാർവിക് ദേശായിയും പുറത്താകാതെ നിന്നു. ലോകകപ്പിൽ മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പുത്തൻ താരോദയം ശുബ്മാൻ ഗില്ലാണ് പ്ലെയർ ഓഫ് ദ ടൂർണമെന്‍റ്. ഗിൽ 374 റൺസാണ് ലോകകപ്പിൽ അടിച്ചു കൂട്ടിയത്.