കതിരൂർ:കതിരൂരും പൊന്ന്യത്തും വീടുകളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ ആക്രമണം.തിങ്കളാഴ്ച പലർച്ചെയാണ് ആക്രമണം നടന്നത്.ബിജെപി പ്രവർത്തകരായ പൊന്ന്യം ചോയോടത്തെ സുജിത്തിന്റെയും കൂരാച്ചി മടപ്പുരയ്ക്ക് സമീപം കുനിയിൽ ജയകൃഷ്ണന്റെയും വാഹനങ്ങളാണ് തകർത്തത്. സുജിത്തിന്റെ ഓട്ടോയുടെ ചില്ല് അടിച്ചു തകർത്തു.ജയകൃഷ്ണന്റെ കാറിന്റെ ചില്ലും അക്രമികൾ തകർത്തു.അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.പുള്ളോടിയിലെ സിപിഎം അനുഭാവിയായ ബിന്ദു നിവാസിൽ ബിജുവിന്റെ ബൈക്കിനു നേരെയും അക്രമമുണ്ടായി.അക്രമത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.ചുണ്ടങ്ങപൊയിൽ സ്കൂളിന് മുൻപിൽ നിർത്തിയിട്ടിരുന്ന കതിരൂർ ശോഭ ഫ്രൂട്സ് ഉടമ വിപിനിൻറെ കാറിന്റെ ചില്ലുകളും തകർത്തു. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ സ്കൂളിന് സമീപത്തുള്ള വീട്ടിൽ അമ്മയോടൊപ്പം പോയതായിരുന്നു വിപിൻ.ബൈക്കിലെത്തിയെ അക്രമി സംഘം കാറിന്റെ പുറകുവശത്തെ ചില്ല് എറിഞ്ഞുടയ്ക്കുകയായിരുന്നു.
കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആക്രമണം;15 പേർക്കെതിരെ പോലീസ് കേസെടുത്തു
കൊല്ലം:കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കയ്യേറ്റം.കൊല്ലം കടയ്ക്കൽ കൊട്ടുങ്ങലിൽ വെച്ച് ഇന്നലെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിച്ചു മടങ്ങവെയാണ് സംഭവം.ആർഎസ്എസ് പ്രവർത്തകരാണ് തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നും വടയമ്പാടി ദളിത് സമരത്തെ കുറിച്ച് സംസാരിച്ചതാണ് പ്രകോപനകാരണമെന്നും കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.വടയമ്പാടി സമരത്തിൽ ബിജെപി സ്വീകരിച്ച നിലപാടുകളെ പറ്റി കുരീപ്പുഴ ചടങ്ങിൽ സംസാരിച്ചിരുന്നു. ഒരുസംഘം ആളുകൾ അസഭ്യം പറയുകയും കാറിന്റെ ഡോർ ബലമായി പിടിച്ചു അടയ്ക്കുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ഇട്ടിവ പഞ്ചായത്ത് മെമ്പറും ബിജെപി പ്രവർത്തകനുമായ ദീപുവും ഇതിൽ ഉൾപ്പെടുന്നു.കൊട്ടാരക്കര റൂറൽ എസ്പി ബി.അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമത്തിൽ കർശന നടപടി എടുക്കാൻ പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.
വയനാട്ടിൽ വളർത്തുനായയുടെ കടിയേറ്റ് സ്ത്രീ മരിച്ചു
വയനാട്:വൈത്തിരിയിൽ വളർത്തുനായയുടെ കടിയേറ്റ് സ്ത്രീ മരിച്ചു.വൈത്തിരി അംബേദ്കർ കോളനി നിവാസിയായ രാജമ്മ (54) ആണ് മരിച്ചത്.രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയാണ് ഇവർക്ക് നായ കടിയേറ്റത്.ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.സ്ത്രീ മരിച്ചതിന് പിന്നാലെ നായയുടെ ഉടമയ്ക്കെതിരേ പോലീസ് നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു. റോട‌്‌വീലർ ഇനത്തിൽപെട്ട നായയാണ് സ്ത്രീയെ ആക്രമിച്ചത്.
ശ്രീശാന്ത് കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുണ്ടെന്ന് ബിസിസിഐ
ന്യൂഡൽഹി:ഐപിഎൽ കോഴക്കേസുമായി ബന്ധപ്പെട്ട് എസ്.ശ്രീശാന്തിനെതിരേ നിലപാടെടുത്ത് വീണ്ടും ബിസിസിഐ.ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിനെതിരെ തെളിവായി ഫോൺ സംഭാഷണമുണ്ടെന്ന് ബിസിസിഐ സുപ്രീം കോടതിയെ അറിയിച്ചു. ശ്രീശാന്തിന് ഏഴുലക്ഷവും ജിജു ജനാർദനന് നാലുലക്ഷവുമായിരുന്നു വാഗ്ദാനമെന്നും ബിസിസിഐ വ്യക്തമാക്കി.ക്രിക്കറ്റിൽ നിന്നും വിലക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്ത് ശ്രീശാന്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ബിസിസിഐ മുൻ നിലപാട് ആവർത്തിച്ചത്.ശ്രീശാന്തിന്‍റെ ഹർജിയിൽ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേരള ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐ ഭരണ ചുമതല വഹിക്കുന്ന വിനോദ് റായിക്കും നോട്ടീസ് അയച്ചു.നേരത്തെ ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.ഇതിനെ തുടർന്ന് ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.ഇതിനെതിരെ ബിസിസിഐ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.ഇതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.
പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട;രണ്ടുപേർ പിടിയിൽ
മലപ്പുറം:പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട.പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് 15 കിലോ കഞ്ചാവുമായി രണ്ടുപരെ പോലീസ് പിടികൂടിയത്. തേലക്കാട് സ്വദേശി ആഷിക്ക്,മഞ്ചേരി സ്വദേശി ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്.ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂരിൽ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു; സംഭവത്തിൽ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
ഇരിട്ടി:മുണ്ടയാംപറമ്പിൽ വീട്ടമ്മയ്ക്ക് പൊള്ളലേറ്റു.സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കണ്ടതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.മുണ്ടയാംപറമ്പ് നാട്ടേല്‍ പെരിയപ്പുറത്ത് മേരിക്കാണ്(58) പൊള്ളലേറ്റത്.ഞായറഴ്ച പുലര്‍ച്ചെ 5.30 തോടെ മേരിയുടെ വീട്ടില്‍ നിന്നു നിലവിളികേട്ട അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ വീട്ടമ്മയെ കഴുത്തിനു താഴേക്കു പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.പുറത്തുനിന്നെത്തിയ ആരോ തീകൊളുത്തിയതാണെന്നാണ് മേരി പോലീസിന് നൽകിയിരിക്കുന്ന മൊഴി.പിന്നീട് മജിസ്‌ട്രേറ്റ് ഇവരുടെ മൊഴിയെടുക്കാനായി പരിയാരത്ത് പോയെങ്കിലും അബോധാവസ്ഥയിലാതിനാല്‍ മൊഴിയെടുക്കാനായില്ല.സംഭവം നടക്കുമ്പോൾ വീട്ടിൽ മേരിയുടെ ഭർത്താവ് മാത്രമാണ് ഉണ്ടായിരുന്നത്.ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, കരിക്കോട്ടക്കരി എസ്‌ഐ ടോണി ജെ.മറ്റം എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
രണ്ടു മലയാളികൾ ഉൾപ്പെടെ 22 ജീവനക്കാരുമായി കാണാതായ എണ്ണക്കപ്പലിനായി തിരച്ചിൽ തുടരുകയാണെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി:രണ്ടു മലയാളികൾ ഉൾപ്പെടെ 22 ജീവനക്കാരുമായി കാണാതായ എണ്ണക്കപ്പലിനായി തിരച്ചിൽ തുടരുകയാണെന്ന് കേന്ദ്രസർക്കാർ.വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള പാനമ രജിസ്ട്രേഷനുള്ള എംടി മറൈൻ എക്സ്പ്രസ് എന്ന കപ്പലാണ് കഴിഞ്ഞ 31ന് വൈകുന്നേരം ആറരയോടെ കാണാതായത്.പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനീനിലെ കൊറ്റോനോ തീരത്തുവച്ചാണ് കപ്പലിൽനിന്നുള്ള സിഗ്നൽ അവസാനമായി ലഭിച്ചത്.കപ്പലിൽ കാസർഗോഡ് ജില്ലയിലെ ഉദുമ പെരിലാവളപ്പ് അശോകന്‍റെ മകൻ ശ്രീഉണ്ണി(25)യും ഒരു കോഴിക്കോട് സ്വദേശിയുമുണ്ട്.കപ്പൽ കാണാതായ വിഷയത്തിൽ ഇടപെട്ട കേന്ദ്ര സർക്കാർ അന്വേഷണത്തിനായി ബെനീനിലെയും നൈജീരിയയിലെയും സർക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്.കപ്പൽ കടൽ കൊള്ളക്കാർ റാഞ്ചിയതാകാമെന്ന സംശയമാണ് നിലനിൽക്കുന്നത്.
കണ്ണൂരിൽ സ്കൂൾ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു കുട്ടികൾക്ക് പരിക്ക്
കണ്ണൂർ:കണ്ണൂരിൽ സ്കൂൾ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു കുട്ടികൾക്ക് പരിക്ക്.തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂളിലെ വിദ്യാർഥികളായ വൈഷ (6), വിഷ്ണു (7) എന്നിവർക്കാണ് പരിക്കേറ്റ്. ഇവരെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ ഒന്പതുമണിയോട് കൂടി അലവിൽ പുതിയാപറമ്പ് കള്ളുഷാപ്പിനു മുൻവശം വച്ചാണ് അപകടമുണ്ടായത്.പയ്യാമ്പലം ഉർസുലിൻ സ്കൂളിന്‍റെ ബസും തളാപ്പ് മിക്സഡ് യുപി സ്കൂളിലെ ബസുമാണ് അപകടത്തിൽപെട്ടത്.രണ്ട് ബസിലും നിറയെ കുട്ടികള്‍ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു ബസ് സമീപത്തെ പോസ്റ്റിലേക്ക് ഇടിച്ചു കയറി.പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
നടിയെ ആക്രമിച്ച കേസ്;സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ദിലീപിന് കൈമാറി
കൊച്ചി:നടിയെ അകമിച്ച കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ദിലീപിന് കൈമാറി.സിസിടിവി ദൃശ്യങ്ങൾ, ഫോറൻസിക് പരിശോധന ഫലങ്ങൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവയാണ് പ്രോസിക്യൂഷൻ പ്രതിഭാഗത്തിന് കൈമാറിയത്. രണ്ട് മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലവും കൈമാറിയിട്ടുണ്ട്.കേസിലെ മുഖ്യപ്രതി സുനിൽകുമാർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കുറ്റസമ്മതം നടത്തുന്നതിന്‍റെ ശബ്ദരേഖയും കൈമാറിയിട്ടുണ്ട്. അതേസമയം നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ കോടതി ഇന്ന് വിധിപറഞ്ഞേക്കും. നേരത്തെ ഹർജി പരിഗണിക്കുമ്പോൾ ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങൾ അടർത്തിമാറ്റി നടിയെ അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു
ശ്രീജിത്ത് വീണ്ടും സമരം ആരംഭിച്ചു
തിരുവനന്തപുരം:തന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെക്രെട്ടെറിയേറ്റ് പടിക്കൽ സമരം നടത്തിയ ശ്രീജിത്ത് വീണ്ടും സമരം തുടങ്ങി.തന്റെ ജീവന് ഭീഷണിയുണ്ടെന്നും കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രെട്ടറിയേറ്റ് പടിക്കൽ വീണ്ടും സമരം നടത്തുന്നത്.ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയതിനെ തുടർന്നാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. സിബിഐ അന്വേഷണം ആരംഭിച്ച് അഞ്ചു ദിവസം പിന്നിട്ടപ്പോഴാണ് കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീജിത്ത് വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.കേസിൽ ഉൾപ്പെട്ടിരിക്കുന്നത് സമീപവാസികളായ പോലീസുകാരായതിനാൽ വീട്ടിൽ നില്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.രണ്ടു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണ് ശ്രീജിത്ത് വീണ്ടും സെക്രെട്ടറിയേറ്റ് പടിക്കൽ സമരത്തിനെത്തിയിരിക്കുന്നത്.