കണ്ണൂർ:അഴീക്കോട് കാപ്പിലെപീടികയ്ക്ക് സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്.സംഭവത്തിൽ കാപ്പിലെപീടിക സ്വദേശികളായ ലഗേഷ്(30),നിഖിൽ(23) എന്നിവർക്ക് പരിക്കേറ്റു.ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് ആക്രമണം ഉണ്ടായത്.ഈ സംഭവത്തിന് പിന്നാലെ രാത്രി പതിനൊന്നരയോട് കൂടി പൂതപ്പാറയിൽ ബിജെപി ഓഫീസിനു നേരെയും അക്രമം നടന്നു. പൂതപ്പാറ സ്കൂളിന് സമീപത്തെ ബിജെപി ഓഫീസായ കെ.ടി ജയകൃഷ്ണനെ മാസ്റ്റർ സ്മാരകമാണ് അടിച്ചു തകർത്തത്.അക്രമങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തള്ളി
കൊച്ചി:നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തള്ളി.അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്.കേസിന്‍റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയാണെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു.വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും.അങ്കമാലി കോടതിയിലെ നടപടികള്‍ പൂര്‍ത്തികരിച്ചതിനാല്‍ കേസിന്‍റെ വിചാരണ വേഗത്തിലാക്കണമെന്നും വിചാരണയ്ക്ക് വനിതാ ജഡ്ജിവേണമെന്നും ആവശ്യപ്പെട്ട് പോലിസ് ഹൈക്കോടതിയെ സമീപിക്കും. ദ്യശ്യങ്ങള്‍ നല്‍കണമെന്ന തന്‍റെ ആവശ്യം നിരസിച്ച കീഴ് കോടതി ഉത്തരവിനെതിരെ ദിലീപ് മേല്‍ക്കോടതിയെ സമീപിക്കും.
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാരോപിച്ച് കണ്ണൂരിൽ ബീഹാർ സ്വദേശിക്ക് ക്രൂര മർദനം
കണ്ണൂർ:കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാരോപിച്ച് കണ്ണൂരിൽ ബീഹാർ സ്വദേശിക്ക് ക്രൂര മർദനം.മാനന്തേരിയിലാണ് ബീഹാര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ കൂട്ടമായി മര്‍ദിച്ചത്. നാട്ടുകാർ യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ അഞ്ചു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കുമെന്ന് ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാം വ്യക്തമാക്കിയിരുന്നു. സംശയത്തിന്റെ പേരിൽ അതിക്രമത്തിന് മുതിരുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് അക്രമം നടന്നത്. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് കണ്ണവം പോലീസ് വ്യക്തമാക്കി.അക്രമത്തിനു ഇരയായ യുവാവിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.പരസ്പരം ബന്ധമില്ലാതെ സംസാരിച്ച ഇയാള്‍ക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ കയ്യില്‍ നിന്നും കണ്ണാടിപറമ്പ് സ്വദേശിയുടെ എ.ടി.എം കാര്‍ഡ്, ഒരു ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ലഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ആക്രമണകാരികളായ നായയെ വളർത്തുന്നത് തടയാൻ സമഗ്ര നിയമനിർമാണ സാധ്യതകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:ആക്രമണകാരികളായ നായയെ വളർത്തുന്നത് തടയാൻ സമഗ്ര നിയമനിർമാണ സാധ്യതകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി .വയനാട് വൈത്തിരിയിൽ തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ നായയുടെ കടിയേറ്റു മരിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.നായ്ക്കളെ വളർത്തുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലൈസൻസ് എടുത്താൽ പോലും നിലവിലുള്ള വ്യവസ്ഥ പ്രകാരം പിഴമാത്രമാണ് ശിക്ഷ.ഈ സാഹചര്യത്തിലാണ് നിയമ നിർമാണ സാധ്യതയെ കുറിച്ച് ആലോചിക്കുന്നത്.വയനാട്ടിൽ തൊഴിലുറപ്പ് തൊഴിലാളി വളർത്തുനായ്ക്കളുടെ കടിയേറ്റുമരിച്ച സംഭവത്തിൽ നായയുടെ ഉടമസ്ഥനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വളർത്തുനായ്ക്കൾക്ക് നിയമപ്രകാരമുള്ള ലൈസൻസില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെ വളർത്താൻ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടില്ല എന്നും വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു
കോഴിക്കോട്:കുന്നമംഗലത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചകഴിഞ്ഞ് മൂന്നുമണിയോട് കൂടിയാണ് അപകടം നടന്നത്.അപകടത്തിൽ ഇരു ബസിന്‍റെയും മുൻഭാഗം പൂർണമായും തകർന്നു.പോലീസും നാട്ടുകാരും ചേർന്നാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്. അപകടത്തെ തുടർന്ന് കുന്നമംഗലത്ത് ഗതാഗതവും തടസപ്പെട്ടു.
പെൻഷൻ മുടങ്ങിയതോടെ ചികിത്സയ്ക്ക് പണമില്ലാതെ കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു
കൊച്ചി:പെൻഷൻ മുടങ്ങിയതോടെ ചികിത്സയ്ക്ക് പണമില്ലാതെ കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു.പുതുവൈപ്പ് വലിയപറമ്പിൽ വി.വി റോയ്(58) ആണ് മരിച്ചത്.34 വർഷം കെഎസ്ആർടിസി ജീവനക്കാരനായിരുന്ന റോയ് മൂന്നരവർഷം മുൻപാണ് വിരമിച്ചത്.ഈ സമയം ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഒന്നും ഇയാൾക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല ആറുമാസമായി പെൻഷനും ലഭിച്ചിരുന്നില്ല.സര്‍വീസില്‍ നിന്ന് പിരിയുമ്പോള്‍ റോയി എറണാകുളം ബോട്ട് ജെട്ടി ഡിപ്പോയില്‍ സ്റ്റേഷന്‍മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്നു.ഹൃദ്രോഗിയായ റോയ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും പെൻഷന് അർഹതയുള്ളതുകൊണ്ട് ചികിത്സ ഇളവുകളും ലഭിച്ചില്ല.പരിശോധനയിൽ ബൈപാസ് സർജറി വേണമെന്ന് ഡോക്റ്റർമാർ നിർദേശിച്ചിരുന്നെങ്കിലും പണമില്ലാത്തതിനാൽ സർജറിക്ക് വിധേയനാകാനും സാധിച്ചില്ല.തിങ്കളാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട റോയിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെഎസ്ആർടിസി ഡ്രൈവറെ തെരുവുനായ്ക്കൾ കടിച്ചുകീറി
കായംകുളം:ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ഡ്രൈവറെ തെരുവുനായ്ക്കൾ കടിച്ചു കീറി.കായംകുളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. ചെട്ടികുളങ്ങര പൊത്ത് വിളയിൽ മധുക്കുട്ടൻ (48 )നാണ് മാരകമായി കടിയേറ്റത്. കാൽ മുട്ടിന്‍റെ ഒരുഭാഗം നായ്ക്കൾ കടിച്ചുകീറി.മധുക്കുട്ടനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കായംകുളം-പുനലൂർ വേണാട് ബസ്സിലെ ഡ്രൈവറാണ് മധുക്കുട്ടൻ.
രണ്ടു മലയാളികളടക്കം 22 ഇന്ത്യൻ ജീവനക്കാരുമായി കാണാതായ എണ്ണക്കപ്പൽ കടൽക്കൊള്ളക്കാർ മോചിപ്പിച്ചു
ന്യൂഡൽഹി:രണ്ടു മലയാളികളടക്കം 22 ഇന്ത്യൻ ജീവനക്കാരുമായി പോകവേ ആഫ്രിക്കൻ തീരത്തു വെച്ച് കാണാതായ എം.ടി മറൈൻ എന്ന എണ്ണക്കപ്പൽ കടൽക്കൊള്ളക്കാർ മോചിപ്പിച്ചതായി കമ്പനി അറിയിച്ചു.കപ്പലിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും പനാമയിലെ ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിങ് മാനേജ്‌മന്റ് പറഞ്ഞു.കപ്പൽ ഇപ്പോൾ ക്യാപ്റ്റന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് കമ്പനി അധികൃതർ നാവികരുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം മോചനദ്രവ്യം നല്കിയാണോ കപ്പൽ മോചിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് വ്യക്തതയായിട്ടില്ല.കപ്പൽ ഇപ്പോൾ ലക്ഷ്യപാതയിൽ തന്നെ മുന്നോട്ട് പോകുന്നതായും അടുത്ത തീരത്ത് അടുപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചു.
ഗർഭിണിക്ക് ബസ്സിൽ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ഗൃഹനാഥനെ ബസ്സിൽ നിന്നും തള്ളിയിട്ടു
കണ്ണൂർ:ബസ്സിൽ ഗർഭിണിക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ട ഗൃഹനാഥനെ ബസ്സിൽ നിന്നും തള്ളിയിട്ടതായി പരാതി.തിങ്കളാഴ്ച വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് സംഭവം നടന്നത്.സംഭവത്തെ തുടർന്ന് അബോധാവസ്ഥയിലായ കടലായി കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പില്‍ പി.വി.രാജനെ(50) അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.കൂലിപ്പണിക്കാരനായ രാജന്‍ ഭാര്യ സവിതയോടൊപ്പം വാരത്തെ ഒരു മരണവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് പോകാനാണ് സ്വകാര്യ ബസില്‍ കയറിയത്. താലൂക്ക് സ്‌റ്റോപ്പില്‍ നിന്നും ബസില്‍ കയറിയ ഗര്‍ഭിണിയായ സ്ത്രീക്ക് സീറ്റൊഴിഞ്ഞുകൊടുക്കാന്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന രണ്ട് പെണ്‍കുട്ടികളോട് രാജന്‍ ആവശ്യപ്പട്ടിരുന്നു.രാജന്‍ പെണ്‍കുട്ടികളോട് സീറ്റൊഴിഞ്ഞുകൊടുക്കാനാവശ്യപ്പെട്ടതിനെ പിറകിലിരുന്ന ഒരു യുവാവും മറ്റ് രണ്ടുപേരും ചോദ്യം ചെയ്യുകയും രാജനെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ സവിത പറഞ്ഞു.പ്ലാസ ജംഗ്ഷനിലേക്ക് ടിക്കറ്റെടുത്തിരുന്നുവെങ്കിലും കുഴപ്പം വേണ്ടെന്ന് പറഞ്ഞ് ഭാര്യ ബസ് സ്റ്റേഡിയം കോര്‍ണറിലെത്തിയപ്പോള്‍ രാജനെയും വിളിച്ച് അവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമികള്‍ രാജനെ ബസില്‍ നിന്ന് തള്ളി താഴെയിടുകയും റോഡില്‍ വീണ ഇദ്ദേഹത്തെ ബസില്‍ നിന്നിറങ്ങി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. നടപ്പാതയിലെ സ്ലാബില്‍ തലയിടിച്ച് വീണ് ബോധം നഷ്ടപ്പെട്ട രാജനെ പരിസരത്തുള്ളവര്‍ ഓട്ടോയില്‍ കണ്ണൂര്‍ മാധവറാവുസിന്ധ്യ ആശുപത്രിയിലും അവിടെനിന്ന് എകെജി ആശുപത്രിയിലും പിന്നീട് കൊയിലി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.കൊയിലിയില്‍ വച്ച് നടത്തിയ സ്‌കാനിംഗില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടതിനെ തുടർന്ന് ഡോക്ടര്‍മാരുടെ നിർദേശപ്രകാരം രാജനെ പരിയാരം മെഡിക്കല്‍ കോളജ് ന്യൂറോ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്ത രാജന്‍റെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 1800 സ്കൂളുകൾ സർക്കാർ അടച്ചുപൂട്ടാനൊരുങ്ങുന്നു
തിരുവനന്തപുരം:അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 1800 സ്കൂളുകൾ അടുത്ത അധ്യയന വർഷം മുതൽ സർക്കാർ അടച്ചുപൂട്ടാനൊരുങ്ങുന്നു.വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് തീരുമാനം.ഇത്തരം സ്കൂളുകൾ അടച്ചുപൂട്ടാൻ കഴിഞ്ഞ വർഷം എടുത്ത തീരുമാനം ഇത്തവണ കർശനമായി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.എന്നാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സ്കൂൾ മാനേജ്മെന്റുകൾ.വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കാൻ പാടില്ല.ഇങ്ങനെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഒരുലക്ഷം രൂപ പിഴ ചുമത്തും.തുടർന്ന് പ്രവർത്തിക്കുന്ന ഓരോ ദിവസവും 10000 രൂപ വീതവും പിഴയായി അടക്കണം.അതേസമയം അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അംഗീകാരം നല്കാൻ മാനദണ്ഡം അനുസരിച്ച് കഴിഞ്ഞ അധ്യയന വർഷം സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു.മൂന്നു ഏക്കർ സ്ഥലം,കഴിഞ്ഞ അഞ്ചുവർഷമായി ശരാശരി 300 കുട്ടികൾ,സ്ഥിരം കെട്ടിടം,യോഗ്യതയുള്ള അദ്ധ്യാപകർ എന്നിവയാണ് മാനദണ്ഡങ്ങൾ.ഇതിൽ അപേക്ഷിച്ച 3400 സ്കൂളുകളിൽ യോഗ്യതയുള്ള 900 എണ്ണത്തിന് അംഗീകാരം നൽകിയിരുന്നു.