തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂർ 237, കണ്ണൂർ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട 111, മലപ്പുറം 106, വയനാട് 82, കാസർഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 59 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 58 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 39,955 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3103 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 241 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 30 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5779 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 814, കൊല്ലം 289, പത്തനംതിട്ട 7, ആലപ്പുഴ 306, കോട്ടയം 584, ഇടുക്കി 262, എറണാകുളം 946, തൃശൂർ 632, പാലക്കാട് 253, മലപ്പുറം 293, കോഴിക്കോട് 693, വയനാട് 268, കണ്ണൂർ 367, കാസർഗോഡ് 65 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇരുസഭകളിലും പാസാക്കി;ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കി ഭരണപക്ഷം; ബഹളവുമായി പ്രതിപക്ഷം
ന്യൂഡൽഹി: കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോകസഭയിലും രാജ്യസഭയിലും പാസാക്കി കേന്ദ്രം.ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമം റദ്ദാകും.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിയ്ക്കുന്ന ബില്ലില്‍ ഇന്നു ചര്‍ച്ച നടന്നില്ലെങ്കിലും വരുംദിവസങ്ങളില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനു സഭ വേദിയാകും. സഭാ നടപടികള്‍ സമാധാനപരമായി മുന്നോട്ട് കൊണ്ട് പോകാന്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ സഹകരണം തേടിയിരുന്നു.
തൃശ്ശൂരില്‍ 57 പേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു;പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്
തൃശൂർ:ജില്ലയിൽ 57 പേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു.സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധ. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി.കഴിഞ്ഞ മാസം 24-ന് എട്ട് വിദ്യാര്‍ഥിനികള്‍ നോറോ വൈറസ് ബാധയോടെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് പ്രശ്നം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. രോഗബാധിതരുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ച് വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും ബാക്ടീരിയ പരിശോധനയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും അയച്ചിട്ടുണ്ട്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് പ്രാഥമിക നിഗമനം.അതേസമയം ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്.സെന്റ് മേരീസ് കോളേജ് ഹോസ്റ്റലും പ്രദേശത്തെ കിണറുകളും അണുവിമുക്തമാക്കി. ഹോസ്റ്റലുകളിലും ആളുകൾ ഒരുമിച്ച് താമസിക്കുന്ന ഇടങ്ങളിലും ജാഗ്രത നിർദേശം നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.രോഗം പകരാതിരിക്കാൻ 25 ഓളം വിദ്യാർത്ഥികളെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. മറ്റ് ജില്ലകളിലേക്ക് പോയ വിദ്യാർത്ഥികൾക്ക് ശുചിത്വം പാലിക്കാൻ പ്രത്യേക നിർദേശം നൽകി. അതാത് ജില്ലകളിലെ ഡിഎംഓ മാരേയും വിവരം അറിയിച്ചിട്ടുണ്ട്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പരിശോധനക്കായി കൂടുതൽ സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറേളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. ജില്ലയിലെ ഹോസ്റ്റലുകളിൽ ജാഗ്രത നിർദേശം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
കൊച്ചിയിലെ മോഡലുകളുടെ മരണം; നമ്പർ 18 ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു; ഓഡി കാർ കസ്റ്റഡിയിൽ
കൊച്ചി: മുൻ മിസ് കേരളയുൾപ്പെടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങൾ സൈജു അന്വേഷണ സംഘത്തിന് കൈമാറി. പാർട്ടിയിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും സൈജുവിന്റെ സുഹൃത്തുക്കളായിരുന്നുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും.സൈജുവിന് മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.ഇതു സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ സൈജുവിന്‍റെ ഫോണില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിക്കുകയും ചെയ്തു.ഒളിവില്‍ കഴിയവെ സൈജു ഗോവയില്‍ അടക്കം ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സൈജുവിന്‍റെ മൊബൈലില്‍ നിന്ന് ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് സൈജുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്. കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്ക് വീണ്ടെടുക്കാന്‍ ആകാത്ത സാഹചര്യത്തില്‍ സൈജുവില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ വളരെ നിര്‍ണായകമാകും.മോഡലുകളെ പിന്തുടർന്ന സൈജുവിന്റെ ഓഡി കാറും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്റീരിയർ ഡിസൈനറായ സൈജുവിന്റെ കാക്കനാട്ടെ ഓഫീസിൽ നിന്നാണ് കാർ കണ്ടെടുത്തത്. 20 ലക്ഷം രൂപയ്‌ക്ക് തൃശ്ശൂർ സ്വദേശിയിൽ നിന്നും സൈജു വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ സൈജു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയതിനാൽ ഇയാൾ പങ്കെടുത്ത പാർട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടായിരുന്നോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഒമിക്രോണ്‍ ആശങ്ക;കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം
കാസർകോഡ്:കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. മുഴുവന്‍ യാത്രക്കാരും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവു നൽകും.കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ തിങ്കളാഴ്ച രാവിലെ മുതല്‍ കടത്തിവിടുകയുള്ളൂ. രണ്ട് ഡോസ് വാക്‌സിനെടുത്തവരെ പരിഗണിക്കില്ല.കേരളത്തില്‍നിന്നുള്ള മുഴുവന്‍ യാത്രക്കാരും ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപോര്‍ട്ട് കൈയില്‍ കരുതണമെന്നാണ് നിര്‍ദേശം. ഇതോടെ വിവിധ ആവശ്യങ്ങൾക്ക് കർണാടകയെ ആശ്രയിച്ചിരുന്ന കാസര്‍കോട്ടുകാർ വീണ്ടും പ്രയാസത്തിലാവും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരള കർണാടക അതിർത്തികളിൽ പരിശോധന കർശനമായിരുന്നില്ല.പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി തലപ്പാടി അതിര്‍ത്തിയില്‍ ഞായറാഴ്ച രാവിലെ മുതല്‍ ബാരക്കുകളും മറ്റും പുനസ്ഥാപിച്ചുകഴിഞ്ഞു. നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ രണ്ടുമാസം മുൻപാണ് പിന്‍വലിച്ചിരുന്നത്. ഇവിടെനിന്നും പിന്‍വലിച്ചിരുന്ന പോലിസ് പോസ്റ്റും ഇപ്പോള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ തിങ്കളാഴ്ച തലപ്പാടി അതിര്‍ത്തിയില്‍ നിയമിച്ച് ഉത്തരവും ഇറക്കി.ഇന്നലെ തലപ്പാടിയില്‍ പരിശോധന ശക്തമായിരുന്നെങ്കിലും ആര്‍.ടി.പി.സി.ആര്‍ റിപ്പോർട്ട് ഇല്ലാത്തവരെയും അതിർത്തി കടത്തി വിട്ടിരുന്നു. എന്നാൽ ഇന്ന് നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതിയവരെ മാത്രം കടത്തി വിടാനാണ് കര്‍ണാടക പൊലീസിന്‍റെ തീരുമാനം.
എയർടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി ജിയോയും
മുംബൈ: എയർടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി ജിയോയും.ഡിസംബര്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് നിരക്കില്‍ 21% വര്‍ധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു.വൊഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും കഴിഞ്ഞയാഴ്ച നിരക്ക് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക് കൂട്ടിയിരിക്കുന്നത്.ജിയോ ഫോണ്‍ പ്ലാനുകള്‍, അണ്‍ലിമിറ്റഡ് പ്ലാനുകള്‍, ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍ എന്നിവയ്ക്ക് അടക്കം നിരക്ക് കൂട്ടിയിട്ടുണ്ട്. 28 ദിവസം വാലിഡിറ്റിയുള്ള 129 രൂപ പ്ലാന്‍ 155 ആയി കൂട്ടി. 149 രൂപ പ്ലാന്‍ 179 ആക്കി യും 199 രൂപ പ്ലാന്‍ 239 ആക്കിയും കൂട്ടി. 249 രൂപ പ്ലാന്‍ 299 ആയി ഉയരും. 399 പ്ലാന്‍ 479 ആയും 444 പ്ലാന്‍ 533 രൂപ ആയും കൂട്ടി. ഒരു വര്‍ഷം വാലിഡിറ്റിയുള്ള 1299 രൂപ പ്ലാനിന് ഇനി 1559 രൂപ നല്‍കണം.
മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരിക്ക്
മലപ്പുറം:മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരിക്കേറ്റു.പുതുപൊന്നാനിയിൽ രാവിലെ മൂന്ന് മണിയോടെയായിരുന്നു അപകടം.വയനാട് സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. 45 ഓളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇതിൽ 17 പേരുടെ പരിക്കുകൾ സാരമുള്ളതാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഒമിക്രോൺ വകഭേദം; കേരളത്തിലും അതീവജാഗ്രത;വിദഗ്ധസിമിതി യോഗം ഇന്ന്
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ അതീവജാഗ്രതയോടെ സംസ്ഥാനവും.ഇന്ന് കൊറോണ വിദഗ്ധസമിതിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേരളവും ജാഗ്രത കൂട്ടിയത്. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവരും ഏഴ് ദിവസം ക്വാറന്റീൻ കർശനമാക്കാൻ ജില്ലകൾക്ക് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് പുറപ്പെടുന്നതിന് മുൻപും എത്തിക്കഴിഞ്ഞും ക്വാറന്റീൻ കഴിഞ്ഞും ആർടിപിസിആർ പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്. രണ്ടാം ഡോസ് വാക്‌സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെട്ടു. കൊറോണ സ്ഥിരീകരിക്കുന്നവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണം നടത്തണം. നിലവിൽ ജനസംഖ്യയുടെ 96 ശതമാനവും ആദ്യ ഡോസും 63 ശതമാനം പേർ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനെടുക്കാത്ത 14 ലക്ഷം പേരുണ്ടെന്നത് ആശങ്ക കൂട്ടുന്നുണ്ട്.
ഗുജറാത്തിലെ കച്ച് തീരത്ത് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് തീരത്ത് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം.ദ്വാരക ജില്ലയിലെ കടലിൽ 10 മൈൽ അകലെ രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. രണ്ട് വിദേശ ചരക്കു കപ്പലുകളാണ് കൂട്ടിയിടിച്ചത്.എംവീസ് ഏവിയേറ്റര്‍, അറ്റ്ലാന്‍റിക് ഗ്രേസ് എന്നീ ചരക്കുകപ്പലുകളാണ് കൂട്ടിയിടിച്ചത്. കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സംഭവസ്ഥലത്തേക്ക് കോസ്റ്റ് ഗാർഡിന്റെ ഒരു സംഘവും ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംഘവും രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു.അപകട സ്ഥലത്ത് കോസ്റ്റ് ഗാർഡ് സംഘം പരിശോധന നടത്തുന്നുണ്ട്. കൂട്ടിയിടിയില്‍ ചെറിയ തോതിലുള്ള എണ്ണ ചോര്‍ച്ച ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അപകടസ്ഥലം നിരീക്ഷണത്തിലാണ്.സംഭവസ്ഥലത്ത് മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കിയിട്ടുണ്ട്.
ഒമിക്രോൺ വകഭേദം; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം ലഭിച്ചു; ഏവരും കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം : കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോണിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ടോടെ തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . ഇതു സംബന്ധിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നാണ് കേന്ദ്രസർക്കാർ നൽകിയ പ്രധാന നിർദ്ദേശം. ഇതുപ്രകാരമുള്ള നടപടികൾ പുരോഗമിക്കുകയാണ്.പരിശോധിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ വകഭേദം കണ്ടെത്തിയിട്ടില്ല. ഏറ്റവും കൂടുതൽ സാമ്പിളുകൾ പരിശോധിക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാവരും വ്യക്തിപരമായ ജാഗ്രതാ പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. എല്ലാവരും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.നിലവില്‍ തുടരുന്നത് പോലെ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.