കൊച്ചി:മലയാറ്റൂർ പള്ളിയിൽ വൈദികനെ കപ്യാർ കുത്തിക്കൊന്നു. ഫാദര്‍ സേവ്യര്‍ തേലക്കാട്ടാണ് കുത്തേറ്റ് മരിച്ചത്.പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് കുത്തിയത്.മൂന്ന് മാസം മുന്‍പ് കപ്യാരെ പിരിച്ചുവിട്ടിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.സംഭവത്തിനുശേഷം കപ്യാര്‍ ജോണി ഒളിവിലാണ്. കാട്ടിലേക്കോടി രക്ഷപ്പെട്ട ജോണിക്കായി തെരച്ചില്‍ തുടങ്ങി.കുത്തേറ്റ വൈദികനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷുഹൈബ് വധം;കണ്ടെടുത്ത വാളുകൾ ഫോറൻസിക് പരിശോധനയ്ക്കയക്കും
കണ്ണൂർ:കീഴല്ലൂർ പഞ്ചായത്തിലെ വെള്ളപ്പറമ്പിൽ നിന്നും ബുധനാഴ്ച കണ്ടെടുത്ത ശുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകൾ വിശദമായ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കും.മൂന്നു വാളുകളാണ് മട്ടന്നൂർ വെള്ളപ്പറമ്പിലെ കശുമാവിൻ തോട്ടത്തിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിന്‍റെ നടപടികൾ ക്രമങ്ങൾ പൂർത്തീകരിച്ച ശേഷമായിരിക്കും ലാബിലേക്ക് അയക്കുക.ഫോറൻസിക് വിഭാഗത്തിന്‍റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച വാളാണോ ഇതെന്ന് ഉറപ്പിക്കാനാകൂ. 71 സെന്‍റിമീറ്റർ നീളത്തിലുള്ള വാളുകൾ മൂന്നും പുതിയതാണെന്നും അടുത്തക്കാലത്ത് നിർമിച്ചതാണെന്നും പോലീസ് അറിയിച്ചു. ശുഹൈബിനെ കൊലപ്പെടുത്താനെത്തിയ നാലു പേരിലും വാളുകൾ ഉണ്ടായിരുന്നുവെന്നു സാക്ഷികൾ മൊഴി നൽകിയിരുന്നു. ഈ നാലു വാളുകളുമാണ് പിടികൂടിയതെന്ന നിഗമനത്തിലാണ് പോലീസ്.
ഷുഹൈബ് വധം;രണ്ടുപേർ കൂടി അറസ്റ്റിൽ
കണ്ണൂർ:എടയന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ കൂടി പിടിയിലായി.പാലയോട് സ്വദേശി സഞ്ജയിനെയും രജത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ ആകാശ് തില്ലങ്കേരി, രജിൽ രാജ്, അസ്കർ എടയന്നൂർ, അൻവർ സാദത്ത് തില്ലക്കേരി, അഖിൽ പാലയോട്, ജിതിൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ശുഹൈബിനെ വധിക്കാൻ സഞ്ജയ് ഗൂഢാലോചന നടത്തിയെന്നും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. രജത്താണ് പ്രതികളെ രക്ഷപെടാൻ സഹായിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴക്കുന്ന് സ്വദേശിക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.അതിനിടയിൽ മുഴക്കുന്ന് സ്വദേശി കോടതിയിൽ കീഴടങ്ങാനുള്ള നീക്കം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ കോടതി പരിസരങ്ങളും പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിൽ വരുന്ന മൂന്നു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം:കേരളത്തിൽ വരുന്ന മൂന്നു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.വടക്കൻ കേരളത്തിലായിരിക്കും ഇത്തരത്തിൽ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുള്ളത്.മാർച്ച് ഒന്ന് മുതൽ തുടർച്ചയായി മൂന്നു ദിവസത്തേക്ക് നാല് മുതൽ പത്തു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരതനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്റ്റർ നിർദേശം നൽകിയിട്ടുണ്ട്. മുപ്പതു വർഷത്തിനിടെ സംസ്ഥാനത്തെ ശരാശരി ചൂടിൽ ഒരു ഡിഗ്രിയുടെ വർദ്ധനവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.സൂര്യതാപ ഭീഷണിയുള്ളതിനാൽ പകൽസമയങ്ങളിൽ പുറംജോലികൾക്ക് സമയക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.അതിനിടെ സംസ്ഥാനത്തെ ഈ വർഷത്തെ ഏറ്റവും കൂടിയ താപനിലയായ 40 ഡിഗ്രി ഇന്നലെ പാലക്കാട് മുണ്ടൂർ ഐആർടിസി കേന്ദ്രത്തിൽ രേഖപ്പെടുത്തി.
ഊരത്തൂരിൽ തലയോട്ടിക്ക് പിന്നാലെ അസ്ഥികളും കണ്ടെടുത്തു
ഇരിക്കൂർ:ഊരത്തൂരിൽ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തതിന് പിന്നാലെ അസ്ഥികളും തലയോട്ടിയുടെ കീഴ്ഭാഗവും കണ്ടെടുത്തു.ചൊവ്വാഴ്ച രാത്രിയാണ് നാട്ടുകാർ ഇവ കണ്ടത്.നേരത്തെ തലയോട്ടി കണ്ടെത്തിയ ഊരത്തൂർ പി എച് സി ക്ക് സമീപത്തു നിന്നും നൂറു മീറ്റർ അകലെയാണ് അസ്ഥികൾ കാണപ്പെട്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിക്കൂർ എസ്‌ഐ രെജീഷ് തെരുവത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അസ്ഥി കസ്റ്റഡിയിലെടുത്തു.പിന്നീട് ബുധനാഴ്ച രാവിലെ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് തലയോട്ടിയുടെ കീഴ്ഭാഗമുൾപ്പെടെയുള്ളവ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും കണ്ടെത്തിയ അസ്ഥി 22 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള സ്ത്രീയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനു ആറുമാസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തിയിരുന്നു.എന്നാൽ ഈ കാലയളവിനുള്ളിൽ ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ നിന്നും സ്ത്രീകളെ കാണാതായതായി പരാതികളൊന്നുമില്ലെന്നും അതിനാൽ മറ്റു സ്റ്റേഷൻ പരിധിയിൽ ഇത്തരം പരാതികളുണ്ടോ എന്ന് അന്വേഷിക്കുമെന്നും എസ്‌ഐ രജീഷ് പറഞ്ഞു.
അടിമാലിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു
അടിമാലി:അടിമാലിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു.ബുധനാഴ്ച രാത്രി ഒൻപതരയോടു കൂടിയാണ് അപകടം നടന്നത്.ആനച്ചാൽ മാതിരപ്പിള്ളി രാജന്റെ മകൻ എം.ആർ അരുൺ(24),ദേവികുളം കൃഷിഭവനിലെ ക്ലർക്ക് ആനച്ചാൽ ആനന്ദ ഭവനിലെ അരുൺ ആനന്ദ്(26) എന്നിവരാണ് മരിച്ചത്.അടിമാലിയിൽ നിന്നും തലമാലിക്ക് പോകുന്ന റോഡിൽ കാനാരി കേറ്ററിങ്ങിന് സമീപത്തുവെച്ച് ജീപ്പ് തിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു.അഞ്ചുപേരാണ് ജീപ്പിലുണ്ടായിരുന്നത്. ജീപ്പിലുണ്ടായിരുന്ന മൂന്നുപേർ ചാടി രക്ഷപ്പെട്ടു.ആനച്ചാലിൽ നിന്നും അടിമാലിയിലുള്ള രോഗിയായ സുഹൃത്തിനെ സന്ദർശിക്കാനായി എത്തിയതായിരുന്നു ഇവർ.സുഹൃത്തിനെ സന്ദർശിച്ച ശേഷം തിരിച്ചു പോരുന്നതിനായി ജീപ്പ് തിരിക്കുമ്പോഴാണ് അപകടം നടന്നത്.നാലുമാസം മുൻപാണ് എം.ആർ അരുൺ വിവാഹിതനായത്.ഭാര്യ ബിബിത.അരുൺ ആനന്ദിന്റെ ഭാര്യ മണിക്കുട്ടി.മകൻ ആദി.
ആലപ്പുഴയിൽ ബൈക്കിനു പിന്നിൽ ലോറിയിടിച്ച് രണ്ടുപേർ മരിച്ചു
ആലപ്പുഴ:കായംകുളത്ത് ബൈക്കിനു പിന്നിൽ ടിപ്പർ ലോറിയിടിച്ച് ആറുവയസ്സുകാരനുൾപ്പെടെ രണ്ടുപേർ മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.ബൈക്ക് യാത്രികരായ ആലപ്പുഴ കളർകോട് സ്വദേശി രാജമ്മ(60 ) ഇവരുടെ ചെറുമകൻ മിഥുൻ (അച്ചു-6 ) എന്നിവരാണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന രാജമ്മയുടെ മകൻ രാജീവിനെ ഗുരുതരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കായംകുളം-പുനലൂർ റോഡിൽ കുറ്റിത്തെരുവിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
സംസ്ഥാനത്ത് വർധിപ്പിച്ച ബസ് ചാർജ് ഇന്ന് മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് വർധിപ്പിച്ച ബസ് ചാർജ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.ഇതോടെ മിനിമം യാത്രാനിരക്ക് എട്ടു രൂപയാകും.ഓർഡിനറി,സിറ്റി, സിറ്റി ഫാസ്റ്റ് എന്നിവയിലെ മിനിമം നിരക്കാണ് എട്ടു രൂപയായത്.ഫാസ്റ്റ് പാസ്സഞ്ചറിൽ പത്തു രൂപയിൽ നിന്നും പതിനൊന്നു രൂപയായി ഉയരും.സൂപ്പർ ഫാസ്റ്റിൽ പതിമൂന്നു രൂപയുണ്ടായിരുന്നത് പതിനഞ്ചായും ഉയരും.വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്കിൽ വർധനയില്ലെങ്കിലും രണ്ടുരൂപ മുതൽ മുകളിലോട്ട് വർധിക്കുന്ന സ്ലാബുകളിൽ കൂടുന്ന തുകയുടെ 25 ശതമാനം കൂടി ഈടാക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ശ്രീദേവിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി മുംബൈ
മുംബൈ:ശ്രീദേവിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി മുംബൈ.ജുഹുവിലെ വിലെപാർലെ സേവാസമാജ് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ ശ്രീദേവിയുടെ സംസ്ക്കാരം നടന്നു.ശ്രീദേവിയുടെ ഇഷ്ടനിറമായ വെള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് ഭൗതിക ശരീരം ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുവന്നത്. മജന്തയും സ്വർണ്ണവും ചേർന്ന നിറത്തിലുള്ള പട്ടുസാരിയാണ് ശ്രീദേവിയെ അണിയിച്ചിരുന്നത്. നെറ്റിയിൽ ചുവന്ന പൊട്ടും കഴുത്തിൽ ആഭരണങ്ങളും അണിഞ്ഞ് രാജ്യം ആരാധിച്ചിരുന്ന അതെ സൗന്ദര്യത്തോടെയായിരുന്നു ശ്രീദേവിയുടെ മടക്കം.നിരവധി ആരാധകർ വിലാപയാത്രയെ അനുഗമിച്ചിരുന്നു.ഷാരൂഖ് ഖാൻ അടക്കമുള്ള നിരവധി താരങ്ങൾ താരത്തിന് അന്ത്യോപചാരമർപ്പിക്കാൻ ശ്മശാനത്തിലെത്തിയിരുന്നു. വിലാപയാത്ര ആരംഭിക്കുന്നതിനു തൊട്ടുമുൻപ് മൃതദേഹം പൊതുദർശനത്തിനു വെച്ചിരുന്ന സെലിബ്രേഷൻസ് സ്പോർട്സ് ക്ലബ്ബ് ഗാർഡനിൽ പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.ഒട്ടേറെ താരങ്ങൾ പ്രിയതാരത്തെ അവസാനമായി ഒന്ന് കാണാൻ എത്തിയിരുന്നു.ശനിയാഴ്ച ദുബായിൽ അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മുംബൈ അന്ധേരിയിലെ വീട്ടിൽ എത്തിച്ചത്. ദുബായിൽ നിന്നും പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.
മധുവിന്റെ കൊലപാതകം;ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി:അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ജനക്കൂട്ടത്തിന്റെ മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.സുരേന്ദ്ര മോഹൻ നൽകിയ കത്ത് ഹർജിയായി പരിഗണിച്ചാണ് കേസെടുത്തത്. വിദ്യാസമ്പന്നരായ ജനതയ്ക്ക് യോജ്യമായ പ്രവർത്തിയാണ് നടന്നത്.സംഭവം സാക്ഷര കേരളത്തിന് നാണക്കേടാണെന്നാണ് കത്തിൽ പറയുന്നത്.കേസിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ.ദീപക്കിനെ ഹൈക്കോടതി നിയോഗിച്ചു.വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാമെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.അതേസമയം കേസ് സർക്കാരിനെതിരല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.