ഷുഹൈബ് വധം;ഒരാൾ കൂടി പിടിയിൽ

keralanews shuhaib murder case one more arrested

കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി.കുമ്മാനം സ്വദേശി സംഗീതിനെയാണ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തിന് ശുഹൈബിനെ കുറിച്ചുള്ള വിവരം നൽകിയത് സംഗീതാണെന്നും പോലീസ് പറഞ്ഞു.വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട് പാലയോട് സ്വദേശി സഞ്ജയിനെയും രജത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ശുഹൈബിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിൽ സഞ്ജയ്‌ക്ക് പങ്കുണ്ടെന്നും കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ ഒളിപ്പിച്ചതിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു.രജത്താണ് പ്രതികളെ രക്ഷപെടാൻ സഹായിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. കേസിൽ നേരത്തെ ആകാശ് തില്ലങ്കേരി, രജിൽ രാജ്, അസ്കർ എടയന്നൂർ, അൻവർ സാദത്ത് തില്ലക്കേരി, അഖിൽ പാലയോട്, ജിതിൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

തലശ്ശേരി ജനറൽ ആശുപത്രിൽ ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു;മതിയായ ചികിത്സ ലഭിക്കാത്തതിനാലാണെന്ന് ബന്ധുക്കൾ ആരോപിച്ചു

keralanews the adivasi youth who is under treatment in thalasseri general hospital died relatives alleged that he did not get proper treatment

തലശ്ശേരി:തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പേരട്ട നരിമട ആദിവാസി കോളനിയിലെ ആദിവാസി യുവാവ് രാജു മരിക്കാനിടയായത് മതിയായ ചികിത്സ ലഭിക്കാത്തതിനാലാണെന്ന് ബന്ധുക്കൾ ആരോപിച്ചു.നേരത്തെ ഇരിട്ടി താലൂക്ക് ആശുപത്രിൽ ചികിത്സയിലായിരുന്ന യുവാവിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റണമെന്ന ഡോക്റ്ററുടെ കുറിപ്പും നൽകിയിരുന്നു.എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ സ്ഥലമില്ലാത്തതിനാൽ രാജുവിനെ പുറത്താണ് കിടത്തിയത്.രോഗം മൂർച്ഛിച്ചപ്പോൾ നഴ്സിനോട് പലതവണ വിവരം പറഞ്ഞിട്ടും ഡോക്റ്റർ പരിശോധിക്കാൻ എത്തിയില്ലെന്നും രാജുവിന്റെ ഭാര്യ സീമ പറഞ്ഞു.ഭാര്യയും മൂന്നു കുട്ടികളും പ്രായമായ അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു രാജു എന്നും രാജുവിന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഇവരെ സഹായിക്കാൻ സർക്കാർ തലത്തിൽ സഹായം ഉണ്ടാകണമെന്നും സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.ഐടിഡിപി രാജുവിന്റെ കുടുംബത്തിന് അനുവദിച്ച 5000 രൂപയും എംഎൽഎ കുടുംബത്തിന് കൈമാറി.കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കണമെന്നുകാണിച്ച് പായം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിവേദനം രാജുവിന്റെ ഭാര്യ സീമ ഡിഎംഒയ്ന് കൈമാറി. അതേസമയം സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ഡിഎംഒ ഡോ.നാരായണ നായ്ക്ക് പറഞ്ഞു.

ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം;നാലുപേർ പിടിയിൽ

keralanews lottery gambling four arrested

കണ്ണൂർ:നഗരത്തിലെ ലോഡ്ജിൽ താമസിച്ച് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ നാലുപേർ പോലീസ് റെയ്‌ഡിൽ പിടിയിലായി.ഏജന്റുമാരെ നിയോഗിച്ചും വാട്സാപ്പ് ഗ്രൂപ്പിലൂടെയുമാണ് ഇവർ ചൂതാട്ടം നടത്തിവന്നിരുന്നത്.തയ്യിൽ സ്വദേശികളായ പി.വി ബിജു,സി.എച് പ്രജീന്ദ്രൻ, തോട്ടട സ്വദേശി ഹരീഷ് കുമാർ,തളിക്കാവ് സ്വദേശി ഇന്ദ്രജിത് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 40000 രൂപയും അഞ്ചു മൊബൈൽ ഫോണുകളും പിടികൂടി. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 10 ഏജന്റുമാരാണ് ഇവർക്കുള്ളത്.വിന്നേഴ്സ് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ് വഴിയാണ് ഇവർ നമ്പർ അറിയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.കേരള ഭാഗ്യക്കുറിയുടെ അവസാന മൂന്നക്കമാണ് ചൂതാട്ടത്തിനായി നൽകുന്നത്.ഒരു നമ്പർ നൽകുന്നതിന് പത്തു രൂപയാണ് നൽകേണ്ടത്.നറുക്കെടുപ്പിൽ സമ്മാനം ലഭിച്ച ഭാഗ്യക്കുറി നമ്പറിൽ ഈ മൂന്നക്കമുണ്ടായാൽ 5000 രൂപയാണ് നൽകുക.ഒരാൾക്ക് എത്ര നമ്പർ വേണമെങ്കിലും നൽകാം. കണ്ണൂർ സിഐ ടി.കെ രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. സിവിൽ പോലീസ് ഓഫീസർമാരായ സഞ്ജയ്,ലിജേഷ്,സജിത്ത് മുരളി,റയീസ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

സംസ്ഥാനത്ത് തീയേറ്റർ സമരം ആരംഭിച്ചു

keralanews theatre strike in the state started

തിരുവനന്തപുരം:ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ചൂഷണം ചെയ്യുന്നു എന്നാരോപിച്ച് ദക്ഷിണേന്ത്യയിലെ സിനിമ തീയേറ്ററുകൾ ഇന്ന് അടച്ചിടും. കേരളത്തോടൊപ്പം തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും തീയേറ്ററുകൾ ഇന്ന് അടച്ചിടും.മാർച്ച് രണ്ടു മുതൽ ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അനിശ്ചിതകാലത്തേക്കു തിയറ്ററുകൾ അടച്ചിടാനാണു തീരുമാനം. ഇതിനോടു പിന്തുണ പ്രഖ്യാപിച്ചാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിയറ്ററുകൾ അടച്ചിടുന്നത്.കേരളത്തിൽ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ 604 തീയേറ്ററുകളിൽ ഇന്ന് പ്രദർശനം ഉണ്ടാകില്ല.തെക്കൻ സംസ്ഥാനങ്ങളിലെ ഫിലിം ചേമ്പറുകളുടെ പിന്തുണയോടെ സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ നിർദേശപ്രകാരമാണ് പണിമുടക്ക്.

ഇന്ന് ആറ്റുകാൽ പൊങ്കാല;ഭക്തിയുടെ നിറവിൽ അനന്തപുരി

keralanews aattukal ponkala today

തിരുവനന്തപുരം:അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ഇന്ന് ആറ്റുകാൽ പൊങ്കാല.തലസ്ഥാന നഗരിയിലെ തെരുവീഥികളിൽ ആയിരങ്ങൾ രാവിലെ മുതൽ തന്നെ പൊങ്കാലയ്ക്കായി നിരന്നു കഴിഞ്ഞു.രാവിലെ 9.45 ന് ശുദ്ധപുണ്ണ്യാഹത്തോടെ ചടങ്ങുകൾക്ക്  തുടക്കമാകും.തുടർന്ന് ക്ഷേത്രമുറ്റത്ത് കണ്ണകീചരിതം പാടുന്ന തോറ്റം പാട്ടുകാർ ചിലപ്പതികാരത്തിൽ പാണ്ഡ്യരാജാവിനെ കണ്ണകി വധിക്കുന്ന ഭാഗം പാടിത്തീരുമ്പോൾ ക്ഷേത്ര തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി വാമനൻ നമ്പൂതിരിക്ക് കൈമാറും.10.05 ഓടെ മേൽശാന്തി ക്ഷേത്രത്തിലേക്കുള്ള നിവേദ്യങ്ങൾ ഒരുക്കുന്ന മടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീപകരും.പിന്നീട് ദീപം സഹമേൽശാന്തിക്ക് കൈമാറും.സഹമേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും പണ്ടാര അടുപ്പിലും അഗ്നി പകരും.തുടർന്ന് തിരുവനന്തപുരം നഗരത്തിൽ നിരന്നിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല അടുപ്പിലേക്ക് അഗ്നി കൈമാറും.പൊങ്കാല കലങ്ങളിൽ  നിവേദ്യം തയ്യാറാക്കുന്ന ഭക്തജനങ്ങൾ ഉച്ചയ്ക്ക് 2.30 ഓടെ ഈ നിവേദ്യം സമർപ്പിക്കും.ഈ സമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി 7.45ന് ക്ഷേത്രാങ്കണത്തിൽ വ്രതമെടുത്തു കഴിയുന്ന ബാലന്മാർക്ക് ചൂരൽ കുത്താനാരംഭിക്കും. ഇതിനു പിന്നാലെ മണക്കാട് ക്ഷേത്രത്തിലേക്കുള്ള ദേവി എഴുന്നള്ളത്തും നടക്കും.പറയെടുപ്പ് പൂർത്തിയാക്കി മണക്കാട് ശ്രീധർമശാസ്താക്ഷേത്രത്തിലെത്തി പിറ്റേന്ന് രാവിലെ എഴുന്നള്ളിപ്പ് മടങ്ങിവരും വരെ കുത്തിയോട്ട ബാലന്മാർ അകമ്പടി സേവിക്കും.ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെ കാപ്പഴിച്ചു കുടിയിലാക്കിയ ശേഷം കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കും.

നടിയെ ആക്രമിച്ച കേസിൽ വിചാരണ ഈ മാസം 14 ന് തുടങ്ങും

keralanews the trial will begin on 14th of this month in actress attack case

കൊച്ചി:കൊച്ചിയെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ഈ മാസം 14 ന് തുടങ്ങും. വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള പ്രതികൾക്ക് സമൻസ് അയക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശിച്ചു.ഈ മാസം 14ന് കോടതിയിൽ ഹാജരാകാനാണ് സമൻസിൽ നിർദേശം നൽകിയിരിക്കുന്നത്.നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും കൈമാറിയ കുറ്റപത്രം വിചാരണ നടപടികൾക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.അതേസമയം കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.ഇതേ ആവശ്യം ഉന്നയിച്ച് ആക്രമിക്കപ്പെട്ട നടിയും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.കേസിൽ നടൻ ദിലീപിനെ എട്ടാംപ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1542 പേജുള്ള കുറ്റപത്രത്തിൽ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജുവാര്യർ ഉൾപ്പെടെ 355 സാക്ഷികളാണുള്ളത്. ഇതിൽ അന്പതോളംപേർ സിനിമാ മേഖലയിൽനിന്നുള്ളവരാണ്. മൊബൈൽ ഫോണ്‍ രേഖകൾ ഉൾപ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു.

ചെറുപുഴയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു

keralanews student died in an accident in cherupuzha

കണ്ണൂർ: ചെറുപുഴയിൽ വിദ്യാർഥികൾക്കിടയിലേക്ക് പിക്ക് അപ്പ് വാൻ പാഞ്ഞുകയറി ഒരാൾ മരിച്ചു.പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷ് (13) ആണ് മരിച്ചത്. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഒരു കാറിലിടിച്ചശേഷം  പാഞ്ഞുകയറുകയായിരുന്നു.

താനൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധർ പെട്രോളൊഴിച്ചു കത്തിച്ചു

keralanews the bike of dvfi worker burned in thanoor

മലപ്പുറം:താനൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധർ പെട്രോളൊഴിച്ചു കത്തിച്ചു.മുക്കോല ലക്ഷംവീട് കോളനിക്ക് സമീപം തലശ്ശേരി കോനാരിപ്പറമ്പിൽ മുഹമ്മദ് ബഷീറിന്റെ ബൈക്കാണ് തീവെച്ച നശിപ്പിച്ചത്.ബുധനാഴ്ച പുലർച്ചെയാണ് സംഭവം.വീടിന്റെ മുറിക്കുള്ളിലേക്ക് പുക പടർന്നതുകണ്ട് ഞെട്ടിയുണർന്ന വീട്ടുകാരാണ് ബൈക്ക് കത്തുന്നത് കണ്ടത്.വീട്ടുകാരുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടനെ കണ്ടെത്തണമെന്നും നാടിൻറെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ പിടികൂടി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ താനൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. തീർത്തും സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്തുണ്ടായ ഈ സംഭവം നാട്ടുകാരിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

മാർച്ച് 5 മുതൽ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു

keralanews the high court has stayed the indefinite strike of nurses from march 5th

കൊച്ചി:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ മാർച്ച് അഞ്ചുമുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു.വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരത്തിന് ആഹ്വാനം നൽകിയിരുന്നത്. നഴ്സുമാർ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.സമരം നടത്തിയാൽ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസ്സപ്പെടുമെന്നും അടിയതിര സഹായം വേണ്ടിവരുന്ന രോഗികളെ സമരം ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.നഴ്സുമാരുടെ സംഘടനയ്ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് അയക്കാനും കോടതി നിർദേശം നൽകി.ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ബെംഗളൂരുവിൽ ട്രെയിൻ യാത്രക്കാരെ മയക്കുമരുന്ന് കലർത്തിയ ബിസ്ക്കറ്റ് നൽകിയ ശേഷം കൊള്ളയടിച്ചു

keralanews train passengers robbed in bengalooru after giving biscuit mixed with drug

ബെംഗളൂരു:ബെംഗളൂരുവിൽ ട്രെയിൻ യാത്രക്കാരെ മയക്കുമരുന്ന് കലർത്തിയ ബിസ്ക്കറ്റ് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കൊള്ളയടിച്ചു. ജോധ്പൂരില്‍ നിന്നും യശ്വന്ത്പൂരിലേക്ക് വന്ന ട്രെയിനില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.ട്രെയിനില്‍ കുറച്ച്‌ ചെറുപ്പക്കാര്‍ ബിസ്ക്കറ്റുകള്‍ വിറ്റിരുന്നു. ഇത് കഴിച്ച യാത്രക്കാര്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ളതെല്ലാം കവര്‍ന്ന ചെറുപ്പക്കാര്‍ രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് തങ്ങളുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി യാത്രക്കാര്‍ക്ക് മനസിലാകുന്നത്. പിന്നീട് പുലര്‍ച്ചെ നാല് മണിയോടെ ട്രെയിന്‍ നെല്ലൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയും അബോധാവസ്ഥയിലായവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് യാത്രക്കാരുടെ ആരോഗ്യ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ റെയില്‍വേ ജീവനക്കാരെയും ദൃക്സാക്ഷികളെയും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.