കൊഹിമ:നാഗാലാൻഡിൽ ബിജെപി ശക്തമായി തിരിച്ചുവരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ എൻപിഎഫിനെ പിൻതള്ളി ബിജെപി സഖ്യം മുന്നേറുന്നു.31 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്.ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ പരാജയപ്പെടുത്തി എന്‍ഡിപിപി-ബിജെപി സഖ്യം അധികാരത്തിലേറുമെന്നാണ് സൂചന.
ചെങ്കോട്ട തകർന്നു;ത്രിപുരയിൽ ബിജെപി അധികാരത്തിലേക്ക്
അഗർത്തല:25 വര്‍ഷത്തെ തുടര്‍ച്ചയായുള്ള സി.പി.എം ഭരണത്തിന് വിരാമമിട്ട് ത്രിപുര ബി.ജെ.പി തൂത്തുവാരി.വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 40 സീറ്റിലാണ് ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നത്.ഭരണ കക്ഷിയായ സി.പി.എം 18 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്.സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപി-ഐപിഎഫ്റ്റി സഖ്യവും തമ്മിലായിരുന്നു മത്സരം.ആകെയുള്ള സീറ്റിൽ 59 ഇടത്തേക്കാണ് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്ന മൂന്നു സംസ്ഥാനങ്ങളിലും ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ച വെച്ചിരിക്കുന്നത്.
നാളെ വൈദ്യുതി മുടങ്ങും
കണ്ണൂർ:കാഞ്ഞിരോട് സബ് സ്റ്റേഷനിലേക്കുള്ള 220 കെ.വി ഓർക്കാട്ടേരി-കാഞ്ഞിരോട്, അരീക്കോട്-കാഞ്ഞിരോട് ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെ കണ്ണൂർ,കാസർകോഡ് ജില്ലകളിൽ വൈദ്യുതി വിതരണം മുടങ്ങും.
മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പതിവ് പരിശോധനയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പരിശോധന നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതേസമയം മുഖ്യമന്ത്രിക്ക് രക്തത്തിൽ പ്ളേറ്റ്ലെറ്റിന്റെ അളവ് കുറഞ്ഞതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കണ്ണൂർ മാങ്ങാട് ബസ്‌സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി രണ്ടുപേർ മരിച്ചു
കണ്ണൂർ:മാങ്ങാട് റെജിസ്ട്രർ ഓഫീസിന് മുന്നിലെ ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി പ്ലസ് ടു വിദ്യാർത്ഥിനിയടക്കം രണ്ടുപേർ മരിച്ചു.മാങ്ങാട് സ്വദേശികളായ അഫ്‌റ(16),ഖാദർ(58) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കല്യാശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് അഫ്‌റ.സ്കൂളിലെ സ്പെഷ്യൽ ക്ലാസിനു പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. തലശ്ശേരിയിൽ നിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന കാർ ബസ്റ്റോപ്പിലേക്ക് പാഞ്ഞ് കയറുകയും പിന്നീട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. മൃതദേഹം കണ്ണൂർ എ കെ ജി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
ലീഡ് നില മാറിമറിയുന്നു;ത്രിപുരയിൽ ബിജെപിയുടെ തിരിച്ചുവരവ്
അഗർത്തല:ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചുവരുന്നു. വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ 56 മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ 31 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.കഴിഞ്ഞ തവണ 49 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ വന്‍ തിരിച്ചടി നേരിടുകയാണ്.ആദിവാസി വോട്ടുകളിൽ പിളർപ്പുണ്ടായാൽ സിപിഎമ്മിന് ഭരണം നഷ്ട്ടപ്പെടുമെന്നാണ് വിലയിരുത്തൽ.ഇടതുഭരണം ബിജെപി അവസാനിപ്പിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ നിലനിൽക്കെ ശക്തമായ മുന്നേറ്റമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്.
ത്രിപുരയിൽ സിപിഎം കേവലഭൂരിപക്ഷത്തിലേക്ക്
ന്യൂഡൽഹി:കാൽനൂറ്റാണ്ടുകളായി ഇടതുപക്ഷം മുന്നിട്ട് നിൽക്കുന്ന ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ നേതൃത്വത്തിൽ സിപിഎം കേവലഭൂരിപക്ഷത്തിലേക്ക്.53 സീറ്റുകളിലെ ലീഡ് നില പുറത്തുവരുമ്പോൾ 30 സീറ്റിൽ സിപിഎം മുന്നിട്ട് നിൽക്കുകയാണ്.31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്. ശക്തമായ മത്സരം കാഴ്ചവെച്ച ബിജെപി ഇവിടെ 23 സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്.നേരത്തെ കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് നഷ്ടമാവുകയായിരുന്നു.
ത്രിപുര,മേഘാലയ,നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ ആരംഭിച്ചു;ത്രിപുരയിൽ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പം
അഗർത്തല:ത്രിപുര,മേഘാലയ,നാഗാലാൻഡ് വോട്ടെണ്ണൽ ആരംഭിച്ചു.രാജ്യം ഉറ്റു നോക്കുന്ന ത്രിപുരയിൽ വാശിയേറിയ പോരാട്ടത്തിൽ സിപിഎമ്മും ബിജെപിയും ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്.വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ 49 മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. 25 സീറ്റിൽ സിപിഎം നേതൃത്വം നൽകുന്ന ഇടതുസഖ്യം ലീഡ് ചെയ്യുന്നുണ്ട്.ബിജെപിയും പ്രകടനം മോശമാക്കിയിട്ടില്ല എന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. ബിജെപി സഖ്യം 23 സീറ്റിൽ മുന്നിട്ടുനിൽക്കുകയാണ്. നാഗാലാൻഡിൽ മറ്റു കക്ഷികളെ പിന്നിലാക്കി 13 സീറ്റിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.മേഘാലയയിലെ കോൺഗ്രസ് ഏഴിലും എൻപിപി 11 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.കനത്ത സുരക്ഷയിൽ രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്.സിപിഎമ്മും ബിജെപിയും കൊമ്പുകോർത്ത ത്രിപുരയിലെ ഫലമാണ് രാജ്യം ഉറ്റുനോക്കുന്നത്.മൂന്നു സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യം അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ്പോൾ പ്രവചനങ്ങൾ.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ മാർച്ച് ആറുമുതൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങുന്നു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ മാർച്ച് ആറുമുതൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനൊരുങ്ങുന്നു.ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 62,000-ത്തോളം നഴ്സുമാര്‍ അവധിയെടുത്ത് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും.നേരത്തെ ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം താത്കാലികമായി വിലക്കിയിരുന്നു.മാനേജ്മെന്‍റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി.ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.ഹർജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
വൈദികന്റെ കൊലപാതകം;പ്രതിയായ കപ്യാർ പിടിയിൽ
കൊച്ചി:മലയാറ്റൂര്‍ കുരുശുപള്ളിയില്‍ ഫാ.സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുന്‍ കപ്യാര്‍ ജോണി പൊലീസ് പിടിയില്‍. പെരുമ്ബാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിക്കായി തിരച്ചില്‍ തുടരുകയായിരുന്നു. വ്യക്തി വൈര്യാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലില്‍ കുത്തേറ്റ വൈദികന്‍ രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.കുരിശുമുടി ആറാം സ്ഥലത്ത് വച്ച് ഫാദറിനെ ആക്രമിച്ച ജോണി ഉടൻതന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ആറാം സ്ഥലത്ത് നിന്നും വനത്തിനുള്ളിലേക്കാണ് ജോണി ഓടിരക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികളാണ് പോലീസിനെ അറിയിച്ചത്.ദൃക്സാക്ഷികൾ നൽകിയ വിവരമനുസരിച്ച് പോലീസ് കഴിഞ്ഞദിവസം വനത്തിനുള്ളിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ജോണിയെ കണ്ടെത്തിയിരുന്നില്ല. പിന്നീട് വെള്ളിയാഴ്ച രാവിലെ മുതൽ വീണ്ടും പോലീസ് തിരച്ചിൽ നടത്തിയപ്പോഴാണ് കുരിശുമുടി ഒന്നാം സ്ഥലത്ത് നിന്നും ജോണിയെ കണ്ടെത്തിയത്.ഒന്നാം സ്ഥലത്തെ പന്നി ഫാമിന് സമീപം തീർത്തും അവശനായ നിലയിലാണ് ജോണിയെ പോലീസ് സംഘം കണ്ടെത്തിയത്. കപ്യാർ ജോലിയിൽ നിന്നും തന്നെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് ജോണി പോലീസിനോട് സമ്മതിച്ചു.