മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.സംഭവത്തിൽ രണ്ടുപേർ പിടിയിലായി.മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷരീഫ്, തവനൂർ സ്വദേശി ഷിഹാബ് എന്നിവരാണ് പിടിയിലായത്. നാല് കിലോ സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്. ട്രോളി ബാഗിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാക്കിയാണ് വിമാനത്താവളത്തേക്ക് ഇവർ സ്വർണം എത്തിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കിടെ പിടികൂടിയ സ്വർണത്തിന് വിപണിയിൽ ഒന്നേ മുക്കാൽ കോടി രൂപ വിലവരുമെന്ന് അധികൃതർ പറഞ്ഞു. ജിദ്ദയിൽ നിന്നുമാണ് ഇവർ സ്വർണം കൊണ്ടുവന്നത്.
കണ്ണൂരില്‍ പോളി ടെക്നിക് വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂരില്‍ പോളി ടെക്നിക് വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അശ്വന്ത് (19) ആണ് മരിച്ചത്.കോളജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൈനല്‍ ഇയര്‍ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥിയാണ് അശ്വന്ത്.
ഒമിക്രോണ്‍ വകഭേദം; ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരിഗണനയില്‍
ന്യൂഡല്‍ഹി:കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ വ്യാപനത്തിന്റെ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും വാക്സിന്റെ മൂന്നാം ഡോസ് നല്‍കുന്നകാര്യം പരിഗണനയില്‍.പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തില്‍ ഉടനെ ശുപാര്‍ശ നല്‍കിയേക്കും.അന്തിമതീരുമാനം എടുക്കേണ്ടത് ആരോഗ്യമന്ത്രാലയമാണ്. കോവിഡ് മൂലം മരിച്ചവരില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരാണ്. വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റര്‍ ഡോസ് പ്രയോജനപ്പെടും.രണ്ടുഡോസുകളിലൂടെ ലഭിച്ച പ്രതിരോധശേഷി കുറച്ചു മാസങ്ങള്‍ കഴിയുമ്പോൾ കുറഞ്ഞുവരും. മറ്റുരോഗങ്ങള്‍ ഉള്ളവരിലും പ്രായമേറിയവരിലുമാണ് പ്രതിരോധശേഷി വേഗം കുറയുന്നത്. ഈ സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് അനിവാര്യമാകുന്നത്. അതേസമയം, ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി. ഇസ്രയേലാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള അന്തിമതീരുമാനവും കേന്ദ്രസര്‍ക്കാര്‍ ഉടനെ എടുത്തേക്കും. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എന്നു തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. രോഗമുള്ള കുട്ടികള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് മുന്‍ഗണന.
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പുനരാരംഭിച്ചു
തിരുവനന്തപുരം:കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പുനരാരംഭിച്ചു.കോവിഡ് സമയത്ത് നിര്‍ത്തിയ ബസ് സര്‍വീസുകളാണ് ഒരു വര്‍ഷവും എട്ട് മാസവും കഴിഞ്ഞ് ബുധനാഴ്ചമുതല്‍ പുനരാരംഭിച്ചത്. ആദ്യ സര്‍വീസ് പാലക്കാട് ഡിപോയില്‍ നിന്നാണ് ആരംഭിച്ചത്.കോവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവച്ച ശേഷം കര്‍ണ്ണാടകത്തിലേക്ക് സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും മന്ത്രി ആന്റണി രാജു ഡിസംബര്‍ ആറിന് തമിഴ്നാട് ഗതാഗത മന്ത്രിയോട് ചര്‍ച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നല്‍കിയത്. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ബസ് സർവീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.ഇതോടെ, തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെ എസ് ആര്‍ ടി സി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സെര്‍വീസ് നടത്താം.ചൊവ്വാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാനുള്ള നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
കാഞ്ഞങ്ങാട് ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു
കണ്ണൂർ:കാഞ്ഞങ്ങാട് പരപ്പ കോളിയാറിൽ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്.രണ്ടുപേർക്ക് പരിക്കേറ്റു. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ പ്രഭാകരൻ, സുമ എന്നിവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോളിയാർ നാഷണൽ മെറ്റൽസ് ക്വാറിയിലാണ് അപകടം നടന്നത്.
ഇരട്ട ന്യൂനമർദ്ദം;ഡിസംബർ മൂന്ന് വരെ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപെട്ടതിനു പിന്നാലെ കേരളത്തിൽ ആശങ്ക ഉയർത്തി അറബിക്കടലിലും ന്യൂനമർദ്ദ ഭീഷണി.ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്തമാൻ കടലിൽ പുതിയ ന്യൂനമർദ്ദം ബുധനാഴ്ച പുലർച്ചയോടെ രൂപം കൊള്ളാനാണ് സാധ്യത.ഇതിന് പിന്നാലെയാണ് അറബിക്കടലിൽ മഹാരാഷ്‌ട്ര തീരത്തായി മറ്റൊരു ന്യൂനമർദ്ദവും രൂപം കൊള്ളുന്നത്. ഈ സാഹചര്യത്തിൽ ഡിസംബർ 3 വരെ സംസ്ഥാനത്ത് അതി ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂമർദ്ദം 48 മണിക്കൂറിനുള്ളിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് തീവ്രന്യൂനമർദ്ദമായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. അതേസമയം അറബിക്കടലിൽ രൂപം കൊള്ളാൻ സാധ്യതയുള്ള പുതിയ ന്യൂനമർദ്ദത്തിന്റെ സഞ്ചാരപഥം കണക്കാക്കിയിട്ടില്ല. ന്യൂനമർദ്ദം ആശങ്ക ഉയർത്തിയ സാഹചര്യവും മാലിദ്വീപിനും ലക്ഷദ്വീപിനും സമീപത്തായി നിലനിൽക്കുന്ന ചക്രവാതചുഴിയും കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഒമിക്രോണ്‍ വ്യാപനം; ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാനയാത്രക്കാർക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
ന്യൂഡൽഹി:ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര വിമാനയാത്രക്കാർക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി.ര്‍ശന നിര്‍ദേശങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.ഈ മാസം 15ന് പുനരാംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ കാര്യത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കും. വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കരുതെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വൈറസ് ഇന്ത്യയില്‍ മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതുക്കിയ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നൽകി.ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 14 ദിവസം നിരീക്ഷണം ഏര്‍പ്പെടുത്തുകയും ഏഴാം ദിവസം പരിശോധന നടത്തുകയും ചെയ്യും. 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്മൂലം എയര്‍ സുവിധ പോര്‍ട്ടലില്‍ നല്‍കണം. യാത്രക്ക് 72 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.കോവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല. നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റൈനിൽ തുടരണം. പോസിറ്റീവായാല്‍ ജിനോം സ്വീകന്‍സിങ്ങും ഐസൊലേഷനും വേണം. അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തുന്നവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യാനും കേന്ദ്രം നിര്‍ദേശിച്ചു.
ഇരിഞ്ഞാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു
തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന് അടുത്ത് അണക്കത്തിപറമ്പിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (42), കണ്ണംമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (43) എന്നിവരാണ് മരിച്ചത്. നിശാന്ത് ഇന്നലെ രാത്രി 10 മണിയോടെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന ബിജു ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. ഇവർ കഴിച്ച മദ്യത്തിന്റെ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.ചന്തക്കുന്നിൽ ബസ് സ്റ്റാൻഡിന് സമീപത്തായി ചിക്കൻ സെന്റർ നടത്തുകയാണ് നിശാന്ത്. ഇന്നലെ വൈകിട്ട് നിശാന്തിന്റെ കടയിൽ വച്ചാണ് ഇരുവരും മദ്യം കഴിച്ചത്. മദ്യം കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന ബിജുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിശാന്തിന്റെ കോഴിക്കടയ്‌ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഒമൈക്രോണ്‍; മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്;രാജ്യാന്തര യാത്രക്കാര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന്‍
തിരുവനന്തപുരം:വിദേശ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്‌ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതായിരിക്കും. ഇവര്‍ക്ക് വിമാനത്താവളങ്ങളില്‍ അര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതാണ്. പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ ഹോം ക്വാറന്റീനിലായിരിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും 7 ദിവസം വരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാല്‍ അവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തും. അവര്‍ക്കായി പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനം ജീനോമിക് സര്‍വയലന്‍സ് നേരെത്തെ തന്നെ തുടര്‍ന്നു വരികയാണ്. ജിനോമിക് സര്‍വലന്‍സ് വഴി കേരളത്തില്‍ ഇതുവരേയും ഒമൈക്രോണ്‍ വേരിയന്റ് കണ്ടെത്തിയിട്ടില്ല. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 5 ശതമാനം പേരുടെ സാംപിളുകൾ ഇത്തരത്തില്‍ പരിശോധനയ്ക്ക് അയക്കണമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരും സ്വയം നിരീക്ഷണം നടത്തണം.നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ച് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു.
ജോസ് കെ മാണിയെ വീണ്ടും രാജ്യസഭ എംപിയായി തെരഞ്ഞെടുത്തു
തിരുവനന്തപുരം: ജോസ് കെ മാണിയെ വീണ്ടും രാജ്യസഭ എംപിയായി തെരഞ്ഞെടുത്തു.ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 137 വോട്ടുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ.മാണിക്ക് 96 വോട്ടുകളാണ് ലഭിച്ചത്.യുഡിഎഫിന് 40 വോട്ടുകളും. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി.വോട്ട് രേഖപ്പെടുത്തുമ്പോൾ ആര്‍ക്കാണോ ആദ്യ പിന്തുണ അയാളുടെ പേരിനു നേരെ ഒന്ന് എന്നു രേഖപ്പെടുത്തുകയാണു വേണ്ടത്. അത്തരത്തില്‍ രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് മാത്യു കുഴല്‍നാടനും എന്‍. ഷംസുദ്ദീനും ഉള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ പരാതി ഉയര്‍ത്തി. ഇതേ തുടര്‍ന്ന് വോട്ട് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു.എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.ശൂരനാട് രാജശേഖരനും തമ്മിലായിരുന്നു മത്സരം. ടിപി രാമകൃഷ്ണന്‍, പി മമ്മിക്കുട്ടി, പിടിതോമസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നില്ല.നേരത്തെ രാജ്യസഭാ എംപി ആയിരുന്ന ജോസ് കെ മാണി നിയമസഭാ ഇലക്ഷനില്‍ മത്സരിക്കുന്നതിനുവേണ്ടി സ്ഥാനം രാജിവെക്കുകയായിരുന്നു. എന്നാല്‍ പാലായില്‍ മാണി സി കപ്പനോടേറ്റ പരാജയത്തെ തുടര്‍ന്ന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുകയായിരുന്നു.