കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായുള്ള കുറ്റപത്രം മുഴുവൻ തെളിവുകളും ലഭിച്ചതിനു ശേഷം മാത്രമേ സമർപ്പിക്കുകയുള്ളൂ എന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.ഇനിയും തെളിവുകൾ ലഭിക്കാനുണ്ടെന്നും കുറ്റപത്രത്തിൽ മുഴുവൻ തെളിവുകളും ഉൾപ്പെടുത്തുമെന്നും ബെഹ്‌റ അറിയിച്ചു.എന്നാൽ മെമ്മറി കാർഡും ഫോണും കിട്ടിയില്ലെങ്കിലും കുറ്റപത്രം സമർപ്പിക്കുന്നതിന് തടസ്സമില്ലെന്നുള്ള നിയമോപദേശമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.കേസിൽ അന്വേഷണം ഏകദേശം പൂർത്തിയായി കഴിഞ്ഞതായാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.
വയനാട്ടിൽ മണ്ണിടിച്ചിൽ;മൂന്ന് പേർ മണ്ണിനടിയിൽ കുടുങ്ങി
കൽപ്പറ്റ:കനത്ത മഴയെ തുടർന്ന് വയനാട്ടിലെ പടിഞ്ഞാറത്തറ നായ്മൂലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. സംഭവത്തിൽ മൂന്ന് പേർ മണ്ണിനടിയിൽപ്പെട്ടതായാണ് സൂചന.ഒരാളെ രക്ഷപ്പെടുത്തി.സ്ഥലത്ത് രക്ഷാപ്രവർത്തങ്ങൾ തുടരുകയാണ്.
മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു
കണ്ണൂർ: കുടിയാൻമല കൈരളത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു.പുലിക്കുരുമ്പ തണ്ടത്തിൽ അഗസ്തി(84) ആണ് മരിച്ചത്.മകൻ ബേബിയെ പോലീസ് അറസ്റ്റ് ചെയ്തു.കുടുംബ പ്രശ്നമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് സൂചന.മദ്യപിച്ച് വീട്ടിലെത്തിയ ബേബി പിതാവുമായി കലഹിക്കുകയും പ്രകോപിതനായ ഇയാൾ അഗസ്തിയെ മർദിക്കുകയുമായിരുന്നു. പരിക്കേറ്റ അഗസ്തിയെ അയൽവാസികൾ എത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.കുടിയാന്മല പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
ദേവികുളം സബ്‌കളക്റ്റർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
മൂന്നാർ:ദേവികുളം സബ്‌കളക്റ്റർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അത്ഭുതകരമായാണ് സബ്‌കളക്റ്റർ വി.ആർ പ്രേംകുമാറും ഗൺമാനും രക്ഷപ്പെട്ടത്.മൂന്നാർ മറയൂർ റോഡിലായിരുന്നു അപകടം.കാർ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽ കാർ പൂർണമായും തകർന്നു.കളക്റ്ററും ഗൺമാനും മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്.ചിന്നാറിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു ഇവർ.നിസാര പരിക്കേറ്റ ഇരുവരെയും ടാറ്റ ടീ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
കനത്ത മഴ;വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
മാനന്തവാടി:കനത്ത മഴമൂലം വയനാട് ജില്ലയിലെ പ്രൊഫഷണൽ സ്കൂളുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു.
ദിലീപിന് ജാമ്യമില്ല
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.ആദ്യം അങ്കമാലി കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന് നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.പുതിയ വാദങ്ങളും ആരോപണങ്ങളും ഉൾക്കൊള്ളുന്ന പുതിയ ജാമ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നത്.കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകിയാൽ ദിലീപ് പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ഈ വാദം മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.അറസ്റ്റിലായി അൻപതാം ദിവസമാണ് ദിലീപിന്റെ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയുന്നത്.രാവിലെ 10.30 ഓടെ വിധി പറയുമെന്നാണ് സൂചന.ദിലീപിന് ജാമ്യം കിട്ടിയാൽ റോഡ് ഷോ അടക്കമുള്ള വിപുലമായ പരിപാടികളാണ് താരത്തിന്റെ ഫാൻസ് അസോസിയേഷനുകൾ പ്ലാൻ ചെയ്തിരിക്കുന്നത്.
അടുത്തിലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 25 പേർക്കു പരുക്ക്

വടകരയിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു
വടകര:മുക്കാളിയിൽ പട്ട്യാട്ട് അണ്ടർബ്രിഡ്ജിനു സമീപം ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു.കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മൻസിലിൽ സറീന(39),മകൾ തസ്‌നി(18) എന്നിവരാണ് മരിച്ചത്.അണ്ടർബ്രിഡ്ജിൽ വെള്ളം കയറിയതിനാൽ മുകളിൽ റെയില്പാളത്തിലൂടെ നടന്ന ഇരുവരെയും ഹാപ്പ-തിരുനെൽവേലി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.രാവിലെ പതിനൊന്നരയോടെ വീട്ടിൽ നിന്നും മുക്കാളിയിലേക്ക് പോകുമ്പോഴാണ് സംഭവം.പാളത്തിന് ഇരുവശത്തും കാടായതിനാൽ തീവണ്ടിയുടെ മുന്നിൽ നിന്നും ഇരുവർക്കും പെട്ടെന്ന് മാറിനിൽക്കാൻ സാധിക്കാഞ്ഞതാണ് അപകടത്തിന് കാരണം.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;ഫീസ് 11 ലക്ഷം തന്നെ എന്ന് സുപ്രീം കോടതി
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കല്‍ വിഷയത്തിൽ സര്‍ക്കാരിന് തിരിച്ചടി. എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്കും 11 ലക്ഷം ഫീസ് വാങ്ങാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഈടാക്കാമെന്നും കോടതി അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. അതേസമയം, അഡ്മിഷൻ പൂർത്തായാകാൻ മൂന്ന് ദിവസം മാത്രമേ ബാക്കി ഉള്ളൂ എന്നതിനാൽ, ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ 15 ദിവസത്തെ സമയം കോടതി അനുവദിച്ചു.ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതി ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. സർക്കാരുമായി ഇതിനോടകം കരാർ ഒപ്പിട്ടവർക്കും ഇത് ബാധകമാണ്. അഞ്ച് ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ബോണ്ട് നൽകിയാൽ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇത് തള്ളിക്കൊണ്ടാണ് ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചത്. സംസ്ഥാനത്ത് രണ്ട് കോളജുകൾക്ക് മാത്രമായിരുന്നു നേരത്തെ 11 ലക്ഷം ഫീസ് നിശ്ചയിച്ചിരുന്നത്.കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ മുഴുവൻ വാദങ്ങളും കോടതി തള്ളുകയായിരുന്നു. അലോട്ട്മെന്‍റ് പൂർത്തിയായെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.