ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം. ഒറ്റ രാത്രികൊണ്ട്50 ഓളം കൂറ്റന്‍ തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്.കാട്ടാനയെ പ്രതിരോധിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫാം എംഡി ഡിഎഫ്ഒയ്ക്കും ജില്ലാ കളക്ടര്‍ക്കും കത്തു നല്‍കി. മൂന്ന് മാസത്തിനിടയില്‍ കാട്ടാന 300 ഓളം തെങ്ങുകള്‍ കുത്തി വീഴ്ത്തി നശിപ്പിച്ചതായി കത്തില്‍ പറയുന്നു. ആനയെ പേടിച്ച് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഫാം ഒന്നാം ബ്ലോക്കില്‍ ഫാമിന്‍റെ ഗോഡൗണിനോടു ചേര്‍ന്ന ഭാഗത്തെ നിറയെ കായ്ഫലമുള്ള തെങ്ങുകളാണ് നശിപ്പിച്ചവയില്‍ എല്ലാം.കഴിഞ്ഞ ശനിയാഴ്ച രാത്രി ഇതേ സ്ഥലത്തുള്ള 27 ഓളം തെങ്ങുകളും ആനക്കൂട്ടം കുത്തിവീഴ്ത്തിയിരുന്നു.ഓരാഴ്ചയ്ക്കിടെ ഫാമിന്‍റെ ഒന്ന്, രണ്ട് ബ്ലോക്കുകളില്‍ നിന്നായി 140-ഓളം തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയും കടന്നാണ് ആനക്കൂട്ടം ഫാമിന്‍റെ അധീനതയില്‍ എത്തിയിരിക്കുന്നത്.രണ്ട് കൂട്ടങ്ങളായാണ് ആനക്കൂട്ടം ഫാമിലെ കൃഷിയിടത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്. വലിയ കൊമ്പന്‍ ഉള്‍പ്പെടെ മൂന്ന് ആനകളുടെ ഒരുകൂട്ടവും ആറ് ആനകളുടെ മറ്റൊരുകൂട്ടവുമാണ് ഫാമിലൂടെ കറങ്ങി നടക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കുരങ്ങിന്‍റെയും കാട്ടാനയുടെയും ശല്യം കാരണം തെങ്ങില്‍ നിന്നുള്ള വരുമാനം കുറഞ്ഞുവരികയാണ്. കുരങ്ങുശല്യം നിയന്ത്രിക്കുന്നതിനായി ഫാമിലെ ഒന്ന് , രണ്ട് ബ്ലോക്കുകളിലെ തെങ്ങുകള്‍ അടുത്തിടെയാണ് ലേലത്തിന് നല്‍കിയത്. ലേലം നല്‍കിയ ഭാഗത്തെ തെങ്ങുകളാണ് നശിപ്പിച്ചത്.നേരത്തെ രാത്രി കാലങ്ങളിലായിരുന്നു ആനയുടെ അക്രമമുണ്ടായിരുന്നത്. ഇപ്പോള്‍ വൈകുന്നേരം അഞ്ചുമുതല്‍ തന്നെ ആനകള്‍ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ്. ഫാമിനുള്ളിലേയും ആദിവാസി പുനരധിവാസ മേഖലയിലേയും പൊന്തക്കാടുകളിലാണ് പകല്‍ സമയങ്ങളില്‍ ആനക്കൂട്ടം കഴിയുന്നത്. ഫാമില്‍ നിന്നും ആദിവാസി പുനരധിവാസ മേഖലയും കടന്നുവേണം ആനക്കൂട്ടത്തെ വനത്തിലുള്ളിലേക്കു തുരത്താന്‍. അതുകൊണ്ടുതന്നെ ഫാമില്‍ നിന്നും പുനരധിവാസ മേഖലയിലേക്ക് ആന പ്രവേശിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് വനം വകുപ്പ്.
നടിയുടെ പേര് വെളിപ്പെടുത്തൽ;അജു വർഗീസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
കളമശ്ശേരി:കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക് പേജിലൂടെ വെളിപ്പെടുത്തിയതിന് നടൻ അജു വർഗീസിനെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജു വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.എന്നാൽ കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് അജുവിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ ഉടൻ തന്നെ ജാമ്യം അനുവദിക്കുകയായിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപി ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
തമിഴ്‌നാട്ടിൽ നിന്നുള്ള പായ്ക്കറ്റ് പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തി
പാലക്കാട്:തമിഴ്‌നാട്ടിലെ ദിണ്ടിക്കലിൽ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി കൊണ്ടുവന്ന പായ്ക്കറ്റ് പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തി.ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ സ്ഥിരം പാൽ പരിശോധനാകേന്ദ്രത്തിൽ ചൊവ്വാഴ്ച വൈകുന്നേരം എത്തിയ പാൽവണ്ടിയിലെ കവറുകളിലാണ് ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തിയത്. ഇതിൽ മലബാർ മിൽക്ക് എന്ന പേരിലുള്ളതായിരുന്നു കവറുകൾ.മുറിവുകൾ ക്‌ളീൻ ചെയ്യാനും മൗത് വാഷിന്റെ ഘടകമായും ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിക്കാറുണ്ട്.ഇത് പാലിൽ ചേർക്കാൻ അനുവാദമില്ലാത്ത രാസപദാർത്ഥമാണ്.ടോൺഡ് മിൽക്ക്,ഡബിൾ ടോൺഡ് മിൽക്ക് എന്നിവയുടെ പായ്ക്കറ്റുകളിലാണ് ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശമുള്ളതായി പരിശോധനയിൽ തെളിഞ്ഞത്.ഇതുകൂടാതെ കൗമിൽക്,ഫുൾ ക്രീം മിൽക്ക് എന്നിവയുടെ പായ്‌ക്കറ്റുകളും ലോറിയിൽ ഉണ്ടായിരുന്നെങ്കിലും അവയിൽ ഇത് കണ്ടെത്തിയിരുന്നില്ല.ഡിണ്ടിക്കൽ എ.ആർ ഡയറി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് വണ്ടി എത്തിയിരുന്നതെന്നു അധികൃതർ പറഞ്ഞു.പരിശോധനയെ തുടർന്ന് പാലും വണ്ടിയും ഭക്ഷ്യസുരക്ഷാ വകുപ്പിനെ ഏൽപ്പിച്ചു.വണ്ടി കേരളത്തിനകത്തേക്ക് കടത്തി വിടാതെ തിരിച്ചയക്കുമെന്നു അധികൃതർ അറിയിച്ചു.
സ്വാശ്രയ പ്രവേശനത്തിൽ സീറ്റ് നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിയുടെ പേരിൽ സീറ്റ് നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അഞ്ചു ലക്ഷം ഫീസിന് പുറമെ ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.സ്വാശ്രയ മെഡിക്കൽ കോളേജുകൾ നാടിൻറെ സ്ഥാപങ്ങളാണെന്നും അവിടെ പഠിക്കാൻ വരുന്നത് നമ്മുടെ കുട്ടികളാണെന്നു കരുതി മാനേജ്മെന്റുകൾ പെരുമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .കേരള ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്‌മെന്റിന് കീഴിലുള്ള നാലു മെഡിക്കൽ കോളേജുകളും പരിയാരം മെഡിക്കൽ കോളേജും നേരത്തെ നിശ്ചയിച്ച ഫീസിൽ കുട്ടികളെ പഠിപ്പിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.ബാങ്ക് ഗ്യാരന്റി പ്രശ്നത്തിൽ വിദ്യാർത്ഥികൾക്കുള്ള പ്രയാസം പരിഹരിക്കുന്നതിന് ബാങ്കുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്.കൊളാറ്ററൽ സെക്യൂരിറ്റിയും തേർഡ് പാർട്ടി ഗ്യാരന്റിയും മാർജിൻ മണിയും ഒഴിവാക്കണമെന്ന് ബാങ്കുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അവർ സഹകരിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്തി പറഞ്ഞു.
സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തി നിര്യാതയായി
കൊച്ചി:പ്രശസ്ത സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യ ശാന്തി മോഹൻദാസ്(36) നിര്യാതയായി.ഇന്ന് വൈകുന്നേരം നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മസ്തിഷ്ക്കാഘാതമാണ് മരണ കാരണം.കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞു വീണ ശാന്തിയെ ആശുപത്രിയിൽ എത്തിച്ചു.തിങ്കളാഴ്ച്ച വൈകിട്ടോടെ ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.നർത്തകിയായ ശാന്തി ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി എന്നിവയിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.ദിയ,ദേവദത്ത് എന്നിവർ മക്കളാണ്.
ബി നിലവറ തുറക്കാൻ അനുവദിക്കില്ല;നിലപാടിലുറച്ച് രാജകുടുംബം
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാൻ പാടില്ലെന്ന നിലപാടിലുറച്ച് രാജകുടുംബം. നിലവറതുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളോട് സഹകരിക്കില്ലെന്ന് അശ്വതി തിരുന്നാൾ ഗൗരിലക്ഷമിഭായ് പറഞ്ഞു. അതേസമയം സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം മുഖ്യമന്ത്രി പിണറായി വിജയനുമായും രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും.ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് സമവായം ഉണ്ടാക്കാനാണ് ഗോപാൽ സുബ്രഹ്മണ്യത്തിന്‍റെ ശ്രമം. ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന നിരീക്ഷിക്കാനാണ് എത്തിയതെന്ന് ഗോപാൽ സുബ്രഹ്മണ്യം പറഞ്ഞു.പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ നടത്തിയ നിരീക്ഷണം. എന്നാൽ, ബി നിലവറ തുറക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും, നിലവറ തുറക്കുന്നത് ഉചിതമാകില്ലെന്നുമായിരുന്നു രാജകുടുംബത്തിന്‍റെ വാദം.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് സ്നേഹവീട് കൈമാറി
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് അത്താണിയാകാൻ അമ്പലത്തറയിൽ നിർമിച്ച സ്നേഹവീട് നടൻ സുരേഷ് ഗോപി എംപി നാടിന് സമർപ്പിച്ചു.റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍റെ സാന്നിധ്യത്തിലാണ് സ്നേഹവീട് സമർപ്പണം നടന്നത്. കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ മനുഷ്യജീവൻ ഹനിക്കുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. മറിച്ച് കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഇക്കാര്യം കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, നിർമല സീതാരാമൻ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ നടപടികളുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.നിശ്ചയിച്ചതിലും അഞ്ച് മിനിറ്റ് മുൻപെത്തി സൂപ്പർസ്റ്റാർ സുരേഷ് ഗോപി സംഘാടകരെയും ആരാധകരെയും അത്ഭുതപ്പെടുത്തി. നെഹ്റു കോളജ് സാഹിത്യവേദിയാണ് 40 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിക്കുന്നതിന് മുൻകൈയെടുത്തത്.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;എസ്.സി,എസ്.ടി വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ വഹിക്കും
തിരുവനന്തപുരം:നീറ്റ് ലിസ്റ്റിൽ നിന്നും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന എസ്.സി,എസ്.ടി വിദ്യാർത്ഥികളുടെ ഫീസ് സർക്കാർ വഹിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലൻ അറിയിച്ചു.സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫീസുമായി ബന്ധപ്പെട്ട ഒരു ആശങ്കയും പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉണ്ടാകേണ്ടതില്ലെന്നു മന്ത്രി വ്യക്തമാക്കി.സർക്കാരോ കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഏതായാലും നീറ്റ് ലിസ്റ്റിൽ നിന്നും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് സർക്കാർ നൽകും.അതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കും.തുടർന്ന് നടക്കുന്ന സ്പോട് അഡ്മിഷനിൽ പ്രവേശനം ലഭിക്കുന്നവർക്കും ഈ സഹായം ലഭിക്കും.കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫീസിന്റെ പേരിൽ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചാൽ അത്തരം മാനേജ്മെന്റുകൾക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.
നടൻ ബിജുമേനോന്‍റെ കാർ അപകടത്തിൽപെട്ടു
മലപ്പുറം: ചലച്ചിത്ര താരം ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. വളാഞ്ചേരിക്ക് സമീപം വട്ടപ്പാറയിൽ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ബിജുമേനോൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തൃശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ബിജുമേനോൻ സഞ്ചരിച്ച കാറിലും നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്ന് വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. രാത്രി ഏറെ വൈകി ബിജുമേനോൻ മറ്റൊരു കാറിൽ വീണ്ടും യാത്ര തിരിച്ചു.
വയനാട്ടിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു
കൽപ്പറ്റ:പടിഞ്ഞാറത്തറ നായ്‌മൂലയിൽ മണ്ണിടിച്ചിൽ.മണ്ണിനടിയിൽപെട്ട രണ്ടുപേരിൽ ഒരാൾ മരിച്ചു.മുട്ടിൽ സ്വദേശി ഹസ്സൻകുട്ടിയാണ് മരിച്ചത്.മുണ്ടേരി സ്വദേശിയായ ഉണ്ണിയെ പരിക്കുകളോടെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.