കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാർ ദിലീപിന് അനുകൂലമായി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പോലീസ്.ഗണേഷ് നടത്തിയ പ്രസ്താവന കേസിനെ വഴിതെറ്റിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു.കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ഇത്തരം നടപടികളിൽ കോടതി അടിയന്തിരമായി ഇടപെടണമെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു.കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ മാത്രമേ ഒരാൾ കുറ്റക്കാരനാണെന്ന് നമുക്കും പറയാൻ പറ്റൂ.ദിലീപിന്റെ ഔദാര്യം പറ്റിയവർ ദിലീപിന് വേണ്ടി മുന്നോട്ട് വരണമെന്നും ഗണേഷ് കുമാർ പറഞ്ഞു.പൊലീസിന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് അത് തിരുത്തണമെന്നും പൊലീസിനെ പേടിച്ച് ദിലീപിന് ആരും പിന്തുണ പ്രഖ്യാപിക്കാതിരിക്കരുതെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപിനെ ആലുവ സബ്ജയിലിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ഗണേഷ് കുമാറിന്‍റെ പ്രതികരണം.
കൂത്തുപറമ്പിൽ ബോംബേറ്
കൂത്തുപറമ്പ്:കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ബോംബേറ്.ഡിവൈഎഫ്ഐ യുണിറ്റ് സെക്രെട്ടറി പി.ജിതിൻ,മൂര്യാട് സ്വദേശി ഷാജിനാസ് എന്നിവർക്ക് പരിക്കേറ്റു.ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി എട്ടുമണിയോടെ തൊക്കിലങ്ങാടി പാലാപ്പറമ്പ് കിണറിനു സമീപത്തുവെച്ചാണ് സംഭവം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർക്കുനേരെ ആർ എസ് എസ് പ്രവർത്തകർ ബോംബെറിയുകയായിരുന്നു എന്ന് സിപിഎം ആരോപിച്ചു.കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സ്ഥലത്തു വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞ് രണ്ട് മലയാളി വിദ്യാർത്ഥിനികൾ മരിച്ചു
ബെംഗളൂരു:മലയാളി വിദ്യാർത്ഥികളായ വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടു വിദ്യാർത്ഥിനികൾ മരിച്ചു.കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്.കർണാടകയിലെ ചിക്കമംഗ്ലൂരുവിലാണ് അപകടം നടന്നത്.മുണ്ടക്കയം സ്വദേശിനി മെറിൻ സെബാസ്റ്റ്യൻ,വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഐറിൻ എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.വിദ്യാർഥികൾ സഞ്ചരിച്ച ബസ് മാഗടി അണക്കെട്ടിലേക്ക് മറിയുകയായിരുന്നു.അപകടം നടക്കുമ്പോൾ ചെറിയ മഴയുണ്ടായിരുന്നു.റോഡിൽ തെന്നിയ ബസ് നിയന്ത്രണം വിട്ട് മൂന്നു തവണ മലക്കം മറിഞ്ഞു ഡാമിലേക്ക് പതിക്കുകയായിരുന്നു. ഡാമിൽ വെള്ളമില്ലായിരുന്നു.ബസിനടിയിൽ പെട്ടാണ് പല വിദ്യാർത്ഥികൾക്കും പരിക്കേറ്റത്.ബസിനടിയിൽപെട്ട മെറിനും ഐറിനും സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.മുപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ പത്തുപേരുടെ നില ഗുരുതരമാണ്.അഞ്ചാം തീയതിയാണ് ഇവർ വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. മടങ്ങാനിരിക്കവെയാണ് അപകടം നടന്നത്.മൂന്നാം വർഷ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് മരിച്ച മെറിനും ഐറിനും.പരിക്കേറ്റവരെ ചിക്കമംഗളൂരുവിലെ സർക്കാർ ആശുപത്രിയിലും ഹാസ്സനിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു
പരിയാരത്ത് മിനിലോറി ബസ്‌സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഒരാൾ മരിച്ചു
പരിയാരം:പരിയാരത്ത് മിനിലോറി നിയന്ത്രണം വിട്ട് ബസ്‌സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി അസു(65) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം.തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അസുവിന്റെ വലതുകാൽ മുറിച്ചു മാറ്റിയിരുന്നു.ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു മരണം.തലശ്ശേരി ഷെമി ഹോസ്പിറ്റലിൽ മാനേജരായിരുന്ന അസു നാട്ടിലേക്ക് മടങ്ങാനായി പരിയാരം മെഡിക്കൽ കോളേജ് ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെയാണ് അപകടം നടന്നത്.
മൂന്നര വയസ്സുകാരൻ ബലൂൺ തൊണ്ടയിൽ കുടുങ്ങി മരിച്ചു
കാസർകോഡ്:മൂന്നര വയസ്സുകാരൻ ബലൂൺ തൊണ്ടയിൽ കുടുങ്ങി മരിച്ചു.കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്-ദയകുമാരി ദമ്പതികളുടെ മകൻ ആദി ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ ബലൂൺ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.വീട്ടുകാർ ഉടൻ ബലൂൺ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ സമീപത്തുള്ള ക്ലിനിക്കിലും പിന്നീട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാർഥി സംഘടനയായ ഡിഎസ്എയുടെ ക്യാമ്പസ്സുകളിലെ പ്രവർത്തനം നിരീക്ഷണത്തിൽ
കണ്ണൂർ: അറസ്റ്റിലായി ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്‍റെയും ഷൈനയുടെയും മകള്‍ ആമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രൂപീകരിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് അസോസിയേഷനെതിരേ (ഡിഎസ്എ) കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തോട് റിപ്പോർട്ട് നേടി. സംഘടനയ്ക്ക് മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.ഓഗസ്റ്റ് 26ന് കൊച്ചി സി. അച്യുതമേനോൻ ഹാളിലായിരുന്നു സംഘടനയുടെ രൂപീകരണ പ്രഖ്യാപന സമ്മേളനം.നെടുവാസൽ സമരപ്രവർത്തകനും തമിഴ്നാട്ടിലെ സ്റ്റുഡന്‍റ്സ് അപ് റൈസിംഗ് ഫോർ സോഷ്യൽ വെൽഫെയർ നേതാവുമായ ദിനേശനായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്ത് തീവ്രഇടതുപക്ഷ ആശയങ്ങളുമായി പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചെങ്കിലും എസ്എഫ്ഐ, കെഎസ്‌യു, എബിവിപി തുടങ്ങിയ വിദ്യാർഥി സംഘടനാ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല.സംഘടനയുടെ പ്രഖ്യാപന സമ്മേളനത്തിൽ മാവോയിസ്റ്റ് അനുകൂല സംഘടനകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.ഡിഎസ്എയുടെ കേരളത്തിലെ കാന്പസിലുള്ള പ്രവർത്തനവും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ശാസ്ത്രീയ സോഷ്യലിസമാണ് സംഘടനയുടെ മുദ്രാവാക്യമെന്നും ഇതിന് മാവോയിസ്റ്റ് ബന്ധമില്ലെന്നുമാണ് സംഘടനാ പ്രതിനിധികൾ പറയുന്നത്.
ഒരു കോടി രൂപയുടെ കുഴൽപ്പണം പിടികൂടി
പെരിന്തൽമണ്ണ:ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി പെരിന്തൽമണ്ണയിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി.മലപ്പുറം മൊറയൂർ സ്വദേശി മുഹമ്മദ് ബഷീർ,മഞ്ചേരി കിഴിശ്ശേരി സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടികൂടിയത്.തമിഴ്‌നാട്ടിൽ നിന്നും പണവുമായി ഒരു സംഘം വരുന്നുണ്ടെന്നു വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറത്തു പോലീസ് പരിശോധന നടത്തുകയായിരുന്നു.പോലീസിനെ കണ്ട് വാഹനം നിർത്താതെ പോയ ഇവരെ പിന്തുടർന്ന് പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ വെച്ച് പിടികൂടുകയായിരുന്നു.
നാദിർഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 13 ലേക്ക് മാറ്റി
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി പതിമൂന്നാം തീയതിയിലേക്ക് മാറ്റി.അതെ സമയം അറസ്റ്റ് തടയണമെന്ന നാദിർഷായുടെ ആവശ്യം കോടതി തള്ളി. മൊഴിയിലെ പൊരുത്തക്കേടുകൾ കാരണം കഴിഞ്ഞ ദിവസമാണ് വീണ്ടും ചോദ്യം ചെയ്യാനായി പോലീസ് നാദിർഷയെ വിളിപ്പിച്ചത്.തുടർന്ന് നെഞ്ചുവേദന മൂലം നാദിർഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി.പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്
പത്തനംതിട്ട:ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് പമ്പയാറ്റില്‍ നടക്കും. രണ്ട് ബാച്ചുകളിലായി 52 പള്ളിയോടങ്ങള്‍ ജലോത്സവത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജല ഘോഷയാത്രയും മൂന്ന് മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മത്സര വള്ളംകളിയും ഉദ്ഘാടനം ചെയ്യും.എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളും പങ്കെടുക്കും. ഇത്തവണ ഹീറ്റ്‌സ് മത്സരങ്ങളില്‍ പള്ളിയോടങ്ങളുടെ സമയം രേഖപ്പെടുത്തുകയും കുറഞ്ഞ സമയം കുറിച്ച നാല് പള്ളിയോടങ്ങളെ വീതം ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കും.ഓരോ ബാച്ചിലും മത്സരിക്കുന്ന പള്ളിയോടങ്ങള്‍ക്ക് പാടേണ്ട വഞ്ചിപ്പാട്ട് സഹിതം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവയ്ക്ക് അയോഗ്യത കല്‍പ്പിക്കുമെന്നതിനാല്‍ ഉത്രട്ടാതി ജലമേളയുടെ തനിമ ഉറപ്പാക്കാനാകും. സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഗായകന്‍ കാവാലം ശ്രീകുമാറിന് രാമപുരത്ത് വാര്യര്‍ പുരസ്‌കാരം ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഡി രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മോശം കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി
കോഴിക്കോട്:മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ നെടുമ്പാശ്ശേരിയിലിറക്കി.ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ ഇത്തിഹാദ്,എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്,ഒമാൻ എയർവെയ്‌സ് എന്നീ സർവീസുകളാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്.കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ കരിപ്പൂരിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.