തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയെ പിടിച്ചുലച്ച മെഡിക്കൽ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നു.ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിക്കാത്തതാണ് കേസിന്‍റെ അന്വേഷണത്തെ ബാധിച്ചത്.പണം കൈമാറിയതിന്‍റെ രേഖകൾ കണ്ടെത്താനായില്ലെന്ന് വിജിലൻസ് പറഞ്ഞു. കൈക്കൂലി കൊടുത്ത കോളേജ് ഉടമ നിലപാടിൽ നിന്ന് പിന്നാക്കം പോയതും തിരിച്ചടിയായി. അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിന്‍റെ ചുമതല വഹിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോർട്ട് നൽകുമെന്നാണ് വിവരം.മെഡിക്കൽ കോളജിനു കേന്ദ്രാനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് വർക്കല എസ്ആർ കോളജ് ഉടമ ആർ.ഷാജിയിൽനിന്നു 5.60 കോടി രൂപ ആർ.എസ്. വിനോദ് വാങ്ങിയെന്നാണ് ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്.
സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്
കണ്ണൂർ:നിരക്കുവർധനയുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഈ മാസം 14 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക,സ്റ്റേജ് ക്യാരേജുകൾക്ക് വർധിപ്പിച്ച റോഡ് നികുതി പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം നടത്തുന്നതെന്ന് സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രൻ മൊഴി നൽകി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രൻ മൊഴി നൽകി.പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെയാണ് അനൂപ് ചന്ദ്രൻ മൊഴി നൽകിയത്.നാല്പത്തിയേഴോളം സിനിമകളിൽ ദിലീപ് തനിക്ക് അവസരം നിഷേധിച്ചുവെന്നും മിമിക്രിക്കാർക്കെതിരെ സംസാരിച്ചതിനായിരുന്നു പ്രതികാര നടപടിയെന്നും അനൂപ് ചന്ദ്രന്റെ മൊഴിയിലുണ്ട്.ആലുവ റൂറൽ എസ്.പി എ.വി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനൂപ് ചന്ദ്രന്റെ മൊഴിയെടുത്തത്.നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ദിലീപിന് ബന്ധമുണ്ടോ എന്നറിയില്ലെന്നും എന്നാൽ ദിലീപ് തന്നോട് പ്രതികാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.ദിലീപ് നായകനായ മോസ് ആൻഡ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ദിലീപ് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഈ സംഭവത്തിന് ശേഷം തനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായി എന്നും അനൂപ് ചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്.
മട്ടന്നൂർ നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയുടെ പുതിയ ഭരണസമിതി നാളെ രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നഗരസഭ ഓഫീസിനു സമീപം പ്രത്യേകം സജ്ജമാക്കുന്ന വേദിയിലാണു ചടങ്ങ്. വരണാധികാരി ഡിഎഫ്ഒ സുനിൽ പാമിഡി മുന്പാകെ മുതിർന്ന അംഗം വി.എൻ.സത്യേന്ദ്രനാഥനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. തുടർന്ന് അദ്ദേഹം മറ്റ് അംഗങ്ങൾക്കു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന് മുതിർന്ന അംഗത്തിന്‍റെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗം ചേരും. നഗരസഭാ ചെയർമാനെയും വൈസ് ചെയർമാനെയും തെരഞ്ഞെടുക്കേണ്ടതു സംബന്ധിച്ച അറിയിപ്പ് കൗൺസിൽ യോഗത്തിൽ നൽകും. 14നാണ് തെരഞ്ഞെടുപ്പ്.നഗരസഭ രൂപീകരിച്ചതിനുശേഷം അഞ്ചാംതവണയും എൽഡിഎഫാണ് അധികാരത്തിൽ വരുന്നത്. ഇക്കുറി ആകെയുള്ള 35 സീറ്റിൽ 28 സീറ്റ് എൽഡിഎഫിനും ഏഴു സീറ്റ് യുഡിഎഫിനുമാണ് ലഭിച്ചത്. ചെയർമാൻസ്ഥാനം വനിതാസംവരണമാണ്. ചെയർപേഴസ്ൺ സ്ഥാനത്തേക്ക് നെല്ലുന്നി വാർഡിൽനിന്നു വിജയിച്ച സിപിഎമ്മിലെ അനിത വേണുവിനെയും വൈസ് ചെയർമാൻ സ്ഥാനത്തേക്ക് സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.പുരുഷോത്തമനെയുമാണ് പരിഗണിക്കുന്നത്.
നടൻ ശ്രീനിവാസന്റെ വീടിനുനേരെ കരിഓയിൽ പ്രയോഗം
കണ്ണൂർ:നടൻ ശ്രീനിവാസന്റെ വീടിനുനേരെ കരിഓയിൽ പ്രയോഗം.ശ്രീനിവാസന്റെ കണ്ണൂർ കുത്തുപറമ്പിലുള്ള വീടിനുനേരെയാണ് കരിഓയിൽ പ്രയോഗം നടത്തിയത്.നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് അനുകൂലമായി ശ്രീനിവാസൻ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനിവാസന്റെ വീടിനു നേരെ കരിഓയിൽ പ്രയോഗം നടന്നത്.ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും ഇത്തരം മണ്ടത്തരങ്ങൾക്കു നിൽക്കുന്ന ആളല്ല ദിലീപെന്നും ദിലീപിന്റെ നിരപരാധിത്തം കാലം തെളിയിക്കുമെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്.
ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈൽ നമ്പറുകൾ അസാധുവാക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈൽ നമ്പറുകളും 2018 ഫെബ്രുവരിക്ക് ശേഷം അസാധുവാക്കുമെന്ന് കേന്ദ്ര സർക്കാർ. ക്രിമിനലുകൾ, തട്ടിപ്പുകാർ, ഭീകരർ എന്നിവരെ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പാക്കിലാക്കുന്നതെന്നുമാണ് കേന്ദ്രസർക്കാരിന്‍റെ വിശദീകരണം.കേന്ദ്രസർക്കാർ നിർദേശപ്രകാരം ആധാർ കാർഡുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികൾ ഇമെയിൽ വഴിയും എസ്എംഎസുകൾ വഴിയും പരസ്യങ്ങൾ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.
തമിഴ്‌നാട്ടിൽ വാഹനാപകടം;നാലു മലയാളികൾ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ മധുരയ്ക്കു സമീപം തിരുമംഗലത്തുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. കൊല്ലം സ്വദേശികളാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.സജീദ് സലിം, ഖദീജ ഫിറോസ്, സജീന ഫിറോസ്, നൂർജഹാൻ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ തിരുമംഗലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
പി.സി ജോർജിനെതിരായി ആക്രമിക്കപ്പെട്ട നടി പൊലീസിന് മൊഴിനൽകി
കൊച്ചി:പി.സി ജോർജിനെതിരായി ആക്രമിക്കപ്പെട്ട നടി പൊലീസിന് മൊഴിനൽകി.പി.സി ജോർജ് എം എൽ എയുടെ പരാമർശങ്ങൾ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും തനിക്കെതിരായ പ്രചാരണങ്ങൾക്ക് ചിലർ ഈ പരാമർശങ്ങൾ ഉപയോഗിച്ചെന്നും പൊലീസിന് നൽകിയ മൊഴിയിൽ നടി വ്യക്തമാക്കി.വ്യക്തിഹത്യ നടത്തുന്നതിന് തുല്യമായിരുന്നു പ്രസ്താവന.ഇത് തന്നെ വേദനിപ്പിച്ചു.ഒരുതരത്തിലും ന്യായീകരിക്കാനാകുന്നതല്ല പരാമർശങ്ങളെന്നും അവർ മൊഴിയിൽ വ്യക്തമാക്കി.നടിയുടെ വീട്ടിലെത്തിയാണ് നെടുമ്പാശ്ശേരി പോലീസ് മൊഴിയെടുത്തത്.നടിയുടെ മൊഴി പരിശോധിക്കുമെന്നു പോലീസ് വ്യക്തമാക്കി.
ശോഭായാത്രയ്ക്ക് ബദലായി സിപിഎം ഘോഷയാത്ര;കണ്ണൂരിൽ സംഘർഷ സാധ്യത
കണ്ണൂർ:ശ്രീകൃഷ്‌ണജയന്തി ദിനത്തിൽ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയ്ക്ക് ബദലായി സിപിഎം ഘോഷയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ സംഘർഷ സാധ്യത.സെപ്റ്റംബർ പന്ത്രണ്ടിനാണ് ശ്രീകൃഷ്ണജയന്തി ആഘോഷം.ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് ബിജെപി ശോഭായാത്ര സംഘടിപ്പിക്കുന്നത്.മഹത്ജന്മങ്ങൾ മാനവനന്മയ്ക്ക് എന്ന പേരിലാണ് സിപിഎം ഉം അതേദിവസം ഘോഷയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ശോഭായാത്രയ്ക്ക് ബദലായി ഘോഷയാത്ര സംഘടിപ്പിക്കാനുള്ള സിപിഎം ന്റെ നീക്കം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണ് ആർ.എസ്.എസ് പറയുന്നത്.കണ്ണൂരിലെ സമാധാനം തകർന്നാൽ സിപിഎമ്മും പോലീസും മാത്രമായിരിക്കും ഉത്തരവാദികളെന്നും ആർ.എസ്.എസ് നേതാക്കൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ബാലഗോകുലത്തിന്റെ ശോഭായാത്ര തടസ്സപ്പെടുത്താൻ സിപിഎം ശ്രമിക്കുന്നുവെന്ന ആർ.എസ്.എസിന്റെ ആരോപണം വസ്തുത വിരുദ്ധമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രതികരിച്ചു
തളിപ്പറമ്പിൽ ക്വാറിയിൽ നിന്നും വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു
തളിപ്പറമ്പ്:നിയമവിരുദ്ധമായി പ്രവർത്തിച്ചു വന്ന കരിങ്കൽ ക്വാറിയിൽ റെയ്ഡ് നടത്തി വൻ തോതിൽ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു.സംഭവത്തിൽ ക്വാറിയിൽ ഉണ്ടായിരുന്ന നിടിയേങ്ങ പയറ്റുചാലിലെ സജി ജോൺ,കുടിയാന്മലയിലെ ബിനോയ് ദേവസ്യ എന്നിവരെ അറസ്റ്റ് ചെയ്തു.ശ്രീകണ്ഠപുരം പയറ്റുചാലിൽ പ്രവർത്തിച്ചിരുന്ന കണ്ണൂർ ക്രഷറിലാണ് ഇന്നലെ വൈകുന്നേരം റെയ്ഡ് നടന്നത്.380 ജെലാറ്റിൻ സ്റ്റിക്കുകൾ,405 ഡിറ്റണേറ്ററുകൾ,732 മീറ്റർ ഫ്യൂസ് വയറുകൾ,മണ്ണിൽ കുഴിച്ചിട്ട നിലയിലുള്ള 19 ഫ്യൂസ് വയർ ഘടിപ്പിച്ച ഡിറ്റണേറ്ററുകൾ,രണ്ടു ജെസിബികൾ,മൂന്നു കംപ്രസ്സർ പിടിപ്പിച്ച ട്രാക്റ്ററുകൾ,പ്ലാസ്റ്റിക് ബാരലുകൾ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.ക്വാറി ഉടമകളായ മയ്യിലിലെ ജാബിദ്,നാസർ എന്നിവരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.ഇവർ ഒളിവിലാണ്.യാതൊരുവിധ നിയമപരമായ രേഖകളുമില്ലാതെ വൻതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചാണ് ഇവിടെ ക്വാറി പ്രവർത്തിച്ചിരുന്നത്.നിരവധി പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.തമിഴ്‌നാട്ടിൽ നിന്നും കർണാടകയിലെ കുടകിൽ നിന്നുമാണ് വൻതോതിൽ സ്ഫോടകവസ്തുക്കൾ ക്വാറികളുടെ മറവിൽ ഒഴുകിയെത്തുന്നതെന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.