ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

keralanews three year old boy died falling in water in irikkur

കണ്ണൂർ: ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു.പെടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം പാറമ്മൽ സാജിദിന്റെ മകൻ നസൽ ആണ് മരിച്ചത്. വീടിന് സമീപത്ത് കിണറിനായി കുഴിച്ച കുഴിയിൽ കുട്ടി വീഴുകയായിരുന്നു. മഴയെത്തുടർന്ന് കിണറിന്‍റെ പണി നിർത്തി വച്ചിരിക്കുകയായിരുന്നു. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് അബദ്ധത്തിൽ കുഞ്ഞ് വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ വീണത്. കുട്ടിയെ കുഴിയിൽ നിന്ന് പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകും വഴി മരണം സംഭവിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടുകൊടുക്കും.

സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; ചെറുതോണിയും മൂഴിയാറും ഉള്‍പ്പെടെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

keralanews water level in dams in the state increasing red alert on seven dams including cheruthoni and muzhiyar

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു.ചെറുതോണിയും മൂഴിയാറും പെരിങ്ങല്‍ക്കുത്തുമടക്കം ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്പ്ര‌ഖ്യാപിച്ചിട്ടുണ്ട്.തൃശൂര്‍, പാലക്കാട് ജില്ലകളിലെ ജലസേചന അണക്കെട്ടുകളിലും റെഡ് അലര്‍ട്ട് ആണ്.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇടവിട്ട് മഴ ഇപ്പോഴും പെയ്യുന്നുണ്ട്.ജലനിരപ്പ് ഉയരുന്നത് സാവധാനം ആയതിനാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് കെ എസ് ഇ ബിയുടെ കണക്കു കൂട്ടല്‍. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.35 അടിയായി. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്.ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ ഇന്നലെ 40 സെന്റിമീറ്റർ ഉയർത്തിയിരുന്നു. 30 മുതൽ 40 വരെ ക്യുമെക്‌സ് ജലം ഒഴുക്കി വിട്ടു. കൂടാതെ ഇടുക്കി ഡാമും ഇന്നലെ തുറന്നിരുന്നു.പമ്പ, അച്ചൻകോവിലാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

കനത്ത മഴ;സംസ്ഥാനത്ത് ആറ് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

keralanews heavy rain leave for educational institutions in six districts and two taluk in the state

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.ആലപ്പുഴ, കൊല്ലം, പത്തനംതിട്ട , കാസർകോട്, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകൾക്ക് പുറമേ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്.ഇതിനെ തുടർന്ന് സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള, എംജി സർവ്വകലാശാലകളും സാങ്കേതിക സർവ്വകലാശാലയുമാണ് ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചത്. ഇതിന് പുറമേ ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.

ആശങ്കയുയർത്തി മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലേക്ക്;അധികജലം കൊണ്ടുപോകാന്‍ തയാറാകാതെ തമിഴ്‌നാട്‌

keralanews water level in mullaperiyar rises to 140 feet tamilnadu unwilling to carry excess water

ഇടുക്കി: ആശങ്കയുയർത്തി മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു.നിലവിൽ 139.85 ആണ് അണക്കെട്ടിലെ ജല നിരപ്പ്. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ വര്‍ധിപ്പിച്ചില്ലെങ്കില്‍ അര്‍ധരാത്രിയോടെ ജലനിരപ്പ്‌ 140 അടിയിലെത്തുമെന്നാണ്‌ കരുതുന്നത്‌.556 ഘനയടി വിതം വെള്ളമാണ്‌ തമിഴ്‌നാട്‌ കൊണ്ടുപോകുന്നത്‌. ഇതിന്റെ നാലിരട്ടിയായി സെക്കന്‍ഡില്‍ 2200 ഘനയടിയോളം ജലമാണ്‌ സംഭരണിയിലേക്കു ഒഴുകിയെത്തുന്നത്‌.അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശത്ത്‌ കനത്ത മഴയാണ്‌ പെയ്‌തിറങ്ങുന്നത്‌. നിലവിലെ റൂൾകർവ് പരിധി 141 അടിയാണ്.മഴയിൽ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പിലും കാര്യമായ വർദ്ധനവുണ്ട്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2398.58 അടിയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്നലെ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ജലനിരപ്പ് 2399.03 അടിയായാൽ അണക്കെട്ട് തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിൽ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായി;സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

keralanews first year graduate student ragged in thalipparamba sir syed college senior students arrested

കണ്ണൂര്‍:തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിൽ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായി. സംഭവത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ നാലു പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.സംഭവത്തില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ള 12 പേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുള്ളത്. സര്‍സയ്യിദ് കോളേജ് പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇക്കഴിഞ്ഞ അഞ്ചിനാണ് തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കണ്ണൂര്‍ സ്വദേശിയായ ഷഹസാദ് മുബാറക് റാഗിങ്ങിനിരയായത്. ഇത് സംബന്ധിച്ച്‌ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിന് പരാതി നല്‍കി. തുടര്‍ന്ന് പ്രിന്‍സിപ്പാളുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരു വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്യുകയും പരാതി പൊലീസിന് കൈമാറുകയുമായിരുന്നു.മൂന്നാം വര്‍ഷ സ്റ്റാറ്റിസ്റ്റിക് വിദ്യാര്‍ത്ഥി കെ.പി.മുഹമ്മദ് നിദാനെയാണ് പ്രിന്‍സിപ്പാള്‍ സസ്‌പെന്‍ഡ് ചെയ്തത്.തുടര്‍ന്ന് തളിപ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പെണ്‍കുട്ടികളടക്കം 12 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ശുചിമുറിയില്‍ വെച്ചും നിസ്‌കാരം കഴിഞ്ഞ് വരുന്നതിനിടെ കുന്നിന്‍ മുകളില്‍ കൊണ്ടുപോയും മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തലക്കും ചെവിക്കുമാണ് ഷഹ്‌സാദിന് അടിയേറ്റത്. സംഭവത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 6468 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;23 മരണം;6468 പേർ രോഗമുക്തി നേടി

keralanews 6468 corona cases confirmed in the state today 23 deaths 6468 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6468 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂർ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂർ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസർഗോഡ് 135 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 71,906 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 151 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,685 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5914 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 497 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1017, കൊല്ലം 517, പത്തനംതിട്ട 541, ആലപ്പുഴ 217, കോട്ടയം 546, ഇടുക്കി 362, എറണാകുളം 772, തൃശൂർ 854, പാലക്കാട് 259, മലപ്പുറം 282, കോഴിക്കോട് 616, വയനാട് 56, കണ്ണൂർ 341, കാസർഗോഡ് 88 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

നാഗർകോവിൽ റെയിൽവേ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിനുകൾ റദ്ദാക്കി

keralanews land slide in nagarcoil railway track trains canceled

നാഗർകോവിൽ:നാഗർകോവിൽ റെയിൽവേ പാതയിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. നാഗർകോവിൽ-കോട്ടയം പാസഞ്ചർ, ചെന്നൈ എഗ്മോർ-ഗുരവായൂർ എക്‌സ്പ്രസ് ട്രെയിനുകൾ എന്നിവ പൂർണമായും റദ്ദാക്കി. കൂടാതെ പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ-കൊല്ലം അനന്തപുരി എക്‌സപ്രസ്, ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ്, കന്യാകുമാരി-ബംഗളൂരു ഐലൻഡ് എക്‌സ്പ്രസ്, കൊല്ലം-ചെന്നൈ അനന്തപുരി എക്‌സപ്രസ്, തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇൻറർസിറ്റി എക്‌സ്പ്രസ്, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇൻറർസിറ്റി എക്‌സ്പ്രസ്, ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്‌സ്പ്രസ്, നാഗർകോവിൽ-മംഗളൂരു പരശുറാം എക്‌സ്പ്രസ്, കന്യാകുമാരി-ഹൗറ വീക്ക്‌ലി എക്‌സ്പ്രസ്, ചെന്നൈ എഗ്മോർ-കന്യാകുമാരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയത്.

 

വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി

keralanews complaint that a dead snake was found in a ration rice in wayanad

മാനന്തവാടി: വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തിയതായി പരാതി.മാനന്തവാടി( മുതിരേരി പണിയ കോളനിയിലെ ബിന്നി വാങ്ങിയ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെന്നാണ് ആരോപണം. കോളനിക്ക് അടുത്തുള്ള തിടങ്ങഴി റേഷൻ കടയിൽ നിന്ന് 15 ദിവസം മുൻപാണ് കുടുംബം അരി വാങ്ങിയത്. 50 കിലോ അരി രണ്ട് ചാക്കുകളിലാക്കിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ ചാക്കിലെ അരി പരിശോധിച്ചപ്പോൾ ദ്രവിച്ച നിലയിൽ പാമ്പിനെ കണ്ടെന്നാണ് ആക്ഷേപം. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് റേഷൻ ഇൻസ്പെക്ടർ വീട്ടിലെത്തി പരിശോധന നടത്തി.  തിടങ്ങഴി റേഷൻ കടയിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും സിവിൽ സപ്ലൈസ് വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ടെന്നുമാണ് വിശദീകരണം.

കണ്ണൂർ പേരാവൂരിൽ വൻ ലഹരി വസ്തു ശേഖരം പിടികൂടി;ഒരാൾ അറസ്റ്റിൽ

keralanews large stock of drugs seized from kannur peravoor one arrested

കണ്ണൂർ: പേരാവൂരിൽ വൻ ലഹരി വസ്തു ശേഖരം പോലീസ് പിടികൂടി. മുരിങ്ങോട് നമ്പിയോട് വീട്ടിൽ സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ എം.എൻ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തു ശേഖരം പിടികൂടിയത്.23 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്ന പാൻ പാക്കറ്റുകൾ. 25,500 പാക്കറ്റ് ഹാൻസ്, 1050 കൂൾ തുടങ്ങിയവയാണ് ചാക്കുകളിൽ ഉണ്ടായിരുന്നത്.വാടകയ്‌ക്കെടുത്ത വീട്ടിൽ നിരോധിക പാൻ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കബീർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പാൻ ഉൽപ്പന്നങ്ങൾ വിൽപ്പനയ്‌ക്കായി ശേഖരിച്ചതായിരുന്നു ഇയാൾ.

വയനാട്​ ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു;ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി; ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

keralanews norovirus confirmed in wayanad district health minister says no need to worry alert in the district

വയനാട്: വയനാട് ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെറ്ററിനറി കോളേജിലെ വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിദഗ്ദസംഘം സ്ഥലം സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുടെ മലം പരിശോധനയ്ക്കായി അയക്കുകയുമായിരുന്നു. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മുൻപും കേരളത്തിൽ നോറോ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ആശങ്കപ്പടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കുടിവെള്ള സ്രോതസുകൾ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തിൽ ഭേദമാകുന്നതാണ്. അതിനാൽ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

മലിനമായ ജലത്തിലൂടേയും ഭക്ഷണത്തിലൂടേയുമാണ് നോറോ വൈറസ് പടരുക. വൈറസ് ബാധിതരിൽ നിന്ന് നേരിട്ടും പകർച്ചയുണ്ടാവാം. വയറിളക്കം, ഛർദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിൻ്റെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ അധികമായാൽ നിർജലീകരണം സംഭവിച്ച് ആരോഗ്യനില വഷളാവാൻ സാധ്യതയുണ്ട്. വൈറസ് ശരീരത്തിൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ പ്രകടമാവും. വൈറസ് ബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കി വിശ്രമിക്കാനും ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ മാറാമെങ്കിലും അതു കഴിഞ്ഞുള്ള രണ്ട് ദിവസം വരെ വൈറസ് പടരാനുള്ള സാധ്യതയുണ്ട്.