ഇരിട്ടി:ഇരിട്ടി-പേരാവൂർ റൂട്ടിൽ കല്ലേരിമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 28 പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം 5.30 മണിയോടെയാണ് അപകടം.പേരാവൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഷൈൻ സ്റ്റാർ ബസാണ് അപകടത്തിൽപെട്ടത്. കല്ലെരിമലയിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ട്ടപെട്ട ബസ് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടം നടന്ന് ഇരുപതു മിനിട്ടു കഴിഞ്ഞാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.അപകടം കണ്ടിട്ടും അതുവഴി വന്ന പല വണ്ടികളും നിർത്താതെ പോയി.അതുവഴി വരികയായിരുന്ന ജില്ലാപഞ്ചായത്തംഗം തോമസ് വർഗീസിന്റെ വാഹനത്തിലാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്.പരിക്കേറ്റവരെ ഇരിട്ടി,കണ്ണൂർ,തലശ്ശേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കണ്ണൂരും കാസർകോട്ടും നാളെ വൈദ്യുതി മുടങ്ങും
കണ്ണൂർ:കണ്ണൂർ,കാസർകോഡ് ജില്ലകളിൽ വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ പന്ത്രണ്ടു മണി വരെ ഭാഗീകമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എൻജിനീയർ അറിയിച്ചു.കാഞ്ഞിരോട് സബ്‌സ്റ്റേഷനിലേക്കുള്ള 220 കെവി അരീക്കോട്-കാഞ്ഞിരോട് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്.
കണ്ണൂർ സ്വദേശിയായ ഹോട്ടൽ ഉടമ പൂനെയിൽ മർദനമേറ്റു മരിച്ചു
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ മലയാളി ഹോട്ടൽ ഉടമ മർദനമേറ്റു മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശി അബ്ദുൽ അസീസ് (56) ആണ് മരിച്ചത്. അസീസ് പൂനയിലെ ശിവാപുരിൽ കഴിഞ്ഞ 46 വർഷമായി പാട്ടത്തിനു സ്ഥലമെടുത്തു ഹോട്ടൽ നടത്തിവരുകയായിരുന്നു. ബുധനാഴ്ച ഹോട്ടൽ നിൽക്കുന്ന സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സ്ഥലമുടമയും അസീസും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതേതുടർന്നുണ്ടായ സംഘർഷമാണ് അസീസിന്‍റെ മരണത്തിന് കാരണമായതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു.സംഘർഷത്തെ തുടർന്ന് അബോധാവസ്ഥയിലായ അസീസിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. അസീസിന്‍റെ മൃതദേഹം പൂന സസൂണ്‍ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം പെരളശേരിയിലേക്ക് കൊണ്ടു പോയി. നജ്മയാണ് ഭാര്യ. മക്കൾ: റയിസ്, റമീസ്, നജീറ, സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ
കൊച്ചി:എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിനെ വധിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന കാരായി രാജൻ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നും അതിനാൽ ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു.തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലാണ് കാരായി രാജൻ പങ്കെടുത്തത്.കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്.എന്നാൽ ജില്ലാപഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേകാനുമതി വാങ്ങിയിരുന്നെന്നാണ് കാരായിയുടെ നിലപാട്.
പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം;മരുമകളുടെ സുഹൃത്ത് പിടിയിൽ
പാലക്കാട്:വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.ഇവരുടെ മരുമകളായ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂർ സ്വദേശി സുദർശനെയാണ് പോലീസ് പിടികൂടിയത്.പാലക്കാട് കെഎസ്ആർറ്റിസി ബസ്സ് സ്റ്റാൻഡിനു സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.കോട്ടായിൽ പുളയ്‌ക്കൽ പറമ്പിൽ സ്വാമിനാഥൻ,ഭാര്യ പ്രേമകുമാരി എന്നിവരെ ഇന്ന് രാവിലെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കൊലപാതകം നടന്ന വീട്ടിൽ ഇവരെ കൂടാതെ ഇവരുടെ മകന്റെ ഭാര്യ ഷീജയുമുണ്ടായിരുന്നു.രാവിലെ പാലുമായി എത്തിയ അടുത്ത വീട്ടിലെ സ്ത്രീയാണ് കൈയും കാലും കെട്ടി വായിൽ തുണി തിരുകിയ നിലയിൽ ഷീജയെ ആദ്യം കണ്ടത്.അവശനിലയിലായ ഷീജയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇവരുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തത്.
നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ച കോടതി സുനിലിനെ ചോദ്യം ചെയ്യുന്നത് വാർത്തകൾ സൃഷ്ടിക്കാനാണോ എന്ന് സംശയം പ്രകടിപ്പിച്ചു.വാർത്തകൾ പരിധിവിട്ടാൽ ഇടപെടേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും അറിയിച്ചു. കേസിന്‍റെ അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതിനു ശേഷം ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കുമെന്നും ബെഹ്റ കോടതിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി പോലീസിനെ വിമർശിച്ചത്. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 18 ലേക്ക് മാറ്റുകയും ചെയ്തു. ഇതിനു പുറമേ വെള്ളിയാഴ്ച പത്തുമണിക്കു മുൻപ് നാദിർഷ പോലീസിനു മുൻപാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
വേങ്ങര ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11 ന്
മലപ്പുറം:എംഎൽഎ ആയിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന വേങ്ങര നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 11 ന് നടക്കും. വോട്ടെണ്ണൽ 15 ന് നടക്കും.ഈ മാസം 22 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.വിവിപാറ്റ് സംവിധാനം ഉപയോഗിച്ചാണ് വോട്ടെടുപ്പ്.ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടർന്ന് മലപ്പുറം മണ്ഡലത്തിൽ നിന്നും പാർലമെന്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ച കുഞ്ഞാലിക്കുട്ടി ഏപ്രിൽ 25 നാണ് നിയമസഭാംഗത്വം രാജിവെച്ചത്.
ഐ എസ് ഭീകര സംഘടനയിൽ ചേർന്ന കണ്ണൂർ സ്വദേശി മരിച്ചു
കണ്ണൂർ:ഐ എസ്സിൽ ചേർന്ന മലയാളി മരിച്ചതായി റിപ്പോർട്ട്.കണ്ണൂർ കൂടാളിയിലെ സിജിൻ മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന ഭീകര സംഘടനയിൽ ചേർന്ന 14 മലയാളികൾ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം സ്ഥിതീകരിച്ചിരുന്നു.കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.സിറിയൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത്.ഐ എസിന്റെ കേരളാ തലവൻ എന്നറിയപ്പെടുന്ന ഷജീർ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകർഷിക്കാനുമായി മലയാളത്തിൽ രണ്ട് വെബ്സൈറ്റുകൾ തുടങ്ങിയത് ഷജീറാണ്.ഇയാൾ അഡ്മിനായ അൻഫറുൽ ഖലീഫ,അൽ മുജാഹിദുൽ എന്നീ സൈറ്റുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്.
ദിലീപ് ഇന്ന് ജാമ്യാപേക്ഷ നൽകില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ആലുവ സബ്ജയിലിൽ കഴിയുന്ന നടൻ ദിലീപ് ഇന്ന് ജാമ്യാപേക്ഷ നൽകില്ല. നടന്‍റെ അഭിഭാഷകരാണ് ഈ വിവരം അറിയിച്ചത്. ദിലീപ് ജുഡീഷൽ കസ്റ്റഡിയിൽ 60 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇന്ന് നടനും സംവിധായകനുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനാലാണ് ദിലീപ് ജാമ്യ ഹർജി സമർപിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്നാണ് വിവരം.നാദിർഷയ്ക്ക് ജാമ്യം നൽകുന്നത് തടയാൻ പ്രോസിക്യൂഷൻ ഉന്നയിക്കുന്ന വാദമുഖങ്ങൾക്കൂടി പഠിച്ച ശേഷമാകും ദിലീപ് പുതിയ ജാമ്യാപേക്ഷ സമർപ്പിക്കുകയെന്നാണ് സൂചന. ദിലീപുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങളുടെ മറുവശം കോടതി മുൻപാകെ അവതരിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് ഇന്ന് ജാമ്യാപേക്ഷ സമർപിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ അഭിഭാഷകരെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
ബാർകോഴ കേസ്;ഹൈക്കോടതി വിജിലൻസിന് അന്ത്യശാസനം നൽകി
കൊച്ചി: ബാർ കോഴ കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എം.മാണി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി വിജിലൻസിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. പുതിയ തെളിവുകൾ ഉണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണം എന്ന് കോടതി വിജിലൻസിന് കർശന നിർദേശം നൽകി.തെളിവില്ലാതിരുന്നിട്ടും തനിക്കെതിരെ അന്വേഷണം തുടരുന്നത് ചോദ്യം ചെയ്താണ് മാണി ഹൈക്കോടതിയേ സമീപിച്ചത്. നേരത്തെ, അന്വേഷണം എന്തായി എന്ന് അറിയിക്കണമെന്നും പുതിയ തെളിവുകൾ ഉണ്ടോയെന്നും കോടതി ആരാഞ്ഞിരുന്നു. ഇതിനു ശേഷവും തെളിവുകൾ ഹാജരാക്കാത്തതിനേത്തുടർന്നാണ് കോടതിയുടെ അന്ത്യശാസനം.