കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനും നാദിർഷയും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.പൾസർ സുനിയുമായി കാവ്യക്ക് നേരത്തെ പരിചമുണ്ടെന്നുള്ള സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് കാവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.ദിലീപിനെതിരെ മൊഴി നൽകണമെന്ന് അന്വേഷണ സംഘം നിർബന്ധിക്കുന്നുവെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ചാണ് നാദിർഷ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്.കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.സുനിയുടെ ക്രിമിനൽ പശ്ചാത്തലം മുഴുവൻ വ്യക്തമാക്കുന്ന റിപ്പോർട്ടും അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കും.
ഷാർജ ഭരണാധികാരി കേരളത്തിലെത്തി
തിരുവനന്തപുരം:ദുബായ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ഷെയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തി.തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ചേർന്ന് സ്വീകരിച്ചു.നാലുദിവസത്തെ കേരള സന്ദർശനത്തിനായാണ് ഷെയ്ക്ക് സുൽത്താൻ കേരളത്തിലെത്തിയിരിക്കുന്നത്.25 ന് രാവിലെ സെക്രട്ടറിയേറ്റിൽ മന്ത്രിസഭാംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.തുടർന്ന് രാജ്ഭവനിൽ ഗവർണർ സദാശിവവുമായി ചർച്ച നടത്തും.രാജ്ഭവനിൽ അദ്ദേഹത്തിനായി ഉച്ചയൂണും ഒരുക്കും.26 ന് രാവിലെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും തുടർന്ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കും.27 ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ ക്ഷണം സ്വീകരിച്ച് കൊച്ചിയും സന്ദർശിക്കും.അന്ന് വൈകുന്നേരം ഷാർജയിലേക്ക് മടങ്ങും.
നടി ആക്രമിക്കപ്പെട്ട കേസ്;കാവ്യാമാധവന്റെ ലക്ഷ്യയിലെ ജീവനക്കാരൻ മൊഴി മാറ്റി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യാമാധവന്റെ ലക്ഷ്യയിലെ ജീവനക്കാരൻ മൊഴി മാറ്റി.നേരത്തെ പൾസർ സുനി ലക്ഷ്യയിലെ എത്തിയിരുന്നു എന്ന് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.കാവ്യയുടെ ഇപ്പോഴത്തെ ഡ്രൈവർ സുനിലാണ് ഇയാളുടെ മൊഴിമാറ്റത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.സുനിൽ ഇയാളുടെ ആലപ്പുഴയിലുള്ള വീട്ടിൽ എത്തിയതിനു ശേഷമാണ് ഇയാൾ മൊഴിമാറ്റിയതെന്ന് പോലീസ് അറിയിച്ചു.ഇതോടെ കാവ്യയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.നേരത്തെ കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ എത്തി മെമ്മറി കാർഡ് അവിടെ കൊടുത്തുവെന്നും അവിടെ നിന്നും പണം കൈപ്പറ്റിയെന്നും പൾസർ സുനി മൊഴി നൽകിയിരുന്നു.ഈ കേസിലെ നിർണായക സാക്ഷിയായിരുന്നു ലക്ഷ്യയിലെ ജീവനക്കാരൻ.
മിഠായി വാങ്ങാൻ പോവുകയായിരുന്ന ആറുവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു
മംഗളൂരു:മിഠായി വാങ്ങാൻ പോവുകയായിരുന്ന ആറുവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു.മംഗളൂരു മഹകാളിപട്പുവിലെ അൻവർ-ഷമീമ ദമ്പതികളുടെ മകൻ മുഹമ്മദ് ഹുസൈൻ ഹാഫിലാണ് മരിച്ചത്. കടയിൽനിന്നു മിഠായി വാങ്ങിവരുന്ന വഴി മഹകാളിപട്പുവിലെ റെയിൽവേ ഗേറ്റിന് സമീപം പാളം മുറിച്ചു കിടക്കുകയായിരുന്ന ഹാഫിലിനെ എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു.സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.വീടിനു തൊട്ടടുത്തുള്ള കടയിൽ മിഠായി വാങ്ങാനാണ് ഹാഫിലും സഹോദരനും കൂട്ടുകാരും പുറത്തിറങ്ങിയത്.എന്നാൽ കട അടച്ചിരുന്നതിനാൽ പാളം മുറിച്ചു കടന്ന് മറ്റൊരു കടയിലേക്ക് പോവുകയായിരുന്നു.സഹോദരനും കൂട്ടുകാരും പാളം മുറിച്ചു കടന്ന് മറുഭാഗത്തെത്തിയിരുന്നു. പുറകിലായിരുന്ന ഹാഫിൽ ട്രെയിൻ വരുന്നതറിയാതെ പാളത്തിലൂടെ കടക്കാൻ ശ്രമിക്കുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു.തെറിച്ചു വീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിർമാണ പ്രവർത്തങ്ങൾക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു
തൃക്കരിപ്പൂർ:നിർമാണ പ്രവർത്തങ്ങൾക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു.കൂത്തുപറമ്പ് മൂരിയാട്‌പാറയിലെ എ.പി ശരത്(24) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആണ് അപകടം നടന്നത്.അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് മരിച്ച ശരത്ത്. ആയിറ്റയിലെ പീസ് ഇന്റർനാഷണൽ സ്കൂളിനായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ വെൽഡിങ് ജോലിക്കിടെ കാൽതെറ്റി വീഴുകയായിരുന്നു.ഉടൻ മറ്റു തൊഴിലാളികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചു.പരിക്ക് ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാൾ ജോലിക്കായി വീട്ടിൽ നിന്നും പുറപ്പെട്ടത്.ആയിറ്റയിൽ താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് പന്ത്രണ്ടുമണിയോടെ സ്വദേശത്തു സംസ്കരിക്കും.
‘ക്ലീൻ കണ്ണൂർ സേഫ് കണ്ണൂർ’ പദ്ധതി ഉദ്ഘാടനം നാളെ
കണ്ണൂർ: കണ്ണൂർ ടൗൺ ജനമൈത്രി പോലീസും കാനന്നൂർ സൗത്ത് വൈസ്മെൻസ് ക്ലബും സംയുക്തമായി നടത്തുന്ന ക്ലീൻ കണ്ണൂർ സേഫ് കണ്ണൂർ പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് കണ്ണൂർ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ പി.കെ. ശ്രീമതി എംപി ഉദ്ഘാടനം നിർവഹിക്കും.കണ്ണൂർ ടൗണിന്‍റെ ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണു ക്ലീൻ കണ്ണൂർ സേഫ് കണ്ണൂർ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ കോർപ്പറേഷൻ കണ്ടിൻജന്‍റ് ജീവനക്കാരെ ആദരിക്കും. ജില്ലാ പോലീസ് നടപ്പിലാക്കുന്ന ആതുരമിത്രം പദ്ധതിയുടെ ധനസഹായവിതരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.സുമേഷ് നിർവഹിക്കും. ജില്ലാ പോലീസ് ചീഫ് ജി.ശിവവിക്രം അധ്യക്ഷത വഹിക്കും.
പറമ്പ് കിളയ്ക്കുന്നതിനിടെ ബോംബ് പൊട്ടി പരിക്കേറ്റു
കോഴിക്കോട്:പറമ്പ് കിളയ്ക്കുന്നതിനിടെ ബോംബ് പൊട്ടി പരിക്കേറ്റു.ഇന്ന് രാവിലെ പത്തു മണിയോടെ കല്ലാച്ചിയിലാണ് സംഭവം.കല്ലാച്ചി സ്വദേശിയായ ബാലൻ തന്റെ വീട്ടിലെ പറമ്പ് കിളയ്ക്കുന്നതിനിടെ മണ്ണിൽ പുതഞ്ഞ് കിടന്നിരുന്ന ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മട്ടന്നൂരിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനമേറ്റു
മട്ടന്നൂർ:മട്ടന്നൂരിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനമേറ്റു.ബസ് തടഞ്ഞ് ഒരു സംഘം ഡ്രൈവറെ മർദിച്ച ശേഷം ബസിനു കേടുവരുത്തുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഉളിയിൽ നരയമ്പാറയിലായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്കു പോകുകയായിരുന്ന ബസിനു നേരെയാണ് അക്രമം നടന്നത്.ബസ് നരായമ്പാറയിൽ എത്തിയപ്പോൾ ഒരു സംഘം ഓട്ടോറിക്ഷ ബസിനു കുറുകെയിട്ടു തടയുകയും ഡ്രൈവറെ അസഭ്യം പറഞ്ഞു കൊണ്ടു മർദിക്കുകയുമായിരുന്നു. പരിക്കേറ്റ ബസ് ഡ്രൈവർ ഏച്ചൂരിലെ കെ. രജീഷ് (40)ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബസിന്റെ റിയർ വ്യൂ മിറർ അക്രമിസംഘം അടിച്ചു തകർത്തു. രജീഷിന്‍റെ പരാതിയിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്പെഷ്യൽ ക്ലാസ്സിൽ എത്താതിരുന്ന വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂരപീഡനം
കോഴിക്കോട്:സ്പെഷ്യൽ ക്ലാസ്സിന് എത്താതിരുന്ന വിദ്യാർത്ഥിക്ക് പ്രധാനാദ്ധ്യാപകന്റെ ക്രൂര മാനസിക പീഡനം.തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്.എസ്.എസ് ലാണ് സംഭവം.പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസം സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു.എന്നാൽ സഹപാഠികൾ ക്ലാസ് ഇല്ലെന്നു പറഞ്ഞതിനാൽ ഈ കുട്ടി വീട്ടിലേക്ക് മടങ്ങി.പിറ്റേ ദിവസം ക്ലാസ്സിൽ എത്തിയ വിദ്യാർത്ഥിയെ അദ്ധ്യാപിക ക്ലാസ്സിൽ കയറ്റാതെ പ്രധാനാദ്ധ്യാപകന്റെ അടുത്തേക്ക് അയച്ചു.ഒരു ദിവസം മൊത്തം കുട്ടിയെ ക്ലാസിനു പുറത്തു നിർത്തിയ പ്രധാനാദ്ധ്യാപകൻ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ കുട്ടിയെ അനുവദിച്ചില്ല.വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.തുടർന്നാണ് പ്രധാനാദ്ധ്യാപകന്റെ ക്രൂര പീഡനം മാതാപിതാക്കൾ അറിയുന്നത്.ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സന്ദർശിച്ചു.പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ക്രിമിനൽ കേസെടുക്കുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.
കണ്ണൂർ ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയിൽ 40 ലക്ഷം രൂപയുടെ തട്ടിപ്പ്
തളിപ്പറമ്പ്:കണ്ണൂർ ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് മെയിൻ ബ്രാഞ്ചിൽ നാല്പതുലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ്.ഇതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ സീനിയർ മാനേജർ ഇ.ചന്ദ്രൻ,മാനേജർ കെ.രമ,അപ്രൈസർ കെ.ഷഡാനനൻ എന്നിവരെ ജില്ലാ ബാങ്ക് ജനറൽ മാനേജർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.ഞാറ്റുവയലിലെ ഹസൻ എന്നയാൾ ബാങ്കിൽ പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്തപ്പോൾ മുക്കുപണ്ടം നൽകിയെന്നാണ് ആദ്യം ആരോപണം ഉയർന്നത്.തുടർന്ന് ഇന്നലെ ബാങ്ക് അവധിയായിരുന്നിട്ടും ജനറൽ മാനേജരുടെ നിർദേശ പ്രകാരം ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നാല്പതു ലക്ഷം രൂപയുടെ മുക്കുപണ്ടങ്ങൾ പണയം വെച്ചതായി കണ്ടെത്തിയത്.സ്വർണ്ണപണയത്തിന്റെ ചുമതലയുണ്ടായിരുന്ന രമയും ഷഡാനനനും ചേർന്നാണ് മുക്കുപണ്ട തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.കൂടുതലായും ഷഡാനനന്റെ ഭാര്യയുടെ പേരിലാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.ഒൻപതേകാൽ പവന്റെ സ്വർണ്ണമാലയാണ് ഹസൻ ബാങ്കിൽ പണയം വെച്ചത്.കഴിഞ്ഞ ദിവസം പണമടച്ച് മാല തിരിച്ചുവാങ്ങി.വീട്ടിലെത്തിയപ്പോൾ റഷീദിന്റെ ഭാര്യ ആഭരണം പരിശോധിച്ചപ്പോളാണ് ഡിസൈനിലും തൂക്കത്തിലും വ്യത്യാസമുള്ളതായി കണ്ടെത്തിയത്.തുടർന്ന് പരിശോധിച്ചപ്പോളാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്.ബാങ്കിലെത്തി വിവരം പറഞ്ഞപ്പോൾ തങ്ങളുടെ ഭാഗത്തു നിന്നും തെറ്റൊന്നും പറ്റിയിട്ടില്ലെന്നും ബാങ്കിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് തങ്ങളുടെ സ്വർണമാണെന്ന് ഉറപ്പുവരുത്തണമെന്നും വീട്ടിൽ കൊണ്ടുപോയി മണിക്കൂറുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് അധികൃതർ.തുടർന്ന് സ്വർണം പണയം വെച്ചവർ പോലീസിൽ പരാതിനൽകാൻ ഒരുങ്ങിയപ്പോഴാണ് ഒത്തുതീർപ്പുമായി ബാങ്ക് അധികൃതർ രംഗത്തെത്തിയത്.തുടർന്ന് നടന്ന ചർച്ചയിൽ രണ്ടരലക്ഷം രൂപ സ്വർണ്ണം പണയം വെച്ചവർക്ക് നൽകാമെന്ന് ബാങ്ക് അധികൃതർ സമ്മതിച്ചു.ബാങ്ക് അസിസ്റ്റന്റ് മാനേജരുടെ പേരിലുള്ള ചെക്ക് പരാതിക്കാർക്ക് നൽകുകയും വെള്ളിയാഴ്ച പണം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.സസ്‌പെൻഡ് ചെയ്തവർക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കുമെന്ന് തളിപ്പറമ്പ് സിഐ പി.കെ സുധാകരൻ പറഞ്ഞു.