ദിലീപിന് ജാമ്യം

keralanews bail for dileep

കൊച്ചി:നടിയെ അക്രമിച്ചകേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് കോടതി ജാമ്യം അനുവദിച്ചു.ദിലീപ് സമർപ്പിച്ച ജാമ്യഹർജിയിൽ കഴിഞ്ഞ ആഴ്ച വാദം പൂർത്തിയായിരുന്നു.കേസ് വിധിപറയാനായി ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടുതവണയും ഹൈക്കോടതി രണ്ടു തവണയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകണമെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.86 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങുന്നത്.ജയിലിൽ നിന്നിറങ്ങുന്ന ദിലീപിന് വമ്പൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്.കർശന ഉപാധികളോടെയാണ് ദിലീപിന് ഇത്തവണ ജാമ്യം അനുവദിച്ചിരിക്കുന്നത്.പാസ്പോർട്ട് കെട്ടിവെയ്ക്കണം,ഒരുലക്ഷം രൂപ ബോണ്ട് കെട്ടിവെയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥർ വിളിപ്പിക്കുമ്പോൾ ഹാജരാകണം,തെളിവ് നശിപ്പിക്കരുത് എന്നിവയാണ് ഉപാധികൾ.

നാലുലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമുട്ടിയുമായി രണ്ടുപേർ പിടിയിൽ

keralanews two persons arrested with sandalwood worth rs4lakhs

കാസർകോഡ്:നാലുലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമുട്ടിയുമായി രണ്ടുപേർ പിടിയിൽ.ബേഡഡുക്ക പന്നിയാടിയിലെ ഹംസ,കുണ്ടംകുഴി കാരക്കാട്ടെ കൃഷ്‌ണൻ എന്നിവരെയാണ്  20 കിലോഗ്രാം ചന്ദനമുട്ടിയുമായി പോലീസ് പിടികൂടിയത്. ഇവരോടൊപ്പമുണ്ടായിരുന്ന മുഹമ്മദ് എന്നയാൾ ഓടി രക്ഷപ്പെട്ടു.ഇന്നലെ ഉച്ചയോടെ ഹംസയുടെ വീട്ടിൽ നിന്നാണ് കാസർകോഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ.അനിൽ കുമാറും സംഘവും ചന്ദനമുട്ടി പിടികൂടിയത്.സ്വകാര്യ ഭൂമിയിൽ നിന്നും മുറിച്ച ചന്ദനം വീട്ടിനുള്ളിൽ വെച്ച് വൃത്തിയാക്കുന്നതിനിടെയാണ് ഇവരെ ഫോറെസ്റ്റ് അധികൃതർ വളഞ്ഞത്.രണ്ടു കിലോഗ്രാം ചന്ദന ചീളുകളും പിടിച്ചെടുത്തിട്ടുണ്ട്.വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.രക്ഷപ്പെട്ടയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.പ്രതികളെ ഇന്ന് രാവിലെ കാസർകോഡ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

തലശ്ശേരി ജനറൽ ആശുപത്രിയിൽ യൂറോളജി സെന്റർ ഇന്ന് പ്രവർത്തനം ആരംഭിക്കും

keralanews urology center will start functioning today at thalasseri general hospital

തലശ്ശേരി:തലശ്ശേരി ജനറൽ ആശുപത്രിയിൽ യൂറോളജി സെന്റർ ഇന്ന് പ്രവർത്തനം ആരംഭിക്കും.ഇന്ന് നടക്കേണ്ടിയിരുന്ന ഉൽഘാടന ചടങ്ങ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.പീയുഷ് നമ്പൂതിരിപ്പാട് അറിയിച്ചു.പ്രൊഫ.റിച്ചാർഡ് ഹേ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് യൂറോളജി തീയേറ്റർ നിർമിച്ചിരിക്കുന്നത്.ഡോ.രമേശ് ബാബുവിന്റെ നേതൃത്വത്തിലാണ് യൂറോളജി വിഭാഗം പ്രവർത്തിക്കുക.മൂത്രനാളിയിൽ ഉപകരണം നടത്തിയുള്ള ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവ ഇനി ജനറൽ ആശുപത്രിയിൽ ചെയ്യാം.വൃക്ക-മൂത്രാശയ രോഗ ചികിത്സ വിഭാഗമാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.ഇതോടെ വടക്കേ മലബാറിൽ സൂപ്പർ സ്പെഷ്യലിറ്റി ചികിത്സ വിഭാഗമുള്ള ആദ്യ സർക്കാർ ആശുപത്രിയായി തലശ്ശേരി ജനറൽ ആശുപത്രി മാറി.ഡയാലിസിസ് സംവിധാനവും അടുത്തുതന്നെ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങും.

പാനൂർ കുന്നോത്ത്‌പീടികയിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം

keralanews attack against cpm office in panoor

പാനൂർ:ചമ്പാട് റോഡിൽ കുന്നോത്ത്‌പീടികയിൽ സിപിഎം ഓഫീസായി പ്രവർത്തിക്കുന്ന ഷെഡ്ഡ് തകർത്തു.കാരംസ് ബോർഡ്,കൊടികൾ,കസേരയടക്കമുള്ള ഫർണിച്ചറുകൾ എന്നിവയും തകർത്തു.ഷെഡിന്റെ മുകൾ ഭാഗത്തെ ഷീറ്റുകളും നശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു.

ചാലക്കരയിൽ സിപിഎം-ബിജെപി സംഘർഷം;അഞ്ചുപേർക്ക് പരിക്ക്

keralanews cpm bjp conflict in chalakkara

മയ്യഴി:ചാലക്കര മുക്കുവൻപറമ്പ് കോളനിയിൽ സിപിഎം-ബിജെപി സംഘർഷം.അക്രമത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം.പരിക്കേറ്റ ബിജെപി പ്രവർത്തകർ ഈസ്റ്റ് പള്ളൂരിലെ അമൽ രാജ്,ചെമ്പ്രയിലെ രാജൻ എന്നിവരെ പള്ളൂർ ആശുപത്രിയിലും ഡിവൈഎഫ്ഐ,സിപിഎം പ്രവർത്തകരായ മുക്കുവൻ പറമ്പിലെ സി.എം നിവിൻ,സി.എം നിതിൻ,ഷിനാഫ് എന്നിവരെ തലശ്ശേരി കോ.ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.സിപിഎം മുക്കുവൻപറമ്പ് ബ്രാഞ്ച് സമ്മേളനത്തിന് ശേഷം കൊടിതോരണങ്ങൾ അഴിച്ചുമാറ്റുന്നതിനിടെ സംഘടിച്ചെത്തിയ ആർ എസ് എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു എന്ന് സിപിഎം ആരോപിച്ചു.ചെമ്പ്രയിൽ ബിജെപി യോഗം കഴിഞ്ഞ് ബൈക്കിൽ പോവുകയായിരുന്നവരെ തടഞ്ഞു നിർത്തി സിപിഎം പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു.

ബിജെപിയുടെ ജനരക്ഷാ യാത്ര ഇന്ന് മുതൽ

keralanews bjp janarakshayathra will start today

കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ഇന്ന് പയ്യന്നൂരിൽ തുടക്കമാകും.ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ യാത്ര ഉൽഘാടനം ചെയ്യും.അഹമ്മദാബാദിൽ നിന്നും പ്രത്യേക വിമാനത്തിൽ ഇന്ന് പുലർച്ചെ മംഗളൂരുവിലെത്തിയ അദ്ദേഹം റോഡ് മാർഗം ബേക്കൽ താജ് ഹോട്ടലിലെത്തി.തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പയ്യന്നൂരിലെ ഉൽഘാടന വേദിയിലെത്തും.രാവിലെ പത്തുമണിയോടെയാണ് ഉൽഘാടന ചടങ്ങ് ആരംഭിക്കുക.ഇതിനു ശേഷം ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് അമിത ഷാ പങ്കെടുക്കുന്ന പദയാത്ര ആരംഭിക്കുന്നത്.പയ്യന്നൂർ മുതൽ പിലാത്തറ വരെയുള്ള യാത്രയിൽ അമിത് ഷായും പങ്കെടുക്കും.ജനരക്ഷാ യാത്രയുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.കണ്ണൂരിൽ നിന്നുള്ള മുഴുവൻ സേനയ്ക്കും പ്രത്യേക സുരക്ഷാ വിഭാഗങ്ങൾക്കും പുറമെ സമീപ ജില്ലകളിലെ ഡിവൈഎസ്പിമാരെയും സിഐമാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.11 ജില്ലകളിലായി നടക്കുന്ന യാത്ര സെപ്റ്റംബർ 23 ന് തിരുവനന്തപുരത്ത് സമാപിക്കും

മീസിൽസ്-റൂബെല്ല പ്രതിരോധ പരിപാടിക്ക് ഇന്ന് തുടക്കം

keralanews measles rubella vaccination program will start today

കണ്ണൂർ: സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ മീസിൽസ് -റുബെല്ല പ്രതിരോധ പരിപാടിക്ക് ഇന്ന് തുടക്കമാവും. മീസിൽസ് (അഞ്ചാംപനി), റുബെല്ല (ജർമൻ മീസിൽസ്) എന്നീ മാരക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ഒൻപതു മാസം മുതൽ 15 വയസ് വരേയുള്ള എല്ലാ കുട്ടികൾക്കും ഒരു ഡോസ് മീസിൽസ് റുബെല്ല വാക്സിൻ നൽകും.നേരത്തെ കുത്തിവയ്പ് എടുത്ത കുട്ടികൾക്കും ഈ അധിക ഡോസ് നൽകണം.വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്  രാവിലെ 9.30ന് സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ ഇ.പി.ലത നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷനാവും. ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി മുഖ്യാതിഥിയാവും.

ചൊവ്വ,ബുധൻ ദിവസങ്ങളിൽ റേഷൻ കടകൾ അടച്ചിടും

keralanews ration shops will close on tuesday and wednesday

കണ്ണൂർ:ചൊവ്വ,ബുധൻ ദിവസങ്ങളിൽ റേഷൻ കടകൾ അടച്ചിട്ട് റേഷൻ വ്യാപാരികൾ പണിമുടക്കും.വേതന പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നും റേഷൻ വിതരണത്തിലെ അഴിമതി അവസാനിപ്പിക്കാൻ റേഷൻ കടകളിൽ ഇ-പോസ് യന്ത്രം സ്ഥാപിച്ച് കംപ്യുട്ടർവൽക്കരണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.ഓൾ കേരള റീറ്റെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ,ഓൾ ഇന്ത്യ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകളാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.മുഖ്യമന്ത്രി വേതന പാക്കേജ് അംഗീകരിച്ചു എങ്കിലും ഭക്ഷ്യവകുപ്പ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്;യുവാവിന് പരിക്കേറ്റു

keralanews stoning towards a moving train man injured

മഞ്ചേശ്വരം:ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യുവാവിന് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാർ എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.കല്ലേറിൽ പരിക്കേറ്റ ട്രെയിൻ യാത്രക്കാരൻ കാസർകോഡ് കുഡ്‌ലു സ്വദേശി രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാജേഷിന്റെ പരാതിയിൽ കാസർകോഡ് റെയിൽവേ പോലീസ് കേസെടുത്തു.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

keralanews charge sheet in the actress attack case will submit on friday

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും.ഈ മാസം എട്ടിന് ദിലീപ് അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാനിരിക്കെ സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയാനാണ് പോലീസ് വെള്ളിയാഴ്ച തന്നെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്.ദിലീപിനെതിരെ നിർണായകമായ തെളിവുകൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.കേസിൽ ഇതുവരെ 21 പേരുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു.കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപായി നാലുപേരുടെ രഹസ്യമൊഴി കൂടി അന്വേഷണ സംഘം രേഖപ്പെടുത്തും.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ രണ്ട് മെമ്മറി കാർഡ് പോലീസിന്റെ പക്കലുണ്ട്.ഇതിനോടൊപ്പം ചില നിർണായക മൊഴികളും കുറ്റപത്രത്തോടൊപ്പം ഉണ്ടാകുമെന്നു പോലീസ് പറയുന്നു.അതിനിടെ കേസിൽ ദിലീപ് സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയും ഹൈക്കോടതി ഈയാഴ്ച പരിഗണിക്കും.