തിരുവനന്തപുരം:ആധാർ മാതൃകയിൽ രാജ്യത്തെ ഡോക്ട്ടർമാർക്ക് ഏകീകൃത രജിസ്‌ട്രേഷൻ നമ്പർ(യുണിക് പെർമനന്റ് രെജിസ്ട്രേഷൻ നമ്പർ)ഏർപ്പെടുത്താൻ തീരുമാനം.ഇന്ത്യൻ മെഡിക്കൽ കൗൺസിലാണ് യു.പി.ആർ.എൻ ഏർപ്പെടുത്താൻ തീരുമാനമെടുത്തത്.ഇതോടെ രാജ്യത്തെ പത്തു ലക്ഷത്തിലധികം വരുന്ന ഡോക്റ്റർമാർ വീണ്ടും പുതിയ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടി വരും.അതാതു സംസ്ഥാനത്തെ കൗൺസിലുകളിലാണ് ഡോക്റ്റർമാർ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നത്.പുതിയ സംവിധാനം നിലവിൽ വരുന്നതോടെ രാജ്യത്തെ അംഗീകൃത ഡോക്റ്റർമാരുടെ കണക്കെടുക്കാനാകും.ഇവരുടെ വിവരങ്ങളും യോഗ്യതകളും വിരൽത്തുമ്പിൽ ലഭ്യമാകും.യു.പി.ആർ.എൻ നിലവിൽ വന്നാൽ ഡോക്റ്റമാർക്ക് പി.ജി,സൂപ്പർ സ്പെഷ്യലിറ്റി തുടങ്ങിയ അധിക യോഗ്യതകൾ പിന്നീട് ഓൺലൈൻ വഴി ചേർക്കാൻ അപേക്ഷിക്കാനാകും.സർട്ടിഫിക്കറ്റുകൾക്കും ഓൺലൈൻവഴി അപേക്ഷിക്കാം.എന്നാൽ പുതിയ സംവിധാനം നമ്പറിൽ മാത്രം ഒതുക്കരുതെന്നാണ് ഡോക്റ്റർമാരുടെ ആവശ്യം.ഇത് വഴി ഏതു സംസ്ഥാനത്തും പ്രാക്ടീസ് ചെയ്യാനും ജോലിക്ക് അപേക്ഷിക്കാനുമുള്ള അവസരം ലഭിക്കണം.കേരളത്തിൽ ഈ സംവിധാനം എപ്പോൾ നിലവിൽ വരും എന്നതിനെപ്പറ്റി തീരുമാനം ആയിട്ടില്ലെന്ന് ഐ.എം.എ സംസ്ഥാന പ്രെസിഡന്റും ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ വൈസ് പ്രസിഡന്റ് ഡോ.ജി.വി പ്രദീപ് കുമാർ പറഞ്ഞു.
യുഡിഎഫ് ഹർത്താൽ ഈ മാസം 16 ലേക്ക് മാറ്റി
തിരുവനന്തപുരം:ഇന്ധന വില വർദ്ധനവിനെതിരെയും ജി എസ് ടി നടപ്പിലാക്കിയതിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫ് നടത്തുന്ന ഹർത്താൽ ഈ മാസം 16 ലേക്ക് മാറ്റി.നേരത്തെ ഈ മാസം 13 ന് ഹർത്താൽ നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർത്താൽ 16 ലേക്ക് മാറ്റിയതായി പ്രഖ്യാപിച്ചത്.ഒക്ടോബര് 13 ന് കൊച്ചിയിൽ ഫിഫ അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് മത്സരം നടക്കുന്നതിനാലാണ് ഹർത്താൽ 16 ലേക്ക് മാറ്റിയത്.
നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന് രഹസ്യമൊഴി
കൊച്ചി:നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന് കേസിലെ ഏഴാം പ്രതിയായ ചാർളി രഹസ്യമൊഴി നൽകി.ദിലീപിന്റെ ക്വട്ടേഷനാണിതെന്നു പൾസർ സുനി വെളിപ്പെടുത്തിയിരുന്നു എന്നാണ് ചാർളി വ്യക്തമാക്കിയിരിക്കുന്നത്.നടി അക്രമിക്കപ്പെട്ടതിനു ശേഷം കോയമ്പത്തൂരിലുള്ള ചാർളിയുടെ വീട്ടിലായിരുന്നു സുനി ഒളിവിൽ കഴിഞ്ഞിരുന്നത്.ഇവിടെ വെച്ച് നടി അക്രമിക്കപെട്ടതിന്റെ ദൃശ്യങ്ങൾ സുനി ചാർളിയെ കാണിച്ചിരുന്നു.ഇതിനു ശേഷം വീട്ടിൽ നിന്നും പോകാൻ പറഞ്ഞ ചാർളിയോട് സുനി ഇത് ദിലീപിന്റെ ക്വട്ടേഷൻ ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു.ഒന്നരകോടിയാണ് പ്രതിഫലമായി ദിലീപ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഒളിവിൽ കഴിയാൻ അവസരം തന്നാൽ പത്തുലക്ഷം രൂപ നൽകാമെന്നും സുനി പറഞ്ഞതായി ചാർളി രഹസ്യമൊഴിയിൽ പറയുന്നു.രണ്ടു ദിവസം കഴിഞ്ഞ് ഒരിടം വരെ പോകണമെന്ന് പറഞ്ഞ സുനിയും കൂട്ടാളിയും അവിടെ നിന്നും തന്റെ സുഹൃത്തിന്റെ പൾസർ ബൈക്ക് മോഷ്ടിച്ചാണ് സ്ഥലം വിട്ടതെന്നും ചാർളി വെളിപ്പെടുത്തി.ഇതോടെ കേസിൽ ചാർളിയെ മാപ്പുസാക്ഷിയാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ഒക്ടോബർ 9,10 തീയതികളിൽ മോട്ടോർ വാഹന പണിമുടക്ക്
ന്യൂഡൽഹി:ഒക്ടോബർ 9,10 തീയതികളിൽ മോട്ടോർ വാഹന പണിമുടക്ക് നടത്താൻ ആഹ്വാനം.ഗതാഗത മേഖലയിൽ ചരക്ക് സേവന നികുതി നടപ്പാക്കിയത് കൊണ്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രെസ്സാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.
ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു
ഇരിട്ടി: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ദേഹത്തേക്കു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. പയഞ്ചേരി അത്തിത്തട്ടിലെ മഞ്ഞാടിയിൽ ഹൗസിൽ എം.കെ ഷാജ് മോഹൻ (47) ആണ് മരിച്ചത്. ഇരിട്ടിയിൽനിന്നും പേരാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ പയഞ്ചേരി വായനശാലയ്ക്കു സമീപം റോഡരികിലുള്ള കുഴിയിൽ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷാജ് മോഹന്‍റെ ദേഹത്തേക്ക് ഓട്ടോ മറിയുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽകോളജിലേക്കു മാറ്റി.
ദിലീപ് വീണ്ടും ഫിയോക് പ്രസിഡന്റാകും
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ചതിനു തൊട്ടുപിന്നാലെ തീയേറ്റർ ഉടമകളുടെ സംഘടനായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ(ഫ്യുയോക്) പ്രസിഡന്റായി ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു.കൊച്ചിയിൽ നടന്ന യോഗത്തിലാണ് ദിലീപിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തത്.കേസിൽ ദിലീപ് അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹത്തെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ഒഴിവാക്കുകയും പകരം വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിലെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും തീരുമാനം ദിലീപിനെ ഉടൻ അറിയിക്കുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റായി തുടരും.സംഘടനയുടെ പ്രവർത്തനത്തിൽ ദിലീപ് വേണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാലാണ് ദിലീപിനെ തിരികെ എടുത്തതെന്നും ഫിയോക് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.നിലവിൽ കേസിൽ നാദിര്ഷയെ പ്രതിചേർക്കാനുള്ള സാഹചര്യം ഇല്ലെന്നു പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് ജാമ്യ ഹർജി തീർപ്പാക്കിയത്.ആവശ്യമെങ്കിൽ മുൻകൂർ നോട്ടീസ് നൽകി പൊലീസിന് നാദിർഷയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.വഴിയേപോകുന്നവരെയെല്ലാം പ്രതിയാക്കരുതെന്നും സാക്ഷികളെ സാക്ഷിയായി തന്നെ നിലനിർത്തണമെന്നും കോടതി പോലീസിനെ വിമർശിച്ചു.
ഒക്ടോബർ 13 ന് യുഡിഎഫ് ഹർത്താൽ
തിരുവനന്തപുരം:ഒക്ടോബർ 13 ന് സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ യുഡിഎഫ് തീരുമാനം.ഇന്ധന വില വർദ്ധനവിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചുമാണ് ഹർത്താൽ.പ്രതിപക്ഷ നേതാവ് രമേശ്ശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
സംസ്ഥാന ഉത്തരമേഖലാ സ്കൂൾ ഗെയിമ്സിനു കണ്ണൂരിൽ തുടക്കം
കണ്ണൂർ:സംസ്ഥാന ഉത്തരമേഖലാ സ്കൂൾ ഗെയിംസ് കണ്ണൂരിൽ തുടങ്ങി.ഏഴുജില്ലകളിലെ കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.മേള കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ പി.കെ ശ്രീമതി എം.പി ഉൽഘാടനം ചെയ്തു.സ്പോർട്സ് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്റ്റർ ഡോ.ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ചു.ഏഴു വേദികളിലായാണ് മത്സരം നടക്കുന്നത്.വിവിധ വിഭാഗങ്ങളിലായി 26 ഇനങ്ങളിലെ മത്സരങ്ങൾ ഇന്നലെ നടന്നു.മേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് സംസ്ഥാന സ്കൂൾ ഗെയിംസിൽ മത്സരിക്കാനാകും.
മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്ത സംഭവം;ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി തുടങ്ങി
കണ്ണൂർ:കാസർകോഡ്,മഞ്ചേശ്വരം മേഖലയിൽ നിന്നും ഓണക്കാലത്ത് മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്ത സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി തുടങ്ങി.വെളിച്ചെണ്ണയിൽ മായം ചേർത്തിട്ടുണ്ടെന്ന പരാതിയെ തുടർന്ന് കാസർകോഡ്,മഞ്ചേശ്വരം മേഖലയിൽ നിന്നും ഭക്ഷ്യ വകുപ്പ് സാമ്പിൾ പരിശോധിച്ച ആറിൽ അഞ്ചും നിലവാരം കുറഞ്ഞതാണെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു.മൂന്നു കമ്പനികളുടെ ലേബലിലുള്ള വെളിച്ചെണ്ണയാണ് പിടിച്ചെടുത്തത്.മായം കലർന്ന വെളിച്ചെണ്ണ വിപണിയിൽ ഇറക്കിയവർക്കെതിരെ കേസെടുക്കുന്നതിന്റെ മുന്നോടിയായി ഉടൻ തന്നെ നോട്ടീസ് നൽകുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.