തിരുവനന്തപുരം:കേരളത്തിലെ എല്ലാ അരിയിനങ്ങൾക്കും ജി എസ് ടി ചുമത്തും.അഞ്ചു ശതമാനം ജി എസ് ടി യാണ് ചുമത്തുന്നത്.റേഷനരി ഒഴികെയുള്ള എല്ലാ അരിയിനങ്ങൾക്കും ഇത് ബാധകമാണ്.അരിവില വർധിക്കുന്നതോടെ സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങൾക്കും വില ഉയരും.ജി എസ് ടി നിലവിൽ വന്നാൽ അരിക്ക് കിലോയ്ക്ക് രണ്ടര രൂപവരെ വില വർധിക്കും. നേരത്തെ രെജിസ്റ്റഡ് ബ്രാന്ഡുകളിലുള്ള ധാന്യങ്ങൾക്കായിരുന്നു ജി എസ് ടി ബാധകമായിരുന്നത്. ചാക്കുകളിലോ പായ്‌ക്കറ്റുകളിലോ ആക്കി കമ്പനികളുടെയോ മില്ലുകളുടെയോ പേരോ ചിഹ്നമോ പതിച്ചിട്ടുള്ള എല്ലാ അരിയും ബ്രാൻഡഡ് ആയി കണക്കാക്കും. രാജ്യത്ത് ഏറ്റവും അധികം അരി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.അത് കൊണ്ടുതന്നെ ജി എസ് ടി നിലവിൽ വന്നാൽ ഉത്പാദക സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാകും. ചുമത്തുന്ന ജി.എസ്.ടി യുടെ പകുതി തുക ഈ സംസ്ഥാനങ്ങൾക്കാണ് ലഭിക്കുക. കേരളത്തിൽ ഒരു വർഷത്തിൽ ശരാശരി 40 ലക്ഷം ടൺ അരിയാണ് ഉപയോഗിക്കുന്നത്. ഇതിലാകട്ടെ വെറും നാല് ലക്ഷം ടൺ മാത്രമാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്.ബാക്കി തമിഴ്‌നാട്, കർണാടക, പഞ്ചാബ്,ഒഡിഷ,ബംഗാൾ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്.
വേങ്ങര ഉപതിരഞ്ഞെടുപ്പ്;യുഡിഎഫിന് ലീഡ്
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.ആദ്യ റൌണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് ലെ കെ.എൻ.എ ഖാദർ 7000 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.56 ബൂത്തുകളിലെ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 21,147 വോട്ടാണ് കെ.എൻ.എ ഖാദറിന് ലഭിച്ചത്.ഇടതു സ്ഥാനാർഥിയായ പി.പി ബഷീറിന് 13,945 വോട്ടുകളാണ് ലഭിച്ചത്.3045 വോട്ട് നേടി എസ് ഡി പി ഐ സ്ഥാനാർഥി കെ.സി നസീർ മൂന്നാം സ്ഥാനത്തുണ്ട്.ബിജെപി സ്ഥാനാർഥി കെ.ജനചന്ദ്രന് 2583 വോട്ടുകളാണ് ലഭിച്ചത്.
ബേപ്പൂർ ബോട്ടപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം തീരത്തെത്തിച്ചു
കോഴിക്കോട്:ബേപ്പൂരിൽ ബോട്ട് തകർന്ന് കാണാതായ നാലു മൽസ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം തീരത്തെത്തിച്ചു.രണ്ടു തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.എന്നാൽ ഇതിൽ ഒരാളുടെ മൃതദേഹം മാത്രമാണ് പുറത്തെടുക്കാനായത്. ബോട്ടുടമ തൂത്തുക്കുടി സ്വദേശി ആന്റണിയുടെ മൃതദേഹമാണ് കരയിലെത്തിച്ചത്. പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്നു. എൻജിനിൽ കുരുങ്ങിക്കിടക്കുന്ന രണ്ടാമത്തെ മൃതദേഹവും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് കോസ്റ്റ് ഗാര്‍ഡ്.കാണാതായ മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എന്നാൽ മോശം കാലാവസ്ഥ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ബോട്ട് തകരാൻ കാരണമായ കപ്പലിനെതിരെ കോസ്റ്റൽ പോലീസ് കേസെടുത്തെങ്കിലും കപ്പൽ ഇതുവരെ കണ്ടെത്താനായില്ല.ബേപ്പൂർ തീരത്തു നിന്നും 50 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കപ്പലിടിച്ചു മുങ്ങിയത്.
ദിലീപ് വിഷയത്തിൽ പ്രധാന മന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
ന്യൂഡൽഹി:ദിലീപ് വിഷയത്തിൽ പ്രധാന മന്ത്രിയുടെ ഓഫീസ് ഇടപെടുന്നു.നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് പ്രധാന മന്ത്രിയുടെ ഓഫീസിനു പരാതി ലഭിച്ചു.ഇത് സംബന്ധിച്ച് അന്വേഷണം നടത്തി ഉടൻ റിപ്പോർട് നല്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ചീഫ് സെക്രെട്ടറിക്ക് നിർദേശം ലഭിച്ചു.ഫെഫ്ക അംഗം സലിം ഇന്ത്യയുടെ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.ദിലീപിന് അനുകൂലമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുമെന്ന പ്രതീക്ഷ നേരത്തെ തന്നെ സലിം ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു.
എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച കേസിൽ എംഎസ്എഫ് പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ:ശ്രീകണ്ഠപുരത്ത് എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച കേസിൽ എംഎസ്എഫ് പ്രവർത്തകൻ കസ്റ്റഡിയിൽ. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് വിദ്യാർഥിയായ ഫവാസി (19) നെയാണ് ശ്രീകണ്ഠപുരം എസ്ഐ ഇ.നാരായണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലർച്ചെ ചെങ്ങളായിയിൽ വെച്ച് പിടികൂടിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എഫ്ഐ നേതാക്കൾക്കെതിരെ അക്രമം നടന്നത്. എസ്എഫ്ഐ ശ്രീകണ്ഠപുരം ഏരിയ പ്രസിഡന്‍റ് കെ.എ. സഹീർ (23), സെക്രട്ടറി എ. ശ്രീജിത്ത് (24) എന്നിവർക്ക് നേരെയാണ് അക്രമം നടന്നത്.
പതിനാറാം തീയതി നടത്താനിരിക്കുന്ന ഹർത്താലിൽ മാറ്റമില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ പതിനാറാം തീയതി യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് ഒരു മാറ്റവുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.സമാധാനപരമായ ഹർത്താലായിരിക്കുന്ന നടക്കുക. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ കാരണം ഹർത്താൽ നടത്തി പ്രതിഷേധിക്കാൻ പ്രതിപക്ഷം നിർബന്ധിതരാവുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.ഹർത്താൽ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു.എന്തിന് വേണ്ടിയാണ് ഹർത്താലെന്ന് പ്രതിപക്ഷ നേതാവ് നേരിട്ടെത്തി വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഹർത്താലിനെതിരേ കോട്ടയം സ്വദേശി സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
കണ്ണൂർ സെൻട്രൽ ജയിലിലെ 31 ദീഘകാല തടവുകാരെ വിട്ടയക്കാൻ ശുപാർശ
കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിലും വനിതാജയിലിലുമായി പതിനാലു വർഷത്തിലേറെയായി തടവിൽ കഴിയുന്ന 31 തടവുകാരെ വിട്ടയക്കാൻ ശുപാർശ.ജയിൽ ഡിജിപി ആർ ശ്രീലേഖ അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം.യോഗത്തിൽ പരിഗണനയ്‌ക്കെത്തിയ 45 അപേക്ഷകളിൽ നിന്നാണ് 31 പേരെ തിരഞ്ഞെടുത്തത്.മുൻപ് ശിക്ഷ ഇളവുകൾ ലഭിക്കാത്തവരും പരോൾ പോലും ലഭിക്കാത്തവരെയുമാണ് വിട്ടയക്കാൻ ശുപാർശ ചെയ്തത്.സെൻട്രൽ ജയിലിൽ നിന്നുള്ള 29 പേരെയും വനിതാ ജയിലിൽ നിന്നുള്ള 2 പേരെയുമാണ് വിട്ടയക്കാൻ ശുപാർശ ചെയ്തത്.ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.തടവുകാരെ വിട്ടയക്കുന്ന കാര്യത്തിൽ ഗവർണ്ണറുടെ തീരുമാനമാണ് അന്തിമം.
തലശ്ശേരി ബ്രണ്ണൻ കോളേജിന് ജി.വി രാജ സ്പോർട്സ് അവാർഡ്
തലശ്ശേരി:കായിക മികവിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജി വി രാജ സ്പോർട്സ് അവാർഡ് തലശ്ശേരി ബ്രെണ്ണൻ കോളേജിന്.അന്തർദേശീയ,ദേശീയ,സംസ്ഥാന സർവകലാശാല തലങ്ങളിൽ മികവ് പ്രകടിപ്പിച്ചതിനാണ് പുരസ്ക്കാരം.കഴിഞ്ഞ വർഷം ചൈനയിൽ നടന്ന ബ്രിക്സ് രാജ്യങ്ങളുടെ കായികമേളയിൽ വനിതാ വോളിബോൾ ടീമിൽ മത്സരിച്ചതിൽ മൂന്നുപേർ ബ്രണ്ണൻ കോളേജിൽ നിന്നായിരുന്നു.ലോക സർവകലാശാല ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സർവ്വകലാശാലകളെ പ്രതിനിധീകരിച്ച് ഫെൻസിംഗിൽ പങ്കെടുത്ത ക്രിസ്റ്റി ജോസഫ് ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിയാണ്.2015 ൽ നടന്ന ദേശീയ ഗെയിംസിൽ കേരളത്തിന് ലഭിച്ച 13 സ്വർണ മെഡലുകളിൽ ഒൻപതും നേടിയത് ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥികളാണ് ഈ ഒൻപതു പേർക്കും സർക്കാർ ഈ വർഷം ജോലിയും നൽകി.കഴിഞ്ഞ വർഷം മുതൽ കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും അവരവരുടെ കായിക ക്ഷമത രേഖപ്പെടുത്തിയ ആരോഗ്യകാർഡ് കായികപഠന വിഭാഗം വിതരണം ചെയ്യുന്നു.പോലീസ്,മിലിട്ടറി തുടങ്ങിയ സേനാവിഭാഗങ്ങളിൽ കായിക ക്ഷമത പരിശോധനയ്ക്ക് പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ പരിശീലനം നൽകുന്ന പദ്ധതിയും കോളേജിലുണ്ട്.കൂടാതെ ബ്രെണ്ണനിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിക്കുന്ന സിന്തറ്റിക്ക് സ്റ്റേഡിയത്തിന് ഈ മാസം 29 ന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിക്കും.അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി എയുടെയും കൂട്ടായ പ്രവർത്തനമാണ് പുരസ്‌ക്കാര നേട്ടത്തിന് പിന്നിലെന്ന് കോളേജ് കായിക വിഭാഗം മേധാവി കെ.പി പ്രശോഭിത്ത് പറഞ്ഞു.
തലശ്ശേരി പെട്ടിപ്പാലത്ത് വൈദ്യുതി പാർക്ക് സ്ഥാപിക്കാൻ നിർദേശം
തലശ്ശേരി:നഗരസഭയുടെ മാലിന്യം തള്ളിയിരുന്നു പുന്നോൽ പെട്ടിപ്പാലത്ത് പുനർജനി ആൾട്ടർനേറ്റീവ് എനർജി പാർക്ക് സ്ഥാപിക്കുന്നു.ഒൻപതു കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.പെട്ടിപ്പാലം പ്രദേശം സൗന്ദര്യവൽക്കരണവും വൈദ്യുതി ഉൽപ്പാദനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.നഗരസഭയുടെ അധീനതയിലുള്ള 6.40 ഏക്കർ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്യുന്നത്.സംസ്ഥാനത്തു നിരവധി പാർക്കുകൾ ഉണ്ടെങ്കിലും വൈദ്യുതി ഉൽപ്പാദനം ലക്ഷ്യമാക്കുന്ന സംരംഭം സംസ്ഥാനത്ത് ആദ്യമാണ്.വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി സ്ഥലം സന്ദർശിച്ചു.പദ്ധതി റിപ്പോർട് അടുത്ത നഗരസഭാ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. കൗൺസിൽ അംഗീകാരം നൽകിയ ശേഷം സർക്കാർ അംഗീകാരത്തിനായി സമർപ്പിക്കും.
ടിപ്പർ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു
കൂത്തുപറമ്പ്:ടിപ്പർ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു.അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ കാര്യാട്ടുപുറം കൊളത്തുപറമ്പിലാണ് അപകടം.കരിങ്കല്ല് കയറ്റി പോവുകയായിരുന്ന ലോറി ക്വാറിക്ക് സമീപത്തെ ദുർഘടമായ റോഡിലൂടെ പോകുമ്പോൾ തലകീഴായി വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. കുന്നുംബ്രോൻ ശാന്തയുടെ വീടിനു മുകളിലേക്കാണ് മറിഞ്ഞത്.വീട്ടിൽ ശാന്തയുടെ മരുമകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നു.സാധാരണയായി കുട്ടികൾ കളിക്കാറുള്ള സ്ഥലത്തേക്കാണ് ലോറി മറിഞ്ഞത്.ഇന്നലെ മഴയായതിനാൽ കുട്ടികൾ വീടിനു പുറത്തിറങ്ങാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർ നരവൂർ സ്വദേശി രാജനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ രാജനെ അഗ്‌നിശമനസേനയും നാട്ടുകാരും ചേർന്ന് ഒരുമണിക്കൂറോളം പ്രയത്നിച്ചാണ് പുറത്തെടുത്തത്.