ആറളം ഫാം നഴ്സറിയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

keralanews wild elephant attack in aralam farm

ആറളം:ആറളം ഫാം നഴ്സറിയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.ഇന്നലെ പുലർച്ചെ നഴ്സറിയുടെ കമ്പിവേലി തകർത്ത് അകത്തുകടന്ന കാട്ടാനക്കൂട്ടം വിൽപ്പനയ്ക്ക് തയ്യാറാക്കിയ അഞ്ഞൂറോളം തെങ്ങിൻ തൈകൾ നശിപ്പിച്ചു.നഴ്സറിക്കുള്ളിലെ നിരവധി വലിയ തെങ്ങുകളും നശിപ്പിച്ചിട്ടുണ്ട്. ഫാമിൽ തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാനായി തയ്യാറാക്കിയ താൽക്കാലിക ഷെഡ്ഡും കാട്ടാനക്കൂട്ടം നശിപ്പിച്ചു.വർഷങ്ങൾക്ക് മുൻപ് ഫാമിനകത്തു സ്ഥാപിച്ച ശിലാഫലകവും ആനക്കൂട്ടം നശിപ്പിച്ചു.നാല് ആനകൾ അടങ്ങുന്ന കൂട്ടമാണ് ഫാമിലെത്തിയത്.ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ആറളം ഫാം പുനരധിവാസ മേഖലയും കടന്നാണ് ആനക്കൂട്ടം ഫാമിന്റെ അധീനതയിലെത്തിയിരിക്കുന്നത്.3500 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഫാമിന്റെ മധ്യഭാഗത്തായാണ് നഴ്സറി സ്ഥിതി ചെയ്യുന്നത്.ഫാമിനകത്തു നേരത്തെ കാട്ടാനക്കൂട്ടം നേരത്തെ നാശനഷ്ടങ്ങൾ വരുത്തിയിരുന്നെങ്കിലും നഴ്സറിയിലേക്ക് ഇതുവരെ പ്രവേശിച്ചിരുന്നില്ല.എന്നാൽ ഫാമിന്റെ പ്രധാന വരുമാന മാർഗമായ നഴ്സറിയിലേക്ക് കൂടി കാട്ടാന ശല്യം വ്യാപിച്ചതോടുകൂടി ഫാമിന്റെ നിലനിൽപ്പുതന്നെ അപകടത്തിലായിരിക്കുകയാണ്.വന്യജീവി സങ്കേതത്തിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുക എന്നത് സാഹസികമാണ്.വനം വകുപ്പിന്റെ ഇടപെടലിലൂടെ മാത്രമേ ഇതിനു ഇതിനു പരിഹാരമുണ്ടാക്കാനാകൂ എന്നാണ് ഫാം അധികൃതർ പറയുന്നത്.

ഇരിട്ടിയിൽ ഷവർമ കഴിച്ച മൂന്നു സ്ത്രീകളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

keralanews three women have been admitted to hospital due to food poisoning

ഇരിട്ടി:ഇരിട്ടിയിൽ ഷവർമ കഴിച്ച മൂന്നു സ്ത്രീകൾക്ക് ഭക്ഷ്യവിഷബാധയേറ്റു.വ്യാഴാഴ്ച ഇരിട്ടി ടൗണിലുള്ള സി.എം ഷവർമ്മ ഷോപ്പിൽ നിന്നും ഷവർമ്മ കഴിച്ച കെ എസ് ഇ ബി യിലെ മൂന്നു സ്ത്രീകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്‌.ഇരിട്ടിയിൽ യോഗത്തിനെത്തിയ മുഴക്കുന്ന്, മാവിലായി,കീഴ്പ്പള്ളി സ്വദേശിനികളാണ് ഇവർ.ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇവർ ഇരിട്ടി താലൂക്ക് ആശുപത്രി,പേരാവൂർ താലൂക്ക് ആശുപത്രി,കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചികിത്സ തേടി.എന്നിട്ടും പനിയും വയറ്റിൽ ഉണ്ടായ അസ്വസ്ഥതകളും ഭേതമാകാത്തതിനെ തുടർന്ന് മൂന്നുപേരെയും കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭക്ഷ്യ വിഷബാധ ഏറ്റതാണെന്ന് സ്ഥിതീകരിച്ചതിനെ തുടർന്ന് ഇവർ പരാതി നൽകി. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം കടയിലെത്തി പരിശോധന നടത്തിയതിനു ശേഷം കടപൂട്ടി സീൽ ചെയ്തു.തെളിവ് ശേഖരിക്കേണ്ടതിനാൽ കട തുറക്കരുതെന്നു പോലീസ് കടയുടമകൾക്ക് നിർദേശം നൽകി.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

keralanews 3days old baby died of breast milk stuck in the throat

തലശ്ശേരി:മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു.തലശ്ശേരി പെട്ടിപ്പാലം കോളനിയിലെ നാസർ-മുർഷീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.വ്യാഴാഴ്ചയാണ് കുഞ്ഞ് ജനിച്ചത്.ശനിയാഴ്ച ഉച്ചയോടെയാണ് അമ്മയും കുഞ്ഞും വീട്ടിലെത്തിയത്.ഞായറാഴ്ച രാവിലെയാണ് കുഞ്ഞിന് ചലനമില്ലാത്തതു രക്ഷിതാക്കൾ കണ്ടത്.ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ തന്നെ  മരണം സംഭവിച്ചതിനാൽ മൃതദേഹ പരിശോധന നടത്തിയതിനു ശേഷമേ മൃതദേഹം വിട്ടുതരാൻ കഴിയുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.എന്നാൽ പരാതിയില്ലെന്നും മൃതദേഹ പരിശോധന നടത്തേണ്ടെന്നും രക്ഷിതാക്കൾ എഴുതി നൽകിയിട്ടും ആശുപത്രി അധികൃതർ സമ്മതിച്ചില്ല.മൃതദേഹ പരിശോധന നടത്തുകയാണെങ്കിൽ മൃതദേഹം സ്വീകരിക്കില്ല എന്ന് കുട്ടിയുടെ ബന്ധുക്കൾ പോലീസിനെ അറിയിച്ചു.തുടർന്ന് പോലീസ് ആശുപത്രി അധികൃതരുമായി സംസാരിക്കുകയും മൃതദേഹം വിട്ടുനൽകുകയും ചെയ്തു.

ഇന്ന് യുഡിഎഫ് ഹർത്താൽ;തിരുവനന്തപുരത്ത് കെഎസ്ആർറ്റിസി ബസിനു നേരെ കല്ലേറ്

keralanews udf hartal today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയാണ് ഹർത്താൽ.രാവിലെ ആറുമണിമുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.കോടതി നിർദേശമനുസരിച്ച് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ തികച്ചും സമാധാനപരമായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.അതേസമയം തിരുവനന്തപുരത്ത്‌ കെഎസ്ആർറ്റിസി ബസ്സിന്‌ നേരെ കല്ലേറുണ്ടായി.ആര്യനാട് ഡിപ്പോയിൽ നിന്നും ബസ് പുറത്തിറക്കുമ്പോഴാണ് കല്ലേറുണ്ടായത്.കൊച്ചി പാലാരിവട്ടത്ത് ആലപ്പുഴ-ഗുരുവായൂർ ബസ്സിന്‌ നേരെയും കല്ലേറുണ്ടായി.പോലീസ് സംരക്ഷണം നൽകിയാൽ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു.

കണ്ണൂരിൽ ആർഎസ്എസ് നേതാവിന് വെട്ടേറ്റു

keralanews rss leader injured in kannur muzhappilangad

കണ്ണൂർ:കണ്ണൂർ മുഴപ്പിലങ്ങാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു.ആർഎസ്എസ് മുഴപ്പിലങ്ങാട് മണ്ഡലം കാര്യവാഹക് പി.നിധീഷിനാണ് വെട്ടേറ്റത്.കാലിനും കൈക്കും നെറ്റിക്കുമാണ് വെട്ടേറ്റത്.പരിക്കേറ്റ നിധീഷിനെ ആദ്യം തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് ആരോപിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

രണ്ട് മലയാളി യുവാക്കൾ തമിഴ്‌നാട്ടിൽ വെട്ടേറ്റു മരിച്ചു

keralanews two malayalees were found dead in thamizhnadu

ഇടുക്കി: തമിഴ്നാട്ടിലെ മുന്തലിൽ രണ്ടു മലയാളി യുവാക്കൾ വെട്ടേറ്റ് മരിച്ചു.മൂന്നാർ എല്ലപ്പെട്ടി സ്വദേശികളായ ജോൺപീറ്റർ (19), ശരവണൻ (18) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിൽ നിരവധി കൊലക്കേസിൽ പ്രതിയായ മണി എന്നയാളാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ഓട്ടോ ഡ്രൈവർമാരാണ് മരിച്ച ജോൺ പീറ്ററും ശരവണനും. തമിഴ്നാട്ടിലേക്ക് ഓട്ടം പോകുന്നു എന്ന് പറഞ്ഞാണ് ജോൺ പീറ്റർ ശനിയാഴ്ച രാത്രി 8.30 ഓടെ വീട്ടിൽ നിന്നും പോയത്. ദൂരത്തേയ്ക്കുള്ള ഓട്ടമായതിനാൽ സുഹൃത്തായ ശ്രാവണിനെ ഒപ്പം കൂട്ടുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.പ്രതിയെന്ന് സംശയിക്കുന്ന മണി മറ്റൊരു കേസിൽ ജയിലിലായിരുന്നു. ഇയാൾ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നുവെന്നും സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.പോലീസ് അന്വേഷണം തുടരുകയാണ്.

ബേപ്പൂർ ബോട്ടപകടത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ അവസാനിപ്പിച്ചു

keralanews searching for the missing persons in the beypore boat accident ended

കോഴിക്കോട്:ബേപ്പൂർ തുറമുഖത്ത് കപ്പലിടിച്ച് മറിഞ്ഞ മൽസ്യബന്ധന ബോട്ടിൽ നിന്നും കാണാതായവർക്കായുള്ള തിരച്ചതിൽ നിർത്തി.നാലുപേരെയാണ് കാണാതായിരുന്നത്.ഇതിൽ രണ്ടുപേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.തമിഴ്നാട് കൊളച്ചൽ സ്വദേശിയായ ബോട്ടുടമ ആന്റോ,തിരുവനന്തപുരം സ്വദേശി പ്രിൻസ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.തിരുവനന്തപുരം സ്വദേശിയായ ജോൺസൻ,തമിഴ്നാട് കൊളച്ചൽ സ്വദേശി രമ്യാസ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.കോസ്റ്റ് ഗാർഡും നാവികസേനയും മൂന്നു ദിവസമായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.ഇതിനെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിക്കുന്നത്.കോസ്റ്റ് ഗാർഡ് ഹെലിക്കോപ്റ്റർ നടത്തുന്ന പതിവ് നിരീക്ഷണം മാത്രമാണ് ഇനി ഉണ്ടാകുക.എന്നാൽ കന്യാകുമാരിയിൽ നിന്നുള്ള മൽസ്യത്തൊഴിലാളികൾ ഇപ്പോഴും തിരച്ചിൽ തുടരുന്നുണ്ട്.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ബേപ്പൂർ തുറമുഖത്തു നിന്നും 50 നോട്ടിക്കൽ മൈൽ അകലെ ബോട്ട് അപകടത്തിൽപെട്ടത്.കൊച്ചി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഇമ്മാനുവേൽ എന്ന ബോട്ട് അജ്ഞാത കപ്പൽ ഇടിച്ചു തകരുകയായിരുന്നു.

ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

keralanews the cm directed to provide protection to the people on the day of hartal

തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച ഹർത്താലിൽ ജനങ്ങൾക്ക് എല്ലാ വിധ സംരക്ഷണവും നല്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് മേധാവിക്ക് നിർദേശം നൽകി.വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ കടകൾ നിർബന്ധിച്ച് അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.ഓഫീസുകൾ,പൊതുസ്ഥാപനങ്ങൾ,കോടതികൾ,തുടങ്ങിയവ സുഗമമായി പ്രവർത്തിക്കുന്നതിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വേങ്ങരയിൽ യു ഡി എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ വിജയിച്ചു

keralanews udf candidate kna khader won in vengara

മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ വിജയിച്ചു.എന്നാൽ യു ഡി എഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനാൽ ഗണ്യമായി കുറഞ്ഞു.വോട്ടെണ്ണലിൽ ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർഥി പി.പി ബഷീറിന് മുന്നിലെത്താൻ സാധിച്ചിരുന്നില്ല.എസ്.ഡി.പി.ഐ സ്ഥാനാർഥി മൂന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് എസ്.ഡി.പി.ഐ സ്ഥാനാർഥി മണ്ഡലത്തിൽ ഇത്രയധികം വോട്ടുകൾ നേടുന്നത്.ബിജെപിക്ക് നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്.സർവീസ് വോട്ട് ഒരെണ്ണം മാത്രമാണ് ഉള്ളത്.ഇത് എൽഡിഎഫിന് അനുകൂലമായിരുന്നു.പോസ്റ്റൽ വോട്ടുകൾ ഇരുപതെണ്ണം മാത്രമാണ് തിരിച്ചെത്തിയത്.യുഡിഎഫിലെ കെ.എൻ.എ ഖാദറിന് 65,227 വോട്ടുകളാണ് ലഭിച്ചത്.രണ്ടാം സ്ഥാനത്തെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി ബഷീറിന് 41,917 വോട്ടുകൾലഭിച്ചു.8,648 വോട്ട് നേടിയ എസ്ഡിപിഐ മൂന്നാമതെത്തിയപ്പോൾ‌ ബിജെപിക്ക് 5728 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലീഗ് വിമതൻ നോട്ടയേക്കാളും പിന്നിലായി.നോട്ടയ്ക്ക് 502 പേർ കുത്തിയപ്പോൾ‌ വിമതന് 442 വോട്ടാണ് ലഭിച്ചത്.

റാന്നിയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം

keralanews other state worker was brutally beaten in ranni

പത്തനംതിട്ട:റാന്നിയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനമേറ്റു.ബീഹാർ സ്വദേശി ചന്ദ്രദേവ് മുഖർജിയാണ്(45) മർദനത്തിന് ഇരയായി അത്യാസന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്നത്.റാന്നി ഇട്ടിയപ്പാറ സെൻട്രൽ ജംഗ്ഷനിലെ കെട്ടിടത്തിൽ താമസക്കാരനായ ചന്ദ്രദേവ് അഞ്ചു വർഷത്തിലേറെയായി ഈ മേഖലകളിൽ മേസ്തിരിപ്പണി അടക്കം വിവിധ ജോലികൾ ചെയ്തു വരികയായിരുന്നു.കഴിഞ്ഞ ദിവസം നാട്ടിൽ പോയി മടങ്ങിയെത്തിയ ഇയാൾ തന്റെ 12 വയസ്സുള്ള മകനെയും ഒപ്പം കൂട്ടിയിരുന്നു.കഴിഞ്ഞ ദിവസം ഇട്ടിയപ്പാറയിലുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി താമസ സ്ഥലത്തേക്ക് പോകുന്ന വഴി ഇയാളെ രണ്ടു മൂന്നുപേർ ചേർന്ന് തടയുകയും ഇയാളുടെ പോക്കറ്റിൽ നിന്നും  1000 രൂപ പിടിച്ചുപറിച്ചെടുക്കുകയും ചെയ്തു.പണം നഷ്ട്ടപ്പെട്ട ഇയാൾ പിടിച്ചുപറിക്കിടെ നാട്ടുകാരന്റെ മൊബൈൽ കൈക്കലാക്കി അതുമായി താമസസ്ഥലത്തെത്തി വാതിൽ പൂട്ടി.എന്നാൽ പിന്നാലെയെത്തിയ സംഘം വാതിൽ ചവിട്ടിപ്പൊളിച്ച് ചന്ദ്രദേവിനെ മർദിച്ചു.ഇതിനിടയിൽ ഇയാൾ കയ്യിലുണ്ടായിരുന്ന മൊബൈൽ സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു.ഇതോടെ നാട്ടുകാരുടെ സംഘം ചന്ദ്രദേവിനെ വീണ്ടും അതി ക്രൂരമായി മർദിച്ചു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ ഇയാളുടെ നില ഗുരുതരമായതിനാൽ അപ്പോൾ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ചന്ദ്രദേവിനെ ഇന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കും.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.