പിണറായി എകെജി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു

keralanews chief minister inaugurated the new building of pinarayi akg memorial higher secondary school

പിണറായി:പിണറായി എകെജി സ്മാരക ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു.ആധുനിക രീതിയിൽ സജ്ജീകരിച്ച 13 ക്ലാസ് മുറികളും രണ്ട് കമ്പ്യൂട്ടർ ലാബുകളും രണ്ട് ഓഫീസ് മുറികളുമാണ് പുതിയ കെട്ടിടത്തിലുള്ളത്. ബിപിസിഎൽ നൽകിയ സ്കൂൾ ബസിന്റെ താക്കോൽദാനവും പുതുതായി ആരംഭിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റിന്റെ ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.ലോകത്തിലെ വികസിത രാജ്യങ്ങളിലെ കുട്ടികളോട് കിടപിടിക്കാനാകത്തക്കവണ്ണം നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പൊതു വിദ്യാലയങ്ങൾ ശക്തിപ്പെടുത്താനുള്ള പരിപാടികളിലൂടെ സർക്കാർ ലക്‌ഷ്യം വെയ്ക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.പൊതു വിദ്യാലയ സംരക്ഷണ പ്രവർത്തനങ്ങളിൽ ഭാഗമാകുന്ന ഓരോരുത്തരും വരും തലമുറകൾക്ക് വേണ്ടിയുള്ള നിക്ഷേപമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.പി.കെ ശ്രീമതി എം.പി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗീതമ്മ,പി.ബാലൻ,വി.എ നാരായണൻ,സി.എൻ ചന്ദ്രൻ,കക്കോത്ത് രാജൻ,കെ.കെ പ്രദീപൻ,പ്രിൻസിപ്പൽ ആർ.ഉഷാനന്ദിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മൂന്നു മാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് 14 പൈസ അധികം ഈടാക്കാൻ നീക്കം

keralanews plan to charge 14rpaisa extra for one unit of electricity for three months

തിരുവനന്തപുരം:മൂന്നു മാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് 14 പൈസ അധികം ഈടാക്കാൻ നീക്കം.ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുത ബോർഡ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകി.ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതി വാങ്ങുന്നതിന് അധികം തുക ചിലവായിട്ടുണ്ട്.ഇത് ഉപഭോക്താക്കളിൽ നിന്നും സർചാർജായി ഈടാക്കാൻ അനുവദിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.സെപ്റ്റംബർ മുതൽ മൂന്നു മാസം എല്ലാ ഉപഭോക്താക്കളിൽ നിന്നും യൂണിറ്റിന് 14 പൈസ വീതം അധികം ഈടാക്കിയാൽ ഈ നഷ്ട്ടം നികത്താമെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്.ഈ വർഷം ഏപ്രിലിൽ വൈദ്യുതി നിരക്ക് യൂണിറ്റിന് 10 മുതൽ 59 പൈസ വരെ വൈദ്യുത കമ്മീഷൻ വർധിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് സർചാർജ്.ഒരുവർഷം എത്രത്തോളം വൈദ്യുതി വാങ്ങണമെന്ന് റെഗുലേറ്ററി കമ്മീഷനാണ് നിശ്ചയിക്കുന്നത്.എന്നാൽ ഇതിൽ കൂടുതൽ വൈദ്യുതി ബോർഡിന് വാങ്ങേണ്ടി വന്നാൽ കമ്മീഷന്റെ അനുമതിക്ക് വിധേയമായി ആ തുക ഉപഭോക്താക്കളിൽ നിന്നും ഈടാക്കാവുന്നതാണ്.ഇങ്ങനെ  ഈടാക്കുന്ന അധിക തുക ഇന്ധന സർചാർജ് എന്നാണ് അറിയപ്പെടുന്നത്.വിവിധ വിഭാഗങ്ങളിൽപെട്ട ഉപഭോക്താക്കളിൽ നിന്നും അഭിപ്രായം ശേഖരിച്ച ശേഷമാണ് റെഗുലേറ്ററി കമ്മീഷൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

കൃത്യമായി റേഷൻ വാങ്ങാത്തവരുടെ റേഷൻ വിഹിതം തടയും

keralanews those who do not byu ration precisely their ration will be blocked

തിരുവനന്തപുരം:രണ്ടു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ വിഹിതം തടയാൻ ഭക്ഷ്യവകുപ്പ് തീരുമാനിക്കുന്നു.റേഷൻ വിഹിതം തടയുമെങ്കിലും ഇവരുടെ റേഷൻ കാർഡുകൾ റദാക്കില്ല.ഇവരുടെ വിഹിതം അർഹതപ്പെട്ടവർക്ക് വീതിച്ചു നൽകാനാണ് തീരുമാനം.ഇത് സംബന്ധിച്ചുള്ള സർക്കുലർ ഉടൻ പുറത്തിറക്കും.എന്നാൽ റേഷൻ വിഹിതം ഒരു നിശ്ചിത കാലയളവിലേക്ക് വേണ്ടാത്തവർ അക്കാര്യം രേഖാമൂലം അറിയിച്ചാൽ ആ കാലയളവ് വരെ അവരുടെ റേഷൻ വിഹിതം തടഞ്ഞു വെയ്ക്കുകയും പിന്നീട് പുനഃസ്ഥാപിച്ചു നൽകുകയും ചെയ്യും.സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളിൽ 1.55 കോടി ജനങ്ങൾക്ക് സൗജന്യമായും 1.21 കോടി പേർക്ക് രണ്ടുരൂപ  നിരക്കിൽ സബ്സിഡിയോടു കൂടിയുമാണ് സംസ്ഥാന സർക്കാർ ധാന്യം വിതരണം ചെയ്യുന്നത്.ബാക്കി വരുന്നവർക്ക് 8.90 രൂപ നിരക്കിലാണ് അരി നൽകുന്നത്. അന്ത്യോദയ കാർഡിൽ(മഞ്ഞ) ഉൾപ്പെട്ടവർക്ക് കാർഡൊന്നിന് 28 കിലോ അരിയും ഏഴുകിലോ ഗോതമ്പും സൗജന്യമായാണ് നൽകുന്നത്.ഇത് വാങ്ങാത്തവരുടെ വിഹിതം മുൻഗണന വിഭാഗത്തിൽ ഒന്നാമത് നിൽക്കുന്ന കാർഡുടമയ്ക്ക് നൽകും.മുങ്ങാനാവിഭാഗത്തിൽ(പിങ്ക്) കാർഡിലെ ആളൊന്നിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സർക്കാർ നൽകുന്നുണ്ട് .ഇത് വാങ്ങാത്തവരുടെ വിഹിതം തൊട്ടടുത്ത് പട്ടികയിൽ മുന്നിലുള്ള മുൻഗണനേതര സബ്‌സിഡി(നീല) വിഭാഗത്തിന് നൽകും.ഈ വിഭാഗത്തിൽ റേഷൻ വാങ്ങാത്തവരുടെ വിഹിതം പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് നൽകും.പൊതു വിഭാഗത്തില്പെട്ടവരുടെ വാങ്ങാത്ത റേഷൻ സ്കൂൾ,ആശുപത്രി,ജയിൽ എന്നിവർക്ക് നൽകും.

വടകരയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മൂന്നു ബൈക്ക് യാത്രക്കാർ മരിച്ചു

keralanews three bike passengers died in an accident in vatakara

വടകര: കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു.ശനിയാഴ്ച രാത്രിയില്‍ ദേശീയപാത മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കുറ്റിയാടിനിലയംകുനി ശ്രീജിത്ത് (21), കൊയിലാണ്ടി സ്വദേശി അനന്തു എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയില്ലെങ്കിൽ നഴ്സുമാർ അനിശ്ചിതകാല സമരം തുടങ്ങും

keralanews nurses will begin an indefinite strike if the pay revision is not implemented

തിരുവനന്തപുരം:നഴ്സുമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കിയില്ലെങ്കില്‍ നവംബര്‍ ഇരുപത്തൊന്നു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍. മാനേജ്മെന്‍റുകള്‍ക്കെതിരെ തിങ്കളാഴ്ച സുപ്രിം കോടതിയെ സമീപിക്കുമെന്നും യുഎന്‍എ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ ഷാ പറഞ്ഞു.സര്‍ക്കാര്‍ നിയോഗിച്ച മിനിമം വേതന സമിതി നിയമാനുസൃതമായല്ല രൂപീകരിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ശമ്പള പരിഷ്കരണ നടപടികള്‍ സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിലാണ് യുഎന്‍എ നിയമ നടപടികള്‍ക്കൊരുങ്ങുന്നത്.യു എൻ എയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സമരം പ്രഖ്യാപിച്ചത്.

ബീഹാറിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു

keralanews 14 died in an accident in bihar

ബീഹാർ:ബീഹാറിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു.ബീഹാർ നേപ്പാൾ അതിർത്തിയിൽ നിന്നും കാഠ്‌മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് ത്രിശൂൽ നദിയിലേക്ക് മറിഞ്ഞാണ് അപകടം.ബസിൽ 50 യാത്രക്കാർ ഉണ്ടായിരുന്നു.മരണ സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത.യാത്രക്കാരിൽ 14 പേർ നീന്തി രക്ഷപ്പെട്ടിട്ടുണ്ട്.മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.രക്ഷപ്പെട്ടവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോഡ് ട്രെയിനിനുനേരെ വീണ്ടും കല്ലേറ്

keralanews stoning against train in kasarkode

കാസർകോഡ്:കാസർകോഡ് ട്രെയിനിനുനേരെ വീണ്ടും കല്ലേറ്.മംഗളൂരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോവുകയായിരുന്ന പഴയങ്ങാടി സ്വദേശി അഷ്റഫിന് കല്ലേറിൽ പരിക്കേറ്റു. ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിനു നേരെ കോട്ടിക്കുളത്തിനും കളനാട് തുരങ്കത്തിനും ഇടയിലാണ് കല്ലേറുണ്ടായത്.അഷ്‌റഫ് ട്രെയിനിന് പിറകിലെ ആദ്യത്തെ ലോക്കൽ കമ്പാർട്മെന്റിലാണ് യാത്ര ചെയ്തിരുന്നത്.കല്ലേറിൽ ഇയാളുടെ കൈമുട്ടിനാണ് പരിക്കേറ്റത്.എന്നാൽ ഡോക്റ്ററുടെ അപ്പോയ്ന്റ്മെന്റ് ലഭിച്ചിരുന്നതിനാൽ ആശുപത്രിയിലെ ചികിത്സ നടത്തി തിരിച്ചു വരുമ്പോൾ പോലീസിൽ രേഖാമൂലം പരാതി നൽകാമെന്ന് അഷ്‌റഫ് പറഞ്ഞതായി പോലീസ് പറഞ്ഞു.കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കല്ലെറിഞ്ഞതെന്നു സംഭവം കണ്ട ഒരാൾ മൊഴിനല്കിയതായി സൂചനയുണ്ട്.കഴിഞ്ഞ ഒന്നര മാസങ്ങളായി അഞ്ചോളം സ്ഥലങ്ങളിൽ കല്ലേറ് നടന്നതായി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ തന്നെ ഒന്നാം പ്രതിയാക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന് കാണിച്ച് ദിലീപ് ആഭ്യന്തര സെക്രെട്ടറിക്ക് പരാതി നൽകി

keralanews dileep give complaint to home secretary in the actress attack case

കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപ് അന്വേഷണ സംഘത്തിനെതിരെ ആഭ്യന്തര സെക്രെട്ടറിക്ക് പരാതി നൽകി.കേസിൽ തന്നെ ഒന്നാം പ്രതിയാക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.ഒരു സാക്ഷിമൊഴിയടക്കം മൂന്നു തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതിനെ തുടർന്ന് കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ദിലീപ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും.കുറ്റപത്രം സമർപ്പിച്ചാലുടൻ അന്വേഷണ സംഘം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കും.അടുത്ത മാസത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

തളിപ്പറമ്പിൽ ലീഗ് പ്രവർത്തകന് മർദനമേറ്റു

keralanews league activist injured in thalipparambu

തളിപ്പറമ്പ്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും സ്‌കൂട്ടര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി.ചെനയന്നൂര്‍ കൊണ്ടോട്ടി ഹൗസില്‍ റിയാസിനാണ്(23) പരിക്കേറ്റത്.ഇയാളെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടിവാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് റിയാസ് പോലീസിനോട് പറഞ്ഞു.വ്യാഴാഴ്ച രാത്രി പതിനൊന്നോടെ കാഞ്ഞിരങ്ങാട് തളിപ്പറമ്പ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിന് മുന്നിലായിരുന്നു സംഭവം.തളിപ്പറമ്പ് കരിമ്പത്തെ കൂള്‍ബാറില്‍ ജോലി ചെയ്യുന്ന റിയാസ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സിപിഎം പ്രവര്‍ത്തകരായ രൂപേഷും കണ്ടാലറിയാവുന്ന അഞ്ചുപേരും ചേര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും സ്‌കൂട്ടര്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്നാണ് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.വിവരമറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് റിയാസിനെ ആശുപത്രിയിൽ എത്തിച്ചത്.ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജിനു മുന്നില്‍ ഉയര്‍ത്തിയ സിപിഎം കൊടി കാണാതായതുമായി ബന്ധപ്പെട്ടാണ് റിയാസിനെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്ത്  ഒരു പാര്‍ട്ടിയുടേയും കൊടികള്‍ സ്ഥാപിക്കേണ്ടതില്ലെന്ന് നേരത്തെ പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. കോടിയേരിയുടെ ജനജാഗ്രതയാത്രയുമായി ബന്ധപ്പെട്ടാണ് സിപിഎം ഇവിടെ വീണ്ടും കൊടി സ്ഥാപിച്ചത്.

മദ്യപിച്ച് ലേഡീസ് ഹോസ്റ്റലിലെത്തിയ എ.ആർ ക്യാമ്പിലെ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു

keralanews the drunken police man who recahed the ladies hostel was suspended

കാഞ്ഞങ്ങാട്:രാത്രിയിൽ മദ്യപിച്ച് ലേഡീസ് ഹോസ്റ്റലിലെത്തിയ എ.ആർ ക്യാമ്പിലെ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു.കയ്യൂരിലെ ശ്രീജിത്തിനെയാണ്(40)സസ്‌പെൻഡ് ചെയ്തത്.കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ ഡ്രൈവറാണ് ഇയാൾ.കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാല നീലേശ്വരം പാലാടത്തടത്തെ ക്യാമ്പസിലെ വനിതാ ഹോസ്റ്റലിൽ കയറിയ ഇയാൾ കാന്റീൻ ജനാലയിലൂടെ കൈയ്യിടുകയായിരുന്നു.കാന്റീനിലുള്ള പെൺകുട്ടികൾ ഒച്ചവെച്ചതോടെ ആളുകൾ ഓടിക്കൂടി.പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പോലീസുകാരനാണെന്നു മനസ്സിലായത്.നീലേശ്വരം പോലിസെത്തി കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോൾ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായി.എന്നാൽ വീട്ടിലേക്ക് പോകുന്ന വഴി നാട്ടുകാർ തടഞ്ഞു നിർത്തി മർദിച്ചുവെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു.