ന്യൂഡൽഹി:ഇസ്ലാം മതം സ്വീകരിച്ച ഹാദിയയെ(അഖില) നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്.നവംബർ 27 ന് വൈകിട്ട് മൂന്നു മണിക്ക് പിതാവ് അശോകൻ ഹാദിയയെ കോടതിയിൽ ഹാജരാക്കണമെന്നാണ് ഉത്തരവ്.കേസിൽ ഹദിയയുടെ പിതാവ് അശോകന്റെയും എൻഐഎയുടെയും എതിർപ്പ് കോടതി തള്ളി.ഷഫിൻ ജഹാനുമായുള്ള വിവാഹം സമ്മതത്തോടെ ആയിരുന്നോ എന്നും ഹാദിയയുടെ ഇപ്പോഴത്തെ മാനസിക നിലയും കോടതി പരിശോധിക്കും.ഇങ്ങനെയുള്ള കേസുകളിൽ പെൺകുട്ടികളുടെ താൽപ്പര്യം പൂർണ്ണമായും കണക്കിലെടുക്കരുതെന്നു അശോകനും എൻഐഎയും വാദിച്ചു.ഇത് പരിഗണിക്കാതിരിക്കാൻ സാധിക്കില്ലെന്നും എൻ ഐ എ ക്ക് എന്ത് അന്വേഷണം വേണമെങ്കിലും നടത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാൽ വിവാഹം ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്.കേസിന്റെ അന്വേഷണം എൻ ഐ എ ക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവിൽ ഭേദഗതി വരുത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.കഴിഞ്ഞ മെയ് 24 നാണ് ഹാദിയയുടെയും ഷഫിൻ ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്.മകളെ നിർബന്ധിച്ച് മതം മാറ്റിയെന്ന അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജികൂടി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ഹാദിയയെ മാതാപിതാക്കൾക്കൊപ്പം കോടതി അയച്ചത്.
മാഹിയിൽ ഇന്ന് ബിജെപി ഹർത്താൽ
മാഹി:കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ ഇന്ന് ഹർത്താൽ.ബിജെപിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.തീരദേശ പ്രദേശത്ത് മത്സ്യത്തൊഴിലാളികളെ പോലീസ് മർദിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ.രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. ഹർത്താലിന്റെ പശ്ചാത്തലത്തിൽ പോലീസ് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കൊല്ലം ചവറയിൽ നടപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി
കൊല്ലം;കൊല്ലം ചവറയിൽ നടപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.കെഎംഎല്ലിലെ ജീവനക്കാരി ശ്യാമളാദേവി,ആൻസില,അന്നമ്മ എന്നിവരാണ് മരിച്ചത്.പരിക്കേറ്റവരെ കൊല്ലത്തും ചാവറയിലും കരുനാഗപ്പള്ളിയിലും ഉള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കെടിഎസ് കനാലിനു കുറുകെ കെഎംഎംഎൽഎംഎസ് യൂണിറ്റിലേക്ക് പോകാനുള്ള ഇരുമ്പു പാലമാണ് ഇന്ന് രാവിലെ പതിനൊന്നുമണിയോടെ തകർന്നത്.അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടമുണ്ടാകാൻ കാരണം.പൊന്മന ഭാഗത്തെ മൈനിങ് തൊഴിലാളികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമരത്തിലായിരുന്നു.ഇന്ന് രാവിലെ തൊഴിലാളികളും മാനേജ്‌മന്റ് പ്രതിനിധികളും തമ്മിൽ ചർച്ച നടന്നിരുന്നു.ചർച്ചയ്ക്കു ശേഷം ജോലിക്ക് കയറേണ്ടവരും പുറത്തേക്കുപോയ സമരക്കാരുമായി നൂറോളം പേർ ഒരേസമയം പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണമായത്.തകർന്നു വീണ പാലം മുറിച്ചുമാറ്റാനുള്ള ശ്രമം നടക്കുകയാണ്.ദേശീയ ജലപാതയ്ക്ക് കുറുകെ വീണതിനാൽ ഇതുവഴിയുള്ള ജലഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
ചെറുകുന്നിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ചെറുകുന്ന്:ചെറുകുന്നിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ ലോറി കയറി മരിച്ചു.കണ്ണപ്പള്ളി സ്വദേശി തായമ്പത്ത് പ്രജിത്ത്(23) ആണ് മരിച്ചത്.പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പിതാവിനൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു
ആലുവ:പിതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഫെഡറൽ ബാങ്ക് ജീവനക്കാരി ബസ്സിടിച്ച് മരിച്ചു.ഫെഡറൽ ബാങ്ക് തിരൂർ ശാഖയിലെ ജീവനക്കാരി ആലുവ മുപ്പത്തടം സ്വദേശി ജെറോച്ചന്റെ മകൾ അനീസ ഡോളിയാണ്(20) മരിച്ചത്.അനീസ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.പിതാവിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ആറരമണിയോടെയാണ് അപകടം നടന്നത്.ആലുവയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ അനീസയുടെ മുകളിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സംഭവം നടന്നയുടനെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നു സംശയമുള്ളതായി ബസ്സിലുള്ള ചില യാത്രക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.മൂന്നാഴ്ച മുൻപാണ് അനീസയ്ക്ക് ബാങ്കിൽ ക്ലർക്കായി ജോലി ലഭിച്ചത്.
കണ്ണൂരിൽ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തീയിട്ടു
കണ്ണൂർ:കണ്ണൂർ പട്ടുവത്തെ കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവന് തീയിട്ടു.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.ജനലിനു ഉള്ളിലൂടെ പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഓഫീസിനകത്തെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ കത്തി നശിച്ചു.സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ഡിസിസി ജനറൽ സെക്രെട്ടറിയും പഞ്ചായത്തംഗവുമായ രാജീവൻ കപ്പച്ചേരി ആരോപിച്ചു.മുള്ളൂൽ മുതൽ കുഞ്ഞിമതിലകം വരെയുള്ള കോൺഗ്രസിന്റെ പടയൊരുക്കം പരിപാടിയുടെ ബോർഡുകളും കൊടികളും പൂർണമായും നശിപ്പിച്ചു.സംഭവത്തിൽ ഒരുലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും.
റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക്
കണ്ണൂർ:സംസ്ഥാനത്തെ മുഴുവൻ റേഷൻ വ്യാപാരികളും നവംബർ ആറ് മുതൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടാൻ തീരുമാനം.മുഖ്യമന്ത്രി റേഷൻ വ്യാപാരികൾക്ക് അനുവദിച്ച പാക്കേജ് നടപ്പാക്കുക,വാതിൽപ്പടി വിതരണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സമരത്തിൽ ചക്കരക്കൽ ഫർക്ക കമ്മിറ്റിയുടെ കീഴിലുള്ള എൺപത്തഞ്ചോളം റേഷൻ വ്യാപാരികൾ നവംബർ നാലിന് റേഷൻ കടകൾ അടച്ചു താക്കോൽ കണ്ണൂർ ജില്ലാ സംയുക്ത സമര സമിതി ഓഫീസിൽ ഏൽപ്പിക്കാൻ ചക്കരക്കല്ലിൽ നടന്ന യോഗം തീരുമാനിച്ചു.
തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ സിന്തെറ്റിക് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു
തലശ്ശേരി:ഗവ.ബ്രെണ്ണൻ കോളേജിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർമിക്കുന്ന സിന്തെറ്റിക് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.ധർമ്മടത്തെ വിവിധ കായിക സംഘടനകളിലെ അംഗങ്ങളും സ്പോർട്സ് ഡിവിഷൻ,സായ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും കായിക വേഷത്തിലാണ് ഉൽഘാടന ചടങ്ങിനെത്തിയത്.ഉത്തര മലബാറിന്റെ കായിക പ്രതീക്ഷകൾക്ക് ഉണർവേകാൻ പോകുന്ന കായിക പരിശീലന കേന്ദ്രമാണ് സ്ഥാപിതമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സിന്തെറ്റിക് ട്രാക്കുകൾ ഇല്ലാത്തത് കാരണം ദേശീയ അന്തർദേശീയ മത്സരങ്ങൾക്ക് വേദിയാകുവാൻ ഉത്തരമലബാറിന് കഴിഞ്ഞിട്ടില്ല.ഈ പ്രശ്‌നത്തിന് പരിഹാരമാണ് ബ്രെണ്ണനിലെ സിന്തെറ്റിക് ട്രാക്ക്.കോളേജിനെ സ്നേഹിക്കുന്നവരുടെ സന്തോഷത്തിൽ പൂർവ വിദ്യാർത്ഥി എന്ന നിലയിൽ താനും പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മന്ത്രി എ.സി മൊയ്‌ദീൻ മുഖ്യപ്രഭാഷണം നടത്തി.സിന്തറ്റിക് സ്റ്റേഡിയം പൂർത്തിയാകുകയാണെങ്കിൽ 2018 ലെ സ്കൂൾ കായിക മേള ബ്രെണ്ണൻ കോളേജ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടത്തുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
മുക്കുപണ്ട തട്ടിപ്പ്;കാണാതായ പണയാഭരണങ്ങൾ കണ്ടെടുത്തു
തളിപ്പറമ്പ്:കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന മുക്കുപണ്ട തട്ടിപ്പിൽ കാണാതായ പണയാഭരണങ്ങൾ പോലീസ് കണ്ടെടുത്തു.മറ്റു സഹകരണ ബാങ്കുകളിൽ നിന്നാണ് ഇവ കണ്ടെടുത്തത്.കണ്ണപുരം സർവീസ് സഹകരണ ബാങ്കിന്റെ കതിരുവെയ്ക്കുംതറ ബ്രാഞ്ച്,പട്ടുവം സർവീസ് സഹകരണ ബാങ്കിന്റെ വെള്ളിക്കീൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ആഭരണങ്ങളും കണ്ടെടുത്തത്.മുഖ്യപ്രതി രമയുടെ പേരിലാണ് സ്വർണാഭരണങ്ങൾ.കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെയും കൊണ്ട് പോലീസ് ഇന്നലെ തെളിവെടുപ്പ് ആരംഭിച്ചിരുന്നു.തളിപ്പറമ്പ് ശാഖയിൽ സ്വർണം പണയപ്പെടുത്തിയവരെയും കൂട്ടിയാണ് പോലീസ് മറ്റു ബാങ്കുകളിൽ തെളിവെടുപ്പിനായി പോയത്.14 പേരുടെ ആഭരണങ്ങൾ കണ്ണപുരം,വെള്ളിക്കീൽ ബാങ്കുകളിൽ നിന്നും കണ്ടെടുത്തു.ഒന്നേമുക്കാൽ കിലോയോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വിവിധ ബാങ്കുകളിൽ നിന്നായി പോലീസ് കണ്ടെടുത്തു.കണ്ണപുരം,വെള്ളിക്കീൽ ബ്രാഞ്ചുകളിൽ നിന്നായി 14 ലക്ഷം രൂപ വീതം ആഭരണത്തിൽ വായ്‌പ്പാ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മുഖ്യപ്രതിയായ അസിസ്റ്റൻഡ് മാനേജർ രമ തളിപ്പറമ്പ് ബ്രാഞ്ചിൽ മറ്റുള്ളവരുടെ ആഭരണം സ്വന്തം പേരിൽ പണയപ്പെടുത്തിയതായും പോലീസ് പറഞ്ഞു.പ്രതികളെ തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കും.
കൈത്തറി യൂണിഫോം വിതരണ പദ്ധതി എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കും
കണ്ണൂർ:സർക്കാർ സ്കൂളുകളിൽ നടപ്പാക്കി വരുന്ന സൗജന്യ കൈത്തറി യൂണിഫോം വിതരണ പദ്ധതി എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്‌ദീൻ.അടുത്ത വർഷം ഏഴാം ക്ലാസ് വരെ പദ്ധതി നടപ്പിലാക്കും.എയ്ഡഡ് സ്കൂളുകളിൽ കൂടി പദ്ധതി നടപ്പിലാക്കാൻ 50 ലക്ഷം മീറ്റർ കൈത്തറി തുണി ആവശ്യമായി വരും.ഈ വർഷം ഇത്രയും തുണി നെയ്തു കിട്ടുകയാണെങ്കിൽ അടുത്ത അധ്യയന വർഷത്തിൽ തന്നെ പദ്ധതി എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ കൈത്തറി ശില്പശാല ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുതു തലമുറയെ കൈത്തറിയിലേക്ക് ആകർഷിച്ചാൽ മാത്രമേ ഈ മേഖലയ്ക്ക് നിലനിൽപ്പുണ്ടാകൂ.സ്വകാര്യ വസ്ത്ര ഉത്പന്നങ്ങളോട് മത്സരിക്കാനുള്ള ശേഷി കൈത്തറി ഉത്പന്നങ്ങൾക്ക് ഉണ്ടാക്കിയെടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.കൈത്തറി ഉൽപ്പന്നങ്ങളെ ഓൺലൈൻ വിപണിയിലെത്തിക്കാൻ കണ്ണൂർ കളക്ടർ മിർ മുഹമ്മദലി നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.കാൻലൂം(cannloom) എന്ന ബ്രാൻഡ് നെയിമിലാണ് കണ്ണൂർ ജില്ലയിലെ പതിനഞ്ചു കൈത്തറി സൊസൈറ്റികൾ തങ്ങളുടെ 400 ലേറെ കൈത്തറി ഉൽപ്പനങ്ങൾ ഇ കോമേഴ്‌സ് സ്ഥാപനമായ ആമസോണിൽ വിൽപ്പനയ്ക്കായി വെച്ചിരിക്കുന്നത്. www.amazon.in/handloom എന്ന വെബ്സൈറ്റിൽ ഇവ ലഭിക്കും.