കോഴിക്കോട്:ഗെയിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരെ സമരം നടത്തുന്നവരും പോലീസും തമ്മിൽ വീണ്ടും സംഘർഷം.കഴിഞ്ഞ ദിവസം ഇവിടെ നടന്ന സംഘർഷത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാനായി ഇന്ന് പോലീസ് എത്തിയപ്പോഴാണ് വീണ്ടും സംഘർഷം ഉടലെടുത്തത്.വീടുകളിൽ ഒളിച്ചിരിക്കുകയായിരുന്ന സമരക്കാരെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചപ്പോൾ സമരക്കാർ ഇതിനെ എതിർത്തതാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന സംഘർഷത്തിൽ പോലീസുകാരുടെ ലാത്തി പ്രയോഗത്തിലും സമരക്കാരുടെ കല്ലേറിലും നിരവധിപേർക്ക് പരിക്കേറ്റിരുന്നു.സംഘർഷത്തിൽ അറസ്റ്റിലായവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ,വധശ്രമം,തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര ഇന്ന് കണ്ണൂർ ജില്ലയിലെത്തും
കണ്ണൂർ:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര ഇന്ന് കണ്ണൂർ ജില്ലയിലെത്തും.വൈകുന്നേരം അഞ്ചു മണിക്ക് ഒളവറ പാലത്തിനു സമീപം യുഡിഎഫ് നേതാക്കൾ യാത്രയെ സ്വീകരിക്കും. കണ്ണൂർ ജില്ലയിലെ ആദ്യപരിപാടി വൈകിട്ട് അഞ്ചുമണിക്ക് പയ്യന്നൂർ ഗാന്ധി മൈതാനത്തു നടക്കും.തുടർന്ന ആറുമണിക്ക് തളിപ്പറമ്പ് ടൌൺ സ്‌ക്വയറിലെ പരിപാടിയോട് കൂടി ആദ്യദിനത്തിലെ യാത്ര സമാപിക്കും.വെള്ളിയാഴ്ച രാവിലെ ഒൻപതു മണിക്ക് പഴയങ്ങാടിയിൽ നിന്നും യാത്ര പുനരാരംഭിക്കും.മൂന്ന് മണിക്ക് ചക്കരക്കൽ,നാലിന് തലശ്ശേരി,അഞ്ചു മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണർ എന്നിവിടങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകും.ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ശ്രീകണ്ഠപുരം,മൂന്നു മണിക്ക് ഇരിട്ടി ടൌൺ,നാലിന് മട്ടന്നൂർ ബസ്സ്റ്റാൻഡ് പരിസരം അഞ്ചിന് പാനൂർ ടൌൺ എന്നിങ്ങനെയാണ് ജില്ലയിലെ സ്വീകരണ പരിപാടികൾ.
രാജീവ് വധക്കേസ്;അഡ്വ.ഉദയഭാനു അറസ്റ്റിൽ
തൃപ്പൂണിത്തുറ:ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അഡ്വ.സി.പി ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.സഹോദരൻ പ്രതാപന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി എട്ടുമണിയോടെ ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.എന്നാൽ ഹിൽപാലസിനടുത്തുള്ള വീട്ടിൽ ഉണ്ടെന്നും കീഴടങ്ങാൻ സന്നദ്ധനാണെന്നും പോലീസിനെ അറിയിച്ചത് തങ്ങളാണെന്ന് ഉദയഭാനുവിന്റെ ബന്ധു പറഞ്ഞു.എന്നാൽ പോലീസ് ഈ വാദം തള്ളി.കേസിൽ ഏഴാം പ്രതിയായ ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കീഴടങ്ങാൻ സമയം വേണമെന്ന ഇയാളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
സിനിമ-സീരിയൽ മേഖലയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന മൂന്നുപേർ അറസ്റ്റിൽ
കൊച്ചി:സിനിമ-സീരിയൽ മേഖലയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന മൂന്നുപേർ അറസ്റ്റിൽ.ഏഴു കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ വയനാട് കൽപ്പറ്റ എംഎസ് ഹൗസ് റോഡ് മാട്ടിൽ നൗഷീർ,കൽപ്പറ്റ കമ്പളക്കാട് മമ്മുക്കൽ ഇജാസ്,ആലപ്പുഴ ചേർത്തല അരീപ്പറമ്പ് രായമരയ്ക്കാർ വീട്ടിൽ അനസ് എന്നിവരെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു.ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്.മൂന്നു മാസത്തിനിടയിൽ ഇത്തരത്തിൽ ഏഴുപ്രാവശ്യം ഹാഷിഷും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കൾ കൊച്ചിയിൽ എത്തിച്ചതായി പ്രതികൾ പറഞ്ഞു.കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ചിത്രീകരണം നടക്കുന്ന സിനിമ-സീരിയൽ ലൊക്കേഷനുകളിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കമ്മീഷണർ എംപി ദിനേശൻ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.കിലോയ്ക്ക് 4000 രൂപ നിരക്കിൽ ശേഖരിക്കുന്ന കഞ്ചാവ് 20,000 രൂപയ്ക്കാണ് വിറ്റിരുന്നത്.പ്രതികളിലൊരാളായ അനസ് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം നടത്തിയിരുന്ന കാറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് സിനിമ-സീരിയൽ ലൊക്കേഷനിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നത്.
പൊയിലൂരിൽ സിപിഎം പ്രകടനത്തിന് നേരെ നടന്ന കല്ലേറിൽ പോലീസുകാരനുൾപ്പെടെ നിരവധിപേർക്ക് പരിക്ക്
കണ്ണൂർ:കോഴിക്കോട്-കണ്ണൂർ ജില്ലാ അതിർത്തിയായ പൊയിലൂരിൽ സിപിഎം പ്രകടനത്തിന് നേരെ നടന്ന കല്ലേറിൽ പോലീസുകാരനുൾപ്പെടെ നിരവധിപേർക്ക് പരിക്ക്.പത്തോളം വാഹനങ്ങളും തകർത്തു.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.പൊയിലൂരിൽ സിപിഎം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബഹുജന പ്രകടനത്തിന് നേരെയാണ് ആക്രമണം നടന്നത്.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
വാഹനാപകടത്തിൽ പരിക്കേറ്റ ഐഎൻടിയുസി നേതാവ് സൂര്യദാസ് മരിച്ചു
കണ്ണൂർ:വാഹനാപകടത്തിൽ പരിക്കേറ്റ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐഎൻടിയുസി നേതാവ് പുഴാതിയിലെ പി.സൂര്യദാസ് മരിച്ചു.ഒരാഴ്ച മുൻപ് താഴെചൊവ്വ-ചാല ബൈപാസ് റോഡിൽ സൂര്യദാസ് സഞ്ചരിച്ച ഓട്ടോ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. കേരള മോട്ടോർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രെട്ടറിയായും ജില്ലാ നാഷണൽ മോട്ടോർ ലേബർ യൂണിയൻ,ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ,കോ.ഓപ്പറേറ്റീവ് മിൽക്ക് സപ്ലൈസ് യൂണിയൻ,ബലിയപട്ടം ടൈൽസ് വർക്കേഴ്സ് യൂണിയൻ എന്നിവയുടെ ജില്ലാ സെക്രെട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.മൃതദേഹം ഇന്ന് രാവിലെ കണ്ണൂർ സ്റ്റേഡിയം കോർണറിൽ പൊതു ദർശനത്തിനു വെച്ച ശേഷം 10.30 ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്ര ആരംഭിച്ചു
കാസർഗോഡ്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ സംസ്ഥാന ജാഥ ഇന്ന് ആരംഭിച്ചു.വൈകുന്നേരം നാലിന് ഉപ്പളയിൽ നടക്കുന്ന ചടങ്ങിൽ പതാക കൈമാറി കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്‍റണി യാത്ര ഉദ്ഘാടനം ചെയ്തു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, എം.പി. വീരേന്ദ്രകുമാർ, എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.വി.ഡി. സതീശൻ , വി.കെ. ഇബ്രാഹിംകുഞ്ഞ് , എം.കെ. മുനീർ , കെ.പി. മോഹനൻ, ബെന്നി ബെഹനാൻ, ഷിബു ബേബിജോണ്‍, ഷാനിമോൾ ഉസ്മാൻ, ജോണി നെല്ലൂർ, സി.പി. ജോണ്‍, റാം മോഹൻ തുടങ്ങിയവരാണ് ജാഥാംഗങ്ങൾ.
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ വിസ്താരത്തിന് കോടതിയില്‍ ഹാജരാക്കി
കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ മുഖ്യപ്രതി അമീറുല്‍ ഇസ്‌ലാമിനെ ക്രിമിനല്‍ നടപടിക്രമമനുസരിച്ചുളള വിസ്താരത്തിനായി എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ഹാജരാക്കി.കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിവിസ്താരം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.ജിഷാ വധക്കേസിലെ രഹസ്യ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നടക്കുന്നത്.കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച 195 പേരുടെ സാക്ഷിപ്പട്ടികയിൽ പ്രോസിക്യൂഷൻ തിരഞ്ഞെടുത്ത 100 പേരുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള വിസ്താരത്തിനായി അമീറുൽ ഇസ്‌ലാമിനെ കോടതിയില്‍ ഹാജരാക്കിയത്. ചോദ്യംചെയ്യല്‍ നടപടികള്‍ കോടതി പൂര്‍ത്തീകരിച്ചു. ഇനി പ്രതിഭാഗം സാക്ഷി വിസ്താരമാണ് നടക്കാനുള്ളത്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ ഇതിന് കോടതി അനുമതി നല്‍കി.ഈ കേസിൽ പ്രതി കുറ്റം ചെയ്യുന്നത് കണ്ട ദൃക്‌സാക്ഷികളില്ല.കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങൾ, മുറിക്കുള്ളിൽ കണ്ടെത്തിയ തലമുടി എന്നിവയുടെ ഡിഎൻഎ പരിശോധന അടക്കമുള്ള ഫൊറൻസിക് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് അമീറുല്‍ ഇസ്‌ലാമിനെതിരെ പ്രോസിക്യൂഷൻ കുറ്റം ആരോപിക്കുന്നത്. അന്വേഷണ സംഘത്തിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ധര്‍, രാസപരിശോധകര്‍ തുടങ്ങിയവരാണ് കേസിലെ മുഖ്യ സാക്ഷികള്‍.
എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച നാല് സ്വകാര്യ ബസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു
എറണാകുളം:എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച നാല് സ്വകാര്യ ബസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു.ആലുവ എറണാകുളം റൂട്ടില്‍ സ്വകാര്യബസ് അപകടങ്ങള്‍ പതിവായ സാഹചര്യത്തിലാണ് പൊലീസ് സംഘം ആലുവ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കിടയില്‍ ജോലി സമയത്തെ മദ്യപാനം വ്യാപകമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയ ൪ സ്വകാര്യ ബസ് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്വകാര്യ ബസ് അപകടങ്ങളിൽ രണ്ടുപേർ മരിച്ചിരുന്നു.ഈ അപകടം ഉണ്ടാക്കിയ രണ്ടുബസുകളിലെയും ഡ്രൈവർമാർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല.ഇത് കൊണ്ടുതന്നെ സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസുകളും പോലീസ് പരിശോധിച്ച് വരുന്നുണ്ട്.
സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി
തിരുവനന്തപുരം:സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി.ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ അസോസിയേഷൻ തയ്യാറാകാത്തതാണ് അംഗീകാരണം റദ്ദാക്കാൻ കാരണമെന്ന് സംസ്ഥാന അപോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി ദാസൻ വ്യക്തമാക്കി. നേരത്തെ അസോസിയേഷനെ സസ്‌പെൻഡ് ചെയ്തിരുന്നു.