ഇടുക്കി:ചിന്നാർ പുഴയിൽ സ്ത്രീയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.ചപ്പാത്തിനു സമീപം നാലാം മൈലിലാണ് പുഴയിലൂടെ മൃതദേഹം ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിപ്പെട്ടത്.പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മുണ്ടൂരിൽ ബസ്സപകടത്തിൽപെട്ട് മരിച്ചവർക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചു
കണ്ണൂർ:ചെറുതാഴം മുണ്ടൂരിൽ ബസുകൾ കൂട്ടിയിടിച്ചുമരിച്ച മുസ്തഫ,പി.പി സുബൈദ, മുഫീദ്, സുജിത് പട്ടേരി,കരീം എന്നിവരുടെ ബന്ധുക്കൾക്ക് ഒരുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഗുരുതരമായി പരിക്കേറ്റ രണ്ടുപേർക്ക് അൻപതിനായിരം രൂപ വീതവും മറ്റുള്ള പതിനൊന്നുപേർക്ക് പതിനായിരം രൂപ വീതവും ധനസഹായം അനുവദിച്ചിട്ടുണ്ട്.
റേഷൻ വ്യാപാരികൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.ഭക്ഷ്യമന്ത്രി പി.തിലോത്തമനുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.മാർച്ച് ഒന്ന് മുതൽ വേതന പാക്കേജ് നടപ്പിലാക്കാനും തീരുമാനമായി.ഈ മാസം ഒന്ന് മുതലാണ് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വ്യാപകമായി കടയടപ്പ് സമരം തുടങ്ങിയത്.റേഷൻ കമ്മീഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക,വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും മിനിമം വേതനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.ഇതോടെ സംസ്ഥാനത്തു റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അരിയുടെയും ഗോതമ്പിന്റെയും വില ഒരു രൂപ വീതം കൂടും. സൗജന്യ റേഷൻ ലഭിച്ചിരുന്ന 29 ലക്ഷം പിങ്ക് കാർഡുടമകൾ പുതിയ പാക്കേജ് നിലവിൽ വരുന്നതോടെ ഭക്ഷ്യധാന്യങ്ങൾക്ക് പണം നൽകേണ്ടി വരും.ഇവർ അരിക്കും ഗോതമ്പിനും ഇനി മുതൽ ഒരുരൂപ വീതം നൽകണം.ഇതോടെ സംസ്ഥാനത്തു സൗജന്യ റേഷൻ വാങ്ങുന്നവരുടെ എണ്ണം 6 ലക്ഷമായി ചുരുങ്ങും.
തന്നെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചതായി ബിജെപി പ്രവർത്തകന്റെ വെളിപ്പെടുത്തൽ
കണ്ണൂർ:ബിജെപിയിൽ പ്രവർത്തിച്ചതിന്റെ പേരിൽ തന്നെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചതായി ബിജെപി പ്രവർത്തകന്റെ വെളിപ്പെടുത്തൽ. പച്ചപ്പൊയ്കയിലെ ബിജെപി പ്രവർത്തകനായ മഞ്ജുനാഥാണ് കണ്ണൂരിൽ പത്ര സമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.ദളിത് യുവാവായ തനിക്ക് കഴിഞ്ഞ ഒന്നര വർഷമായി സ്വന്തം വീട്ടിലേക്ക് വരാൻ കഴിയുന്നില്ല. അതിനാൽ ബന്ധു വീട്ടിലാണ് കഴിയുന്നത്.സിപിഎം ശക്തികേന്ദ്രമായ പ്രദേശത്തു ബിജെപിയിൽ പ്രവർത്തിച്ചതാണ് തനിക്കെതിരെയുള്ള കുറ്റമെന്നും മഞ്ജുനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം സുഹൃത്തുമൊന്നിച്ച് പാച്ചപ്പൊയ്ക ശ്രീനാരായണ മണ്ഡപത്തിനു സമീപത്തു കൂടി നടന്നു വരികയായിരുന്ന തന്നെ ഒരു സംഘം ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടുപോവുകയും ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി മർദിക്കുകയും ചെയ്തതായി മഞ്ജുനാഥ് പറയുന്നു.നാലുപേരടങ്ങിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്.ഇതിൽ രണ്ടുപേരെ തനിക്ക് അറിയാമെന്നും മഞ്ജുനാഥ് പറഞ്ഞു.മഞ്ജുനാഥിനെതിരെ നടന്ന വധശ്രമത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു.മഞ്ജുനാഥിനൊപ്പം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2016 ഇൽ മഞ്ജുനാഥിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ വീട് പൂർണ്ണമായും തകർന്നിരുന്നു.ഇതിനെതിരെയും നടപടിയുണ്ടായില്ല.സിപിഎം ശക്തി കേന്ദ്രത്തിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നതിന്റെ വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
വൻകുളത്തുവയലിൽ ബസ്‌സ്റ്റോപ്പുകൾ മാറ്റി സ്ഥാപിച്ചു
അഴീക്കോട്:വൻകുളത്തുവയലിൽ ബസ്‌സ്റ്റോപ്പുകൾ മാറ്റി സ്ഥാപിച്ചു.വൻകുളത്തുവയൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ ബസ്‌സ്റ്റോപ്പുകളാണ് അവിടെ നിന്നും അല്പം മാറ്റി സ്ഥാപിച്ചത്.കണ്ണൂരിൽ നിന്നും അഴീക്കൽ ഭാഗത്തേക്കുള്ള ബസുകൾ പാർവതി മെഡിക്കല്സിന് സമീപവും കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ വിവേകാനന്ദ കോളേജിന് സമീപം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും വേണം.തൊട്ടടുത്തുള്ള കണ്ണൂർ ഭാഗത്തേക്കുള്ള സ്റ്റോപ്പ് വാഗ്ഭടാനന്ദ പഞ്ചായത്ത് വായനശാലയ്ക്ക് മുൻപിലേക്ക് മാറ്റി.ഗതാഗത കുരുക്ക് കാരണം ബസ്സിൽ കയറാനും റോഡ് മുറിച്ചുകടക്കാനും ബുദ്ധിമുട്ടാണെന്ന് കാണിച്ചു അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ നിരഞ്ജന സുനിൽ കളക്റ്റർക്ക് നിവേദനം നൽകിയിരുന്നു.ഇതിനെ കുറിച്ച് ആർടിഒ അന്വേഷിക്കുകയും തുടർന്നാണ് മൂന്നു ഭാഗത്തേക്കുമുള്ള ബസ്‌സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്തത്.വൻകുളത്തുവയലിൽ സ്വകാര്യ വാഹനങ്ങൾ റോഡിനിരുവശങ്ങളിലും പാർക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. അനാവശ്യ പാർക്കിങ്ങുകൾ കണ്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക്ക് പോലീസ് അറിയിച്ചു.
റേഷൻ സമരം തുടരുന്നു;വ്യാപാരികൾ നിരാഹാര സമരത്തിൽ
കണ്ണൂർ:സർക്കാർ അംഗീകരിച്ച വേതന വ്യവസ്ഥകൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ നടത്തുന്ന സമരം തുടരുന്നു.ഇതിന്റെ ഭാഗമായി വ്യാപാരികൾ റിലേ നിരാഹാര സമരം ആരംഭിച്ചു.കണ്ണൂരിലും തലശ്ശേരിയിലുമാണ് സമരം നടത്തുന്നത്.അതേസമയം റേഷൻ സാധനങ്ങൾ വിതരണം ചെയ്യാത്തത് ചൂണ്ടിക്കാട്ടി റേഷൻ കടയുടമകൾക്ക് നോട്ടീസ് നല്കാൻ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.എന്നാൽ സർക്കാർ തീരുമാനം ഉണ്ടാകുന്നതു വരെ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്ന നിലപാടിലാണ് വ്യാപാരികൾ.കണ്ണൂർ കളക്റ്ററേറ്റിന് മുൻപിലെ നിരാഹാരം ജില്ലാപഞ്ചായത്തംഗം അൻസാരി തില്ലങ്കേരി ഉൽഘാടനം ചെയ്തു.
ഗെയിൽ വിരുദ്ധ സമരം തുടരുമെന്ന് സമരസമിതി
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈനിന് എതിരായി നടക്കുന്ന സമരം തുടരുമെന്ന് സമര സമിതി അറിയിച്ചു.മുക്കം എരഞ്ഞിമാവിൽ ഇന്നലെ നടന്ന സമരസമിതി യോഗത്തിലാണ് തീരുമാനം.വ്യവസായമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷവും പോലീസ് കേസെടുക്കുന്നത് വാഗ്ദാനലംഘനമാണെന്ന് യോഗം കുറ്റപ്പെടുത്തി. ഗെയിൽ വിരുദ്ധ സമരം സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുമെന്നും ഇതിനായി കോഴിക്കോട് പ്രത്യേക കൺവെൻഷൻ സംഘടിപ്പിക്കുമെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.അതേസമയം സർവകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിൽ കാരശ്ശേരി പഞ്ചായത്തിലും മുക്കം നഗരസഭയിലും ജില്ലാ കളക്റ്ററുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പൈപ്പ് ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലെ പത്തു സെന്ററിൽ താഴെ ഭൂമിയുള്ളവർക്കുള്ള പ്രത്യേക പാക്കേജിനായുള്ള റിപ്പോർട് ഒരാഴ്ചയ്ക്കകം സമർപ്പിക്കുമെന്നും കലക്റ്റർ പറഞ്ഞു. കളക്റ്ററുടെ നേതൃത്വത്തിലുള്ള സംഘം പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളും സന്ദർശിച്ചു.മുക്കം നഗരസഭയിലും കക്കാട് വില്ലേജ് ഓഫീസിലും ഹെല്പ് ഡെസ്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.
കൂത്തുപറമ്പിൽ ഇന്ന് ഹർത്താൽ
കൂത്തുപറമ്പ്:കൂത്തുപറമ്പിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കൂത്തുപറമ്പ് നഗരസഭയിൽ ഇന്ന് സംഘപരിവാർ ഹർത്താൽ നടത്തും.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ തൊക്കിലങ്ങാടിയിൽ ആർഎസ്എസ് കൂത്തുപറമ്പ് കാര്യാലയത്തിനും ശ്രീനാരായണ മന്ദിരത്തിനും നേരെ അക്രമം നടന്നിരുന്നു.ആയുധങ്ങളുമായി എത്തിയ ഒരു സംഘം ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം ആർഎസ്എസ് കാര്യാലയത്തിന് നേരെ അക്രമം നടത്തുകയായിരുന്നു.ഉഗ്രശേഷിയുള്ള രണ്ടു സ്റ്റീൽ ബോംബുകളാണ് എറിഞ്ഞത്.ബോംബേറിൽ കാര്യലയത്തിന്റെ കോൺക്രീറ്റ് ചാരുപടിയുടെ ഒരുവശം തകർന്നു.ഇതിനു ശേഷമാണ് സമീപത്തുള്ള ശ്രീനാരായണ സേവാമന്ദിരത്തിനു നേരെ അക്രമം ഉണ്ടായത്.മന്ദിരത്തിന്റെ വാതിൽ തകർത്ത് അകത്തുകടന്ന അക്രമി സംഘം ശ്രീനാരായണ ഗുരുവിന്റെ വലിയ ചിത്രവും അടിച്ചു തകർത്തു.
പഴശ്ശി അണക്കെട്ടിന് മുകളിൽ കാർ നിയന്ത്രണം വിട്ട് കൈവരിയിടിച്ചു തകർത്തു
മട്ടന്നൂർ:പഴശ്ശി അണക്കെട്ടിന് മുകളിൽ കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി ഇടിച്ചു തകർത്തു.ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് സംഭവം.മട്ടന്നൂർ ഭാഗത്തു നിന്നും ഇരിക്കൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.നിയന്ത്രണം വിട്ട കാർ കൈവരിയിലിടിച്ചു നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.നടുവനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തൃശൂർ ജില്ലയിൽ ബുധനാഴ്ച ഹർത്താൽ
തൃശൂർ:തൃശൂർ ജില്ലയിൽ ബുധനാഴ്ച ഹർത്താൽ.ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ.ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്ത്.വൻ പോലീസ് സന്നാഹത്തോടെയാണ് ക്ഷേത്രം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.