തിരുവനന്തപുരം:ഗണേഷ് കുമാറിനും സോളാര്‍ കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്‍.പത്തനംതിട്ട ജയിലില്‍ വെച്ച് സരിത എഴുതിയ കത്തില്‍ ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നാല് പേജ് കൂട്ടിച്ചേര്‍ത്തുവെന്ന് ഫെനി പറഞ്ഞു.യുഡിഎഫ് നേതാക്കള്‍ക്കെതിരേയുള്ള ലൈംഗികാരോപങ്ങളാണ് ഇതില്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി വെളിപ്പെടുത്തി.ഇക്കാര്യം കമ്മീഷനോട് പറയാന്‍ ശ്രമിച്ചപ്പോള്‍ ജസ്റ്റിസ് ശിവരാജന്‍ തടഞ്ഞുവെന്ന് ഫെനി ആരോപിച്ചു.നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം വന്നതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന യുഡിഎഫ് വാദം ശരിവെക്കുകയാണ് ഫെനി ബാലകൃഷ്ണന്റെ ഈ ആരോപണങ്ങൾ.സരിത എഴുതിയ 21 പേജില്‍ ഒരിടത്തും ലൈംഗിക ആരോപണം ഇല്ലായിരുന്നുവെന്നാണ് ഫെനി പറയുന്നത്. ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം സഹായികളായിരുന്ന ശരണ്യ മനോജും പ്രദീപും ചേര്‍ന്നാണ് നാല് പേജ് അധികമായി ചേര്‍ത്തത്.ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേര് എഴുതി ചേര്‍ത്ത് യുഡിഎഫ് നേതാക്കളെ ഭീഷണിപ്പെടുത്തി മന്ത്രിസ്ഥാനത്ത് തിരികെ വരാനായിരുന്നു ഗണേഷ് കുമാറിന്റെ നീക്കങ്ങളെന്നാണ് ഫെനിയുടെ വാദം. ഇക്കാര്യം സരിതക്ക് അറിയാമായിരുന്നുവെന്നും ഫെനി പറഞ്ഞു.
ഒൻപതാം ക്ലാസ്സിൽ തോറ്റാലും ഇനി മുതൽ സെ പരീക്ഷ
തിരുവനന്തപുരം: ഒൻപതാം ക്ലാസിൽ തോൽക്കുന്ന കുട്ടികൾക്കായി സേ പരീക്ഷ നടത്താൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവായി. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍റെ ശിപാർശയെ ത്തുടർന്നാണ് നടപടി.ഇതനുസരിച്ച് ഒൻപതാം ക്ലാസ്സിൽ തോൽക്കുന്ന വിദ്യാർത്ഥികൾക്ക് മേയ് മാസത്തിൽ സേ പരീക്ഷ നടത്തി അർഹതപ്പെട്ടവർക്ക് ജൂണ്‍ മാസത്തിൽ തന്നെ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും നിർദേശിച്ചിരുന്നു.
പെരിന്തൽമണ്ണയിൽ ഒരു കോടി രൂപയുടെ കുഴൽപ്പണം പിടികൂടി
മലപ്പുറം:പെരിന്തൽമണ്ണയിൽ നിന്നും ഒരുകോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. സംഭവത്തില്‍ കൈപ്പുറം സ്വദേശി സൈനുദ്ദീന്‍ എന്നയാള്‍ പിടിയിലായിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പണം കൊണ്ടുവരുമ്പോഴാണ് ഇയാൾ പിടിയിലായത്.
തലശേരിയിൽ 600 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ
തലശ്ശേരി:കണ്ണൂർ തലശേരിയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 600 കുപ്പി മദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി മുഹമ്മദ് ഷർജിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എങ്ങോട്ടേയ്ക്കു കടത്തുകയായിരുന്ന മദ്യമാണ് പിടിച്ചെടുത്തതെന്നു വ്യക്തമായിട്ടില്ല.
ജല അതോറിറ്റി എംഡി ഷൈനാമോൾക്ക് അറസ്റ്റ് വാറണ്ട്
കൊച്ചി:ജല അതോറിറ്റി എംഡി ഷൈനാമോൾക്ക് അറസ്റ്റ് വാറണ്ട്.സംസ്ഥാന പോലീസ് മേധാവിക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.ഈ മാസം പതിനഞ്ചിന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാനാണ് നിർദേശം.ജല അതോറിട്ടി കരാർ എടുത്തിട്ടുള്ള ചെന്നൈ ആസ്ഥാനമായുള്ള ഇ പി ഐ എൽ എന്ന കമ്പനിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇളവ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷൈനാമോൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ജല അതോറിറ്റിയുടെ കരാർ ജോലിയേറ്റ കമ്പനിയായ ഇ പി ഐ എൽ ന് ലേബർ ചിലവ് പുതുക്കി നൽകാനുള്ള ഹൈക്കോടതി നിർദേശം പാലിക്കാത്തതിനാലാണ് ഷൈനാമോൾക്കെതിരെ കോടതി നടപടി സ്വീകരിച്ചത്.വർധിച്ചുവരുന്ന ചിലവുകൾ കണക്കിലെടുത്ത് കരാറുകാർക്ക് ലേബർ കൂലി പുതുക്കി നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.എന്നാൽ ഇതിനെതിരെ സംസ്ഥാന ജല അതോറിട്ടി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും തള്ളിപ്പോയി.എന്നിട്ടും കരാറുകാർക്ക് കൂലി പുതുക്കി നല്കാൻ ജല അതോറിട്ടി തയ്യാറായില്ല. ലേബർ ചാർജ് പുതുക്കി നൽകാമെന്ന് കമ്പനിയുമായുള്ള കരാറിൽ പറഞ്ഞിട്ടില്ലെന്നാണ് ജല അതോറിറ്റിയുടെ വാദം.ഇതിനെതിരെ എൻജിനീയറിങ് പ്രോജെക്ടസ് ഓഫ് ഇന്ത്യ ലിമിറ്റഡ് സീനിയർ മാനേജർ ശ്രീനേഷാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.
മാവോയിസ്റ്റ് ആക്രമണ ഭീഷണി;കാസർകോഡ് ജില്ലയിൽ ജാഗ്രതാ നിർദേശം
കാസർകോഡ്:പോലീസ് സ്റ്റേഷനുകൾ ആക്രമിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിടുന്നുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് കാസർകോഡ് ജില്ലയിൽ ജാഗ്രത നിർദേശം നൽകി.കാസർകോഡ് പോലീസ് സബ് ഡിവിഷൻ പരിധിയിലുള്ള ആദൂർ, ഹൊസ്ദുർഗ്,ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് എന്നീ സ്റ്റേഷനുകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.ആക്രമണ ഭീഷണി കണക്കിലെടുത്ത് ഏതെങ്കിലും തരത്തിൽ അക്രമണമുണ്ടായാൽ നേരിടുന്നതിനായി രക്ഷാമതിൽ പണികഴിപ്പിച്ചിട്ടുണ്ട്.മാവോയിസ്റ്റ് നേതാക്കളായ കുപ്പുസ്വാമിയും ലതയും കഴിഞ്ഞ വർഷം നവംബർ 24 ന് നിലബൂർ വനത്തിൽ വെടിയേറ്റ് മരിച്ചതിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 24 നോ അതിനു മുൻപോ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്.കാസർകോഡ് ജില്ലയേക്കാൾ കൂടുതൽ ആക്രമണ ഭീഷണി കണ്ണൂർ,വയനാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾക്കാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി സർക്കാർ രണ്ടുവർഷമായി വെട്ടിച്ചുരുക്കി
തിരുവനന്തപുരം:തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമാക്കി വെട്ടിച്ചുരുക്കി സർക്കാർ ഓർഡിനൻസ് പുറത്തിറക്കി.ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഓർഡിനൻസിന് അംഗീകാരം നൽകി. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി അയച്ചു.സർക്കാർ ഓർഡിനൻസോടെ നിലവിലെ ഭരണ സമിതിക്ക് ഇന്നു കൂടി മാത്രമേ അധികാരത്തിൽ തുടരാൻ കഴിയൂ എന്ന സ്ഥിതിയായി. ശനിയാഴ്ച പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്‍റായ തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി തീരും. ദേവസ്വം ബോർഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ഓണറേറിയവും ഇനി സർക്കാരാണ് തീരുമാനിക്കുക. നിലവിൽ 8,000 രൂപ മാത്രമാണ് ഓണറേറിയവും സിറ്റിംഗ് ഫീസും ചേർന്ന് നൽകുന്നത്.
കേസന്വേഷണത്തിനായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം
കൂത്തുപറമ്പ്: കേസന്വേഷണത്തിനായി കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിയ പോലീസ് സംഘത്തിനു നേരേ അക്രമം. കതിരൂർ സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പ് ഗോകുലത്തെരുവിലെ ജാനകി ഫൈനാൻസിലാണ് സംഭവം. കതിരൂർ എസ്ഐ സി.ഷാജു (40) ജൂണിയർ എസ്ഐ പി.എം.സുനിൽകുമാർ (35), സീനിയർ സിവിൽ പോലീസ് ഓഫീസർ വി.സുനിൽ (34), സിവിൽ പോലീസ് ഓഫീസർ കെ.പി.സന്തോഷ് (33)എന്നിവർക്കാണ് പരിക്കേറ്റത്.അതെ സമയം സ്ഥാപനത്തിലെത്തിയ പോലീസ് സംഘം അതിക്രമം നടത്തിയെന്ന് സ്ഥാപനമുടമ ആരോപിച്ചു.സ്ഥാപനമുടമയുടെ രണ്ടു സഹോദരങ്ങളെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാഴ്ച മുമ്പ് കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നായനാർ റോഡിൽ വച്ചു പോലീസ് പരിശോധനയ്ക്കിടെ ഒരു ബൈക്ക് പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയിരുന്നു. തുടർന്ന് ബൈക്കിന്‍റെ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയും ഉടമസ്ഥനെ കണ്ടെത്തുകയും ചെയ്യുകയും ഉടമയോട് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഒരാഴ്ചയായിട്ടും ഇയാൾ സ്റ്റേഷനിലെത്താത്തതിനാൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഇയാളെ കുറിച്ച് അന്വേഷിക്കാൻ കൂത്തുപറമ്പിലെ ജാനകി ഫൈനാൻസിൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്ഥാപനത്തിലെ ജീവനക്കാരനായ ബിനോയ് പോലീസിനെ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് പോലീസ് നല്കുന്ന വിവരം .ബിനോയിയെ അന്വേഷിച്ചാണ് കതിരൂർ എസ്ഐ.യുടെ നേതൃത്വത്തിൽ പോലീസ് സംഘം ഇന്നലെ ഉച്ചയോടെ ജാനകി ഫൈനാൻസിൽ എത്തിയത്. എന്നാൽ ഫൈനാൻസ് ജീവനക്കാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേ സമയം, ബിനോയിയെ അന്വേഷിച്ച് സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പോലീസ് സംഘം തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നും ഓഫീസ് അടിച്ചു തകർക്കുകയാണുണ്ടായതെന്നും സ്ഥാപന അധികൃതർ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു പേരെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ അകാരണമായി കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചും ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും ബിജെപി പ്രവർത്തകർ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് സ്റ്റേഷൻ ഉപരോധിച്ചതിൽ കണ്ടാലറിയുന്ന അൻപതോളം പേർക്കെതിരെ പോലീസ് കേസെടുത്തു.പോലീസിനെ മർദിച്ചതിലും കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിലും ജാനകി ഫിനാന്സിയേഴ്സ് ഉടമ ടി.ബൈജു,പി.വിപിൻ എന്നിവരെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.
മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
മട്ടന്നൂർ:മട്ടന്നൂർ നെല്ലൂന്നിയിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.ഇന്ന് രാവിലെ പത്തു മണിയോട് കൂടിയാണ് വെട്ടേറ്റത്.സൂരജ്,ജിതേഷ് എന്നിവർക്കാണ് വെട്ടേറ്റത്.കള്ള് ഷാപ്പ് ജീവനക്കാരനായ സൂരജിനെ ഷാപ്പിൽ കയറി വെട്ടുകയായിരുന്നു.അക്രമി സംഘം തിരിച്ചു പോകുന്ന വഴിയാണ് ജിതേഷിനെ വെട്ടിയത്.ഇരുവരെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സൂചന.
എ ടി എം കാർഡ് നമ്പർ ചോർത്തി അക്കൗണ്ടിൽ നിന്നും 45,000 രൂപ തട്ടിയെടുത്തു
കണ്ണൂർ:എ ടി എം കാർഡ് നമ്പർ ചോർത്തി കണ്ണൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും 45000 രൂപ കവർന്നു.കണ്ണൂർ കുറുവ സ്വദേശിയും കോൺട്രാക്റ്ററുമായ കണ്ടിയിൽ ഹൗസിൽ അശോകന്റെ പണമാണ് കവർന്നത്.മൂന്നു തവണയായാണ് പണം കവർന്നത്.ബാങ്കിൽ നിന്നും നൽകിയ വിവരമനുസരിച്ച് രണ്ടു തവണ മുംബൈയിൽ നിന്നും ഒരുതവണ തൃശ്ശൂരിൽ നിന്നുമാണ് പണം പിൻവലിച്ചിരിക്കുന്നത്.ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടുകൂടി അശോകന്റെ ഫോണിൽ ഒരു കാൾ വരികയും താങ്കളുടെ എ ടി എം ബ്ലോക്ക് ചെയ്യുകയാണെന്ന് അറിയിക്കുകയൂം ചെയ്തു.ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തതിനാലാണ് ഇതെന്നായിരുന്നു വിശദീകരണം.എന്നാൽ താൻ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അശോകൻ പറഞ്ഞെങ്കിലും വിളിച്ചയാൾ സമ്മതിച്ചില്ല.എ ടി എം ബ്ലോക്കാവാതിരിക്കാൻ എ ടി എം കാർഡിന് മുകളിലുള്ള നമ്പർ വെളിപ്പെടുത്തണമെന്നായിരുന്നു ആവശ്യം.അശോകൻ ഈ നമ്പർ വെളിപ്പെടുത്തിയ ഉടൻ ഫോൺ കട്ടാകുകയും ചെയ്തു.വിജയ ബാങ്കിലാണ് അശോകന്റെ അക്കൗണ്ട്.തുടർന്ന് മൂന്നു തവണയായി അശോകന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടു.അവസാനം തുക പിൻവലിച്ചതിന്റെ മെസ്സേജ് മാത്രമാണ് അശോകന് കിട്ടിയത്.തുടർന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് നേരത്തെ രണ്ടു തവണ പണം പിൻവലിക്കപ്പെട്ടതായി വിവരം ലഭിച്ചത്.സംഭവത്തിൽ സൈബർ സെല്ലിലും കണ്ണൂർ ടൌൺ പോലീസിലും അശോകൻ പരാതി നൽകി.അശോകന് കാൾ വന്ന ഫോൺ നമ്പറിലേക്ക് ആദ്യം വിളിച്ചു നോക്കിയപ്പോൾ ഫോൺ റിങ് ചെയ്തുവെങ്കിലും പിന്നീട് പ്രവർത്തനരഹിതമായി. .