തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം അധികൃതർ നടത്തിയ മിന്നല്‍ പരിശോധനയിൽ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹോട്ടലില്‍നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. നഗരസഭയുടെ ഹെല്‍ത്ത് സ്ക്വാഡ് ഇന്നലെ രാവിലെയാണ് പരിശോധന നടത്തിയത്. മെയിന്‍ റോഡിലെ തവക്കല്‍ റസ്റ്റോറന്‍റില്‍നിന്നും നാലു ദിവസം പഴക്കമുള്ള ചിക്കന്‍ഫ്രൈ, സാമ്പാര്‍, പൂപ്പല്‍ കയറിയ നാരങ്ങ അച്ചാര്‍, പഴകിയ ചോറ് തുടങ്ങിയവയാണ് പിടികൂടിയത്. കൂടാതെ മൂന്നോളം ഹോട്ടലുകളുടെ പരിസരം വൃത്തിഹീനമാണെന്നും കണ്ടെത്തി. തുടര്‍ന്ന് ഇവക്ക് നോട്ടീസ് നല്‍കി. ആര്‍.ശ്രീജിത്ത്, ശൈലേഷ്, എസ്.അബ്ദുറഹ്മാന്‍, മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 2400 പാക്കറ്റ് പാൻ ഉത്പന്നങ്ങൾ പിടികൂടി
ഇരിട്ടി:ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 2400 പാക്കറ്റ് പാൻ ഉത്പന്നങ്ങൾ പിടികൂടി.കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റിൽ എക്‌സൈസ് ഇൻസ്പെക്റ്റർ രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവ പിടികൂടിയത്.ബസിനുള്ളിൽ രണ്ട് കാർഡ്ബോർഡ് പെട്ടിയിലാക്കി സൂക്ഷിച്ച നിലയിലാണ് ഉത്പന്നങ്ങൾ കണ്ടെത്തിയത്.ടൂറിസ്റ്റ് ബസിലെ ലെഗ്ഗേജുകൾക്കിടയിൽ വൻതോതിൽ നിരോധിത പാൻ ഉത്പന്നങ്ങൾ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.എന്നാൽ ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല.
ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ചു;കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെറുകുന്ന്:ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ചു.കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തളിപ്പറമ്പ് ചവനപ്പുഴയിലെ കണ്ടത്തിൽ ഹൗസിൽ മധുസൂദനന്റെയും തുളസിയുടെയും മകൾ ടിടിസി വിദ്യാർത്ഥിനിയായ ആതിരയാണ്(20) മരിച്ചത്.ആതിരയുടെ കൂടെയുണ്ടായിരുന്ന തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ പ്ലസ് ടു വിദ്യാർത്ഥി പൂവ്വം കാരക്കിൽ കോളനിയിലെ അക്ഷയ്(17) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാത്രി എട്ടരയോടെ മാവേലി എക്സ്പ്രെസ്സിൽ നിന്നാണ് ഇരുവരും വീണത്.ബുധനാഴ്ച രാവിലെ മുതൽ ഇരുവരെയും കാണാതായിരുന്നു.അന്വേഷണത്തിൽ ചെറുവത്തൂരിലുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് ചെറുവത്തൂരിലും പയ്യന്നൂരിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.പിന്നീടാണ് ഇവരെ പുന്നച്ചേരിയിലെ റെയിൽവേ ട്രാക്കിൽ വീണതായി കണ്ടെത്തിയത്.തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആതിര മരിക്കുകയായിരുന്നു.അക്ഷയിനെ പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും അവിടെ നിന്നും മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി.
വളപട്ടണം പാലത്തിൽ ഓട്ടത്തിനിടെ ലോറിയുടെ ടയർ ഊരിത്തെറിച്ചതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു
വളപട്ടണം:ഓടിക്കൊണ്ടിരിക്കെ വളപട്ടണം പാലത്തിൽ മിനിലോറിയുടെ ടയർ ഊരിത്തെറിച്ചു.ഇതിനെ തുടർന്ന് പാലത്തിൽ ഗതാഗതം സ്തംഭിച്ചു.ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.ലോറി പാലത്തിൽ കുടുങ്ങിയതോടെ മറ്റു വാഹങ്ങൾ റോഡിന്റെ ഒരു ഭാഗം ചേർന്ന് തലങ്ങും വിലങ്ങും ഓടാൻ ശ്രമിച്ചതോടെ ദേശീയപാതയിൽ പാലത്തിന്റെ ഇരുഭാഗത്തും കിലോമീറ്ററുകളോളം ദൂരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.ഏഴുമണിയോടെ കൂടി ഖലാസികൾ എത്തി ലോറി പാലത്തിൽ നിന്നും എടുത്തുമാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഗെയിൽ വിരുദ്ധ സമരം ഇന്ന് പുനരാരംഭിക്കും
കോഴിക്കോട്:കോഴിക്കോട് മുക്കത്ത് ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ നടത്തുന്ന സമരം ഇന്ന് പുനരാരംഭിക്കും.നേരത്തെ പോലീസുമായി സംഘർഷം ഉണ്ടായ എരഞ്ഞിമാവിൽ തന്നെയാണ് സമരം വീണ്ടും തുടങ്ങുന്നത്.പോലീസ് പൊളിച്ചു നീക്കിയ സമരപന്തൽ വീണ്ടും നിർമ്മിക്കും.സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം മതിയായതല്ലെന്നും ജനവാസമേഖലകളെ ഒഴിവാക്കണമെന്നുമുള്ള ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും സമരക്കാർ പറയുന്നു. കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ,എം.ഐ ഷാനവാസ് എം.പി എന്നിവർ ഇന്ന് വൈകുന്നേരം നടക്കുന്ന സമര സംഗമത്തിൽ പങ്കെടുക്കും.പോലീസുമായി ഏറ്റുമുട്ടലിനില്ലെന്നും സമാധാനപരമായ സഹന സമരമാണ് നടത്തുകയെന്നും സമര സമിതി പ്രവർത്തകർ അറിയിച്ചു.
കാസർകോട് വീട്ടമ്മ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ;അഞ്ചു മഹാരാഷ്ട്രക്കാർ അറസ്റ്റിൽ
രാജപുരം:ഇരിയ പൊടവടുക്കത്ത് വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമ്പൂട്ടി നായരുടെ ഭാര്യ സി.ലീല(56) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ സ്കൂളിൽ നിന്നും എത്തിയ മകൻ പ്രജിത്ത് അമ്മയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.പിന്നീട് മാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ലീലയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല കാണാത്തതിനെ തുടർന്ന് പ്രജിത്തിന് സംശയം തോന്നി.തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.പിന്നീട് വീടിനു പുറകിൽ നിന്നും മാല ലഭിച്ചു.ഇതോടെ മറുനാടൻ തൊഴിലാളികളെ സംശയമുണ്ടെന്ന് പ്രജിത്ത് ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളുടെ സംശയം ഡോക്റ്റർമാരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ലീലയുടെ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെടുകയും ഡോക്റ്റർമാർക്കും സംശയമുയരുകയും ചെയ്തു.കൊലപാതകമാണെന്ന് സംശയമുയർന്നതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി ലീലയുടെ വീടിന്റെ തേപ്പു ജോലിയിൽ ഏർപ്പെട്ടിരുന്ന അഞ്ചു മഹാരാഷ്ട്ര തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മണൽ കടത്തുകാർ ഉപേക്ഷിച്ച വാഹനം കത്തിച്ച ശേഷം ആക്രിക്കാർക്ക് വിറ്റു;എഎസ്ഐ ഉൾപ്പെടെ അഞ്ചു പോലീസുകാർക്കെതിരെ നടപടി
തളിപ്പറമ്പ്:പോലീസുകാരിൽ നിന്നും രക്ഷപെടാനായി മണൽ കടത്തുകാർ ഉപേക്ഷിച്ച ലോറി കത്തിച്ച ശേഷം ആക്രിക്കാർക്ക് വിറ്റ സംഭവത്തിൽ തളിപ്പറമ്പ് സ്റ്റേഷനിലെ എഎസ്ഐ ഉൾപ്പെടെ അഞ്ചുപോലീസുകാർക്കെതിരെ നടപടിയെടുക്കാൻ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി കുപ്പം കടവിൽ നിന്നും അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പോലീസ് കൈകാണിച്ചിട്ടും നിർത്താത്തതിനെ തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ പിന്തുടരുകയായിരുന്നു.പോലീസ് പിന്തുടരുന്നത് കണ്ട മണൽ കടത്തുകാർ ലോറി ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറെ കിട്ടാത്തതിനാല്‍ വിവരം ഉന്നതരെ അറിയിച്ച ശേഷം ലോറി പോലീസ് കത്തിച്ചു. കത്തിയ ലോറി പിന്നീട് കുപ്പം ഖലാസികളെ ഉപയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റിയശേഷം ആക്രികച്ചവടക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു. കത്തിച്ച വാഹനം കുപ്പത്തെ ആക്രികച്ചവടക്കാരന്‍റെ ഗോഡൗണില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.സംഭവം പുറത്തായതോടെ ഇതേപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി.മുകുന്ദൻ സിഐക്ക് പരാതി നൽകുകയായിരുന്നു. സാധാരണ രീതിയിൽ പോലീസ് പിടിച്ചെടുക്കുന്ന നിസാര തൊണ്ടിമുതലുകൾ പോലും സ്റ്റേഷനിൽ സൂക്ഷിക്കണമെന്ന ചട്ടം നിലനിൽക്കെ ഈ സംഭവം വിവാദമായിരിക്കുകയാണ്.സംഭവത്തില്‍ പോലീസുകാരില്‍ നിന്നും ആക്രികച്ചവടക്കാരനില്‍ നിന്നും ഖലാസികളില്‍ നിന്നും ഇതിനകം മൊഴിരേഖപ്പെടുത്തിക്കഴിഞ്ഞു.ഇതിനു മുമ്പും പോലീസ് സ്റ്റേഷനില്‍ നിന്നും ഇത്തരത്തില്‍ വാഹനങ്ങള്‍ വിലകൊടുത്തുവാങ്ങിയിട്ടുണ്ടെന്നാണ് കുപ്പത്തെ ആക്രികച്ചവടക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്.
ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്റ്റർമാരുടെ പെൻഷൻ പ്രായം ഉയർത്തും
തിരുവനന്തപുരം:ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്റ്റർമാരുടെ പെൻഷൻ പ്രായം ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ആരോഗ്യ വകുപ്പിലെ ഡോക്റ്റർമാരുടെ പ്രായം 56 ഇൽ നിന്നും 60 വയസ്സായി ഉയർത്തും.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്റ്റർമാരുടെ പെൻഷൻ പ്രായം 60 ഇൽ നിന്നും 62 വയസ്സായി വർധിപ്പിക്കും.പരിചയ സമ്പന്നരായ ഡോക്റ്റർമാരുടെ ദൗർലഭ്യം ആരോഗ്യമേഖലയിലെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാനായാണ് പെൻഷൻ പ്രായം ഉയർത്താൻ തീരുമാനിച്ചത്.ഇത് കൂടാതെ ശ്രീനാരായണ ഗുരുവിന്റെ ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച് സ്ഥാപിക്കുന്ന പ്രതിമ തിരുവന്തപുരത്തു സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.ശബരിമലയിൽ ഉത്സവ സീസണിൽ സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർക്ക് നൽകുന്ന ലഗേജ് അലവൻസ് 150 രൂപയിൽ നിന്നും 200 രൂപയാക്കാനും തീരുമാനിച്ചു. കേരളത്തിലെ അഞ്ചു ദേവസ്വം ബോർഡുകളിലേക്കും ദേവസ്വം റിക്രൂട്മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളിൽ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബസ് ജീവനക്കാർക്ക് മർദനം;പാനൂരിൽ ബസുകൾ ഓട്ടം നിർത്തിവെച്ചു
തലശ്ശേരി:പാനൂരിൽ ബസ് ജീവനക്കാർക്ക് മർദനമേറ്റു.ഇതിനെത്തുടർന്ന് ബസുകൾ ഓട്ടം നിർത്തിവെച്ചു.ഇന്ന് രാവിലെ 8.45 ഓടെ കടവത്തൂർ-പാനൂർ-തലശ്ശേരി റൂട്ടിലോടുന്ന അക്ഷയ ബസിലെ ഡ്രൈവർ വിനീത്(27).ക്‌ളീനർ സായത്ത്(22) എന്നിവർക്ക് സെൻട്രൽ ഏലാംകോട് വെച്ച് മർദ്ദനമേൽക്കുകയായിരുന്നു.പാനൂർ-തലശ്ശേരി റൂട്ടിലോടുന്ന ശ്രീഹരി ബസിലെ ഡ്രൈവർ ആഷിത്തിന് ഇന്നലെ മനേക്കരയിൽ വെച്ച് മർദ്ദനമേറ്റിരുന്നു.ഇതിൽ പ്രതിഷേധിച്ച് ഇന്നലെ ബസ് ജീവനക്കാർ പണിമുടക്കിയിരുന്നെങ്കിലും അക്ഷയ ബസ് ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തിരുന്നില്ല.ഇതാകാം അക്രമത്തിന് കാരണമെന്നു സംശയിക്കുന്നു.
പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
പാനൂർ: ചെറുപ്പറമ്പ് ചിറ്റാരിതോടിൽ യൂത്ത് ലീഗ് പ്രവർത്തകനായ പറമ്പഞ്ചേരി മഹ്മൂദിനെ(36) കാറ് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിൽ നിന്ന് ടൗണിലേക്ക് ഇന്നോവ കാറിൽ പോകുമ്പോൾ കല്ലിടുക്ക് പള്ളിക്ക് സമീപം വച്ച് മഹമൂദ് സംഞ്ചരിച്ച കാറിന് നേരെ ഒരു സംഘം ബോംബെറിയുകയും കാറിൽ നിന്ന് വലിച്ചിറക്കി മഹമൂദിനെ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.ഇദ്ദേഹം സഞ്ചരിച്ച കാറും അക്രമിസംഘം അടിച്ചുതകർത്തിട്ടുണ്ട്. കൈക്കും മുഖത്തും വെട്ടേറ്റ മഹമൂദിനെ തലശേരിയിൽ പ്രാഥമികശുശ്രുഷ നൽകിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് മഹമ്മൂദ് പറഞ്ഞു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.