കാഞ്ഞങ്ങാട്:കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ട ബസ് നീങ്ങി മറ്റൊരു ബസ്സിനിടിച്ച് രണ്ടു മെക്കാനിക്ക് ജീവനക്കാർക്ക് പരിക്ക്.കൊടക്കാട് പൊള്ളപ്പൊയിലിലെ ദീപേഷ്,പയ്യന്നൂർ കാങ്കോലിലെ ബിജു എന്നിവർക്കാണ് പരിക്കേറ്റത്.ദീപേഷിനെ മംഗളൂരു ആസ്പത്രിയിലും ബിജുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം.അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നി നീങ്ങിയതാണ് ബസ് നീങ്ങാൻ കാരണമെന്നു പറയുന്നു.രണ്ടാമത്തെ ബസിന്റെ മുൻഭാഗത്ത് കിടന്നു ഗിയർ ബോക്സ് നന്നാക്കുന്ന ജോലി ചെയ്യുകയായിരുന്നു മെക്കാനിക്കുകൾ. ഇതിനിടെ ബസ് നീങ്ങുന്നത് ഇവർ കണ്ടില്ല.രണ്ടു ബസുകളും തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ഇവർ ബസുകൾക്കിടയിൽ കുടുങ്ങി പോവുകയായിരുന്നു.ഇടിച്ച ബസിനെ പുറകോട്ട് നീക്കിയാണ് ഇവരെ പുറത്തെടുത്തത്.
കൂത്തുപറമ്പിൽ റോഡിൽ ബോംബ് സ്ഫോടനം
കൂത്തുപറമ്പ്:പാലപ്പറമ്പ് ലക്ഷംവീട് കോളനിക്ക് സമീപം റോഡിൽ ബോംബ് സ്ഫോടനം നടന്നു.വ്യാഴാഴ്ച രാത്രി പതിനൊന്നരയ്ക്കും വെള്ളിയാഴ്ച പുലർച്ചെ ഒന്നരയ്ക്കുമാണ് സ്‌ഫോടനങ്ങൾ ഉണ്ടായത്.സ്റ്റീൽ ബോംബിന്റെയും നാടൻ ബോംബിന്റെയും അവശിഷ്ട്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയാണ്.സ്ഫോടനം നടത്തിയത് ആർഎസ്എസ് ആണെന്ന് കാണിച്ച് സിപിഎം കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി.എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് ആർഎസ്എസ് നേതൃത്വം വ്യക്തമാക്കി.
കാസർകോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു
കാസർകോഡ്:വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു.തെക്കിൽ ഫെറി ഉക്രമ്പാടി ക്വാർട്ടേഴ്‌സിൽ ജാബിറിനെ മകൻ മുഹമ്മദ് ജമീലിനാണ് നായയുടെ കടിയേറ്റത്.ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാസർകോഡ് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.നെറ്റിയുടെ ഭാഗത്തെ തൊലി അറ്റു തൂങ്ങിയ നിലയിലായിരുന്നു.
ജിഷ്ണു കേസിൽ നിലപാട് ആവർത്തിച്ച് സിബിഐ
ന്യൂഡൽഹി:ജിഷ്ണു പ്രണോയ് കേസിൽ നിലപാട് ആവർത്തിച്ച് സിബിഐ.കേസ് ഏറ്റെടുക്കാൻ ആകില്ലെന്ന് സിബിഐ സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഇക്കാര്യം സിബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.നിലവിൽ അന്വേഷണത്തിനായി നിരവധി കേസുകൾ ഉണ്ടെന്നാണ് സിബിഐ നൽകുന്ന വിശദീകരണം.മാത്രമല്ല സിബിഐ അന്വേഷിക്കാൻ തക്ക പ്രാധാന്യം ജിഷ്ണു പ്രണോയ് കേസിനില്ലെന്നും സിബിഐ വ്യക്തമാക്കി.ജിഷ്ണുവിന്റെ അമ്മ മഹിജയാണ് കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കിക്കൊണ്ട് ഡിജിപി ലോക്നാഥ് ബെഹ്‌റ മന്ത്രിസഭയ്ക്ക് നൽകിയ രഹസ്യ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കേസ് ഏറ്റെടുക്കാനാകില്ലെന്ന കർശന നിലപാട് സിബിഐ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.സിബിഐയുടെ ഈ നിലപാട് ദുഃഖകരമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും സിബിഐ നിലപാട് തിരുത്താൻ തയ്യാറാകണമെന്നും മഹിജ പറഞ്ഞു.
കെൽട്രോണിൽ കരാർ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്
കണ്ണൂർ:ജോലിസ്ഥിരതയും വേതന വർധനവും ആവശ്യപ്പെട്ട് പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കണ്ണൂർ കെൽട്രോണിലെ കരാർ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. കെൽട്രോണിലെ കണ്ണൂർ യൂണിറ്റിൽ മാത്രം 200 കരാർ തൊഴിലാളികളാണുള്ളത്.22 വർഷമായി ഇവിടെ ജോലി ചെയ്യുന്നവർക്കുപോലും കിട്ടുന്ന ദിവസ വേതനം 320 രൂപ മുതൽ 500 രൂപവരെ മാത്രമാണ്.22 വർഷം പൂർത്തിയാക്കിയവരെ പോലും സ്ഥിരപ്പെടുത്താൻ കെൽട്രോൺ അധികൃതർ തയ്യാറാകുന്നില്ല എന്നാണ് തൊഴിലാളികളുടെ ആക്ഷേപം.1997 ലാണ് കെൽട്രോണിൽ അവസാനമായി സ്ഥിര നിയമനം നടന്നത്.അതിനു ശേഷം കരാർ തൊഴിലാളികളെ ആശ്രയിച്ചാണ് കെൽട്രോണിന്റെ പ്രവർത്തനം.രാജ്യത്ത് തൊഴിലാളികൾക്ക് മിനിമം വേതനം 600 രൂപ നൽകണം എന്നുള്ള ആവശ്യം ശക്തമാകുമ്പോഴാണ് പൊതുമേഖലാ സ്ഥാപനത്തിലെ ഈ ദുർഗതി.ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് തൊഴിലാളികൾ അറിയിച്ചു.
ഖത്തറിൽ റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് രണ്ടു മലയാളികൾ മരിച്ചു
ദോഹ:ഖത്തറിൽ റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് രണ്ടു മലയാളികൾ മരിച്ചു.മലപ്പുറം തിരൂർ തെക്കൻ കുറ്റൂർ പറമ്പത്ത് വീട്ടിൽ മുഹമ്മദ് അലി(42), കോഴിക്കോട് ഒളവണ്ണ കുളങ്ങര പറമ്പ് പ്രവീൺ കുമാർ(52) എന്നിവരാണ് മരിച്ചത്.ഖത്തറിലെ അലി ഇന്റർനാഷണൽ ട്രേഡിങ്ങ് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.വ്യഴാഴ്ച രാത്രി ഇൻഡസ്ട്രിയൽ ഏരിയയിൽ റോഡ് മുറിച്ചു കടക്കവെയാണ് അപകടമുണ്ടായത്.
കായംകുളത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് രണ്ടുപേർ മരിച്ചു
കായംകുളം:കായംകുളത്ത് കെഎസ്ആർടിസി ജംഗ്ഷന് സമീപം ടാങ്കർ ലോറി ബൈക്കിലിടിച്ച് രണ്ടുപേർ മരിച്ചു.ബൈക്ക് യാത്രക്കാരായ കൊല്ലം പുന്തലത്താഴം മംഗലത്ത് തറ തെക്കേവിളയിൽ ശരവണൻ (23 ), കൈലാസ് എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കായംകുളം താലൂക്കാശുപത്രിയിലും അവിടെ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാദാപുരത്ത് വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂരമർദനം
നാദാപുരം:നാദാപുരത്ത് സ്കൂൾ വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂരമർദനം.പെരിങ്ങത്തൂർ എൻഎഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ റിജാസിനാണ് അദ്ധ്യാപകന്റെ മർദനമേറ്റത്.മർദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്കൂളിലെ ഐടി അദ്ധ്യാപകനാണ് വിദ്യാർത്ഥിയെ ചൂരൽ കൊണ്ട് മർദിച്ചത്.അദ്ധ്യാപകൻ ക്ലാസ്സെടുക്കുന്നതിനിടെ ചിരിച്ച മറ്റു വിദ്യാർത്ഥികളെ കാണിച്ചുകൊടുത്തില്ല എന്നതിനാണ് റിജാസിനെ മർദിച്ചത്.സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അദ്ധ്യാപകനെതിരെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. അദ്ധ്യാപകനെതിരെ നടപടി എടുക്കുന്നവരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ പറഞ്ഞു.
പാനൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി
കണ്ണൂർ:പാനൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി.പോലീസ് നടത്തിയ പരിശോധനയിൽ ഏഴ് നാടൻ ബോംബുകളും ഒരു കൊടുവാളും കണ്ടെടുത്തു.പുത്തൂർ പുല്ലംപ്ര ദേവീക്ഷേത്രത്തിന് സമീപത്തുള്ള സ്വാമി മഠത്തിനടുത്തുള്ള പറമ്പിൽ നിന്നാണ് ഇവ കണ്ടെടുത്തത്.അടുത്ത കാലത്തു നിർമിച്ച ഉഗ്ര സ്ഫോടന ശേഷിയുള്ള നാടൻ ബോംബുകളാണ് കണ്ടെത്തിയത്. കണ്ടെടുത്ത ബോംബുകൾ പാനൂർ സ്റ്റേഷനിലേക്ക് മാറ്റി.ഈ മേഖലയിൽ സിപിഎം-ബിജെപി സംഘർഷം തുടരുകയാണ്.കഴിഞ്ഞ ദിവസവും ഇവിടെ ഒരു സിപിഎം പ്രവർത്തകന് വെട്ടേറ്റിരുന്നു.സംഘർഷത്തെ തുടർന്ന് തലശ്ശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആണ് പോലീസ് പരിശോധന നടത്തിയത്.പതിനഞ്ചോളം പേരെ പോലീസ് മുൻകരുതലായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോടതിവളപ്പിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം
കൊല്ലം:കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് കോടതി വളപ്പിൽ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം. കൊല്ലം ട്രിനിറ്റി സ്കൂളിൽ വിദ്യാർത്ഥിയായ ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളായ അദ്ധ്യാപികമാരുടെ ബന്ധുക്കളാണ് കോടതി പരിസരത്ത് അക്രമം നടത്തിയത്. ഹൈക്കോടതി ജാമ്യം അനുവദിച്ച അദ്ധ്യാപികമാർ ഇന്ന് കോടതിയിൽ ഹാജരാകാൻ എത്തിയിരുന്നു.ഇവരുടെ ചിത്രങ്ങൾ എടുക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചതാണ് സംഘത്തിനെ പ്രകോപിപ്പിച്ചത്.മാധ്യമ പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ച സംഘം ക്യാമറകൾ അടിച്ച് തകർക്കാനും ശ്രമം നടത്തി.പോലീസ് നോക്കിനിൽക്കെയായിരുന്നു അക്രമം.സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം കോടതിയിൽ ഹാജരായ അധ്യാപികമാർ ജാമ്യമെടുത്തു.